07:34pm 30 July 2026
NEWS
സംസ്ഥാന വയോജന കമ്മീഷനും വയോജന വകുപ്പും വൃദ്ധജനങ്ങൾക്ക് തുണയാകുമോ?
29/07/2026  01:31 PM IST
ചവറ സുരേന്ദ്രൻപിള്ള
സംസ്ഥാന വയോജന കമ്മീഷനും വയോജന വകുപ്പും വൃദ്ധജനങ്ങൾക്ക് തുണയാകുമോ?

തെന്മല വെള്ളിമലയിൽ പ്രവർത്തിക്കുന്ന അഭയ കേന്ദ്രത്തിലെ അന്തേവാസികളായ വയോധികരെ ലൈംഗികമായും ശാരീരികമായും പീഡിപ്പിച്ചെന്ന പരാതിയിൽ സ്ഥാപന നടത്തിപ്പുകാരനായ 57 കാരൻ മണിക്കുട്ടൻ എന്ന ബ്രഹ്മദാസിനെ അറസ്റ്റ് ചെയ്തു ജയിലിലടച്ചത് ഇക്കഴിഞ്ഞ ജൂൺ 13 നായിരുന്നു. നിരന്തരമായ അതിക്രമങ്ങൾ സഹിക്കാൻ കഴിയാതെ 60 വയസ്സിനു മുകളിൽ പ്രായമുള്ള രണ്ട് സ്ത്രീകൾ അഭയകേന്ദ്രത്തിൽ നിന്നു രക്ഷപ്പെട്ട ശേഷം വിവരം നാട്ടുകാരെയും ജനപ്രതിനിധികളെയും അറിയിക്കുകയായിരുന്നു. കുളിമുറിയിൽ രഹസ്യക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടെന്നും വയോധികരെ മദ്യം നൽകിയും ബലം പ്രയോഗിച്ചും നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നെന്നും അന്തേവാസികൾ മൊഴിനൽകി. മുമ്പ് ഇവിടെ അന്തേവാസികളായിരുന്ന സ്ത്രീകൾ മരിച്ചത് മർദ്ദനത്തെ തുടർന്നായിരുന്നെന്നും അവരുടെ സ്വർണാഭരണങ്ങൾ തട്ടിയെടുത്തതായും നാട്ടുകാരും ആരോപിച്ചു. 

ചെറിയൊരു കെട്ടിടത്തിൽ അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാതെയും പഞ്ചായത്തിന്റെയോ സാമൂഹിക നീതി വകുപ്പിന്റെയോ അംഗീകാരമില്ലാതെയുമായിരുന്നു വൃദ്ധസദനം 2018 മുതൽ പ്രവർത്തിച്ചു വന്നിരുന്നത്. കുട്ടികളെയും വയോധികരെയും മാനസിക വെല്ലുവിളി നേരിടുന്നവരെയുമെല്ലാം പാർപ്പിക്കുന്ന അനേകം അഭയ കേന്ദ്രങ്ങൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. 

ലോകത്തുള്ള അനാഥാലയങ്ങളുടെ കണക്കെടുത്താൽ ഏറ്റവും കൂടുതലുള്ളത് ഇന്ത്യയിലാണ്. ഏറ്റവും കുറവ് ചൈനയിലും. ലോക ജനസംഖ്യയിൽ ഇപ്പോൾ ഒന്നാം സ്ഥാനം ഇന്ത്യക്കാണ്. ഇന്ത്യയിലെ നവീന ചികിത്സാ പദ്ധതികളുടെ പുരോഗതി മൂലമാണ് വൃദ്ധജനങ്ങളുടെ മരണനിരക്ക് കുറയുന്നതെന്ന കണ്ടെത്തൽ അത്ഭുതപ്പെടുത്തുകയാണ്. വീടിനും നാടിനും സമൂഹത്തിനും രാജ്യത്തിനും വൃദ്ധജനങ്ങൾ ഭാരമായി തീരുകയാണ്. ലക്ഷക്കണക്കിന് വയോജനങ്ങൾ ഗതികിട്ടാ പ്രേതംപോലെ ബന്ധുക്കളുടെ ആട്ടും തുപ്പുമേറ്റ് ഒരിറ്റു കരുണയ്ക്കുവേണ്ടി യാചിക്കുന്ന അവസ്ഥ ശോചനീയമാണ്. 

