01:59am 07 November 2026
NEWS
ഇന്ത്യ-പാക്കിസ്ഥാൻ വെടി നിർത്തൽ നിലനിൽക്കുമോ? യു.എസ് മദ്ധ്യസ്ഥത വേണ്ടിയിരുന്നോ ?
29/05/2025  07:01 PM IST
ചെറുകര സണ്ണീലൂക്കോസ്
ഇന്ത്യ-പാക്കിസ്ഥാൻ വെടി നിർത്തൽ നിലനിൽക്കുമോ? യു.എസ് മദ്ധ്യസ്ഥത വേണ്ടിയിരുന്നോ ?

ഇന്ത്യ- പാക്കിസ്ഥാൻ സംഘർഷത്തിന് വിരാമമിട്ട് ഇരുരാജ്യങ്ങളും മെയ് 10 ന് വൈകിട്ട് വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും തുടർന്നും അതിർത്തിയിൽ പാകിസ്ഥാൻ പ്രകോപനം തുടർന്നാൽ, വെടിനിർത്തൽ നിലനിൽക്കുമോ, നിലനിന്നാൽ തന്നെ എത്രകാലം എന്ന ചോദ്യം ബാക്കിയാവുന്നു. അഞ്ച് ദിവസത്തെ സംഘർഷത്തിനുശേഷം ഏറ്റുമുട്ടൽ ഒരു പൂർണ്ണയുദ്ധത്തിലേക്ക് നീങ്ങുന്നു എന്ന് കരുതുമ്പോഴാണ് എല്ലാവരേയും അമ്പരപ്പിച്ചുകൊണ്ട് 10-ാം തീയതി ശനിയാഴ്ച വൈകുന്നേരം 5.33 ന് ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തലിന് സമ്മതിച്ചതായി യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം ഉണ്ടാവുന്നത്.

പിന്നാലെ 5.50 പാകിസ്ഥാൻ ഉപപ്രധാനമന്ത്രിയായ ഇസ്ഹാഖ്ധർ വെടിനിർത്തൽ ധാരണയായെന്നും, അതിന് സഹായിച്ച അമേരിക്കൻ പ്രസിഡന്റ് ട്രംപിന് നന്ദി പറഞ്ഞുകൊണ്ടുമുള്ള അറിയിപ്പും വരുന്നു. അവിശ്വസനീയമായ വാർത്ത പോലെ ഇന്ത്യാക്കാർ അമ്പരന്നിരിക്കുമ്പോഴാണ് നിമിഷങ്ങൾക്കകം 6 മണിക്ക് ഇന്ത്യൻ അധികൃതർ ഈ കാര്യം സ്ഥിരീകരിക്കുന്നത്. അതേസമയം അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് മേഖലയിൽ സംഘർഷം ലഘൂകരിക്കുന്നതിനും, വെടിനിർത്തൽ പ്രഖ്യാപിക്കുന്നതിനുമായി 30 രാജ്യങ്ങളുടെ കൂട്ടായ്മ മധ്യസ്ഥത വഹിച്ചെന്നായിരുന്നു.

വെടിനിർത്തൽ സാധ്യമാക്കുന്നതിൽ യു.എസ് പ്രധാന പങ്ക് വഹിച്ചതായി ഇന്ത്യയ്ക്ക് അംഗീകരിക്കാതിരിക്കാനാകുമായിരുന്നില്ല.(അങ്ങനെ പുറത്തുപറയുന്നില്ലെങ്കിലും)കാരണം യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്ത്യയുമായി ചർച്ച നടത്തിക്കൊണ്ടിരുന്നത് ലോകത്തിന് മുഴുവൻ അറിയാമായിരുന്നു. മാർക്കോ റൂബിയോ ശനിയാഴ്ച നടത്തിയ പ്രഖ്യാപനം തന്നെ, കുറേയേറെ വിഷയങ്ങൾ ഒരു നിഷ്പക്ഷ വേദിയിൽ ചർച്ച ചെയ്യാൻ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ധാരണയായിട്ടുണ്ടെന്നായിരുന്നു. ട്രംപ് തന്റെ സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ തുടർന്ന് പ്രഖ്യാപിച്ചത് 'ആയിരം കൊല്ലത്തിനുശേഷം കാശ്മീരിന് ഒരു പരിഹാരമുണ്ടാകുമോയെന്ന് നോക്കാനായി ഇന്ത്യയേയും പാകിസ്ഥാനേയും ഞാൻ സഹായിക്കും' എന്നാണ്.

