02:41pm 08 November 2026
NEWS
ഹൈക്കമാന്റ് ഇരുത്തിച്ചിരിപ്പിച്ചാൽ കേരളത്തിൽ കോൺഗ്രസ്സിൽ ഐക്യം പുലരുമോ?
11/04/2025  05:43 PM IST
അഡ്വ. എം. മനോഹരൻപിള്ള
ഹൈക്കമാന്റ് ഇരുത്തിച്ചിരിപ്പിച്ചാൽ കേരളത്തിൽ കോൺഗ്രസ്സിൽ ഐക്യം പുലരുമോ?
HIGHLIGHTS

രാവിലെ 10 മണിക്കുശേഷം എ.കെ. ആന്റണി പതിവില്ലാതെ വെള്ളയമ്പലത്തെ ഇന്ദിരാഭവനിലെത്തി. ഓഫീസ് അറ്റന്ററെ വിളിച്ചു. സൈഡ് റൂം തുറന്ന് എസിയുമിട്ടു. ഒന്നാം നില മൊത്തം അടച്ചു. 11 മണി കഴിഞ്ഞപ്പോൾ പ്രതിപക്ഷ നേതാവ് കൂടിയായ ലീഡർ എത്തി. ആന്റണി ലീഡറെയും കൂട്ടി മുകളിലേക്ക് പോയി. രണ്ടുപേരും കയറുമ്പോൾ തെന്നല ബാലകൃഷ്ണപിള്ള എം.പി മുറിയിൽ നിന്ന് തലവെളിയിലേക്ക് ഇട്ടൊരു അഭിവാദ്യം; തെന്നലയുടെ വക.

കേരളത്തിലെ കോൺഗ്രസ്സുകാരെ ഐക്യം പഠിപ്പിക്കാനും ചിരിച്ചുപഠിപ്പിക്കാനും വേണ്ടി സംഘടിപ്പിച്ച സുന്നഹദോസ് അവസാനം ഐക്യാഹ്വാനത്തോടൊപ്പം ചിരിച്ചുചിരിച്ച് കൂട്ടച്ചിരിയിൽ കലാശിച്ചു. ഏതാണ്ട് തിരുവനന്തപുരത്ത് നർമ്മകൈരളിയുടെ ഹാസ്യചിരിയരങ്ങുപോലെ.
ചിരിയിൽ റിക്കാർഡ് നേടിയത് ശശിതരൂരാണ്. ഹൈക്കമാന്റായ കിച്ചൻ കാബിനറ്റിലെ രണ്ടംഗങ്ങളായ രാഹുൽ ഗാന്ധിക്കും പ്രിയങ്കഗാന്ധിക്കും ശേഷമുള്ള മിനി ഹൈക്കമാന്റായ ഖാർഗേയും കെ.സി. വേണുഗോപാലും ദീപാദാസ് മുൻഷിയും കഴിഞ്ഞുപിന്നെ പ്രവർത്തകസമിതി കാര്യക്കാരായ രമേശ് ചെന്നിത്തലയും ശശി തരൂരും വേണമെങ്കിൽ മിനി ഹൈക്കമാന്റിന്റെ ഭാഗമെന്നും പറയാം.

കോൺഗ്രസ്സ് ഹൈക്കമാന്റ് പോലുള്ള തഴമ്പൊന്നും ഖാർഗെയുടെയും വേണുഗോപാലിന്റെയും നട്ടെല്ലിന് ഇല്ല. പിന്നെ കെ.സിക്ക് കേരളരാഷ്ട്രീയത്തിലെ ഐക്യമുന്നണി സമ്പ്രദായത്തിന്റെ മേയ്വഴക്കമുള്ള ഒരു അനുഭവമുണ്ട്. അതുകൊണ്ട് 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇൻഡ്യാസഖ്യകക്ഷികളോട് അങ്ങിങ്ങായി ചില വഴങ്ങലുകൾക്കും പിടിവലികൾക്കും കഴിഞ്ഞിട്ടുണ്ട്. അതിന്റെ ഗുണം കിട്ടി ഇൻഡ്യാസഖ്യത്തിനും രാഹുലിനും. എന്നാൽ 2019 ജനുവരി വരെ സംഘടനാസെക്രട്ടറിയായിരുന്ന അശോക് ഗലോട്ട് രാഹുൽഗാന്ധിക്കുപോലും അത്ര വഴങ്ങുന്ന ആളല്ല. പിന്നെയല്ലേ ഇൻഡ്യാസഖ്യ ഘടകകക്ഷി.

