11:08am 15 September 2026
NEWS
5 വർഷമായി വിചാരണയില്ലാതെ ജയിലിൽ; ഉമർഖാലിദിനും സഹതടവുകാർക്കും സുപ്രീംകോടതി നീതി നൽകുമോ?
27/11/2025  07:25 AM IST
ചെറുകര സണ്ണീലൂക്കോസ്
5 വർഷമായി വിചാരണയില്ലാതെ ജയിലിൽ; ഉമർഖാലിദിനും സഹതടവുകാർക്കും സുപ്രീംകോടതി നീതി നൽകുമോ?

വടക്കുകിഴക്കൻ ഡെൽഹിയിൽ 2020 ഫെബ്രുവരി 23 ന് പൗരത്വ നിയമഭേദഗതി സമരക്കാർക്കെതിരേ തീവ്ര സംഘപരിവാർ പ്രവർത്തകർ മാരകായുധങ്ങളുമായി നടത്തിയ കടന്നാക്രമണങ്ങളുടെയും സംഘർഷത്തിന്റെയും ഫലമായി 53 പേരാണ് കൊല്ലപ്പെട്ടത്. ഭരിക്കുന്നവരുടെയും പോലീസിന്റെയും പിന്തുണയോടെ ആസൂത്രിതമായി നടന്ന ഏകപക്ഷീയമായ ആക്രമണമായിരുന്നു അന്നത്തെ ഡൽഹി കലാപം. കോവിഡ് ലോക്ഡൗണിന്റെ പശ്ചാത്തലം കൂടി ഉപയോഗപ്പെടുത്തി പൗരത്വപ്രക്ഷോഭത്തെ അടിച്ചമർത്താനായിരുന്നു ഡൽഹിയിലെ അധികാരകേന്ദ്രങ്ങളുടെ അറിവോടെ പൗരത്വപ്രക്ഷോഭകർക്ക് നേരെ കലാപം അഴിച്ചുവിട്ടത്
എന്നാൽ കലാപത്തിനുശേഷം പിടികൂടപ്പെട്ടവരും പ്രതിചേർക്കപ്പെട്ടവരുമെല്ലാം പൗരത്വ സമരത്തിന് നേതൃത്വം നൽകിയ സമരനേതാക്കളും ഇരകളായവർക്കൊപ്പം നിലകൊണ്ടവരുമായിരുന്നു. അന്ന് തടവിലാക്കപ്പെട്ട പൗരത്വ സമരനേതാക്കളും ആക്ടിവിസ്റ്റുകളുമെല്ലാം ഇപ്പോഴും തറവറകളിൽ തന്നെ തുടരുകയാണ്. അതായത് കഴിഞ്ഞ 5 വർഷമായി ഇവർ വിചാരണയില്ലാതെ ജയിലിൽ കഴിയുകയാണ്

2020 മാർച്ച് 6 ന് (മാർച്ച് 24 ന് എൻ.ഡി.എ സർക്കാർ രാജ്യവ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിന് 18 ദിവസം മുമ്പ്) ഡെൽഹി പോലീസിന്റെ സ്‌പെഷ്യൽ സെൽ 53 പേരുടെ മരണത്തിനിടയാക്കിയ കലാപത്തിനുപിന്നിൽ ഒരു 'വലിയ ഗൂഢാലോചന' ആരോപിച്ച് 59/2020 ആയി ഒരു എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. 2020 സെപ്റ്റംബർ 16 ന് സമർപ്പിച്ച കുറ്റപത്രത്തിന് 17,000 പേജുകളുടെ ദൈർഘ്യം ഉണ്ടായിരുന്നു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 120 ബി(ക്രിമിനൽ ഗൂഢാലോചന), 302(കൊലപാതകം), 153 എ(ശത്രുത വളർത്തൽ), 1967 ലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ(തടയൽ)(യു.എ.പി.എ) നിയമത്തിലെ നിരവധി വകുപ്പുകൾ എന്നിവയും പ്രതികൾക്കെതിരെ ചുമത്തിയിരുന്നു. ജാമ്യം നിഷേധിക്കാനും വിചാരണ കൂടാതെ തടങ്കലിൽ ദീർഘകാലം പാർപ്പിക്കാനും ലക്ഷ്യമിട്ടാണ് യു.എ.പി.എ ചുമത്തിയതെന്ന് വ്യക്തമായിരുന്നു. ഡോ. ഉമർഖാലിദും ദേവാംഗന കലിതയുമടക്കം വിദ്യാർത്ഥി നേതാക്കളും പ്രവർത്തകരുമായ 18 പേരെയാണ് പ്രതിചേർത്ത് അറസ്റ്റ് ചെയ്തത്. കേസിലെ ആകെ പ്രതികളിൽ ഒരാൾ താഹിർ ഹുസൈൻ രാഷ്ട്രീയക്കാരനും മുൻ കോർപ്പറേറ്റുമാണ്. ബാക്കിയുള്ളവർ സി.എ.എ 2019 എൻആർസിയിൽ പ്രതിഷേധിക്കുന്ന വിദ്യാർത്ഥി പ്രവർത്തകരും.