സത്യത്തിൽ ഇന്ത്യ-പാക് സംഘർഷത്തിൽ ഇന്ത്യൻ സൈന്യം രാജ്യത്തിനുണ്ടാക്കിയ അഭിമാനവും വിജയവും മേൽക്കയ്യും, യു.എസിന് ഇത്തരം അവകാശവാദങ്ങൾ ഉന്നയിക്കാനവസരം സൃഷ്ടിച്ചതുവഴി ഇന്ത്യൻ രാഷ്ട്രീയനേതൃത്വം കളഞ്ഞുകുളിക്കുകയായിരുന്നു എന്ന അഭിപ്രായം ശക്തമാണ്. ഏതിന്റെ പേരിലായാലും ട്രംപിന്റെ സമ്മർദ്ദങ്ങൾക്ക് വഴങ്ങരുതായിരുന്നു എന്ന വികാരവും പരക്കെയുണ്ട്.
1947 മുതൽ മാത്രമുള്ള കാശ്മീർ പ്രശ്‌നത്തിൽ ആയിരം കൊല്ലത്തെ പഴക്കമുണ്ടെന്ന ട്രംപിന്റെ പ്രസ്താവന തന്നെ പരിഹാസ്യമാണ്. പാകിസ്ഥാനുമായുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ യു.എന്നും, യു.എസും ഉൾപ്പെടെ ഒരു മൂന്നാം കക്ഷിയേയും സജീവമായി ഇടപെടാൻ അനുവദിച്ചിട്ടില്ലെന്നാണ് 1971 ലെ ഷിംല കരാർ മുതൽ ഇന്ത്യ സ്വീകരിച്ചിട്ടുള്ള നിലപാട്. പാകിസ്ഥാനുമായി താരതമ്യം ചെയ്യുമ്പോൾ ഏത് രംഗത്തും വലുതും ശക്തവുമായ രാജ്യമാണ് ഇന്ത്യ. എന്നാൽ യു.എൻ അടക്കമുള്ള മൂന്നാംകക്ഷികൾ ഇരുരാജ്യങ്ങളെയും തുല്യരെപ്പോലെ അവതരിപ്പിക്കുന്നതു തന്നെ നാളെ ഇന്ത്യയ്ക്കപമാനകരമാണ്. ഉഭയകക്ഷി ചർച്ചകളിലൂടെ പ്രശ്‌നങ്ങൾ പരിഹരിക്കുക എന്നതുതന്നെയാകണം നാളെയും ഇന്ത്യയുടെ നിലപാട്.

അതുകൊണ്ടൊക്കെയാണ് മറ്റുള്ളവരുടെ പങ്കിനെ അംഗീകരിക്കാൻ ഇന്ത്യൻ അധികൃതർ മടിക്കുന്നതും. ഇരുരാജ്യങ്ങളുടെയും സായുധ സേനാ ഓപ്പറേഷനുകളുടെ ഡയറക്ടർ ജനറൽമാർ(ഡി.ജി.എം.ഒ) തമ്മിലുള്ള ചർച്ചയിലാണ് വെടിനിർത്തൽ ധാരണയുണ്ടായതെന്ന് പറയാൻ ശ്രമിച്ചതും.
ഈ സംഭവവികാസങ്ങൾക്കെല്ലാം തുടക്കമായത് പഹൽഗാമിലെ പാകിസ്ഥാന്റെ ഭീകരാക്രമണമാണ്.