എന്നാൽ കെ.സിയുടെ വഴക്കൽ സ്വഭാവം ഏൽക്കുന്നത് തെക്കേ ഇൻഡ്യയിൽ മാത്രമാണ്. അതുകൊണ്ട് 2019 ജനുവരിയിൽ കെ.സി. വേണുഗോപാൽ രാജസ്ഥാനിൽ നിന്ന് രാജ്യസഭ എം.പിയായത് ഒഴിച്ചാൽ വടക്കേ ഇൻഡ്യയിൽ ഹിമാചൽപ്രദേശിലും തെക്കേ ഇൻഡ്യയിൽ കർണ്ണാടകത്തിലും തെലങ്കാനയിലും മാത്രമേ കോൺഗ്രസ്സ് അധികാരത്തിലെത്തിയുള്ളൂ.

കേരളത്തിന് മാത്രം എന്തിനാണ് ഒരു അഡീഷണൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി ?

കേരളത്തിന് മാത്രം എന്തിനാണ് ഒരു സ്ഥിരം ചാർജ്ജുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയെ വച്ചിരിക്കുന്നത്? ഇപ്പോഴത്തെ ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി പശ്ചിമബംഗാളുകാരിയാണ്. അത്ര മോശക്കാരിയൊന്നുമല്ല. യൂത്ത് കോൺഗ്രസ്സിന്റെ അഖിലേന്ത്യാ പ്രസിഡന്റായി അടിയന്തിരാവസ്ഥക്കാലത്ത് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയേയും പശ്ചിമബംഗാൾ മുഖ്യമന്ത്രി സിദ്ധാർത്ഥ ശങ്കർ റോയിയെയും കിടുകിടാവിറപ്പിച്ച പ്രിയരഞ്ചൻദാസ് മുൻഷിയുടെ ഭാര്യയാണ് ശ്രീമതി ദീപാദാസ് മുൻഷി. വിദ്യാർത്ഥി- ഛത്രപരിഷത്ത് മുതൽ സി.പി.എമ്മുമായുള്ള പോരാട്ടവീര്യചരിത്രപശ്ചാത്തലം ദീപാദാസ് മുൻഷിക്കുമുണ്ട്.

കോൺഗ്രസ് സർക്കാരിൽ കേന്ദ്രമന്ത്രിയായിരുന്ന ദീപദാസ് മുൻഷിയെപ്പോലെ സീനിയർ ആയ ഒരാൾ സ്ഥിരം ചാർജ്ജുള്ള ജനറൽ സെക്രട്ടറിയായുള്ളപ്പോൾ ഒരു അഡീഷണൽ സെക്രട്ടറിക്ക് എന്താണ് ഈ കേരള സംസ്ഥാനത്ത് റോൾ എന്ന് ചോദിക്കുന്ന കോൺഗ്രസ്സ് പ്രവർത്തകരുണ്ട്. അവർ ഒരുപക്ഷേ കെ.സിയുടെ മറുഗ്രൂപ്പുകാരായിരിക്കാം. കെ.സിക്ക് ദൽഹിയിലും എ.ഐ.സി.സിയിലും ഗ്രൂപ്പില്ല. കേരളത്തിൽ ഗ്രൂപ്പുണ്ട്. അത് അനിഷേധ്യകാര്യമാണ്. മുൻപ് കെ. കരുണാകരനും എ.കെ. ആന്റണിക്കും ഉണ്ടായിരുന്നപോലെ, ഗ്രൂപ്പ് പുറത്തില്ല. പക്ഷേ കേരളത്തിനകത്തുണ്ട്. വർക്കിംഗ് കമ്മിറ്റി, ഐ.ഐ.സി.സി കാലങ്ങളിൽ വിശ്വപൗരൻമാർ രാജ്യത്തുടനീളം ഗ്രൂപ്പുണ്ടാക്കും.

