03:40pm 30 May 2026
NEWS
കുഴിമാടങ്ങളിൽ നിന്ന് കണ്ടുകിട്ടുമോ കൊല്ലപ്പെട്ടവരുടെ മൃതദേഹാവശിഷ്ടങ്ങൾ?
30/07/2025  12:12 PM IST
വിഷ്ണുമംഗലം കുമാർ
കുഴിമാടങ്ങളിൽ നിന്ന് കണ്ടുകിട്ടുമോ കൊല്ലപ്പെട്ടവരുടെ മൃതദേഹാവശിഷ്ടങ്ങൾ..

 ബംഗളുരു: ധർമ്മസ്ഥല : നാടിനെ ഞെട്ടിച്ച വെളിപ്പെടുത്തൽ നടത്തിയ ആൾ ധർമ്മസ്ഥലയിലെ ദ്യദിവസത്തെ തെളിവെടുപ്പിൽ ചൂണ്ടിക്കാട്ടിയത് പതിമൂന്ന് കുഴിമാടങ്ങളാണ്. നേത്രാവതി നദീതീരത്തെ കുളിക്കടവിനടുത്ത് കാടുനിറഞ്ഞ പറമ്പിൽ അയാൾ കാട്ടിക്കൊടുത്ത ഇടത്ത് ഇന്നലെ മണ്ണുപണിക്കാരെക്കൊണ്ട് ആദ്യം നാലടിയോളം കുഴിപ്പിച്ചു. പൂഴിമണ്ണായതിനാലും വെള്ളം ഒലിച്ചിറങ്ങുന്നതിനാലും കുഴിയെടുപ്പ് തടസ്സപ്പെട്ടു. ഇട വിട്ട് പെയ്ത മഴയും ബുദ്ധിമുട്ടുണ്ടാക്കി. പിന്നീട് മിനി ജെസിബിയുടെ സഹായത്തോടെയാണ് ജോലി തുടർന്നത്. പതിനഞ്ചടി നീളത്തിൽ എട്ടടിയോളം ആഴത്തിൽ കുഴിച്ചിട്ടും മൃതദേഹാവശിഷ്ടങ്ങളൊന്നും കണ്ടെത്താനായില്ല. കോടതിയുടെ അനുവാദത്തോടെ ബെൽത്തങ്ങടി  തഹസിൽദാർ പൃഥ്വി സനികിന്റെയും ഫോറൻസിക് വിദഗ്ധരുടെയും മറ്റു ഉദ്യോഗസ്ഥന്മാരുടെയും സാന്നിധ്യത്തിൽ കനത്ത പോലീസ് കാവലിലാണ് കുഴിയെടുപ്പ് നടന്നത്. ആ ഇടത്ത് പക്ഷെ മൃതദേഹം അടക്കം ചെയ്തതിന്റെ ചെറിയ സൂചന പോലും കാണാനായില്ല. അയാൾ ചൂണ്ടിക്കാട്ടിയ മറ്റിടങ്ങൾ ആളുകൾക്ക് ചെന്നെത്താൻ പ്രയാസമുള്ള കാട്ടിനുള്ളിലാണ്.വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവമാണ്. എന്നിട്ടും ഓരോ സ്ഥലവും സുപരിചിതമാണെന്ന മട്ടിലാണ് അയാൾ ചൂണ്ടിക്കാട്ടിയിരുന്നത്. അതും മുഖംമറച്ചുകൊണ്ട്. അയാൾ ആ പ്രദേശം വിട്ടുപോയിട്ടുതന്നെ പതിനൊന്ന് വർഷമായി. ചിലയിടത്ത് കാട് ഇടതൂർന്നു വളരുകയും മറ്റു ചിലയിടങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും തെല്ലുപോലും സംശയമില്ലാതെ കാട്ടുവള്ളികളും മുൾപ്പടർപ്പുകളും വകഞ്ഞുമാറ്റി ആയാസരഹിതമായാണ് മൃതദേഹങ്ങൾ അടക്കം ചെയ്തിട്ടുണ്ട് എന്നുപറയുന്ന ഓരോ ഇടങ്ങളും അയാൾ കാട്ടിക്കൊടുത്തത്. എസ് ഐ ടി അധികൃതരെയും മറ്റും അത് അത്ഭുതപ്പെടുത്തിയിരുന്നു. മുഖവും ഇതര ദേഹഭാഗങ്ങളും ഏതാണ്ട് പൂർണ്ണമായി മറച്ച് അഭിഭാഷകരോടൊപ്പമാണ് വെളിപ്പെടുത്തലുകാരൻ തെളിവെടുപ്പ് സ്ഥലങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. മിനി ജെസി ബിയുടെ സഹായത്തോടെയാവും മറ്റിടങ്ങളിൽ ഇന്ന് പരിശോധന നടത്തുക. രാജ്യത്തൊട്ടാകെ ധർമ്മസ്ഥലയെ പറ്റി സംശയവും ഭയവും ജനിപ്പിച്ചിരിക്കുന്ന സാഹചര്യത്തിൽ എസ് ഐ ടി അന്വേഷണം വന്നത് നന്നായെന്നും യഥാർത്ഥ വസ്തുതകൾ പുറത്തുവരാൻ അത് സഹായിക്കുമെന്നും