ഏപ്രിൽ 22 ചൊവ്വാഴ്ച ജമ്മു- കാശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ പഹൽഗാമിൽ പാകിസ്ഥാൻ ഭീകരർ നടത്തിയ ഹീനമായ ആക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടത് രാജ്യത്തെ മാത്രമല്ല ലോകത്തെ മുഴുവൻ ഞെട്ടിച്ചിരുന്നു. ഒരു മലയാളിയും രണ്ട് വിദേശസഞ്ചാരികളുൾപ്പെടെ കൊല്ലപ്പെട്ടവർ ഭൂരിഭാഗവും വിനോദസഞ്ചാരികളാണ്. കാൽനടയായോ കുതിരപ്പുറത്തോ മാത്രമെത്തിച്ചേരാവുന്ന പഹൽഗാമിലെ ബൈസാരൻ പുൽമേടുകളിലായിരുന്നു സൈനിക വേഷത്തിലെത്തിയ ഭീകരർ നിരപരാധികൾക്ക് നേരെ വെടിയുതിർത്തത്. തൊട്ടടുത്തുള്ള വനപ്രദേശത്തുനിന്ന് പൊടുന്നനെ ഇറങ്ങി വന്ന ഭീകരരാണ് ക്രൂരമായ നരഹത്യ നടത്തിയതെന്നാണ് ദൃക്‌സാക്ഷികളെല്ലാം പറഞ്ഞത്.
അക്രമണത്തിന്റെ ഉത്തരവാദിത്തം പാക് ഭീകര സംഘടനയായ ലഷ്‌ക്കറെ തൊയ്ബയുടെ ഭാഗമായ റെസിസ്റ്റൻസ് ഫ്രണ്ട് ഏറ്റെടുത്തതിൽ നിന്നുതന്നെ ആസൂത്രണത്തിന്റെ ഉറവിടം പാകിസ്ഥാനാണെന്ന് വ്യക്തമാക്കുന്നതായിരുന്നു. ശുദ്ധജല തടാകവും പുൽമേടുകളും കുറ്റിക്കാടുകളും നിറഞ്ഞ മിനി സ്വിറ്റ്‌സർലന്റ് എന്ന വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ പഹൽഗാമിൽ ഏറ്റവും തിരക്കുള്ള സന്ദർഭം നോക്കി ആക്രമണം നടത്തിയത് കൃത്യമായ ആസൂത്രണത്തോടെയാണെന്ന് പിന്നീട് തെളിവുകളോടെ വ്യക്തമാക്കപ്പെടുകയുണ്ടായി.

പഹൽഗാം ആക്രമണത്തിന്റെ ലക്ഷ്യം കുറേ ഇന്ത്യൻ പൗരന്മാരുടെ ജീവൻ നഷ്ടപ്പെടുത്തുക മാത്രമായിരുന്നില്ല. കാശ്മീരിലെ ജനങ്ങൾ വിനോദസഞ്ചാരം അഭിവൃദ്ധിപ്പടുന്നതിന് അനുസരിച്ച് തൊഴിലും വരുമാനവും ഉള്ളവരായി മാറുകയും സമാധാന ജീവിതം ആഗ്രഹിക്കുന്നവരായി തീരുകയും ചെയ്യുന്നതും അവരിൽ ഇന്ത്യൻ ദേശീയതയോട് ആഭിമുഖ്യം വളരുന്നതും പാകിസ്ഥാന്റെ ഇന്റർ സർവ്വീസസ് ഇന്റലിജൻസ്(ഐ.എസ്.ഐ) റിപ്പോർട്ട് ചെയ്തിരുന്നു.

അത് പാകിസ്ഥാൻ ഭരണകൂടത്തിനോ സൈന്യത്തിനോ, ഭീകരർക്കോ ഒട്ടും അംഗീകരിക്കാൻ കഴിയുന്ന മാറ്റമായിരുന്നില്ല. ഭീതി പരത്തി വിനോദസഞ്ചാരികളുടെ കാശ്മീരിലേക്കുള്ള വരവ് തടയാനും കാശ്മീരിന്റെ സമ്പദ്‌വ്യവസ്ഥ തകർക്കാനും ഇന്ത്യയുടെ മറ്റുഭാഗങ്ങളിൽ നിന്നു താഴ്‌വരയെ ഒറ്റപ്പെടുത്തി കാശ്മീരിനെ ലോകത്തിന് മുന്നിൽ സംഘർഷബാധിത പ്രദേശമായി നിലനിർത്താനുമായിരുന്നു അവർ ലക്ഷ്യം വച്ചത്.  മറ്റൊന്നുള്ളത് പാകിസ്ഥാനിൽ ആഭ്യന്തര സംഘർഷങ്ങൾ, പ്രശ്‌നങ്ങൾ സൃഷ്ടിക്കുമ്പോഴെല്ലാം ആഭ്യന്തര പരാജയത്തിൽ നിന്നു ജനശ്രദ്ധയകറ്റാനും ജനങ്ങളെ ഒരു കുടക്കീഴിൽ നിർത്താനുമുള്ള മാർഗ്ഗമായി ഭരണകൂടമോ സൈനിക നേതൃത്വമോ കാശ്മീർ അതിർത്തിയിൽ പ്രകോപനം സൃഷ്ടിക്കുന്നത് പതിവാണ് എന്നതാണ്.