അശോക് ഗലോട്ടിനും പണ്ട് രാജസ്ഥാനിൽ സംഘടന ജനറൽ സെക്രട്ടറിയായിരിക്കുമ്പോൾ ഗ്രൂപ്പുണ്ടായിരുന്ന പാരമ്പര്യം പറഞ്ഞ് കെ.സിക്കും സമർത്ഥിക്കാം. യോഗങ്ങളിലെ മറ്റുള്ള കോൺഗ്രസ്സ് നേതാക്കളുടെ ചർച്ചാപ്രഭാഷണങ്ങളുടെ അളവെടുക്കാൻ കെ.സി നേരിട്ട് ഹാജരാകുന്നത് യുക്തിയാണോ എന്ന് ചിന്തിച്ചുതീരുമാനിക്കേണ്ടത് കെ.സി തന്നെയാണ്. ദൽഹിയിലിരുന്ന് ചരടുവലിച്ച് സമയം കൊള്ളാവുന്നെങ്കിൽ പറന്നിങ്ങ് ഇറങ്ങിയാൽപ്പോരയോ? എ.കെ. ആന്റണിയുടെ കാലത്തെപ്പോലെ 'ചാർട്ടിംഗ്' ഒന്നും നടക്കില്ല. കാരണം കേന്ദ്രം ഭരിക്കുന്നത് നരേന്ദ്രമോദിയാണ്; രാഹുലല്ല.

ചിരിയോചിരി, കൂട്ടച്ചിരി

ചിരി ചിലർക്കൊരു ഉല്ലാസമാണ്. മറ്റുചിലർ വർത്തമാനം പറയാൻ വാ തുറന്നാൽ പിന്നെ ചിരിച്ചേ വാ അടക്കൂ. കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയെപ്പോലും ചിരിക്ക് ശാസ്ത്രീയ അടിത്തറ കണ്ടെത്തിയവർ ചിരിയെ ഒരു വ്യവസായമാക്കി.  ചിരികൊണ്ട് പാർട്ടിയിൽ ഐക്യം ഉണ്ടാക്കാൻ ചിരി പ്രയോജനപ്പെടുത്താമെന്ന് കോൺഗ്രസ്സ് ഹൈക്കമാന്റ് കണ്ടുപിടിക്കുകയും ദൽഹിയിൽ വച്ച് കേരളക്കാര്യത്തിൽ പരീക്ഷിക്കുകയും ചെയ്തു. കേരളത്തിൽ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട സ്ത്രീകളും യുവാക്കളും മറ്റ് സീനിയേഴ്സും എം.പിമാരും എം.എൽ.എമാരും ആകാൻ ഭാഗ്യം തേടി നടക്കുന്നവരും ഉൾപ്പെടെ മുപ്പതംഗ സംഘമാണ് എ.ഐ.സി.സിയുടെ പുതിയ ഓഫീസിൽ ഐക്യചിരിയരങ്ങിന് ഒത്തുകൂടിയത്.

കേരളഹൗസ് കാവൽ

രാവിലെ കേരളഹൗസിലെ മുറികൾക്ക് മുമ്പിൽ പത്രദൃശ്യമാധ്യമ പ്രതിനിധികൾ ഒത്തുകൂടിയിരുന്നു. മനോരമ പോലുള്ള വൻകിട പത്രങ്ങൾ ഒരു നേതാവിന് ഒരു ലേഖകനും ക്യാമറാമാനും എന്ന നിരക്കിൽ ആളിനെ ഇറക്കിയിരുന്നു. എം.എം. ഹസ്സനും തിരുവഞ്ചൂരിനെയും ചിരിക്ക് റേഷനിംഗ് ഏർപ്പെടുത്തിയവരെ ചിരിപ്പിക്കാൻ വിദഗ്ദ്ധ ലേഖകസംഘം ഉണ്ടായിരുന്നു. ശശി തരൂരിനെപ്പോലുള്ളവർ ഒരിടത്ത് ഇരുന്നു ചിരിക്കുന്ന ശീലക്കാരല്ല. കോട്ടും വീശി നടന്നാലും ഓടിയാലും ചിരിക്കും.

