12:39pm 02 September 2026
NEWS

മെസ്സിയുടെ പേരിൽ ഭീകര തട്ടിപ്പുനടത്തിയവർ കുടുങ്ങുമോ? സ്‌പോൺസർ കമ്പനിയും മുൻ കായികമന്ത്രിയും ചെയ്തത് നെറികേട്

01/09/2026  06:52 AM IST
ചെറുകര സണ്ണീലൂക്കോസ്
 മെസ്സിയുടെ പേരിൽ ഭീകര തട്ടിപ്പുനടത്തിയവർ കുടുങ്ങുമോ? സ്‌പോൺസർ കമ്പനിയും മുൻ കായികമന്ത്രിയും ചെയ്തത് നെറികേട്
HIGHLIGHTS

മാംഗോഫോൺ തട്ടിപ്പ്, മുട്ടിൽ മരമുറി കേസ് എന്നിവയിൽ മുഖ്യപ്രതികളായിട്ടുള്ളവരാണ് ചാനലിന്റെ എഡിറ്റോറിയൽ പോളിസി തീരുമാനിക്കുന്നത് എന്നത് ഈ ചാനലിലൂടെ സമൂഹത്തെ നന്നാക്കാൻ തുനിഞ്ഞിറങ്ങിയ മാധ്യമപ്രവർത്തകർക്ക് ഒരു ധാർമ്മികപ്രശ്‌നവും സൃഷ്ടിച്ചില്ല.

ലയണൽ മെസ്സിയേയും അർജന്റീന ഫുട്‌ബോൾ ടീമിനെയും കേരളത്തിലെത്തിക്കുമെന്ന പേരിൽ രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് വിദേശനാണ്യവിനിമയച്ചട്ടലംഘനമുൾപ്പെടെ അമ്പരപ്പിക്കുന്ന വിവരങ്ങളാണ് അനുദിനം പുറത്തുവരുന്നത്. ഫുട്‌ബോൾ കളിയോടും മെസ്സിയോടുമുള്ള മലയാളികളുടെ അടങ്ങാത്ത ആവേശം മുതലെടുത്ത് സാമ്പത്തികലാഭവും രാഷ്ട്രീയലാഭവും ലക്ഷ്യമിട്ട തട്ടിപ്പിന്റെ മുഖ്യപ്രതിസ്ഥാനത്ത് നിൽക്കുന്നത് മുൻകായിക മന്ത്രിയും സ്‌പോൺസറായിരുന്ന റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുമാണ്.
'നാണം കെട്ടും പണം നേടുകിൽ നാണക്കേടാ പണം മാറ്റിടും' എന്ന പ്രയോഗം എങ്ങനെയും പണം ഉണ്ടാക്കിയാൽ മതി സമൂഹത്തിൽ സ്ഥാനക്കയറ്റം ലഭിക്കും എന്നത് സൂചിപ്പിക്കാൻ മലയാളി ഉപയോഗിക്കാറുള്ളതാണ്. പണ്ട് നാട്ടിൻപുറങ്ങളിൽ കള്ളുഷാപ്പ് നടത്തി സമ്പന്നരാകുന്ന ആളുകൾ അടുത്തപടിയായി സാമൂഹിക അംഗീകാരത്തിനുവേണ്ടി തദ്ദേശ ജനപ്രതിനിധികളായി വരാൻ ശ്രമിക്കാറുണ്ടായിരുന്നു എന്നുപറഞ്ഞതുപോലെ ഇപ്പോൾ ഏത് നിലയ്ക്കും പണമുണ്ടാക്കി ഒരു മാധ്യമ സ്ഥാപനം തുടങ്ങിയാൽ ഭരണകൂടത്തെവരെ സ്വാധീനിക്കാമെന്ന ധാരണ പുലർത്തുന്നവർ ഏറെയാണ്.

ഒരു മാധ്യമ സ്ഥാപനത്തെ നയിക്കുന്നവർക്ക് വേണ്ട അടിസ്ഥാന ആനുകൂല്യങ്ങൾ സമൂഹത്തോടുള്ള പ്രതിബദ്ധതയും സത്യസന്ധതയും ഉണ്ടായിരിക്കണം എന്നതാണ്. നേതൃത്വത്തിൽ ഇരിക്കുന്നവരുടെ വ്യക്തിപരമായ സത്യസന്ധതയും സുതാര്യതയുമായിരിക്കും മാധ്യമസ്ഥാപനത്തിന്റെ വിശ്വാസ്യതയും പ്രതിച്ഛായയും പ്രതിഫലിപ്പിക്കുക.

മാധ്യമപ്രവർത്തകനായിരുന്ന എം.വി. നികേഷ്‌കുമാറിന്റെ നേതൃത്വത്തിൽ 2011 മേയ് 13 ന് ആരംഭിച്ച ന്യൂസ് ചാനലാണ് റിപ്പോർട്ടർ ടി.വി. നികേഷ്‌കുമാറും ഭാര്യയും ചേർന്ന് നടത്തിയിരുന്ന ഇൻഡോ ഏഷ്യൻ ന്യൂസ് ചാനൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ഭൂരിഭാഗം ഓഹരികളും മാനേജ്‌മെന്റും 2023 ൽ അഗസ്റ്റിൻ സഹോദരന്മാർ(റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസ്‌കുട്ടി അഗസ്റ്റിൻ) ഏറ്റെടുത്തു. 2023 ൽ ചാനൽ പുതിയ മാനേജ്‌മെന്റിന് കീഴിൽ പുനഃസംഘടിപ്പിച്ചു.

