
തിരുവനന്തപുരം: കേരളത്തിൽ മറ്റന്നാൾ ഉച്ചകഴിഞ്ഞ് കേരളത്തിൽ 21 കോടീശ്വരന്മാർ കൂടിയുണ്ടാകും. സംസ്ഥാന സർക്കാരിന്റെ ക്രിസ്തുമസ് - നവവത്സര ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഈ മാസം അഞ്ചിനാണ്. 20 കോടി രൂപയാണ് ഒന്നാം സമ്മാനം. ഇതു കൂടാതെ ഓരോ കോടി രൂപ വീതം 20 പേർക്ക് രണ്ടാം സമ്മാനവും ലഭിക്കും. ഇങ്ങനെയാണ് 21 കോടിപതികളുണ്ടാകുന്നത്. ഇത് കൂടാതെയും നിരവധി സമ്മാനങ്ങളുണ്ട്.
നറുക്കെടുപ്പിനു മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വില്പന കേന്ദ്രങ്ങളിലെല്ലാം ബമ്പർ ടിക്കറ്റു വില്പന സജീവമാണ്. ആകെ 50,000,00 ടിക്കറ്റുകൾ വില്പനയ്ക്കെത്തിയതിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണി വരെ 45,34,650 ടിക്കറ്റുകൾ വിറ്റഴിച്ചു. നറുക്കെടുപ്പ് സമയത്തോടടുക്കും തോറും ടിക്കറ്റു വില്പനയ്ക്കു വേഗത വർധിച്ചിട്ടുണ്ട്.
പാലക്കാട് ജില്ലയാണ് ടിക്കറ്റ് വിൽപ്പനയിൽ ഒന്നാമത്. 8,87,140 ടിക്കറ്റുകളാണ് ഇവിടെ വിറ്റഴിച്ചത്. 5, 33,200 ടിക്കറ്റുകൾ വിറ്റഴിച്ച് തിരുവനന്തപുരം ജില്ല രണ്ടാമതും 4,97,320 ടിക്കറ്റുകൾ വിറ്റ് തൃശൂർ ജില്ല നിലവിൽ മൂന്നാം സ്ഥാനത്തുമാണ്. മറ്റു ജില്ലകളിലും ടിക്കറ്റു വില്പന ഗണ്യമായി വർധിച്ചിട്ടുണ്ട്. 400 രൂപയാണ് ക്രിസ്തുമസ് - നവവത്സര ബമ്പർ ടിക്കറ്റിന്റെ വില.