കേരള ഹൗസിൽ സ്ഥിരമായി താമസിക്കുന്ന മുറി നമ്പർ തയ്യാറാക്കി വച്ച പത്രലേഖകനെ ആരോ ചുറ്റിച്ചു. മുൻഗാമി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും പിൻഗാമി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും ആയിരിക്കും കെ. സുധാകരനെ ചിരിപ്പിക്കാൻ ചുമതലപ്പെടുത്തിയതെന്ന് പത്ര ഫോട്ടോ കണ്ടപ്പോൾ തോന്നി. കണ്ണൂർക്കാരെ കാണുമ്പോഴാണ് കെ. സുധാകരന് ചിരി മങ്ങുന്നത്. എന്നാൽ കണ്ണൂർക്കാരൻ പയ്യന്നൂർ കെ.സി. വേണുഗോപാല പൊതുവാൾ അരയും തലയും മുറുക്കി നിൽക്കുന്നതും തടയുന്നതും കണ്ട് കെ. സുധാകരൻ അന്ധാളിച്ചുനിൽക്കുന്നു ഫോട്ടോയിൽ. രമേശ് കെ.സിയെ നോക്കി പഠിക്കുന്നു. വി.ഡി. സതീശൻ നിരീക്ഷിച്ചു പഠിക്കുന്നു. ശശി തരൂരിന് കൂട്ടച്ചിരി. ആരെയും ശ്രദ്ധയില്ല. ക്യാമറാമാന്മാരെ മാത്രം നോക്കുന്നു.

വല്ലഭന്മാർക്ക്  പുല്ലും ആയുധം

ശശി തരൂർ ജനിച്ചത് ലണ്ടനിൽ രണ്ടാം വയസ്സിൽ ലണ്ടനിൽ നിന്ന് ബോംബേയിലേക്ക്. പിന്നെ ദൽഹി സെന്റ് സ്റ്റീഫൻസിൽ ഉന്നത വിദ്യാഭ്യാസം. ശശി തരൂരരല്ല ആദ്യമായി തരൂർ എന്ന ദേശത്തിന്റെ സന്തതിയാകുന്നത്. 2008 മുതലുള്ള തരൂരിന്റെ രാഷ്ട്രീയം അദ്ദേഹത്തിന്റെ മൂന്നു ജന്മത്തിന്റെ വിജയപരാജയം വിലയിരുത്തുന്ന കാലഘട്ടമാണിത്. ചിരിക്കാനും ചിന്തിക്കാനും എഴുതാനും പ്രസംഗിക്കാനുമുള്ള അനുഭവസമ്പത്തുമായി സ്വന്തം രാഷ്ട്രത്തിൽ മുൻഗണനകൾ തെരഞ്ഞെടുത്ത പാകപ്പിഴകളാണ്. ഇൻഡ്യയിൽ ബലമില്ല. രാഷ്ട്രീയ സങ്കൽപ്പങ്ങളില്ല. കമ്മ്യൂണിസ്റ്റുകൾക്ക് കോൺഗ്രസ്സിന് ബലമുണ്ട്, പക്ഷേ ഉൾക്കാഴ്ചയും ഉൾക്കാമ്പുമില്ല. ബി.ജെ.പിക്ക് ഇത് രണ്ടുമുണ്ട്. പക്ഷേ നയിക്കുന്നത് ആർ.എസ്.എസ് തത്വശാസ്ത്രം. ഈ നാലുതവണകളായി 20 വർഷം കിട്ടിയത് ഒരു മണ്ടഭാഗ്യമായി കരുതുക.
കോട്ടും ഷാളും ബർണാഡ് ഷായുടെയും വില്യം ഷേക്സ്പിയറുടെയും ഇംഗ്ലീഷ് ഉദ്ധരണികളും ഒന്നും രാഷ്ട്രീയത്തിലെ കുറുക്കുവഴികളിലില്ല. നിയമസഭയിൽ ആരും സീറ്റ് ഒഴിഞ്ഞുതരില്ല. ആരും സമ്മതിക്കുകയുമില്ല. അതാണ് കോൺഗ്രസ്സിലെ അവസ്ഥ. ഒരു എം.എൽ.എ സ്ഥാനവും അല്ലെങ്കിൽ മന്ത്രിസ്ഥാനം വാങ്ങി, പിന്നെ എക്സായി അലയുന്ന വിശ്വപൗരന്മാരെ ജനങ്ങൾ കളിയാക്കും. അവസാനം ഒരു മുടക്കുമില്ലാത്ത ചിരിക്കുപോലും വിലകിട്ടില്ല.

