12:28am 01 November 2026
NEWS
കെ.പി.സി.സിയുടെ അടുത്ത പ്രസിഡന്റ് ഒരു മുസ്ലീം സമുദായാംഗമോ? ഷാഫി പറമ്പിലിന്റെ പേര് സജീവമാകുന്നതെന്തുകൊണ്ട് ?
31/10/2026  12:26 PM IST
പി. ജയചന്ദ്രൻ
കെ.പി.സി.സിയുടെ അടുത്ത പ്രസിഡന്റ് ഒരു മുസ്ലീം സമുദായാംഗമോ? ഷാഫി പറമ്പിലിന്റെ പേര് സജീവമാകുന്നതെന്തുകൊണ്ട് ?

മരുഭൂമിയിൽ കൊടുങ്കാറ്റടിക്കുമ്പോൾ എവിടൊക്കെയാകും മൺകൂനകൾ രൂപപ്പെടുക എന്ന് ആരാലും പ്രവചിക്കുക അസാധ്യമാണ്. അതുപോലെയാണ് സംസ്ഥാന കോൺഗ്രസിലെ കാര്യങ്ങളും. അവിടെ സമവായങ്ങൾ എപ്പോൾ എങ്ങനെ മാറിമറിയും എന്ന് ആർക്കുമാകില്ല പ്രവചിക്കുവാൻ. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് പുതിയ കെ.പി.സി.സി പ്രസിഡന്റ് പദവുമായി ബന്ധപ്പെട്ട് രൂപം കൊണ്ടുവരുന്ന ശാക്തികചേരികൾ. നിലവിലുണ്ടായിരുന്ന ഗ്രൂപ്പ് സമവായങ്ങളെയൊക്കെ പൊളിച്ചടുക്കിക്കൊണ്ട് ഒരു  പുതിയ ഗ്രൂപ്പ് തന്നെ അതിനായി രൂപംകൊണ്ട് രംഗത്തുവന്നിരിക്കുകയാണ്. ഗ്രൂപ്പ് മൂപ്പന്മാരുമായി ഒത്തുതീർപ്പുണ്ടാക്കി ദൽഹിയിൽ നിന്നും അടിച്ചേൽപ്പിക്കുന്നവരെ ചുമക്കാനാവില്ലെന്നും, ജനങ്ങൾക്കിടയിൽ വേരുകളുള്ള യുവതലമുറ നേതാക്കളെ അദ്ധ്യക്ഷസ്ഥാനത്ത് അവരോധിക്കണമെന്നും ആവശ്യപ്പെടുന്ന പാർട്ടിയിലെ ഈ പുതുതലമുറ ചില സാമുദായിക സമവാക്യങ്ങളും മുന്നോട്ടുവയ്ക്കുന്നുണ്ട്.

സംസ്ഥാന കോൺഗ്രസ് രാഷ്ട്രീയം പഴയ മൂന്നാം ഗ്രൂപ്പുകാരനായ രമേശ് ചെന്നിത്തലയും കെ.സി. വേണുഗോപാലും വി.ഡി. സതീശനും കൂടി ഹൈജാക്ക് ചെയ്തുവച്ചിരിക്കുകയാണെന്ന് തിരിച്ചറിയുന്ന 'എ' വിഭാഗം നേതാക്കളാണ് പ്രധാനമായും പുതിയ നീക്കത്തിന് പിന്നിൽ നിന്ന് ചരടുവലിക്കുന്നത്. ചെന്നിത്തലയും കെ.സിയുമൊക്കെ ഹൈക്കമാൻഡിന് മുന്നിൽ അവതരിപ്പിച്ചുവച്ചിട്ടുള്ള ജോസഫ് വാഴയ്ക്കനേയും, ബെന്നി ബെഹ്നാനേയും, ആന്റോ ആന്റണിയേയും, സ്വയം അവകാശവാദവുമായി രംഗത്തുവന്നിട്ടുള്ള കൊടിക്കുന്നിൽ സുരേഷിനേയുമൊക്കെ നിരാകരിച്ചുകൊണ്ട് ഷാഫി പറമ്പിലിന്റെ പേരാണ് ഇവർ ഉയർത്തിക്കാട്ടുന്നത്.

എന്തുകൊണ്ട്  ഷാഫി പറമ്പിൽ?

