
ബംഗളുരു: തരക്കേടില്ലാത്ത നിലയിൽ ഭരണം മുന്നോട്ടുകൊണ്ടുപോയിരുന്ന സിദ്ധരാമയ്യയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റേണ്ട രാഷ്ട്രീയസാഹചര്യം ഇപ്പോൾ കർണാടകത്തിൽ ഉണ്ടായിരുന്നില്ലെന്നാണ് നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. ഇപ്പോഴത്തെ നേതൃമാറ്റം അനവസരത്തിലാണെന്നാണ് മിക്ക നിരീക്ഷകരുടെയും കാഴ്ചപ്പാട്. സമർത്ഥനും ബുദ്ധിശാലിയുമായ സിദ്ധരാമയ്യ മുഖ്യമന്ത്രി എന്നനിലയിൽ തൃപ്തികരമായാണ് മുന്നോട്ടുപോയത്. ഉപമുഖ്യമന്ത്രി, ബംഗളുരുവിന്റെ വികസനത്തിന്റെ ചുമതലയുള്ള മന്ത്രി, കോൺഗ്രസ്സിന്റെ സംസ്ഥാന അധ്യക്ഷൻ എന്നീ ഉന്നതപദവികൾ ഒന്നിച്ചുവഹിച്ച ഡി കെ ശിവകുമാറിന്റെ എടുത്തുചാട്ട ശൈലിയോ പാറ പോലെ ഉറച്ച നിലപാടോ മുഖ്യമന്ത്രിയുടെ പവർ എന്താണെന്നറിയാവുന്ന സിദ്ധരാമയ്യയെ ഒരിക്കലും അലോസരപ്പെടുത്തിയിരുന്നില്ല. ശിവകുമാറിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഉള്ളിന്റെ ഉള്ളിൽ ലോഹ്യ ചിന്തകൾ കൊണ്ടുനടക്കുന്ന സിദ്ധരാമയ്യയ്‌ക്ക് നന്നായി അറിയാമായിരുന്നു. പൊതുവേദികളിലും മറ്റും പുലിയുടെ ശൗര്യത്തോടെ പെരുമാറിയിരുന്ന ഡി കെ സിദ്ധരാമയ്യയുടെ മുന്നിലെത്തുമ്പോൾ എലിക്കുട്ടിയായി മാറുന്നതാണ് പലപ്പോഴും കണ്ടത്. അറിവുകൊണ്ടും ഭരണ പരിചയം കൊണ്ടും ഏറെ ഉയരത്തിൽ നിൽക്കുന്ന സിദ്ധരാമയ്യയുമായി നേരിട്ട് ഏറ്റുമുട്ടാൻ ഒരുകാലത്തും ഡി കെ ശ്രമിച്ചിട്ടില്ല. അഹിന്ദയുടെ അനിഷേധ്യ നേതാവും സോഷ്യലിസ്റ്റ് ആചാര്യനുമായ സിദ്ധരാമയ്യയെ തന്ത്രങ്ങളിലൂടെ തോല്പിക്കാൻ ഡി കെ യ്‌ക്ക് സാധിക്കുമായിരുന്നില്ല. ഡി കെ പോലുള്ള ഒരു പുലിക്കുട്ടിയെ മെരുക്കി അടക്കിനിർത്താൻ സിദ്ധരാമയ്യയ്ക്കല്ലാതെ മറ്റൊരാൾക്ക് കഴിയുമായിരുന്നോ എന്ന് സംശയമാണ്. ശീതസമരവും വടംവലിയും ഇക്കഴിഞ്ഞ മൂന്നുവർഷവും തുടർന്നിരുന്നു എന്നത് ശരിയാണ്. പക്ഷെ ഒരിക്കൽ പോലും ഡി കെ സിദ്ധരാമയ്യയുമായി നേരിട്ട് ഏറ്റുമുട്ടിയിട്ടില്ല. പ്രതിപക്ഷ നേതാവായിരുന്ന സിദ്ധരാമയ്യയും പിസിസി അധ്യക്ഷനായ ഡി കെയും ഒന്നിച്ചുചേർന്നാണ് 2023ൽ കോൺഗ്രസിന് വൻ ഭൂരിപക്ഷം നേടിക്കൊടുത്തത്. മുഖ്യമന്ത്രിക്കസേരയ്ക്കായി ഡി കെ ഹൈക്കമാണ്ടിൽ പരമാവധി സമ്മർദ്ദം ചെലുത്തി. സോണിയയും പ്രിയങ്കയും ഡി കെയ്‌ക്ക് മുഖ്യമന്ത്രി സ്ഥാനം കൊടുക്കണമെന്ന അഭിപ്രായക്കാരായിരുന്നു. എന്നാൽ ഭൂരിപക്ഷം എം എൽ എമാരുടെ പിന്തുണ സിദ്ധരാമയ്യയ്ക്കായിരുന്നു. അഹിന്ദ നേതാവ് എന്ന പ്രതിഛായയും അദ്ദേഹത്തിന് അനുകൂല ഘടകമായി. അതൊക്കെ പരിഗണിച്ചാണ് സിദ്ധരാമയ്യ മുഖ്യമന്ത്രിയാകട്ടെ എന്ന് രാഹുൽ ഗാന്ധി തീരുമാനിച്ചത്. ഉപമുഖ്യമന്ത്രി സ്ഥാനവും ഇഷ്ടവകുപ്പും നൽകിയും പിസിസി അധ്യക്ഷപദവിയിൽ തുടരാൻ അനുവദിച്ചുമാണ് രാഹുൽ ഗാന്ധി ഡി കെയെ അനുനയിപ്പിച്ചത്. രണ്ടരവർഷത്തിന് ശേഷം മുഖ്യമന്ത്രിപദവി ലഭ്യമാക്കാമെന്ന വാഗ്ദാനവും ഹൈക്കമാണ്ട് നൽകിയിരുന്നത്രെ. ഏതായാലും സിദ്ധരാമയ്യയെ മാറ്റി പകരം ഡി കെയെ മുഖ്യമന്ത്രിക്കസേരയിൽ പ്രതിഷ്ഠിക്കാൻ ഏതാനും മാസങ്ങളായി ഹൈക്കമാണ്ട് ആലോചിച്ചുവരികയായിരുന്നു. സിദ്ധരാമയ്യയെ പിണക്കാതെയുള്ള ഒരു നേതൃമാറ്റമാണ് രാഹുൽഗാന്ധി ആഗ്രഹിച്ചത്. അതാണ് പ്രാവർത്തികമാകുന്നത്. എന്നാൽ ഈ നേതൃമാറ്റം കർണാടകത്തിൽ കോൺഗ്രസിന് ഗുണം ചെയ്യുമോ എന്ന് കാലമാണ് തെളിയിക്കേണ്ടത്.
Photo Courtesy - Google