റോജി അഗസ്റ്റിൻ ചെയർമാനായും ആന്റോ അഗസ്റ്റിൻ മാനേജിംഗ് ഡയറക്ടറായും ജോസുകുട്ടി അഗസ്റ്റിൻ വൈസ് ചെയർമാനായും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ്(ആർ.ബി.സി)ന്റെ സാരഥ്യം ഏറ്റെടുത്തു. ചാനൽ സ്ഥാപകനായ എം.വി. നികേഷ്‌കുമാർ കുറച്ചുകാലം കൂടി ചാനലിന്റെ എഡിറ്റർ ഇൻ ചീഫായി തുടർന്നെങ്കിലും 2024 ജൂണിൽ മാധ്യമപ്രവർത്തനം ഉപേക്ഷിച്ച് സജീവരാഷ്ട്രീയത്തിലേക്ക് തിരിഞ്ഞു.
പുതിയ മാനേജ്‌മെന്റ് വിവിധ ചാനലുകളിൽ മികവ് തെളിയിച്ചുതിളങ്ങിയിരുന്ന നിരവധി മാധ്യമപ്രവർത്തകരെ കൂടി പ്രതിഫലം വാഗ്ദാനം ചെയ്തു റിപ്പോർട്ടർ ചാനലിലേക്ക് എടുത്തു. രാഷ്ട്രീയ നേതാക്കളെയും പൊതുപ്രവർത്തകരേയും ധാർമ്മികതയെക്കുറിച്ച് ബോധവൽക്കരിക്കുകയും വിമർശിക്കുകയും ചെയ്യുന്ന ഇവർ ചാനൽ ഉടമസ്ഥരായ അഗസ്റ്റിൻ സഹോദരന്മാരുടെ ഭൂതകാലത്തെക്കുറിച്ചറിയാതെയല്ല ഇവിടെ ജോലിക്ക് കയറിയത്. പിന്നീട് ഇതേ മാധ്യമ സിംഗങ്ങൾക്കൊപ്പമിരുന്ന് ചാനൽ എം.ഡി ദിവസവും ധാർമ്മിക പ്രഭാഷണം നടത്തുന്നതും പതിവ് കോമഡി കാഴ്ചയായി.

മാംഗോഫോൺ തട്ടിപ്പ്, മുട്ടിൽ മരമുറി കേസ് എന്നിവയിൽ മുഖ്യപ്രതികളായിട്ടുള്ളവരാണ് ചാനലിന്റെ എഡിറ്റോറിയൽ പോളിസി തീരുമാനിക്കുന്നത് എന്നത് ഈ ചാനലിലൂടെ സമൂഹത്തെ നന്നാക്കാൻ തുനിഞ്ഞിറങ്ങിയ മാധ്യമപ്രവർത്തകർക്ക് ഒരു ധാർമ്മികപ്രശ്‌നവും സൃഷ്ടിച്ചില്ല.
തങ്ങളുടെ പഴയ ചെയ്തികൾ വീണ്ടും ചർച്ച ചെയ്യപ്പെടാതിരിക്കാനായി അഗസ്റ്റിൻ സഹോദരന്മാർ 2025 ഒക്‌ടോബറിൽ ബാംഗ്‌ളൂരു സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയിൽ ഒരു ഹർജി നൽകിയിരുന്നു. കേരളത്തിലെ മാധ്യമങ്ങൾ മാംഗോഫോൺ തട്ടിപ്പ്, മുട്ടിൽ മരം മുറിക്കേസ് സംബന്ധിച്ച് തങ്ങൾക്കെതിരെ വാർത്തകൾ നൽകുന്നത് വിലക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. 2025 ഒക്‌ടോബർ 25 ന് ഈ കോടതി കേരളത്തിലെ മാധ്യമങ്ങൾ ഇത് സംബന്ധിച്ച് വാർത്തകൾ നൽകുന്നത് വിലക്കുകയും ഇതുവരെ നൽകിയ വാർത്തകളുടെ ലിങ്കുകൾ ഓൺലൈനിൽ നിന്ന് നീക്കം ചെയ്യണമെന്നും ഇടക്കാല വിധി പുറപ്പെടുവിച്ചു.

ഇതിനെതിരെ മനോരമ ന്യൂസ് കർണ്ണാടക ഹൈക്കോടതിയിൽ നിന്ന് സ്റ്റേ നേടിയിരുന്നു. അതിന് തൊട്ടുപുറകെ കോടതി വീണ്ടും ഈ കേസ് പരിഗണിച്ചപ്പോൾ റിപ്പോർട്ടർ ടി.വി ബംഗളുരു സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി നൽകിയ ഹർജി പിൻവലിക്കുകയാണെന്ന് കോടതിയെ അറിയിച്ചു. അതേത്തുടർന്ന് ഹർജികൾക്ക് സത്യസന്ധത ഇല്ലെന്നും കോടതിയുടെ വിലയേറിയ സമയം നഷ്ടപ്പെടുത്തി എന്നും കോടതി അതിരൂക്ഷ വിമർശനം നടത്തി. 10,000 രൂപ പിഴയും ചുമത്തി ഓൺലൈനിൽ നിന്ന് നീക്കം ചെയ്ത റിപ്പോർട്ടർ ടി.വി ഉടമകൾക്കെതിരായ എല്ലാ വാർത്താലിങ്കുകളും പുനസ്ഥാപിക്കാൻ ഉത്തരവിടുയും ചെയ്തു.

വയനാട് വൈത്തിരി താലൂക്കിൽ മുട്ടിൽ ഗ്രാമപഞ്ചായത്തിലെ ഒരു ചെറിയ മലയോരഗ്രാമമാണ് വാഴവറ്റ. കല്ലറയ്ക്കും മീനങ്ങാടിക്കും ഇടയിലാണ് 'മുട്ടിൽ' എന്ന മലയോരപ്രദേശം. വാഴവറ്റ ഗ്രാമത്തിലെ മൂങ്ങാനാനിയിൽ കുടുംബത്തിൽ പരേതരായ എം.എം. അഗസ്റ്റിൻ(അപ്പച്ചൻ) ഇത്താത്ത ദമ്പതികളുടെ മക്കളാണ് അഗസ്റ്റിൻ സഹോദരന്മാർ എന്ന പേരിൽ അറിയപ്പെടുന്ന റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവർ.