നൂറ്റിരണ്ട് എന്ന മാജിക് സംഖ്യയുമായി തെരഞ്ഞെടുപ്പിൽ വിജയിച്ച് മന്ത്രിസഭ രൂപീകരിക്കുവാൻ യു.ഡി.എഫിന് നേതൃത്വം കൊടുക്കുന്ന കോൺഗ്രസിന് കഴിഞ്ഞുവെങ്കിലും അത് കോൺഗ്രസിന്റെ സംഘാടനാമികവുകൊണ്ടാണെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണിജോസഫോ വി.ഡി. സതീശനോ പോലും നെഞ്ചത്ത് കൈവച്ച് പറയുമെന്ന് തോന്നുന്നില്ല. അത്ര പരിതാപകരമാണ് കേരളത്തിൽ കോൺഗ്രസിന്റെ അവസ്ഥ. എന്നിട്ടും പത്തുവർഷക്കാലത്തെ ഇടതുഭരണത്തെ താഴെയിറക്കി അധികാരത്തിലേറുവാൻ പാർട്ടിക്ക് കഴിഞ്ഞത് ഇടതുഭരണത്തിൽ സഹികെട്ട നിഷ്പക്ഷമതികളുടെ നിഷേധവോട്ടും, യഥാർത്ഥ സി.പി.എമ്മുകാരുടെ പിണറായി വിരുദ്ധവോട്ടുകളും കൊണ്ടാണെന്നുള്ള വസ്തുത ഇതിനകം തന്നെ വ്യക്തമാക്കപ്പെട്ടിട്ടുള്ളതാണല്ലോ.

അതുപക്ഷെ അംഗീകരിക്കുവാൻ തയ്യാറാകാത്ത മുഖ്യമന്ത്രി വി.ഡി. സതീശനെപ്പോലുള്ള കോൺഗ്രസുകാർ, തങ്ങളുടെ മിടുക്കും കഴിവുമാണ് വിജയകാരണമെന്നാണ് കരുതുന്നത്. ഉപജാപകയുടെ വൃന്ദം അതിന് ഒപ്പാരയിടുക കൂടി ചെയ്യുമ്പോൾ അതിൽ മതിമറന്നു മയങ്ങുന്ന നേതൃത്വം കാണാതെ പോകുന്ന രണ്ട് കാര്യങ്ങളുണ്ട്. തെരഞ്ഞെടുപ്പുകാലത്ത് ഒരു ആൾക്കൂട്ടം രൂപപ്പെട്ടെങ്കിലും സംസ്ഥാനത്തെ കോൺഗ്രസിന്റെ അവസ്ഥ ഒട്ടും ആശാസ്യമല്ല. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാരും മറ്റും തങ്ങളുടേതായ വഴിയേ സഞ്ചരിക്കുകയും, ഭരണമാറ്റത്തെത്തുടർന്ന് താഴെത്തട്ടിലുള്ള നേതാക്കൾക്കോ പ്രവർത്തകർക്കോ ലഭിക്കേണ്ട ബോർഡ്, കോർപ്പറേഷൻ സ്ഥാനമാനങ്ങൾ ലഭിക്കാതിരിക്കുകയുമൊക്കെ ചെയ്യുന്നതിൽ പാർട്ടിക്കുള്ളിലെ മുറുമുറുപ്പ് ദിവസങ്ങൾ ചെല്ലുംതോറും ശക്തി പ്രാപിച്ചുവരികയാണ്. ഇടതുസർക്കാരിന്റെ കാലത്ത് നിയമിതരായവർ തന്നെയാണ്, ഭരണം ലഭിച്ച് മാസം നാലാകുമ്പോഴും പല പ്രധാന സ്ഥാനങ്ങളിലും സസുഖം വാഴുന്നത്. അതുതന്നെയാണ് പാർട്ടി പുനഃസംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും കാണുവാൻ കഴിയുന്നത്. 

തങ്ങളെ ഒന്നൊഴിവാക്കിത്തരണമെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണിജോസഫും പല ഡി.സി.സി പ്രസിഡന്റുമാരും പലവട്ടം പറഞ്ഞെങ്കിലും അതിനുള്ള ഒരു നീക്കവും നടക്കുന്നില്ല എന്നുള്ളതാണ് വാസ്തവം. വാർഡ് പ്രസിഡന്റിനെ നിശ്ചയിക്കുവാനുള്ള അവകാശം പോലും ഹൈക്കമാൻഡിനെ ഏൽപ്പിച്ചിട്ടുള്ള പാർട്ടിയിൽ ഗ്യാനേഷ്‌കുമാറിന്റെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാകുംവരെ ഖാർഗെയോ രാഹുലോ ഇടപെടുമെന്ന് കരുതാനുമാവില്ലല്ലോ.