ഒരു രാജ്യസഭാ തർക്ക പഴങ്കഥ

പണ്ട്- ഒരു രാജ്യസഭാ സീറ്റൊഴിവിൽ കോൺഗ്രസ്സിന് ഒന്നുകിട്ടും. എ-ഐ ഗ്രൂപ്പുകൾ തമ്മിൽ തർക്കമായി. ഗ്രൂപ്പ് നേതാക്കന്മാർ ഒന്നിച്ചുകൂടി വീറോടും വാശിയോടും പറഞ്ഞു. നമുക്ക് ദൽഹിക്ക് പോകാം. ലീഡറുപറഞ്ഞാലും കേൾക്കണ്ട. അഥവാ സമ്മതിച്ചാലും ഹൈക്കമാന്റ് പറഞ്ഞിട്ടാ വഴങ്ങിയതെന്ന് നമുക്ക് പുറത്തുപറയണം. ചെറിയാൻ ഫിലിപ്പിനെപ്പോലുള്ള ആവേശക്കമ്മിറ്റിക്കാർ പത്രഓഫീസിലേക്ക് എം.എൽ.എ ക്വാർട്ടേഴ്സിൽ നിന്ന് തുരുതുരാ വിളിതുടങ്ങി. എ ഗ്രൂപ്പു സ്വന്തം സ്ഥാനാർത്ഥിയെ നിർത്തും. ലീഡറുടെ ആളിനെ തോൽപ്പിക്കും. ഐ ഗ്രൂപ്പും വാശിയിലാണ്. പക്ഷേ ഒരു ഗ്രൂപ്പിന്റേയും സ്ഥാനാർത്ഥി ആരെന്ന് ആർക്കും അറിയില്ല. മുസ്ലീം ലീഗുകാർ എ ഗ്രൂപ്പിന് വോട്ട് ചെയ്ത് വിജയിപ്പിക്കുമെന്നുവരെ ഗ്രൂപ്പ് മാനേജർമാരും പി.ആർ.ഒ മാരും പ്രചരിപ്പിച്ചു.

രാവിലെ 10 മണിക്കുശേഷം എ.കെ. ആന്റണി പതിവില്ലാതെ വെള്ളയമ്പലത്തെ ഇന്ദിരാഭവനിലെത്തി. ഓഫീസ് അറ്റന്ററെ വിളിച്ചു. സൈഡ് റൂം തുറന്ന് എസിയുമിട്ടു. ഒന്നാം നില മൊത്തം അടച്ചു. 11 മണി കഴിഞ്ഞപ്പോൾ പ്രതിപക്ഷ നേതാവ് കൂടിയായ ലീഡർ എത്തി. ആന്റണി ലീഡറെയും കൂട്ടി മുകളിലേക്ക് പോയി. രണ്ടുപേരും കയറുമ്പോൾ തെന്നല ബാലകൃഷ്ണപിള്ള എം.പി മുറിയിൽ നിന്ന് തലവെളിയിലേക്ക് ഇട്ടൊരു അഭിവാദ്യം; തെന്നലയുടെ വക.