പഹൽഗാമിൽ സുരക്ഷാവീഴ്ച ഉണ്ടായി എന്നത് കേന്ദ്ര സർക്കാരും അംഗീകരിച്ച കാര്യമാണ്. അമർനാഥ് ക്ഷേത്രം സമീപത്തുണ്ടായിട്ടും ഇതുപോലെ തന്ത്രപ്രധാനമായ ഒരു സ്ഥലത്ത് സുരക്ഷാ കാവൽ ഉണ്ടായിരിക്കേണ്ടതായിരുന്നു. പഹൽഗാമിൽ നിന്ന് സംഭവം അറിഞ്ഞു ബൈസാൻ താഴ്‌വരവരെയുള്ള 7 കിലോമീറ്റർ ദൂരം എത്താൻ സുരക്ഷാ ഉദ്യോഗസ്ഥർ എടുത്തത് ഒരു മണിക്കൂറിലേറെ സമയമാണ്. അത്രയും സമയം കൊണ്ട് ഭീകരർ കാട്ടിലേക്ക് സുരക്ഷിതമായി മടങ്ങി.

ഏതായാലും ജമ്മുകാശ്മീർ ഭരണകൂടവും അവിടുത്തെ വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടികളും രാജ്യത്തെ ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും അതിർത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരെ പോരാടുന്നതിൽ ഒറ്റക്കെട്ടാണെന്ന് തെളിയിച്ചത് ഇന്ത്യക്ക് ലോകത്തിന് നൽകാൻ കഴിഞ്ഞ ഏറ്റവും മികച്ച സന്ദേശമായി.

പഹൽഗാമിനുശേഷം പാകിസ്ഥാനെതിരെ ഇന്ത്യ സ്വീകരിച്ച എല്ലാ നടപടികൾക്കും പ്രതിപക്ഷ കക്ഷികളും പൂർണ്ണ പിന്തുണ നൽകി. വിവിധ ലോകരാജ്യങ്ങൾ പഹൽഗാം സംഭവത്തെ അപലപിച്ച് രംഗത്തെത്തി. 1960 മുതൽ പ്രാബല്യത്തിലുള്ള സിന്ധു നദീജല കരാർ മരവിപ്പിച്ചു. ചെനാബ് നദിയിലെ സലാൽ അണക്കെട്ടിന്റെ ഷട്ടറുകൾ പൂർണ്ണമായി അടച്ചു. ജമ്മുവിലെ റാംബനിലെ ബഗ്‌ലിഹർ ഡാമിലെ ഷട്ടറുകൾ താഴ്ത്തി. ജലനിയന്ത്രണത്തിനുള്ള പല നടപടികളും ഇന്ത്യ തുടർന്നുകൊണ്ടിരിക്കുകയാണ്. പഞ്ചാബിലെ അട്ടാരി, ഹുസൈനി വാല, സഡ്കി അതിർത്തികളിലെ റിട്രീറ്റ് സെറിമണികളിലെ ചടങ്ങുകൾ വെട്ടിക്കുറച്ചു. അതിർത്തികളിലുള്ള വ്യാപാര ഇടപാടുകളും യാത്രകളുമെല്ലാം നിരോധിച്ചു.

യു.എന്നിൽ ഉൾപ്പെടെ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചു. പാകിസ്ഥാൻ പൗരന്മാർക്കുള്ള എല്ലാത്തരം വിസാസേവനങ്ങളും ഇന്ത്യ സസ്‌പെൻഡ് ചെയ്തു. ഏപ്രിൽ 24 ന് എല്ലാത്തരം വിസാ സേവനങ്ങളും ഇന്ത്യ റദ്ദാക്കി. പാക്പൗരന്മാരോട് രാജ്യം വിടാൻ നിർദ്ദേശിച്ചു. 953 പാകിസ്ഥാൻ പൗരന്മാർ രാജ്യം വിട്ടു. പാകിസ്ഥാനിൽ നിന്നുള്ള എല്ലാത്തരം ഇറക്കുമതിയും ഇന്ത്യാ സർക്കാർ നിരോധിച്ചു. പാകിസ്ഥാൻ കപ്പലുകൾക്ക് ഇന്ത്യൻ തുറമുഖങ്ങളിൽ വിലക്ക് ഏർപ്പെടുത്തി. ഇന്ത്യൻ കപ്പലുകൾ പാകിസ്ഥാൻ തുറമുഖങ്ങളിലേക്ക് പോകരുത് എന്ന് ഉത്തരവിട്ടു. തപാൽ പാഴ്‌സൽ ഇടപാടുകൾ റദ്ദാക്കി. യു ട്യൂബ് ചാനലുകൾക്ക് ഉൾപ്പെടെ പാകിസ്ഥാൻ സമൂഹമാധ്യമ അക്കൗണ്ടുകൾക്കും വെബ് പേജുകൾക്കും ഇന്ത്യയിൽ വിലക്ക് ഏർപ്പെടുത്തി.