2016 ന്റെ തുടക്കത്തിലാണ് മലയാളികൾ ലോകത്തെ ഏറ്റവും വലിയ മൊബൈൽ കമ്പനിയായ ആപ്പിളിനെയും കടത്തിവെട്ടുന്ന സവിശേഷതകളുള്ള മലയാളിയുടെ സ്വന്തം മാംഗോഫോൺ(എം. ഫോൺ) വിപണിയിൽ എത്തുന്നതായ ഒരു വാർത്ത കേൾക്കുന്നത്. 3500 കോടി രൂപ മുടക്കി കൊറിയൻ സാങ്കേതികവിദ്യ ഉപയോഗിച്ചു നിർമ്മിക്കുന്ന ഒട്ടേറെ മോഡലുകളുമായി അഗസ്റ്റിൻ സഹോദരന്മാരുടെ മൊബൈൽ ഹാൻഡ് സെറ്റ് നിർമ്മാണക്കമ്പനി വരുന്നതായി 2016 ജനുവരി അഞ്ചിന് കേരളത്തിലെ സർവ്വപത്രങ്ങളിലും വാർത്ത വന്നു. അമിതാഭ്ബച്ചനും, സച്ചിൻ ടെണ്ടുൽക്കറും ഇതിന്റെ അംബാസിഡർമാർ എന്നും പത്രങ്ങൾ എഴുതി. ഏതാനും ദിവസങ്ങൾ പത്രങ്ങളുടെ ഒന്നാം പേജിൽ മാംഗോഫോണിന്റെ ഫുൾപേജ് പരസ്യങ്ങളും വന്നു. 2016 ജനുവരി 29 ന് സച്ചിനും ബച്ചനും ചേർന്ന് ലോഞ്ചിംഗ് നടത്തും എന്നായിരുന്നു പ്രഖ്യാപനം.
എന്നാൽ എം. ഫോൺ സ്മാർട്ട് ഫോൺ ലോഞ്ചിംഗ് ചടങ്ങിന് തൊട്ടുമുമ്പ് മാംഗോ മൊബൈൽ ഫോൺ കമ്പനി ഉടമകളും സഹോദരന്മാരുമായ ആന്റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവരെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. ബാങ്ക് ഓഫ് ബറോഡ അധികൃതർ നൽകിയ പരാതിയിലാണ് ഷാഡോ പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. കളമശ്ശേരി പത്തടിപ്പാലത്തെ ബാങ്ക് ഓഫ് ബറോഡ ബ്രാഞ്ചിൽ നിന്നും വ്യാജരേഖ ചമച്ച് 2.68 കോടി രൂപ വായ്പയെടുത്തു എന്ന കേസിലായിരുന്നു അറസ്റ്റ്.

എം. ഫോൺ കമ്പനി രജിസ്റ്റർ ചെയ്തത് രേഖകൾ പ്രകാരം 2015 ഡിസംബർ 9-ാം തീയതിയായിരുന്നു. മൂലധനമായി കാണിച്ചിരുന്നത് 10 ലക്ഷം രൂപയും. വർഷങ്ങൾ നീണ്ടുനിൽക്കുന്ന ഗവേഷണങ്ങളും ശതകോടികളുടെ നിക്ഷേപവും നടത്തിയാണ് ആപ്പിളും, സാംസങ്ങും ഒക്കെ കുത്തകയാക്കിയിരുന്ന മൊബൈൽ ബിസിനസ് രംഗത്തെ ചുരുക്കം ചില പുതിയ ബ്രാൻഡുകൾ കടന്നുവന്ന് സാന്നിദ്ധ്യം അറിയിച്ചത്. ഏത് ഉൽപ്പന്നവും ആവശ്യക്കാർ പറയുന്ന ബ്രാന്റിൽ ഉണ്ടാക്കി നൽകുന്ന വമ്പൻ ഫാക്ടറികൾ ചൈനയിൽ ഉണ്ട്. ചൈനീസ് ഉൽപ്പന്നം സ്വന്തം ബ്രാൻഡിൽ എത്തിച്ച് വിപണിയിലെത്തിക്കുകയായിരുന്നു ഉദ്ദേശം എന്നത് സ്വന്തം പാളയത്തിൽ നിന്നുതന്നെ താമസിയാതെ പുറത്തുവരികയും ചെയ്തു. എന്നാൽ മാധ്യമങ്ങളിലൂടെ 2016 ൽ ആദ്യം വലിയ വാർത്തയും പരസ്യങ്ങളും വന്നപ്പോൾ ഇന്ത്യയിൽ മാത്രമല്ല ഗൾഫ് രാജ്യങ്ങളിലും ഫ്രാഞ്ചൈസി വിറ്റ് വൻതോതിൽ പണം സമാഹരിക്കാൻ മാംഗോഫോൺ മുതലാളിമാർക്ക് സാധിച്ചു.

കമ്പനിയുടെ വിശ്വാസ്യതയിൽ സംശയം തോന്നിയ മീഡിയ റിലേഷൻഷിപ്പ് ചുമതലയുണ്ടായിരുന്ന ജീവനക്കാരി മാനേജ്‌മെന്റിന്റെ വിശ്വാസവഞ്ചനയെ ചോദ്യം ചെയ്തുപുറത്തുവന്നതോടെയാണ് എം.ഫോണിന് പിന്നിലെ ദുരൂഹതയെക്കുറിച്ച് ആദ്യമായി പുറംലോകം അറിയുന്നത്. ഉടമകൾ ഈ യുവതിയെ മർദ്ദിച്ചത് പോലീസ് കേസായിരുന്നു.