നാട്ടുകാർ പറയുന്നു. ധർമ്മസ്ഥല ക്ഷേത്രവും പരിസരപ്രദേശങ്ങളും സംശയത്തിന്റെ കരിനിഴലിലായതിൽ ഗ്രാമവാസികൾ ആശങ്കാകുലരാണ്. ഏതാണ്ട് ഇരുപത് വർഷം മുമ്പുവരെ ധർമ്മസ്ഥലയിൽ അധികൃത ശ്മശാനങ്ങൾ ഉണ്ടായിരുന്നില്ല. അനവധി അനാഥരും യാചകരുമൊക്കെ അന്യ നാടുകളിൽ നിന്നെത്തി ക്ഷേത്രപരിസരത്ത് സ്ഥിരതാമസമാക്കാറുണ്ട്. ഭക്ഷണം ക്ഷേത്രത്തിൽ നിന്ന് സൗജന്യമായി ലഭിക്കും. കുളിയും തേവാരവും സമീപത്തെ സ്ഥാനഘട്ടിൽ നിർവ്വഹിക്കുകയും രാത്രി ക്ഷേത്രപരിസരത്ത് കിടന്നുറങ്ങുകയും ചെയ്യാം. ഈ സൗകര്യങ്ങളൊക്കെ ഉള്ളതിനാൽ അനാഥരും ആലംബഹീനരും ധർമ്മസ്ഥലയിൽ പറ്റിക്കൂടാറുണ്ട്. അവരിൽ പലരും അവിടെ കിടന്ന് മരണപ്പെടുന്നതും സാധാരണയാണ്. ഏറ്റുവാങ്ങാൻ ആളില്ലാത്ത ജഡങ്ങൾ സമീപമുള്ള കാട്ടിൽ മറവുചെയ്യാറായിരുന്നു പതിവ്. അത്തരം മൃതദേഹങ്ങളുടെ അവശിഷ്ടങ്ങൾ കാട്ടിൽ കുഴിച്ചാൽ കണ്ടെടുക്കാൻ കഴിയുമെന്ന് നാട്ടുകാരും പഞ്ചായത്ത് അധികൃതരും പറയുന്നു. എന്നാൽ സ്ത്രീകളെയും പെൺകുട്ടികളെയും ലൈംഗികാതിക്രമത്തിന് വിധേയമാക്കി കുഴിച്ചുമൂടിയിട്ടുണ്ടെന്ന ആരോപണം നാട്ടുകാർ വിശ്വസിക്കുന്നില്ല. ഒറ്റപ്പെട്ട ചില സംഭവങ്ങൾ ഉണ്ടാകാം. പക്ഷെ ക്ഷേത്രവുമായി അതിന് ബന്ധമുണ്ടെന്ന് കരുതുന്നില്ല- മുതിർന്ന തലമുറയിൽ പെട്ട നാട്ടുകാർ വ്യക്തമാക്കുന്നു. എസ് ഐ ടി അന്വേഷണത്തിൽ വസ്തുതകൾ പുറത്തുവരുമെന്ന് അവർ വിശ്വസിക്കുകയും ചെയ്യുന്നു. ബലാത്സംഗക്കൊലകൾ അടിസ്ഥാനമില്ലാത്ത ആരോപണമാണെന്ന് പഞ്ചായത്ത് അധികൃതരും ആണയിടുന്നു. ധർമ്മസ്ഥലയുടെ സൽപ്പേരിന് കളങ്കം ചാർത്താൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് ബിജെപിക്കാരനായ മുൻ ആഭ്യന്തരമന്ത്രിയും നിലവിൽ പ്രതിപക്ഷ നേതാവുമായ ആർ അശോക് ആരോപിക്കുന്നത്. ധർമ്മസ്ഥലയിൽ അസാധാരണമായ എന്തെങ്കിലും നടന്നതായി വിശ്വസിക്കുന്നില്ലെന്ന്
മുൻമുഖ്യമന്ത്രി യെഡിയൂരപ്പയും സാക്ഷ്യപ്പെടുത്തുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയാകട്ടെ അങ്ങേയറ്റത്തെ ജാഗ്രതയോടെയാണ് ഈ പ്രശ്നം കൈകാര്യം ചെയ്യുന്നത്.ഡി ജി ആൻഡ് ഐ ജി പി, എം എ സലീമിനോട് കാര്യങ്ങൾ സശ്രദ്ധം വിലയിരുത്തി നേരിട്ട് റിപ്പോർട്ട് ചെയ്യാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. വെളിപ്പെടുത്തിയ ആൾ ചൂണ്ടിക്കാട്ടിയ ഇടങ്ങളിൽ നിന്ന് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയാൽ തന്നെ അത്/അവ കൊല്ലപ്പെട്ട സ്ത്രീകളുടേതാണോ അതല്ല അനാഥരുടേതാണോ എന്ന് തിരിച്ചറിയുംവരെ ധർമ്മസ്ഥലയിലെ ആശങ്കയും അങ്കലാപ്പും തുടരും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img