മുകളിൽ കതകുകളടഞ്ഞു. ദീർഘനേരം അടക്കിപ്പിടിച്ച സംസാരം. എന്തെന്ന് ആർക്കും അറിയില്ല. ഇറങ്ങാൻ നേരം ലീഡർ ചോദിച്ചു. ആന്റണി നമുക്ക് ആ രാജ്യസഭ ഒന്ന് തീരുമാനിക്കണ്ടെ. ആന്റണി: ലീഡറുടെ അഭിപ്രായം ആരാ? ഒറ്റവാക്കിൽ ലീഡറുടെ ഉത്തരം. തെന്നല. അവിടെ അവസാനിച്ചു. ലീഡർ ആദ്യം താഴേക്കിറങ്ങി. തെന്നലയെ ഹസ്തദാനം ചെയ്തു. ലീഡർ തെന്നലയോട്- 'എന്തുണ്ട് വിശേഷം?' തെന്നല: എന്തുപറയാനാ ലീഡറേ? അടുത്ത ഊഴം ആന്റണിക്കായിരുന്നു. എ.കെ തെന്നലച്ചേട്ടനെ കെട്ടിപ്പിടിച്ചു. കൈകൊടുത്തു. എ.കെയുടെ ലോഹ്യം, എന്തുണ്ട് തെന്നലേ?
കതകുതുറന്നു. പത്രക്കാർ ഇരച്ചുകയറി. ആദ്യം ലീഡറായിരുന്നു ഇര. രാജ്യസഭാ സ്ഥാനാർത്ഥിയെ തീരുമാനിച്ചോ? ആന്റണി പറയും. ലീഡർ കാറിൽ കയറി.
ഇതിന്റെ സ്ഥാനത്ത് ഇപ്പോൾ ഒരു രാജ്യസഭാ തർക്കം തീർക്കാൻ ദൽഹിയിൽ നിന്ന് സംഘടനാ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഒരു ഡസൻ ജനറൽ സെക്രട്ടറിമാരുടേയും സെക്രട്ടറിമാരുടേയും ഒരു സാർത്ഥവാഹകസംഘം സംസ്ഥാനങ്ങളിലേക്ക് പുറപ്പെടും.

ചിരിയിൽ സ്ത്രീകൾക്കും പരിഗണന

ഐക്യച്ചിരി സമ്മേളനത്തിലേക്ക് സ്ത്രീപ്രാതിനിധ്യം ഒപ്പിച്ചെടുക്കാൻ നേതൃത്വം വലിയ പാടുപെട്ടു എന്നാണ് തോന്നുന്നത്. പാലക്കാട് റെയ്ഡ് വിവാദസമയത്ത് ഒന്ന് മനസ്സുതുറന്നു ചിരിച്ചതിനുശേഷം ഷാനിമോൾ ഉസ്മാനും ബിന്ദുകൃഷ്ണയുമാണ് സ്ത്രീ പ്രാതിനിധ്യം നയിച്ചത്. മുൻമന്ത്രി പി.കെ. ജയലക്ഷ്മി, ജെബി മേത്തർ എം.പി എന്നീ മഹിളാനേതാക്കളും ഐക്യചിരി സമ്മേളനത്തിൽ പങ്കെടുത്തിരുന്നു.
തണുപ്പ് താങ്ങി ദൽഹിയിൽ പരിചയമുള്ള പ്രൊഫ. പി.ജെ. കുര്യൻ സാർ സീനിയർ നേതാവാണ്. ആരുവന്ന് സ്വിച്ചിട്ടാലും കുര്യൻ സാറിന് പെട്ടെന്ന് ചിരിവരില്ല. പക്ഷേ ഒന്ന് ചിരിച്ചുതുടങ്ങിയാൽ പിന്നെ ഒരു ഒന്നൊന്നര ചിരിയായിരിക്കും.