2016 ആദ്യം ബാങ്ക് ഓഫ് ബറോഡ നൽകിയ കേസിൽ എം. ഫോൺ മുതലാളിമാർ കൊച്ചിയിൽ അറസ്റ്റിലായെങ്കിലും 2017 ഫെബ്രുവരി 22 ന് ദുബായിൽ ഓപ്പൺ എയർ തിയേറ്ററിൽ വലിയ മ്യൂസിക് ഷോയും മറ്റുമായി വീണ്ടും എം. ഫോണിന്റെ ഗൾഫ് ലോഞ്ചിംഗ് സംഘടിപ്പിക്കുകയുണ്ടായി. അതിന്റെ ഭാഗമായ വാർത്താക്കുറിപ്പുകളിൽ കമ്പനി അവകാശപ്പെട്ടിരുന്നത് എം. ഫോൺ ഹാൻഡ് സെറ്റുകളുടെ നിർമ്മാണം കമ്പനിയുടെതന്നെ ചൈനയിലെ അത്യാധുനിക നിർമ്മാണ യൂണിറ്റിലാണ് എന്നായിരുന്നു. കമ്പനിയുടെ റിസർച്ച് വിഭാഗം കൊറിയയിലാണെന്നും ഓരോ എം. ഫോൺ സെറ്റും നൂറിലധികം സുരക്ഷാ പരിശോധനകൾക്ക് ശേഷമാണ് വിപണിയിലെത്തുന്നതെന്നും കമ്പനി അവകാശപ്പെട്ടിരുന്നു. എം. ഫോൺ 8, എം. ഫോൺ 7 പ്ലസ്, എം. ഫോൺ 6 എന്നീ ആൻഡ്രോയിഡ് സ്മാർട്ട് ഫോണുകളുടെ ലോഞ്ചിംഗ് ആണ് ആദ്യം അനൗൺസ് ചെയ്തത്. ഇവയുടെ പ്രത്യേകതകളെക്കുറിച്ച് ആരെയും ആകർഷിക്കുംവിധമുള്ള വാർത്തകൾ മാധ്യമങ്ങൾ നൽകുകയും ചെയ്തു.

മാംഗോ ഫോണിന്റെ ഗൾഫ് ഫ്രാഞ്ചൈസിയുടെ പേരിൽ, കോടികൾ നഷ്ടപ്പെട്ടവരിൽ പ്രമുഖ ലീഗ് നേതാവ് മഞ്ഞളാംകുലി അലി, പെരിന്തൽ മണ്ണയിലെ ആശുപത്രി ഉടമയായ മൗലാന റഷീദ് തുടങ്ങിയ പ്രമുഖരും ഉൾപ്പെടുന്നു. മഞ്ഞളാംകുലി അലിയും യു.എ.ഇ-ൽ നൽകിയ ചെക്കുകേസിൽ റോജി അഗസ്റ്റിൻ, ദുബായിൽ അറസ്റ്റിലാകുകയും ഏതാനും ദിവസം ജയിലിൽ കഴിയുകയും ചെയ്തു. റഷീദ് പിന്നീട് മഞ്ചേരി കോടതിയിലും, മഞ്ഞളാംകുഴി അലി ഹൈക്കോടതിയിലും കേസ് ഫയൽ ചെയ്യുകയുണ്ടായി.

കമ്പനിയുടെ പ്രമോട്ടർമാർക്കെതിരെ സാമ്പത്തിക ഇടപാടുകളിലെ തട്ടിപ്പുകളും നിയമവിരുദ്ധ പ്രവർത്തനങ്ങളും പുറത്തുവന്നതോടെ വിപണിയിലും ജനങ്ങൾക്കിടയിലും 'എം. ഫോൺ'ന് വിശ്വാസ്യതയില്ലാതായി വ്യാപാരം നിലച്ചു.
പിന്നീടാണ് വൈത്തിരി താലൂക്കിലെ മുട്ടിൽ സൗത്ത് വില്ലേജിലെ പട്ടയ ഭൂഉടമകളുടെ പുരയിടങ്ങളിൽ നിന്ന് 2020 നവംബർ മുതൽ 2021 ഫെബ്രുവരിവരെയുള്ള കാലയളവിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള വിലപിടിപ്പുള്ള ഈട്ടി മരങ്ങളും തേക്കും വെട്ടി കടത്തിയെന്ന പേരിൽ അഗസ്റ്റിൻ സഹോദരന്മാർ വീണ്ടും വാർത്തകളിൽ ഇടം പിടിക്കുന്നത്.