എഫ്.ഐ.ആറിൽ പേരുള്ള 18 പേരിൽ ആറ്  പേർക്ക് ജാമ്യം ലഭിച്ചു. എന്നാൽ ഗുൽഫിഷ ഫാത്തിമ എന്ന സ്ത്രീയുൾപ്പെടെ ഉമർഖാലിദ്, ശർജിൽ ഇമാം, ഖാലി സൈഫി, അരൂർഖാൻ, മുഹമ്മദ് സലിംഖാൻ, ശിഫാ ഉസ്മാൻ, മീരാൻ ഹൈദർ, അബ്ദുൾ ഖാലിദ്, ശദാബ് അഹമ്മദ് തസ്‌ലിം അഹമ്മദ് എന്നിവരെ ഭീകരവാദ കുറ്റങ്ങൾ ചുമത്തി ജാമ്യം നിഷേധിച്ച് തടങ്കലിലടച്ചു. ഡൽഹി സെഷൻസ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് 2022 ഏപ്രിൽ 22 ന് ഹൈക്കോടതിയിലെത്തിയ കേസാണിത്.

സത്യവാങ്മൂലം സമർപ്പിക്കുന്നത്  ഡൽഹി പോലീസ് മനപ്പൂർവ്വം വൈകിപ്പിച്ചും ജഡ്ജിമാർ പലകുറി കേസിൽ നിന്ന് പിൻവാങ്ങിയുമെല്ലാമാണ് ജാമ്യഹർജി മൂന്നരവർഷം അധികാരികൾ നീട്ടിക്കൊണ്ടുപോയത്. 2022 ഏപ്രിലിൽ ഹൈക്കോടതിയിലെത്തിയ കേസിൽ മുകളിൽ പറയുന്നവർക്ക് ജാമ്യം നിഷേധിച്ച ഡൽഹി ഹൈക്കോടതി വിധി പുറപ്പെടുവിച്ചത് 2025 സെപ്റ്റംബർ 2 നായിരുന്നു. ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെ ഇവരുടെ അപ്പീൽ ഹർജി സുപ്രീംകോടതി സെപ്റ്റംബർ 22 ന് കേസ് വീണ്ടും പരിഗണിച്ചപ്പോൾ ഡൽഹി പോലീസിന് ഹൈക്കോടതി നോട്ടീസ് അയച്ചു. പൗരത്വസമരനേതാക്കൾക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, അഭിഷേഖ് മനുസിങ്‌വി തുടങ്ങിയവരുടെ വാദം അംഗീകരിച്ച് സുപ്രീംകോടതി അഞ്ചുവർഷമായി ഇവർ ജയിലിലാണെന്നും ഇനിയും നീട്ടിക്കൊണ്ടുപോകാനില്ലെന്നും ഡൽഹി പോലീസിനെ താക്കീത് ചെയ്തു. പൗരത്വസമരനേതാക്കൾക്ക് ജാമ്യം നിഷേധിക്കണമെന്ന ഡൽഹി പോലീസിന്റെ നവംബർ 11 മുതലുള്ള വാദം കഴിഞ്ഞാൽ ഇവരുടെ ജാമ്യാപേക്ഷയിൽ സുപ്രീംകോടതി ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, എൻ.വി. ആഞ്ജാരിയ എന്നിവരടങ്ങിയ രണ്ടംഗ ബഞ്ച് വിധി പറയും.

ജാമ്യം ലഭിച്ചാലും ഇല്ലെങ്കിലും ജാമ്യം എടുത്തവരിൽ ഒരാൾക്കെതിരേപോലും ആക്രമണ സംഭവവുമായി ബന്ധപ്പെട്ട തെളിവുകൾ അവതരിപ്പിക്കാൻ ഡൽഹി പോലീസിന് കഴിഞ്ഞിട്ടില്ല. പൗരത്വസമര പ്രചാരണത്തിനുവേണ്ടി ഉണ്ടാക്കിയ വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളാണ് ഗൂഢാലോചനയ്ക്ക് പോലീസ് പ്രധാന തെളിവായി എടുത്തുകാണിക്കുന്നത്. മറുഭാഗത്ത് സംഘപരിവാർ കേന്ദ്രങ്ങൾ വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലൂടെ കലാപം വിതയ്ക്കുംവിധം ആഹ്വാനം നടത്തിയതിന് തെളിവുകൾ ഉണ്ടെങ്കിലും അത് പോലീസിന് വേണ്ടതാനും. വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലൊന്നും ഉമർഖാലിദ് സന്ദേശമയച്ചതായി തെളിവില്ല. എന്നുമാത്രമല്ല കലാപം നടന്നു എന്നുപറയുന്ന സന്ദർഭത്തിൽ ഉമർഖാലിദ് ഡൽഹിയിലേ ഉണ്ടായിരുന്നില്ല.