ചുരുക്കിപ്പറഞ്ഞാൽ കേരളത്തിലെ കോൺഗ്രസിപ്പോൾ, പേരിനൊരു നാഥനുണ്ടെങ്കിലും നാഥനില്ലാത്ത അവസ്ഥയിലാണ്. അതാണ് പലർക്കും സൗകര്യം എന്നുള്ളതിനാൽ, ഉത്തരവാദപ്പെട്ടവരാരും പുനഃസംഘടനയെപ്പറ്റി ഒരക്ഷരം പോലും ഉരിയാടുന്നില്ല. ഈ ഒരു സാഹചര്യത്തിലാണ് എത്രയും പെട്ടെന്ന് പുനഃസംഘടന നടത്തണമെന്ന് ഷാഫി പറമ്പിലിനെപ്പോലൊരു യുവനേതാവിനെ കെ.പി.സി.സിയുടെ അമരത്ത് അവരോധിക്കണമെന്നുമുള്ള ആവശ്യം ശക്തമായിത്തന്നെ ഉയരുന്നത്.

അതിനൊരു പ്രധാന കാരണം കൂടിയുണ്ട്. പിണറായി വിജയന്റെ തന്നെ നേതൃത്വത്തിൽ തുടർഭരണം പ്രതീക്ഷിച്ച് തെരഞ്ഞെടുപ്പിനിറങ്ങിയ ഇടതുപക്ഷത്തിന്, പ്രത്യേകിച്ചും സി.പി.എമ്മിന് വൻ പരാജയമാണല്ലോ ഏറ്റുവാങ്ങേണ്ടി വന്നത്. എന്നുമാത്രമല്ല, യു.ഡി.എഫിന് ലഭിച്ച 102 സീറ്റിന്റെ ഭൂരിപക്ഷം പരാജയത്തിന്റെ ആഘാതം വർദ്ധിപ്പിക്കുകയും ചെയ്തു. പാർട്ടിവിട്ട് അവസാന നിമിഷം പുറത്തുചാടിയ കുഞ്ഞിക്കണ്ണന്റേയും, ഗോവിന്ദൻ മാസ്റ്ററുടെയും, ജി. സുധാകരന്റേയും വിജയങ്ങൾ സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം ചിന്തിക്കാൻ കഴിയുന്നതിനും അപ്പുറമാണ്. കുലംകുത്തികളെന്നും വർഗ്ഗവഞ്ചകരെന്നും ഒക്കെ പുറമേക്ക് വിളിച്ച് ആശ്വസിക്കുകയും, അധിക്ഷേപിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ആ പരാജയങ്ങൾ ഏൽപ്പിച്ച മുറിവുകളുടെ ആഴം വളരെ വലുതാണ്. അത് മനസ്സിലാക്കുന്നതുകൊണ്ടുതന്നെയാണ് ഇന്നുവരെ ഒരു തെരഞ്ഞെടുപ്പു പരാജയത്തെക്കുറിച്ചും നടത്താത്തവിധം ആഴമേറിയതും വിശാലമായതുമായ പരിശോധനകളും ചർച്ചകളുമൊക്കെ നടത്തുവാൻ സി.പി.എം തയ്യാറായിട്ടുള്ളത്.

എന്നുമാത്രമല്ല, ആ പരാജയമുറിവുണക്കുവാൻ, സി.പി.എം കണ്ടിട്ടുള്ള ഏറ്റവും ഫലവത്തായ പരിഹാരമാർഗ്ഗം യു.ഡി.എഫ് സർക്കാരിനെതിരെയുള്ള നിരന്തരവും ശക്തവുമായ സമരങ്ങളാണ്. ഭാഗ്യവശാൽ അതിനുള്ള നിരവധിയായ അവസരങ്ങൾ സർക്കാരായിട്ട് സൃഷ്ടിച്ചു നൽകുന്നുമുണ്ട്.

ഒരു ഭാഗത്ത് ഈവിധം സി.പി.എം സടകുടഞ്ഞെഴുന്നേൽക്കുമ്പോൾ മറുഭാഗത്ത് കോൺഗ്രസിന്റെ പ്രവർത്തനം തികച്ചും നിർജീവമാണെന്ന് പറയാതെ തരമില്ല. അതിനുള്ള പ്രധാനകാരണം ശരിയായ ഒരു നേതൃത്വത്തിന്റെ അഭാവം തന്നെയാണ്. സതീശൻ സർക്കാരിൽ മന്ത്രിയായതോടെ സണ്ണിജോസഫിന് കെ.പി.സി.സിയുടെ ചുമതല നിർവ്വഹിക്കുവാൻ ഒട്ടുംതന്നെ സമയമില്ല എന്നുള്ളതാണ് വാസ്തവം. പ്രസിഡന്റിനൊപ്പം മൂന്ന് വർക്കിംഗ് പ്രസിഡന്റുമാർകൂടിയുണ്ടെങ്കിലും അവരിൽ രണ്ടുപേരും- അനിൽകുമാറും വിഷ്ണുനാഥും മന്ത്രിമാരാണ്. ഈ ഒരു സാഹചര്യത്തിലാണ് കെ.പി.സി.സിക്ക് ഒരു മുഴുവൻ സമയ പ്രസിഡന്റ് വേണമെന്നുള്ള ചിന്ത പാർട്ടിയിൽ സജീവമാകുന്നത്.