മലയോരമേഖലയിൽ മൂന്ന് തരം പട്ടയങ്ങളാണ് നിലവിലുള്ളത്. ജമപട്ടയം, ലാൻട്രിബ്യൂണൽ പട്ടയം, ലാൻഡ് അസൈൻമെന്റ് പട്ടയം എന്നിവ. ഇതിൽ ലാൻഡ് അസൈൻമെന്റ് ഭൂമിയിലെ പട്ടയ പ്രകാരമുള്ള മരങ്ങളാണ് വെട്ടിയെടുത്തത്. ഈ ഭൂമിയിലെ തേക്ക്, ചന്ദനം, ഈട്ടി, നിബണി എന്നീ നാലുതരം മരങ്ങളുടെ ഉടമസ്ഥത സർക്കാരിനാണ്. ഇത് ഭൂമി അവർക്ക് പതിച്ചുനൽകുമ്പോൾ തന്നെ രേഖയിലുള്ളതാണ്.
എന്നാൽ കർഷകർ ഭൂമി ലഭിച്ചശേഷം നട്ടുപിടിപ്പിച്ച മരങ്ങൾ പോലും വെട്ടാനവകാശം ഇല്ലെന്നതിന്റെ പേരിൽ കർഷകരുടെ പരാതികൾ പരിഗണിച്ച് വനം റവന്യു വകുപ്പ് മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ചർച്ച നടത്തി 2019 ഡിസംബറിൽ ഇക്കാര്യത്തിൽ ചില ഇളവുകൾ നൽകാൻ തീരുമാനിക്കുകയുണ്ടായി. എന്നാൽ അത്തരം കൂടിയാലോചനകളിലുണ്ടായ തീരുമാനങ്ങൾക്ക് പൊരുത്തപ്പെടാത്ത രീതിയിൽ വനംവകുപ്പിന്റെയും ചില കളക്ടർമാരുടെയും എതിർപ്പിനെ വകവയ്ക്കാതെ 2020 ഒക്‌ടോബർ 24 ന് റവന്യു പ്രിൻസിപ്പൽ സെക്രട്ടറി എ. ജയതിലക് ഇറക്കിയ ഒരുത്തരവ് നൂറ്റാണ്ടുകൾ പഴക്കമുള്ള തേക്കും ഈട്ടിയും മറ്റും വെട്ടിയെടുക്കാൻ കഴിയുംവിധം പഴുതിട്ടുകൊണ്ടുള്ളതായിരുന്നു.

കർഷകരുടെ താൽപ്പര്യത്തിനെന്ന പേരിൽ ഇറക്കിയ ഉത്തരവിന്റെ മറവിൽ വ്യാപകമായി ഈട്ടി, തേക്ക് തുടങ്ങിയ വിലപിടിപ്പുള്ള മരങ്ങൾ വൻതോതിൽ മുറിച്ചു. വലിയ തോതിലുള്ള കൊള്ളയും അഴിമതിയുമാണ് നടന്നതെന്ന് വ്യക്തമായതോടെ 2021 ഫെബ്രുവരിയിൽ 2020 ഒക്‌ടോബർ 24 ലെ വിവാദ ഉത്തരവ് റദ്ദാക്കുകയായിരുന്നു. ഈ ഉത്തരവ് ദുർവ്യാഖ്യാനം ചെയ്തും വ്യാജരേഖകൾ ചമച്ചും മുട്ടിൽ സൗത്ത് വില്ലേജിൽ നിന്ന് അഗസ്റ്റിൻ സഹോദരന്മാർ നൂറ്റാണ്ടുകൾ പഴക്കമുള്ള കോടികൾ വിലമതിക്കുന്ന ഈട്ടി മരങ്ങൾ വെട്ടിമാറ്റി കടത്തി.

2021 ഫെബ്രുവരിയിൽ വനം വകുപ്പ് നടത്തിയ പരിശോധനയിൽ മരം മുറി അധികൃതമാണെന്ന് കണ്ടെത്തി തടികൾ പിടിച്ചെടുത്തു. പോലീസ്, റവന്യു, വനം വകുപ്പുകൾ അന്വേഷണം ആരംഭിക്കുകയും പ്രത്യേക അന്വേഷണ സംഘം(എസ്.ഐ.ടി) രൂപീകരിക്കുകയും ചെയ്തു. മുറിച്ചുകടത്തിയ കള്ളത്തടി രേഖകളുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് വിൽപ്പന നടത്തി 1.40 കോടി രൂപ തട്ടിയെടുത്തെന്ന കരിമുകൾ മലബാർ ടിംബേഴ്‌സ് ഉടമ എം.എം. അലിയാർ നൽകിയ പരാതിയിൽ അമ്പലമേട് പോലീസ് എടുത്തതായിരുന്നു ആദ്യകേസ്. സഹോദരന്മാർ മൂന്നുപേരും മുട്ടിൽ സൗത്ത് വില്ലേജിലെ സംരക്ഷിത വിഭാഗത്തിൽപ്പെട്ട ഈട്ടി(റോസ് വുഡ്), തേക്ക് ഉൾപ്പടെയുള്ള 8 കോടി രൂപ വിലമതിക്കുന്ന മരങ്ങൾ മുറിച്ചുകടത്തിയെന്ന എസ്.ഐ.ടിയുടെ കേസിലും പ്രതികളാണ്.

കോടതി അനുമതിയോടെ മരംമുറി കേസിൽ ചോദ്യം ചെയ്യുന്നതിനിടെ തന്നെയും ഫോറസ്റ്ററേയും മാധ്യമപ്രവർത്തകരേയും ഭീഷണിപ്പെടുത്തിയതായി 2021 ആഗസ്റ്റ് അവസാനം മേപ്പാടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ സമീർ ബത്തേരി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ പരാതി നൽകിയിരുന്നു. മാനന്തവാടി സബ്ജയിലിൽ ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യുമ്പോഴായിരുന്നു വധഭീഷണി. തനിക്കെതിരെ പ്രതികളുടെ ഭീഷണിയുണ്ടെന്ന് കോഴിക്കോട് ഫ്‌ളൈയിംഗ് സ്‌ക്വാഡ് ഡി.എഫ്.ഒ ആയിരുന്ന ധനേഷ്‌കുമാറും പരാതി നൽകിയിരുന്നു.
2021 ജൂലൈ 13 ന് അമ്പലമേട് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ നിന്ന് തങ്ങളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജോസ്‌കുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിനും നൽകിയ വിടുതൽ ഹർജികൾ 2026 ജൂലൈയിൽ കേരള ഹൈക്കോടതി തള്ളി. കേസിൽ നേരിട്ട് ഹാജരാകാനുള്ള കോടതിയുടെ സമൻസ് അവഗണിച്ചതിനെ തുടർന്ന് അഗസ്റ്റിൻ സഹോദരന്മാർക്കെതിരെ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. ഇതേത്തുടർന്ന് ഇവർ കോടതിയിൽ ഹാജരായി. 2026 ആഗസ്റ്റ് 18 ന് പ്രതികളെ കുറ്റപത്രം വായിച്ചുകേൾപ്പിക്കുകയാണ്.
പ്രത്യേക അന്വേഷണ സംഘം ((SIT))ആദ്യകുറ്റപത്രം 2023 ഡിസംബർ 12 ന് സുൽത്താൻ ബത്തേരി കോടതിയിൽ സമർപ്പിച്ചു. 2026 ജൂണിൽ കൂടുതൽ കുറ്റപത്രങ്ങൾ സമർപ്പിച്ചിട്ടുണ്ട്. കേസിൽ പിടിച്ചെടുത്ത തടികൾ ലേലം ചെയ്യാൻ കോടതി അനുമതി നൽകിയെങ്കിലും പിന്നീട് ഹൈക്കോടതി ഈ ഉത്തരവ് സ്റ്റേ ചെയ്തു.

