
34 വിഷയങ്ങളാണ് സമിതിയുടെ പരിഗണനയിലുള്ളത്
രണ്ടു പതിറ്റാണ്ടായി നിയമസഭയിലും പുറത്തും യു.ഡി.എഫ് - എൽ.ഡി.എഫ് സർക്കാരുകൾക്കു മുന്നിൽ അവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു ചോദ്യമാണ് കേരളത്തിൽ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ ഒരു നിയമം വരുമോ എന്നത്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയുന്നതിന് ഒരു നിയമനിർമാണം നടത്താൻ വി.എസ്.അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന കാലം മുതൽ ആലോചനകളുണ്ടെങ്കിലും നാളിതു വരെ യാതൊന്നും തന്നെ പ്രാബല്യത്തിലെത്തിയിട്ടില്ല.
ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസ രംഗങ്ങളിലെല്ലാം അത്ഭുതാവഹമായ രീതിയിൽ പുരോഗതി പ്രാപിചിരിക്കുന്നു എന്നു പറയുന്ന കാലത്തു തന്നെയാണ് മനുഷ്യക്കുരുതി പോലുള്ള അനാചാരങ്ങളും ആഭിചാരക്രിയകളും കേരളത്തിൽ നടക്കുന്നത്. ഇലന്തൂർ ഇരട്ട നരബലി പ്രബുദ്ധ കേരളത്തെ ഞെട്ടിച്ച സംഭവമാണ്. കൊല്ലത്തും കോട്ടയത്തും ഒക്കെ നടന്ന ആഭിചാരക്രിയകളും ദുർമന്ത്രവാദങ്ങളും പുറത്തുവന്ന സംഭവങ്ങളാണ്. അനാചാരങ്ങൾ നടത്താൻ തക്കവണ്ണം അന്ധവിശ്വാസങ്ങൾ നമ്മുടെ നാട്ടിൽ വർധിച്ചു വരികയാണ്. നൂറു ശതമാനം സാക്ഷരത കൈവരിച്ചുവെന്ന് ഊറ്റം കൊള്ളുന്നതോടൊപ്പം തന്നെ സമൂഹത്തിൽ ദുർമന്ത്രവാദങ്ങളും കൂടോത്രങ്ങളും ആഭിചാരക്രിയകളും വർധിച്ചു വരുന്നത് സംസ്ഥാനത്തെ ഇരുണ്ട കാലഘട്ടത്തിലേക്കാണ് നയിക്കുന്നത്. അന്ധവിശ്വാസങ്ങളും അതിന്റെ അടിസ്ഥാനത്തിലുള്ള അനാചാരങ്ങളും എല്ലാ ജാതിയിലും മതങ്ങളിലും ആഴത്തിൽ വേരൂന്നാൻ തുടങ്ങിയത് അടുത്ത തലമുറയ്ക്കു തന്നെ ദോഷം ചെയ്യുന്നതാണ്.
'കുബേരനെ' വീട്ടിലും വ്യാപാര സ്ഥാപനങ്ങളിലും വാങ്ങി വച്ചാൽ പണം ഒഴുകി എത്തും എന്ന ടെലി മാർക്കറ്റിങ് പരസ്യങ്ങളിൽ കബളിപ്പിക്കപ്പെടുന്നത് അന്ധവിശ്വാസത്തിന്റെ ഇരകളാണ്. ജാതകത്തിന്റെയും പൊരുത്തത്തിന്റെയും ചൊവ്വാ ദോഷത്തിന്റെയും പേരിൽ വിവാഹം നടത്താതിരിക്കുക, ധനസമ്പാദനത്തിനും ഐശ്വര്യത്തിനും വേണ്ടി അപരനെ ബലി കൊടുക്കുക, ശത്രുദോഷവും സമയ ദോഷവും രോഗവും മാറാൻ വൻ തുകകൾ ചെലവഴിച്ച് പൂജകൾ നടത്തുക തുടങ്ങിയവ മുതൽ നരബലിയിലേക്കു വരെ കടക്കുന്നതിന് നിയമപരമായി തടയിടേണ്ടതിന് ഇനി കാലവിളംബം പാടില്ല. ഭരണകർത്താക്കളും രാഷ്ട്രീയ നേതാക്കളും വരെ ദുർമന്ത്രവാദികളെ സമീപിക്കുകയും പൂജകൾ നടത്തുകയും ചെയ്യുന്നത് പരസ്യമായ രഹസ്യമാണ്.
അന്ധവിശ്വാസവും അനാചാരവുമായി ബന്ധപ്പെട്ട് നാല് പ്രധാന ബില്ലുകൾ നിയമസഭയിൽ മുമ്പ് അവതരിപ്പിക്കപ്പെട്ടിരുന്നു. 2014 ൽ രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ അന്ധവിശ്വാസ നിരോധന ബിൽ കൊണ്ടു വരുമെന്ന് നിയമസഭയിൽ പ്രഖ്യാപിക്കുകയും എ.ഡി.ജി.പി.യായിരുന്ന എ.ഹേമചന്ദ്രൻ ബില്ലിന്റെ കരട് തയാറാക്കി സമർപ്പിക്കുകയും ചെയ്തിരുന്നു. 'അന്ധവിശ്വാസത്തിന്റെ പേരിലുള്ള ചൂഷണം തടയൽ ബിൽ 2014 ' എന്നായിരുന്നു അതിന്റെ പേര്. എന്നാൽ ഇതിൽ പിന്നീട് ഒരു നടപടിയും ഉണ്ടായില്ല. 2018 ൽ പി.ടി.തോമസ് എം.എൽ.എ ആയിരുന്നു പിന്നീട് ഒരു ബിൽ കൊണ്ടുവന്നത്. ആൾദൈവങ്ങൾ അടക്കമുള്ളവർക്കെതിരെ നടപടിക്കു നിർദേശിക്കുന്ന അന്ധവിശ്വാസ നിരോധന ബില്ലായിരുന്നു അത്. എന്നാൽ അത് സ്വകാര്യ ബില്ലായതിനാൽ പരിഗണിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രിയ്ക്കുവേണ്ടി എ.സി. മൊയ്തീൻ നിയമസഭയിൽ പറഞ്ഞു. എങ്കിലും സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ബിൽ ഔദ്യോഗിക ബില്ലായി പരിഗണിക്കണമെന്ന് പറഞ്ഞു. അതിലും യാതൊരു പുരോഗതിയുമുണ്ടായില്ല.
അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ നിയമം പാസ്സാക്കിയിട്ട് കാര്യമില്ല. അത് സധൈര്യം നടപ്പാക്കാനുള്ള ചങ്കൂറ്റമാണ് ഭരണാധികാരികൾക്ക് ഉണ്ടാകേണ്ടത്. ഒപ്പം തന്നെ ശാസ്ത്രീയമായ ബോധവൽക്കരണവും സമൂഹത്തിലുണ്ടാകണം.