എന്നാൽ അങ്ങനൊരു ചിന്ത ഉത്തരവാദപ്പെട്ട നേതാക്കന്മാർക്കില്ലെന്നുമാത്രമല്ല അവരുടെ ചിന്തകൾ പഴയ ചില കുറ്റികളിൽ കിടന്ന് കറങ്ങുകയാണ്. ഇവിടെയാണ് ചടുലമായ പ്രവർത്തനം കാഴ്ചവയ്ക്കാൻ കഴിയുന്ന ഒരു നേതൃത്വത്തിന്റെ പ്രസക്തി. അത് സംബന്ധമായ ആലോചനകളാണ് ഷാഫി പറമ്പിൽ എന്ന യുവനേതാവിൽ ചെന്നെത്തിനിൽക്കുന്നത്. നേതൃഗുണത്തിന്റെ കാര്യത്തിലും, വാക്ചാതുര്യത്തിന്റെ കാര്യത്തിലുമൊക്കെ കോൺഗ്രസ് രാഷ്ട്രീയം സമീപകാലത്ത് കണ്ട ഏറ്റവും ശ്രദ്ധേയനായ യുവനേതാവായിട്ടാണ് ഷാഫി പറമ്പിലിനെ വിലയിരുത്തുന്നത്. 

പാലക്കാട് ഉപതെരഞ്ഞെടുപ്പിലും ഇക്കഴിഞ്ഞ ലോക്‌സഭാ- നിയമസഭാ തെരഞ്ഞെടുപ്പിലുമൊക്കെ കോൺഗ്രസിനുവേണ്ടി ആളെകൂട്ടിയത് ഷാഫിയുടെ മാസ്മരിക സാന്നിദ്ധ്യമായിരുന്നു എന്നത് എടുത്തുപറയേണ്ടുന്ന വസ്തുതയാണ്. അതായത് മുഖ്യമന്ത്രി എന്നുള്ള പരിവേഷം കൂടി ഉള്ളതിനാൽ പാർട്ടിക്കുവേണ്ടി ആളെക്കൂട്ടാൻ വി.ഡി. സതീശന് കഴിയുമ്പോൾ അങ്ങനൊരു പരിവേഷം ഇല്ലാതെ തന്നെ ആളെക്കൂട്ടാൻ ഷാഫിക്ക് കഴിയുന്നു. എന്നുപറഞ്ഞാൽ നിലവിൽ സംസ്ഥാന കോൺഗ്രസിലെ ഏറ്റവും വലിയ 'ക്രൗഡ് പുള്ളർ' ഷാഫി പറമ്പിലാണ്.

അതുമാത്രമല്ല ജാതീയമായ പരിവേഷവും ഷാഫി പറമ്പിലിന് അനുകൂലമാണ്. കാരണം കേരളാപ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ നാളിതുവരെയുള്ള ചരിത്രം പരിശോധിച്ചാൽ കെ.എ ദാമോദരമേനോൻ തുടങ്ങി സണ്ണിജോസഫ് വരെയുള്ള 24 പ്രസിഡന്റുമാരിൽ രണ്ടേരണ്ട് മുസ്ലീം സമുദായക്കാർ മാത്രമേ ആ സ്ഥാനത്തെത്തിയിട്ടുള്ളൂ. അതിൽതന്നെ 1968-70 കാലത്ത് പ്രസിഡന്റായിരുന്ന ടി.ഒ. ബാവയെ മാറ്റിനിർത്തിയാൽ എം.എം. ഹസ്സന്റേത് ഒരു വർഷക്കാലത്തേക്കുള്ള ഒരു താൽക്കാലിക സംവിധാനമായിരുന്നു. 2017 ൽ വി.എം. സുധീരൻ സ്ഥാനമൊഴിഞ്ഞപ്പോഴത്തെ ഒരു തൽക്കാല പകരസംവിധാനം. അങ്ങനെ നോക്കുമ്പോൾ ടി.ഒ. ബാവ മാത്രമാണ് കെ.പി.സി.സി അദ്ധ്യക്ഷനായിട്ടുള്ള ഏക മുസ്ലീം. മുഖ്യമന്ത്രി സ്ഥാനത്തേയ്ക്കും ഒരു മുസ്ലീമിനെ പരിഗണിക്കുവാൻ ഇന്നുവരെ കോൺഗ്രസ് തയ്യാറായിട്ടില്ല. 

ഈ ഒരു പശ്ചാത്തലത്തിലാണ് മുസ്ലീം സമുദായാംഗം കൂടിയായ ഷാഫി പറമ്പിലിന്റെ പേര് കെ.പി.സി. പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് പാർട്ടിക്കുള്ളിൽ സജീവമായി പറഞ്ഞുകേൾക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img