ഇത്തരം ഒരു പശ്ചാത്തലമുള്ള സഹോദരന്മാരാണ് ഒരു ടെലിവിഷൻ വാർത്താചാനൽ സ്വന്തമാക്കുകയും രാഷ്ട്രീയത്തിലെ ധാർമ്മികതയെ വിലയിരുത്തുന്നവരും വിചാരണ ചെയ്യുന്നവരുമായി മാറിയത്. അധികാരത്തിലിരിക്കുന്നവരെ ഏകപക്ഷീയമായി പിന്തുണയ്ക്കുകയും ഭരണകക്ഷിയെ എതിർക്കുന്നവരെ വിമർശിക്കുകയും ചെയ്യുന്ന എഡിറ്റോറിയൽ നയം സ്വീകരിച്ചുകൊണ്ട് തങ്ങൾക്കെതിരെ വരാവുന്ന നിയമനടപടികൾക്കെല്ലാം തടയിടാനാണ് ചാനൽ ഉടമകൾ ശ്രമിച്ചത്. എന്നാൽ സംസ്ഥാനത്തുണ്ടായ ഭരണമാറ്റം അവർക്ക് തീർത്തും അപ്രതീക്ഷിതമായിരുന്നു.

ചാനൽ ഉടമകൾ എന്ന നിലയിൽ ഭരണത്തെ നയിക്കുന്നവരുമായി നേടിയെടുത്ത അടുപ്പമാണ് മെസ്സിയെ കേരളത്തിൽ കൊണ്ടുവരുവാനുള്ള ദൗത്യം ഏറ്റെടുക്കാൻ ഈ ചാനൽ കമ്പനിയെ പ്രാപ്തരാക്കിയത്.

ലയണൽ മെസ്സി ഉൾപ്പെടെ അർജന്റീന ടീം കേരളത്തിലെത്തുമെന്ന് കായികമന്ത്രിയായിരുന്ന വി. അബ്ദുറഹ്മാൻ പ്രഖ്യാപിച്ചത് 2023 ജൂലൈയിലാണ്. അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ സംസ്ഥാന സർക്കാരിന്റെ പേരിൽ കേരളത്തിൽ മെസ്സിയും ടീമും കളിക്കാനെത്താം എന്ന് ഈമെയിലിലൂടെ അറിയിച്ചു എന്നതായിരുന്നു ഈ പ്രഖ്യാപനത്തിനാധാരമായി പറഞ്ഞത്.

അർജന്റീനിയൻ ഫുട്‌ബോൾ അസോസിയേഷൻ കളിക്കാനെത്തുമെന്നുള്ള കൃത്യവും വ്യക്തവുമായ ഉറപ്പ്, ഫിഫ, ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ എന്നിവരുടെ മാച്ച് അപ്രൂവൽ, സംസ്ഥാന ധനവകുപ്പിന്റെ മുൻകൂർ അനുമതി, നിയമവകുപ്പിന്റെ പരിശോധന, കേന്ദ്ര സർക്കാരിന്റെ എൻ.ഒ.സി, ഡി.പി.ആർ തുടങ്ങി ഒട്ടനവധി ഔദ്യോഗിക കടമ്പകൾ വിജയകരമായി മറികടന്നാലേ മെസ്സിയെപ്പോലൊരു ലോകോത്തര കളിക്കാരനെയും വിദേശടീമിനെയും ഇന്ത്യയിൽ കൊണ്ടുവന്നു ഫുട്‌ബോൾ കളിപ്പിക്കാനാവൂ എന്ന തിരിച്ചറിവിന് മന്ത്രിയൊന്നും ആവേണ്ടതില്ല. വെറും സാമാന്യവിവരം മാത്രം മതി. എന്നാൽ ഇതൊന്നുപോലും ഇല്ലാതെ ഒരു മെയിൽ വന്നത് പൊക്കിപ്പിടിച്ചാണ് ഒരു സർക്കാരിന്റെ തലപ്പത്തുള്ളവർ മെസ്സി വരുന്നേയെന്ന് കൊട്ടിഘോഷിച്ചത്. ആ മെയിലുണ്ടായിരുന്നത് അർജന്റീനിയൻ ഫുട്‌ബോൾ അസോസിയേഷന്റെ കത്തല്ല, അവരുടെ പ്രമോഷൻ നടത്തുന്ന ഗോട്ട് (GOAT ആട്) പി.ആർ എന്ന സ്വകാര്യസ്ഥാപനത്തിന്റെ ലഘുലേഖയായിരുന്നുവെന്ന് ഇപ്പോൾ പറയുന്നു. എങ്കിലും മെയിലിന്റെ പിന്നിൽ സ്‌പോൺസർഷിപ്പിന് കരുക്കൾ നീക്കിയവരാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