കലാപത്തിൽ പങ്കുണ്ടെന്നാരോപിച്ച് 2020 സെപ്റ്റംബർ 14 നാണ് ഉമർഖാലിദിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്. അന്ന് ഉമറിന് 33 വയസ്സായിരുന്നു പ്രായം. ജെ.എൻ.യുവിലെ ഡെമോക്രാറ്റിക് സ്റ്റുഡൻസ് യൂണിയന്റെ(ഡി.എസ്.യു) നേതാവായിരുന്നു. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബി.എയും ജെ.എൻ.യുവിൽ നിന്നും എം.എ, എം.ഫിൽ, പി.എച്ച്.ഡി ബിരുദങ്ങൾ നേടിയ ഉമർഖാലിദ് ഡൽഹി ജാമിയാ നഗറിലാണ് ജനിച്ചത്.

കൊറേഗാവ് യുദ്ധത്തിന്റെ 200-ാം വാർഷികത്തോടനുബന്ധിച്ച് പൂനെയിൽ നടന്ന എൽഗാർ പരിഷത്ത് റാലിയിൽ ജിഗ്നേഷ് മേവാനിക്കൊപ്പം ഉമർഖാലിദും പ്രസംഗിച്ചിരുന്നു. അതിന്റെ പേരിൽ കേസ് എടുത്തിരുന്നു. 2018 ഓഗസ്റ്റ് 13 ന് ഖാലിദ് ഒരു വധശ്രമത്തിൽ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. പ്രതികളെ പോലീസ് പിടിക്കും മുമ്പ് പ്രതികൾ ഓഗസ്റ്റ് 15 ന് ഇന്ത്യക്കുള്ള സ്വാതന്ത്ര്യദിന സമ്മാനമെന്ന് പറഞ്ഞ് ഈ ആക്രമണത്തിന്റെ വീഡിയോ അപ്‌ലോഡ് ചെയ്തിരുന്നു.

ഉമർഖാലിദിന്റെ പിതാവ് സയ്യിദ് ഖാസിം റസൂൽ ഇല്യാസ് മഹാരാഷ്ട്ര സ്വദേശിയാണ്. വെൽഫയർ പാർട്ടി ഓഫ് ഇന്ത്യയുടെ ദേശീയ പ്രസിഡന്റാണ് ഇല്യാസ് എന്നത് പോലീസ് ഉമർഖാലിദിനെതിരെ കേസ് കടുപ്പിക്കുന്നതിന് ഒരു കാരണമാണ്. ജെ.എൻ.യുവിൽ നിന്ന് ചരിത്രത്തിലാണ് ഉമർഖാലിദ് ബിരുദാനന്തര ബിരുദവും എം.ഫിലും നേടിയത്. പി.എച്ച്.ഡിക്കുശേഷം 'സിംഗ്‌റൂമിലെ സംസ്ഥാനം, സമൂഹം, ഭരണത്തിന്റെ ആകസ്മികതൾ 1830-1897' എന്ന തലക്കെട്ടിലുള്ള അദ്ദേഹത്തിന്റെ രചന ചരിത്രകാരന്മാർക്കിടയിൽ വലിയ മതിപ്പുനേടിയിരുന്നു. ആദിവാസി ചരിത്രവും ഉമറിന്റെ ഗവേഷണ വിഷയമായിരുന്നു.

പ്രശസ്ത ചരിത്രകാരനായ രാമചന്ദ്രഗുഹ ഉമർഖാലിദിനെക്കുറിച്ചും അദ്ദേഹത്തിന്റെ ഇനിയും പ്രസിദ്ധീകരിക്കാത്ത ഗംഭീരമായ ഗവേഷണ പ്രബന്ധത്തെക്കുറിച്ചും എഴുതിയ ഒരു ലേഖനം നവംബർ ഒന്നിന് ദി ടെലിഗ്രാഫ് പത്രം പ്രസിദ്ധീകരിച്ചിരുന്നു.
'രാഷ്ട്രീയ യജമാനന്മാരുടെ ഉത്തരവനുസരിച്ച് പോലീസ് തിടുക്കത്തിൽ സംശയാസ്പദമായ കുറ്റങ്ങൾ ചുമത്തി ജയിലിൽ കഴിയുന്ന നിരവധി നല്ല സത്യസന്ധരായ പുരുഷന്മാരിൽ ഒരാളാണ് ഡോ. ഉമർഖാലിദ്.' തന്റെ ലേഖനത്തിൽ ചരിത്രകാരൻ രാമചന്ദ്ര ഗുഹ പറയുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img