12:15pm 30 April 2026
NEWS
ഉലകനായകന് പരീക്ഷണകാലം വിജയിന്റെ ജനനായകനും കുരുക്കിലാകുമോ
04/06/2025  11:35 AM IST
വിഷ്ണുമംഗലം കുമാർ
ഉലകനായകന് പരീക്ഷണകാലം വിജയിന്റെ ജനനായകനും കുരുക്കിലാകുമോ

ബംഗളുരു: ഹൈക്കോടതി പ്രതികൂല നിലപാട് സ്വീകരിച്ചതോടെ നാളെ രാജ്യമൊട്ടാകെ റിലീസ് ചെയ്യുന്ന കമലാഹാസന്റെ തഗ് ലൈഫ് കർണാടകത്തിൽ പ്രദർശിപ്പിക്കില്ല എന്നുറപ്പായിക്കുന്നു. ഫിലിം ചേമ്പറുമായി ചർച്ച ചെയ്ത് തർക്കം പരിഹരിക്കാമെന്നാണ് സിനിമയുടെ നിർമ്മാതാവ് കൂടിയായ കമലിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. കന്നഡജനതയോട് മാപ്പുപറഞ്ഞ് തർക്കം പരിഹരിക്കാനാണ് കോടതി നിർദ്ദേശിച്ചിരുന്നത്. കമൽ അതിന് ഒരുക്കമായിരുന്നില്ല. കേസ് ഇനി പത്താംതിയ്യതിയേ കോടതി പരിഗണിക്കുകയുള്ളൂ. കൃത്യനിഷ്ഠയ്ക്കും സത്യസന്ധതയ്ക്കും പേരുകേട്ട ജസ്റ്റിസ് എം നാഗപ്രസന്നയാണ് ഈ കേസ് കേൾക്കുന്നത്. "ഭൂമി ,ജലം, ഭാഷ എന്നിവ ജനങ്ങൾ വൈകാരിതയോടെ സമീപിക്കുന്ന കാര്യങ്ങളാണ്. അത് മനസ്സിലാക്കിയേ രാഷ്ട്രീയക്കാരും സിനിമക്കാരുമൊക്കെ അവരെത്ര വലിയവരായാലും പ്രതികരിക്കാവൂ.ജനങ്ങളുടെ വികാരം വൃണപ്പെടുത്തരുത്. ഭാഷാടിസ്ഥാനത്തിലാണ് നമ്മുടെ രാജ്യത്ത് സംസ്ഥാനങ്ങൾ രൂപീകരിച്ചതെന്നോർക്കുക. തെറ്റുപറ്റിയാൽ തിരുത്തുന്നതാണ് വിവേകം" ജസ്റ്റിസ് നാഗപ്രസന്ന നിരീക്ഷിച്ചു. കമലിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നെങ്കിലും കന്നഡ ജനതയോട് മാപ്പ് പറയാൻ തയ്യാറായിരുന്നെങ്കിൽ തഗ് ലൈഫ് റിലീസ് കോടതി അനുവദിച്ചേനെ. ഹൈക്കോടതിയുടെ അനുകൂല പരാമർശം വന്നതോടെ കർണാടക ഗവണ്മെന്റ് നിലപാട് കടുപ്പിച്ചു. കർണാടകത്തിലെ പൊതുവികാരം കമലിന് എതിരാണ്. ഭാഷാസ്നേഹികളുടെ പ്രതിഷേധവും സമ്മർദ്ദവും ശക്തമാണ്. മാപ്പ് പറഞ്ഞാലേ ചർച്ചയുള്ളൂ എന്ന് ഫിലിം ചേമ്പർ വ്യക്തമാക്കുകയും തെറ്റ് ചെയ്തിട്ടില്ലെന്ന നിലപാടിൽ കമൽ ഉറച്ചുനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ പത്തിനോ അതിന് മുമ്പോ പ്രത്യേകിച്ചൊന്നും സംഭവിക്കാനിടയില്ല. തമിഴിന് പുറമെ തെലുഗു , മലയാളം , ഹിന്ദി വേർഷനുകളുമുള്ള തഗ് ലൈഫ് കർണാടകത്തിൽ പ്രദർശിപ്പിച്ചില്ലെങ്കിൽ ഏഴുശതമാനത്തോളം വരുമാനക്കുറവ് ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. അത് ഏകദേശം നാല്പത് കോടി വരും. നിർമ്മാതാക്കളുടെ വിഹിതം ഏതാണ്ട് പന്ത്രണ്ട് കോടി. ഈ സിനിമയുടെ നിർമ്മാതാവ് കൂടിയാണ് കമൽ. അതായത് കമലിന്റെ മാപ്പിന് കോടികളുടെ മൂല്യമുണ്ടെന്ന് ചുരുക്കം. അതും കൂടി പരിഗണിച്ചാണ് മാപ്പിന്റെ അടിസ്ഥാനത്തിൽ തർക്കം പരിഹരിച്ച് റിലീസ് അനുവദിക്കാനുള്ള സന്നദ്ധത കോടതി പ്രകടിപ്പിച്ചത്. പക്ഷെ കമൽ വഴങ്ങിയില്ല. ഈഗോ പ്രശ്നമുണ്ടോ എന്ന് കോടതി ചോദിക്കുകയും ചെയ്തു. തഗ് ലൈഫ് തർക്കം നീണ്ടുപോയാൽ വിജയിന്റെ ജനനായകനെയും അത് ബാധിച്ചേക്കുമോ  എന്ന സന്ദേഹം ചിലർ പ്രകടിപ്പിക്കുന്നുണ്ട്. കർണാടകയിൽ തഗ് ലൈഫ് റിലീസ് അനുവദിക്കുന്നില്ലെങ്കിൽ കന്നഡ ചിത്രങ്ങളും കന്നഡിഗർ നിർമ്മിക്കുന്ന ചിത്രങ്ങളും തമിഴ്നാട്ടിൽ നിരോധിക്കാൻ അവിടുത്തെ ഫിലിം ചേമ്പർ ആലോചിക്കുന്നതായാണ് റിപ്പോർട്ട്. ജനനായകൻ നിർമ്മിക്കുന്നത് ബംഗളുരുകാരാണ്‌. രാഷ്ട്രീയത്തിൽ സജീവമാകുന്നതിന്റെ മുന്നോടിയായി നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് അടുത്ത വർഷം ജനവരിയിൽ ജനനായകൻ റിലീസ് ചെയ്യാനാണ്  ദളപതി വിജയ് ലക്ഷ്യമിടുന്നത്. തെരഞ്ഞെടുപ്പിൽ വിജയം നേടിയാൽ ഒരുപക്ഷെ അത് അദ്ദേഹത്തിന്റെ അവസാനചിത്രമായിരിക്കും. തഗ് ലൈഫ് തർക്കത്തിന് പിന്നിൽ രാഷ്ട്രീയ കാരണവുമുണ്ട്. കമലും രാഷ്ട്രീയക്കാരനാണ്. മക്കൾ നീതി മയ്യം നേതാവായ ഉലകനായകൻ ഡി എം കെ യുടെ സഹായത്തോടെ രാജ്യസഭയിലേക്ക് കടക്കുമ്പോഴാണ് ഭാഷാ വിവാദത്തിൽ ചെന്നു പെട്ടിരിക്കുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img