എ.എഫ്.എയുടെ ഭാഗത്തുനിന്ന് സ്ഥിരീകരണമൊന്നുമില്ലാതെയാണ് അർജന്റീന ടീം കേരളത്തിലെത്തുമെന്ന് വകുപ്പുമന്ത്രി പലതവണ തീയതിമാറ്റി പറഞ്ഞതും 2025 ഒക്‌ടോബറിൽ മെസ്സിയും സംഘവും കൊച്ചിയിൽ കളിക്കുമെന്ന് അന്നത്തെ കായികമന്ത്രി ഉറപ്പുനൽകിയതും. ഒടുവിൽ മെസ്സിയും സംഘവും കേരളത്തിലേക്കില്ലെന്ന് അർജന്റീന ടീം 2025 ഒക്‌ടോബറിൽ ഔദ്യോഗികമായി അറിയിക്കുന്നതോടെയാണ് 'മെസ്സി വരുന്നേ' എന്ന കോലാഹലങ്ങൾക്ക് തിരശ്ശീല വീഴുന്നത്.

അർജന്റീന ടീമിന്റെ പ്രദർശന മത്സരത്തിനായി മലപ്പുറത്ത് പുതിയ സ്റ്റേഡിയം നിർമ്മിക്കുമെന്നും, കേരളത്തിൽ അർജന്റീന അസോസിയേഷൻ ഫുട്‌ബോൾ അക്കാദമികൾ തുടങ്ങുമെന്നും അന്നത്തെ കായികമന്ത്രി പറഞ്ഞപ്പോൾ ജനങ്ങളത് വിശ്വസിച്ചുപോയത് ടീമിനെ ക്ഷണിക്കാൻ കായികമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം അർജന്റീന അസോസിയേഷൻ പ്രതിനിധികളെ കാണാൻ എന്ന പേരിൽ സർക്കാർ ചെലവിൽ സ്‌പെയിനിൽ സന്ദർശനം നടത്തിയതോടെയാണ്.

പദ്ധതിക്കായി സംസ്ഥാന സർക്കാർ സ്‌പോൺസറെ കണ്ടെത്തിയതിൽ സർക്കാർ റൂൾസ് ഓഫ് ബിസിനസിന്റെയോ, സെക്രട്ടറിയേറ്റ് മാന്വലിന്റെയോ ചട്ടങ്ങൾ ഒന്നും പാലിക്കപ്പെടുകയുണ്ടായില്ല. സ്‌പോൺസറാകാൻ താൽപ്പര്യപ്പെട്ട് 2023 ജൂലൈയിലാണ് കൊച്ചി കളമശ്ശേരി ആസ്ഥാനമായ കമ്പനി സർക്കാരിന് ഒരു കത്തയയ്ക്കുകയും അതിന്റെയടിസ്ഥാനത്തിൽ മുൻ കായികമന്ത്രിയുടെ ഓഫീസും മുൻചീഫ് സെക്രട്ടറിയും കമ്പനിയുമായി ചർച്ച നടത്തിയശേഷം പദ്ധതിയുമായി മുന്നോട്ടുപോകുവാൻ ഉദ്യോഗസ്ഥർക്ക് വാക്കാൽ മാത്രം നിർദ്ദേശം നൽകുകയുമായിരുന്നു.

താൽപ്പര്യപത്രം ക്ഷണിക്കൽ, പരസ്യടെണ്ടർ നടപടികൾ, സ്‌പോൺസർഷിപ്പ് നിരക്കുകളുടെ മൂല്യനിർണ്ണയം, കമ്പനിയുടെ സാമ്പത്തിക ശേഷി പരിശോധിക്കൽ, ഫണ്ടിന്റെ സ്രോതസ്സ് ഉറപ്പാക്കൽ ഇതൊന്നും നടത്താതെയായിരുന്നു പരിപാടിയുടെ സംഘാടകരായും സ്‌പോൺസറായും വിവാദ  സ്വകാര്യകമ്പനിയെ തെരഞ്ഞെടുത്തത്. അതായത് 210 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി സ്‌പോൺസറായി റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയെ കായികവകുപ്പ് നടപടിക്രമങ്ങളൊന്നുമില്ലാതെ നേരിട്ട് തെരഞ്ഞെടുത്തു.

സർക്കാരല്ല സ്‌പോൺസറാണ് 2024 ഡിസംബർ 20 ന് എ.എഫ്.എയുമായി കരാർ ഒപ്പുവച്ചത്. ഇക്കാര്യം സർക്കാർ രേഖകളിൽ വന്നിട്ടില്ല. (കായികവകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിയും അന്വേഷണ റിപ്പോർട്ടിലത് പറയുന്നുണ്ട്). ഇതും കഴിഞ്ഞ് നാലുദിവസം കഴിഞ്ഞ് 2024 ഡിസംബർ 24 നാണ് രണ്ട് പ്രദർശനമത്സരങ്ങൾ സംഘടിപ്പിക്കാനുള്ള അനുമതി സ്‌പോൺസർമാർക്ക് നൽകിയെന്ന കായികവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവ് ഇറങ്ങുന്നത്.

