
കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരം പിൻവലിക്കണമെന്ന ആവശ്യത്തിൽ കേരള ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് വിശദീകരണം തേടി. ഇതുമായി ബന്ധപ്പെട്ട ഹർജിയിൽ സംസ്ഥാന സർക്കാർ, വെള്ളാപ്പള്ളി നടേശൻ എന്നിവർക്കു കോടതി നോട്ടീസ് അയച്ചു.
വെള്ളാപ്പള്ളിക്ക് നൽകിയ പത്മഭൂഷൺ പുരസ്കാരം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ശ്രീനാരായണ ധർമ്മ പ്രബോധന സംരക്ഷണ സമിതിയാണ് കോടതിയെ സമീപിച്ചത്. ക്രിമിനൽ കേസുകളിൽ പ്രതിയായ വ്യക്തിക്ക് പത്മഭൂഷൺ നൽകിയത് തെറ്റായ നടപടിയാണെന്ന് ഹർജിയിൽ ആരോപിക്കുന്നു. പുരസ്കാരം നൽകുന്നതിന് മുൻപ് കേന്ദ്ര സർക്കാർ വെള്ളാപ്പള്ളിയുടെ ക്രിമിനൽ പശ്ചാത്തലം പരിശോധിച്ചില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. കേസ് രണ്ടാഴ്ചയ്ക്കു ശേഷം വീണ്ടും പരിഗണിക്കും.
ഇതിനുമുമ്പ്, വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ നൽകാനുള്ള കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ‘സേവ് യൂണിവേഴ്സിറ്റി ക്യാംപയിൻ കമ്മിറ്റി’ ചെയർമാൻ ആർ. എസ്. ശശികുമാർ രാഷ്ട്രപതി ഭവന് പരാതി നൽകിയിരുന്നു. തുടർന്ന് രാഷ്ട്രപതി പരാതി മേൽനടപടികൾക്കായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി.
മുൻകാലങ്ങളിൽ പത്മ പുരസ്കാരങ്ങളെ മാധ്യമങ്ങളിലൂടെ പരസ്യമായി വിമർശിച്ചിട്ടുള്ള ഒരാൾക്ക് അതേ ബഹുമതി നൽകുന്നത് പുരസ്കാരത്തിന്റെ അന്തസിനെ ബാധിക്കുമെന്നും, ഇത് മുമ്പ് പുരസ്കാരം ലഭിച്ചവരോടുള്ള അനാദരവാണെന്നും പരാതിയിൽ വ്യക്തമാക്കിയിരുന്നു. വെള്ളാപ്പള്ളിക്കെതിരായ വിവിധ ക്രിമിനൽ കേസുകളും നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.