ഇന്ത്യയിലെ അനാഥാലയങ്ങളിൽ ഏറ്റവും കൂടുതൽ കേരളത്തിലാണ്. ഇന്ത്യയിൽ വയോജനങ്ങളുടെ എണ്ണം ത്വരിതഗതിയിൽ വർധിച്ചുകൊണ്ടിരിക്കുകയാണ്. 1961 ൽ വയോജനങ്ങളുടെ എണ്ണം 25.6 ദശലക്ഷം ആയിരുന്നു. 1991 ൽ അത് ഇരട്ടിയിലധികമായി വർധിച്ച് 56.7 ദശലക്ഷമായി. 2016 ൽ അത് വീണ്ടും ഇരട്ടിച്ച് 113. 26 ദശലക്ഷമായി. 70 വയസു കഴിഞ്ഞ അതിവൃദ്ധരുടെ വർധന നിരക്ക് 60 കഴിഞ്ഞ നവ വൃദ്ധരുടെ നിരക്കിനെ അപേക്ഷിച്ച് കൂടുതലാണ്. പുരുഷന്മാരുടെ ജനനസമയത്തെ പ്രതീക്ഷിതായുസ്സ് രാജ്യത്ത് 1961 ൽ 47 വയസായിരുന്നത് 1991 ൽ 59 ആയി. സ്ത്രീകളുടേത് 45.6 വർഷമായിരുന്നത് 59.7 ആയി ഉയർന്നു. 60-ാം വയസ്സിൽ പ്രതീക്ഷിക്കുന്ന ശിഷ്ടായുസ് ഈ കാലയളവിൽ പുരുഷന്മാരുടേത് 13.0 വർഷത്തിൽ നിന്ന്14.9 ആയും സ്ത്രീകളുടേത് 13.4 ൽ നിന്ന് 16.2 ആയും വർധിച്ചു. മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ വയോജനങ്ങളുടെ എണ്ണം റോക്കറ്റ് കണക്കേ കുതിച്ചുയരുകയാണ്. 2036 ആകുമ്പോൾ കേരളത്തിലെ ഏകദേശം 22.8 ശതമാനം ആളുകൾ അറുപതു വയസിനു മുകളിലായിരിക്കും.വാർധക്യത്തിൽ തുണയില്ലാത്തവരുടെ എണ്ണം കൂടുന്നതനുസരിച്ച് വൃദ്ധസദനങ്ങളുടെ എണ്ണവും വർധിക്കുകയാണ്. സംസ്ഥാനത്തിപ്പോൾ 745 വൃദ്ധസദനങ്ങളുണ്ട്. സാർക്കാരിന്റെ സാമൂഹ്യവകുപ്പിന്റെ കീഴിൽ 17 എണ്ണമുണ്ട്. സ്വകാര്യ വൃദ്ധസദനങ്ങളിൽ 32 എണ്ണം ഫീസ് വാങ്ങി പ്രവർത്തിക്കുന്നവയാണ്. 

2016-17 ൽ സംസ്ഥാനത്തെ വൃദ്ധ സദനങ്ങളിലെ അന്തേവാസികളുടെ എണ്ണം 19149 ആയിരുന്നെങ്കിൽ 2021-22 ൽ അത് 30,000 ലധികമായി വർധിച്ചു. ആരോരുമില്ലാത്തവർ, മക്കൾ വിദേശത്തുള്ളവർ, ഉറ്റവർ ഉപേക്ഷിച്ചവർ ഇങ്ങനെ ഒറ്റപ്പെടുന്ന വർക്ക് ആശ്രയവും അഭയവും വൃദ്ധസദനങ്ങളാണ്. ഓർഫനേജ് കൺട്രോൾ ബോർഡിൽ റജിസ്റ്റർ ചെയ്ത സന്നദ്ധ സംഘടനകളും സ്വകാര്യ വ്യക്തികളുമാണ് ഭൂരിഭാഗം വൃദ്ധസദനങ്ങളും നടത്തുന്നത്. ഏറ്റവും കൂടുതൽ വൃദ്ധസദനങ്ങളുളളത് എറണാകുളം ജില്ലയിലാണ്. 143 എണ്ണം. ഏറ്റവും കുറവ് മലപ്പുറത്തും. മക്കളുള്ള ആർക്കും പ്രവേശനം നൽകരുതെന്ന നിബന്ധന സർക്കാർ വൃദ്ധസദനങ്ങളിലുൾപ്പെടെയുണ്ടെങ്കിലും കള്ളം പറഞ്ഞ് വൃദ്ധസദനങ്ങളിൽ ഉപേക്ഷിച്ചു പോകുന്നവർ ഏറെയുണ്ട്. സ്വത്തെല്ലാം കൈക്കലാക്കിയ ശേഷം മക്കൾ ഇറക്കിവിട്ട മാതാപിതാക്കളും ഇക്കൂട്ടത്തിലുണ്ട്. വയോജനങ്ങളെ സാമ്പത്തികവും ആരോഗ്യപരവും സാമൂഹികവും വൈകാരികവുമായ തലങ്ങളിൽ ശാക്തീകരിക്കുവാനും അവർക്ക് ആത്മവിശ്വാസത്തോടെ ഫലപ്രദവും തൃപ്തികരവുമായ ജീവിതം നയിക്കാനും പര്യാപ്തമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിനു വേണ്ടി സംസ്ഥാന സർക്കാർ 2006 ൽ അംഗീകരിച്ചതാണ് സംസ്ഥാന വയോജനനയം. ഇതിന്റെ ചുവടു പിടിച്ചാണ് 2025 സെപ്തംബർ 3 ന് പ്രാബല്യത്തിൽ വന്ന കേരള സംസ്ഥാന വയോജന കമ്മിഷൻ . വയോജനങ്ങളുടെ ക്ഷേമവും അവകാശ സംരക്ഷണവും ഉറപ്പാക്കാൻ ഇന്ത്യയിൽ ആദ്യമായി കേരളം രൂപീകരിച്ച സമിതിയാണിത്. അവഗണന, ചൂഷണം, അനാഥത്വം തുടങ്ങിയവ നേരിടുന്ന മുതിർന്ന പൗരന്മാർക്ക് നിയമസഹായവും പുനരധിവാസവും ലഭ്യമാക്കാനുദ്ദേശിച്ചാണ് ഈ കമ്മിഷനു രൂപം കൊടുത്തത്. 