അർജന്റീനാ ടീം സന്ദർശനത്തിന്റെ ചെലവ് 200 കോടിയും വരവ് 82 കോടിയുമാണെന്നാണ് ആദ്യരേഖകളിൽ പറയുന്നത്. നഷ്ടം ഉണ്ടായാൽ ആരുനികത്തും എന്നതിനും വ്യക്തതയുണ്ടായിരുന്നില്ല. സ്റ്റേഡിയവും സുരക്ഷാക്രമീകരണങ്ങളും ഉൾപ്പെടെ സർക്കാർ സൗകര്യങ്ങളെല്ലാം വിട്ടുകൊടുക്കുന്നുണ്ടെങ്കിലും മത്സരവരുമാനത്തിന്റെ 70% സ്‌പോൺസർക്കും 30% അർജന്റീന ഫുട്‌ബോൾ അസോസിയേഷനുമെന്നാണ് രേഖകളിൽ പറയുന്നത്. സർക്കാരിന് എന്തെങ്കിലും വിഹിതമുള്ളതായി രേഖയിലില്ല. 218 കോടി ചെലവുവരുന്ന പരിപാടിക്ക് വരുമാനമായി കണ്ടത് 82 കോടി രൂപയാണ്.

മത്സരം നടക്കുമോ ഇല്ലയോ എന്ന തീരുമാനം ഉണ്ടാകുന്നതിനുമുമ്പാണ് 5 കോടിയോളം രൂപയുടെ സാമ്പത്തിക ഇളവ് നൽകി കൊച്ചി കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം നവീകരണ ജോലികൾക്കായി സ്‌പോൺസർക്ക് വിട്ടുകൊടുത്തത്.
എ.എഫ്.എയ്ക്ക് ഒന്നരക്കോടി യു.എസ്. ഡോളർ(126 കോടി രൂപ) നൽകിയിരുന്നതായി സ്‌പോൺസറായിരുന്ന ആർ.വി.സി ആവശ്യപ്പെടുമ്പോൾ പണം അയച്ചതിന്റെയും അർജന്റീന ടീം കൈപ്പറ്റിയതിന്റെയും രേഖകളൊന്നും സർക്കാരിന്റെ കൈവശമില്ലെന്നാണ് കായികവകുപ്പ് അന്വേഷണത്തിലെ കണ്ടെത്തൽ. പൊതുമുതൽ ദുരുപയോഗം ചെയ്തതിലും സ്വകാര്യ കമ്പനിക്ക് സാമ്പത്തിക ലാഭം ഉണ്ടാക്കാൻ അനധികൃത ഇടപാടുകൾ നടത്തിയതിലും വിജിലൻസ് അന്വേഷണം കായികവകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിയുടെ അന്വേഷണ റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്. സാമ്പത്തിക ഇടപാടിലെ വിദേശനാണ്യവിനിമയ ക്രമക്കേടുകളും കള്ളപ്പണം വെളുപ്പിക്കലും കണ്ടെത്താൻ ഇ.ഡി അന്വേഷണവും ഇരട്ട നികുതി വെട്ടിപ്പ് നടന്നത് കണ്ടെത്താൻ ആദായനികുതി വകുപ്പിന്റെ അന്വേഷണവും ശുപാർശ ചെയ്തിട്ടുണ്ട്.

എ.എഫ്.എ പ്രതിനിധികളുമായി മന്ത്രിയായിരുന്ന വി. അബ്ദുറഹ്മാൻ നേരിട്ട് ഈമെയിലൂടെയാണ് കത്തിടപാടുകൾ നടത്തിയത്. ഭൂരിഭാഗം കത്തിടപാടുകളും ഇപ്പോൾ ഫയലിൽ കാണുന്നില്ല. ചില കത്തിടപാടുകൾ രണ്ടുവർഷത്തിനുശേഷമാണ് ഫയലിൽ ചേർത്തത്. എന്നാൽ മന്ത്രിയും എ.എഫ്.എയും തമ്മിലുള്ള ഈമെയിൽ രേഖകളുടെയെല്ലാം പകർപ്പ് പൊന്നാനി എം.ഇ.എസ് കോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവിയും ചെറുതുരുത്തി സ്വദേശിയുമായ അമീറ ഐഷ ബീഗത്തിനും ലഭിച്ചിരുന്നു. മന്ത്രിയുടെ സ്റ്റാഫിൽ പോലും ഉൾപ്പെടാത്ത ആൾക്ക് ഈ രേഖകൾ ലഭിച്ചതിലെ ദുരൂഹതയും മറനീക്കിയിട്ടില്ല.

ആർ.ബി.സി കമ്പനി 126 കോടി രൂപ കൈമാറിയപ്പോൾ 22.68 കോടി രൂപ ജി.എസ്.ടി അടക്കേണ്ടതായിരുന്നു. അതടച്ചില്ലെന്ന് 2025 ജൂണിൽ നികുതി വകുപ്പ് കണ്ടെത്തി. എന്നാൽ പിണറായി സർക്കാർ ഭരണം ഒഴിയും വരെ നികുതിയടക്കുന്നതിന് സാവകാശം നൽകി നീട്ടിക്കൊടുക്കുകയും ചെയ്തു. സംസ്ഥാന സർക്കാരിന് സാമ്പത്തിക ബാദ്ധ്യതയൊന്നും ഈ ഇടപാടിൽ ഉണ്ടായിട്ടില്ലെന്ന് ചിലർ ന്യായീകരിക്കാൻ ശ്രമിച്ചെങ്കിലും മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം 2024 ൽ സ്‌പെയിൻ സന്ദർശിച്ചതിന് ചെലവായത് 13,04,434 രൂപയായിരുന്നു.
അർജന്റീനയുമായി ബന്ധപ്പെട്ട് നടന്ന പ്രഖ്യാപനങ്ങൾക്കും സാമ്പത്തിക ഇടപാടുകൾക്കും പിന്നിലെ സത്യാവസ്ഥ പുറത്തുവരണം. മെസ്സിയുടെ പേരിൽ കേരളത്തിന്റെ മാനം കെടുത്തിയ തട്ടിപ്പുവീരന്മാർ നിയമത്തിന്റെ പിടിയിലകപ്പെടുന്നു എന്നുറപ്പാക്കാൻ സർക്കാരിനുത്തരവാദിത്തമുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img