കെ. മുരളീധരനെ വിളിച്ചില്ലിയോ, അതോ വിളിച്ചിട്ട് പോകാതിരുന്നതാണോ എന്ന് വ്യക്തമല്ല. പാർലമെന്ററി ബോർഡംഗം, മുഖ്യമന്ത്രി, കേന്ദ്രമന്ത്രി ഒക്കെയായിരുന്ന ലീഡർ കെ. കരുണാകരന്റെ പടം പോലും പുതിയ എ.ഐ.സി.സിയിൽ വച്ചിട്ടില്ല. ആ വിഷയത്തിലാണ് ഇനിയും ആ ആഫീസിലേക്കില്ല എന്ന് മുരളീധരൻ നിശ്ചയിച്ചതെന്നും സംശയിക്കുന്നവരുണ്ട്.

എ ഗ്രൂപ്പിന് ഒസ്യത്തില്ല

എം.എം. ഹസ്സൻ, പി.ജെ. കുര്യൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ബെന്നിബെഹ്നാൻ, കൊടിക്കുന്നിൽ സുരേഷ്, വി.എം. സുധീരൻ, എം.കെ. രാഘവൻ, ആന്റോ ആന്റണി, പി.സി. വിഷ്ണുനാഥ്, പി.കെ. ജയലക്ഷ്മി, ജെബിമേത്തർ എന്നിവരെല്ലാം പഴയ 'എ' ഗ്രൂപ്പ് നേതാക്കളാണ്. ഇപ്പോൾ തുടങ്ങിയതല്ല ഈ മൂപ്പിളമ തർക്കം. ഉമ്മൻചാണ്ടിയോടൊപ്പം നിന്നിരുന്നവർ അദ്ദേഹത്തിന്റെ അസുഖക്കാലം മുതൽ തള്ളിപ്പറഞ്ഞുതുടങ്ങി. കെ.സി. ജോസഫ് ഒഴിച്ചുള്ള മിക്കവാറും നേതാക്കൾ തിരുവഞ്ചൂരിന്റെ നേതൃത്വത്തിൽ എ ഗ്രൂപ്പിനെ പൂഴ്ത്തിക്കളഞ്ഞു. ടി. സിദ്ധിക്ക്, മാത്യു കുഴൽനാടൻ, ഷാഫി പറമ്പിൽ എന്നിവർ ഒരു 'എ' ഫ്രാക്ഷൻ രൂപീകരിച്ചു. രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് പിന്തുണയ്ക്കണമെന്ന ഉമ്മൻചാണ്ടിയുടെ നിർദ്ദേശം അവർ തള്ളി. പി.ജെ. കുര്യൻ സാറും എം.എം. ഹസ്സനും തനി ആന്റണിയുടെ തന്നെ ഗ്രൂപ്പായി. ഇപ്പോഴത്തെ ഗ്രൂപ്പിൽ ഉമ്മൻചാണ്ടിയുടെ കുടുംബത്തിന് പോലും പ്രാതിനിധ്യമില്ല. പ്രത്യേകിച്ചും ചാണ്ടി ഉമ്മന്. കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് വി.ഡി.സതീശൻ ബെന്നിയെ പിന്തുണച്ചത് കത്തോലിക്കൻ എന്നതിലുപരി എറണാകുളം ജില്ലക്കാരൻ ആയതുകൊണ്ടുകൂടിയാണ്. കെ.  സുധാകരന് പകരം ഈഴവസമുദായക്കാരനെ കെ.പി.സി.സി പ്രസിഡന്റാക്കണമെന്ന ശിവഗിരി മഠത്തിന്റേയും മറ്റ് ആവശ്യങ്ങളുമാണ് ഹൈക്കമാന്റിനെ തണുപ്പിച്ചത്. 'എ' ഗ്രൂപ്പ് അങ്ങനെ പാരമ്പര്യാവകാശികളില്ലാതെ ആർക്കും ഒസ്യത്തൊന്നും നൽകാതെയും എ.കെ. ആന്റണിയുടെ സ്വന്തം അഞ്ജനത്തിലൊതുങ്ങുന്നു.