'പഹൽഗാം' ഭീകരാക്രമണം നടന്ന് 16-ാം ദിവസം ഇന്ത്യ നൽകിയ തിരിച്ചടി 'ഓപ്പറേഷൻ സിന്ദൂർ' ദൗത്യം പാകിസ്ഥാനിലെ 9 ഭീകരകേന്ദ്രങ്ങൾ തകർത്തു. ഇന്ത്യയുടെ കര, നാവിക, വ്യോമസേനകളുടെ സംയുക്ത ദൗത്യത്തിൽ 31 പേർ കൊല്ലപ്പെട്ടെന്നും 57 പേർക്ക് പരിക്കേറ്റെന്നുമായിരുന്നു ഔദ്യോഗിക വിവരം. അതേസമയം മരണം എഴുപതിലേറെയാണെന്ന് സ്ഥിരീകരിക്കാത്ത വിവരങ്ങളും പുറത്തുവന്നു.
മേയ് 7, ബുധനാഴ്ച പുലർച്ചെ 1.05 മുതൽ 1.30 വരെ നീണ്ട 'ഓപ്പറേഷൻ സിന്ദൂർ' ദൗത്യത്തിൽ പാക് അധിനിവേശ കാശ്മീരിൽ സൂയിസൈഡ് ഡ്രോണുകളും സ്‌കാൽപ് ഇ.ജി.മിസൈലുകളും ഉപയോഗിച്ച് 9 ഭീകരകേന്ദ്രങ്ങളിലായി 24 ആക്രമണങ്ങൾ ഇന്ത്യ നടത്തി. ഒൻപതിൽ നാല് കേന്ദ്രങ്ങളും പാക് പഞ്ചാബിലായിരുന്നു. അതിർത്തി കടക്കാതെയാണ് 100 കിലോമീറ്റർ അകലെവരെയുള്ള ഭീകരകേന്ദ്രങ്ങളെ തകർത്തത് എന്നാണ് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്ട്രിയും കരസേനയിലെ കേണൽ സോഫിയ ഖുറേഷിയും, വ്യോമസേനയിലെ വിംഗ് കമാൻഡർ വ്യോമിക സിംഗും വിശദീകരിച്ചത്.

കരസേനയുടെ നീക്കങ്ങൾ ഉധംപൂർ കേന്ദ്രമായ നോർത്തേൺ കമാൻഡാണ് ഏകോപിപ്പിച്ചത്. വ്യോമസേനയുടെ നീക്കങ്ങൾ ഡെൽഹി കേന്ദ്രമായ വെസ്റ്റേൺ കമാൻഡും ഏകോപിപ്പിച്ചു. പാക് അധിനിവേശ കാശ്മീരിലെ മുസാഫറാബാദ് സവായ്‌നുള്ളയിലുള്ള ലഷ്‌ക്കറെ തോയിബ കേന്ദ്രം, മുസഫറാബാദിലെ സയ്ദാന ബിലാൽ മർക്കസിലുള്ള ജയ്‌ഷെ മുഹമ്മദിന്റെ പരിശീലനകേന്ദ്രം, കോട്‌ലിയിലെ മർകസ് അബ്ബാസ്, ജയ്‌ഷെ മുഹമ്മദ് കേന്ദ്രം, കോട്‌ലിയിലെ മർകസ് റഹീൽ ഷാഹിദിൽ ഹിബബുൾ മുജാഹിദിന്റെ പഴക്കമേറിയ കേന്ദ്രം, ഭീംബെർ, ബർണാലയിലെ മർകസ് അഹ്‌ലെ ഹദീസിലുള്ള ജമ്മുവിലേക്ക് ഭീകരരെ എത്തിക്കുന്ന ലഷ്‌ക്കർ കേന്ദ്രം, പാക്ക് പഞ്ചാബിലെ മെഹ്മൂന ജോയ, സീയാൽ കോട്ട് ഹിസ്ബുൾ മുജാഹിദ് ഭീകരകേന്ദ്രം, തെഹ്‌റ കലാൻ, സർജൽ, ജെയ്‌ഷെ മുഹമ്മദിന്റെ പ്രധാന ലോബിയിംഗ് പാഡുകളിലൊന്ന്, മുറിദ് കെ മർകസ് തയിബയിലുള്ള ലഷ്‌കറെ തയിബ ആസ്ഥാനവും മുഖ്യപരിശീലന കേന്ദ്രവും, ഇവിടം സമ്പൂർണ്ണമായി തകർക്കാൻ തുടർച്ചയായി ആക്രമണം നടത്തി, ബഹാവൽ പൂർ മർകസ് സുബ്ഹാനല്ലായിലുള്ള ജയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനം (2019 ലെ പുൽവാമ ആക്രമണം ആസൂത്രണം ചെയ്തത് ഇവിടെ നിന്നായിരുന്നു) എന്നിങ്ങനെയുള്ള ഒമ്പത് കേന്ദ്രങ്ങളിലാണ് ഇന്ത്യൻസേന ആക്രമണം നടത്തി തിരിച്ചടി നൽകിയത്. റഫാൽ യുദ്ധവിമാനങ്ങളും സൂയിസൈഡ് ഡ്രോണുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. അതേസമയം ജനവാസമേഖലകളും സൈനിക കേന്ദ്രങ്ങളും ആക്രമിച്ചിട്ടില്ലെന്നു സേനാ കേന്ദ്രങ്ങൾ വ്യക്തമാക്കുകയുണ്ടായി.