വയോജന ക്ഷേമമേഖലയിൽ പ്രവർത്തനം നടത്തി പരിചയമുള്ളവരും 60 വയസിനു മേൽ പ്രായമുള്ള വരുമായ ചെയർ പേഴ്‌സൺ ഉൾപ്പെടെ അഞ്ച് അംഗങ്ങളാണ് കമ്മിഷനിൽ ഉള്ളത്. ഒരു സ്ഥാനം വനിതയ്ക്കും മറ്റൊന്ന് പട്ടികജാതി/പട്ടിക വർഗ വിഭാഗത്തിനുമായും സംവരണം ചെയ്യപ്പെട്ടിരിക്കുന്നു. മൂന്നു വർഷമാണ് കാലാവധി. സംസ്ഥാന വനിതാ കമ്മീഷന്റെ മാതൃകയിൽ തന്നെയാണ് വയോജന കമ്മീഷനും പ്രവർത്തിച്ചുവരുന്നത്. മുൻ എം.പി.അഡ്വ.കെ.സോമപ്രസാദാണ് ചെയർപേഴ്‌സൺ. അമരവിള രാമകൃഷ്ണൻ, കെ.എൻ.കെ. നമ്പൂതിരി, പ്രൊഫ. ലോപ്പസ് മാത്യു, ഇ.എം.രാധ എന്നിവരാണ് അംഗങ്ങൾ. പിണറായി സർക്കാരിന്റെ കാലത്ത് പാർട്ടിയിലെ സമുന്നതനായ നേതാവിനെ കുടിയിരുത്താൻ വേണ്ടിയായിരുന്നു ഇങ്ങനെയൊരു കമ്മീഷനെ നിയമിച്ചതെന്ന ആരോപണവും ഉയർന്നുവന്നിരുന്നു. കമ്മീഷൻ രൂപീകരിച്ചിട്ട് 11 മാസങ്ങൾ കഴിഞ്ഞെങ്കിലും കേരള വയോജന കമ്മിഷൻ ചട്ടങ്ങൾ അംഗീകരിച്ച് സർക്കാർ ഇനിയും ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ല. ധനകാര്യ വകുപ്പിന്റെ അനുമതി ലഭ്യമായിട്ടുള്ള കരട് ചട്ടങ്ങൾ ഇപ്പോൾ സാമൂഹിക നീതിവകുപ്പിന്റെ പരിഗണനയിലാണ്. അതിന് അംഗീകാരം ലഭിക്കാത്തതു മൂലം ജീവനക്കാരുടെ നിയമനങ്ങൾ, അംഗങ്ങളുടെ ഓണറേറിയം , യാത്രാബത്ത തുടങ്ങിയ വയൊന്നും അനുവദിക്കാൻ കഴിഞ്ഞിട്ടില്ല. കമ്മീഷൻ ചെയർപേഴ്‌സണ് ശമ്പളവും മറ്റ് അലവൻസുകളും അംഗങൾക്ക് ഓണറേറിയം, യാത്രാബത്ത, സിറ്റിങ് ഫീ എന്നിവയും നാളിതുവരെ ലഭിച്ചിട്ടില്ല. ചെയർപേഴ്‌സണ് ഔദ്യോഗിക വാഹനം വാങ്ങുന്നതിനുള്ള പ്രൊപ്പോസലും സർക്കാരിന്റെ പരിഗണനയിലാണ്. 

എന്നാൽ ഇതിനിടയിലാണ് യുഡിഎഫ് സർക്കാരിന്റെ പ്രഥമ ബജറ്റിൽ ജപ്പാൻ മാതൃക അവലംബമാക്കി വയോജനവകുപ്പ് രൂപവത്ക്കരിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നതായി പ്രഖ്യാപിച്ചത്. ലോകത്തെ ഏറ്റവും പ്രായമായ ജനസംഖ്യകളിലൊന്നിനെ കൈകാര്യം ചെയ്യുന്നതിനായി സർവജന ദീർഘകാല പരിചരണ ഇൻഷുറൻസ്, സമൂഹാധിഷ്ഠിത പിന്തുണ, പ്രതിരോധാരോഗ്യ സംരക്ഷണം, സാങ്കേതിക വിദ്യ എന്നിവയെ ഫലപ്രദമായി സംയോജിപ്പിക്കുന്നതാണ് ജപ്പാന്റെ രീതി. സംസ്ഥാന വയോജന കമ്മീഷനും വയോജന വകുപ്പും വൃദ്ധജനക്ഷേമത്തിന് എത്രകണ്ട് പ്രയോജനപ്പെടുമെന്നാണ് ഇനി കണ്ടറിയേണ്ടത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img