മുല്ലപ്പള്ളിയെ ശരണം

മുല്ലപ്പള്ളി രാമചന്ദ്രനുപകരം മറ്റൊരു കണ്ണൂർ സിംഹം കെ. സുധാകരൻ വരുന്നു കെ.പി.സി.സി പ്രസിഡന്റായി. ശ്രുതികൾ പരന്നപ്പോൾ സുധാകരന്റെ സുഹൃത്തുക്കൾ പലരും കണ്ണൂർക്ക് വിളിച്ചു. ഇപ്പോൾ ആ സ്ഥാനത്ത് ഒരാൾ അവിടെയിരിക്കുകയല്ലേ എന്നെ നിയമിക്കട്ടെ, അപ്പോൾ വരാം. സുധാകർജിയുടെ മറുപടി. പക്ഷേ ദൽഹിയിലെ ഐക്യചിരിയിൽ മുല്ലപ്പള്ളിയെ കാണാതിരുന്ന ചിലരുടെ അന്വേഷണം കെ. സുധാകരന്റെ മാപ്പുപറച്ചിലിൽ കലാശിച്ചു.

കെ.പി.സി.സി പ്രസിഡന്റായി നാലരവർഷം മുമ്പ് തനിക്ക് ചാർജ്ജ് തന്ന മുല്ലപ്പള്ളിയെ പിന്നെ ഒരിക്കൽപോലും താൻ ബന്ധപ്പെട്ടിട്ടില്ലെന്ന് കെ. സുധാകരൻ മുല്ലപ്പള്ളിയുടെ സാന്നിദ്ധ്യത്തിൽ പറയാതെ പറഞ്ഞു. തന്നെ ഹൈക്കമാന്റ്  ദൽഹിയോഗത്തിന് വിളിച്ചില്ലെന്ന് പരാതിപ്പെട്ടിട്ടില്ലെന്നും മുല്ലപ്പള്ളിയെ പോയി കാണണമെന്ന് തന്നെ ആരും ഉപദേശിച്ചിട്ടില്ലെന്ന് സുധാകരനും പറഞ്ഞതോടെ രംഗം ശാന്തമായി പിരിഞ്ഞു.
ജാംബവാന്റെ കാലത്തെ കെ.പി.സി.സി പ്രസിഡന്റുമാരെവരെ ദൽഹിക്ക് ഐക്യസമ്മേളന ആഹ്വാനസമ്മേളനത്തിന് വിളിച്ചിട്ടും കെ. മുരളീധരനെയും മുല്ലപ്പള്ളിയെയും വിളിക്കാത്തതിന്റെ പേരിലാണ് പരാതികൾ ഉയർന്നത്.

മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പ്രധാന മത്സരാർത്ഥികളായി രമേശ് ചെന്നിത്തലയും വി.ഡി. സതീശനും ആണ് രംഗത്തുള്ളത്. തൂണും ചാരി നിന്നവരാരെങ്കിലും മോഹിനിവേഷത്തിൽ വന്ന് അമൃതും കൊണ്ടുപോകുമോ എന്നാർക്കറിയാം.

ഒരു യൂ ട്യൂബ് പ്രസ്സ്

ഇംഗ്ലീഷ് പത്രങ്ങളിൽ താൻ എഴുതുന്ന ലേഖനങ്ങൾക്ക് കൗണ്ടർ തയ്യാറാക്കി മലയാളത്തിൽ മനോരമയിൽ കൊടുക്കുന്ന ശശി തരൂരിനെ കേരളത്തിൽ മുഖ്യമന്ത്രിയാക്കും. കെ. സുധാകരനെ ആഭ്യന്തരമന്ത്രിയാക്കും. വി.ഡി. സതീശനെ ധനകാര്യമന്ത്രിയാക്കും. ടി. സിദ്ധിക്കിനെയും മാത്യു കുഴൽനാടനേയും മന്ത്രിമാരാക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img