ഇന്ത്യയുടെ ഈ തിരിച്ചടിക്ക് പിന്നാലെ കാശ്മീർ നിയന്ത്രണരേഖയിൽ പാക് സേന നടത്തിയ ആക്രമണത്തിൽ സൈനികന് വീരമൃത്യു നേരിടേണ്ടി വന്നു. 4 കുട്ടികൾ ൾപ്പെടെ 15 പേർ കൊല്ലപ്പെട്ടു. പാകിസ്ഥാനുമായുള്ള അതിർത്തിപ്രദേശങ്ങൾ മുഴുവൻ സുരക്ഷ ശക്തമാക്കിയിട്ടുണ്ടെങ്കിലും പലയിടങ്ങളിലും രാത്രി മുഴുവൻ ഇന്ത്യൻ ഗ്രാമങ്ങളിലേക്ക് ഷെൽ ആക്രമണം നടത്തുന്നത് പതിവാക്കിയിരിക്കുകയാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദി വിവിധ വിദേശ രാജ്യങ്ങളിലേക്കുള്ള യാത്രകൾ റദ്ദാക്കി ഇന്ത്യൻ നടപടികൾക്ക് മേൽനോട്ടം വഹിക്കുമ്പോൾ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി ഉൾപ്പെടെയുള്ളവർ സൈന്യത്തെ അഭിനന്ദിച്ചു. അതേസമയം യുദ്ധസമാനമായ നടപടിയാണ് ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായതെന്നും ഇതിന് തക്കതായ മറുപടി നൽകാൻ പാകിസ്ഥാൻ പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പ്രഖ്യാപിക്കുകയുണ്ടായി. പാക് ദേശീയ സുരക്ഷാകൗൺസിൽ യോഗം ഇന്ത്യക്ക് മറുപടി നൽകാൻ സൈന്യത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
വ്യോമാക്രമണമുണ്ടായാലുള്ള അടിയന്തിര രക്ഷാപ്രവർത്തനത്തിനൊരുങ്ങുന്നതിന്റെ ഭാഗമായി 'ഓപ്പറേഷൻ അഭ്യാസ്' എന്ന പേരിൽ രാജ്യവ്യാപകമായി മോക്ഡ്രില്ല് നടത്തിയപ്പോഴേ, ഇന്ത്യ ഏതടിയന്തിര സാഹചര്യവും നേരിടാൻ തയ്യാറായാണ് മുന്നോട്ടുനീങ്ങുന്നതെന്ന് വ്യക്തമായിരുന്നു.

1947 ലെ വിഭജനത്തിനുശേഷം ഇത് എട്ടാം തവണയാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ യുദ്ധസമാനമായ ഏറ്റുമുട്ടൽ നടക്കുന്നത്. ഇതിൽ ഏറ്റവും ഒടുവിലുണ്ടായ ഏറ്റുമുട്ടലുകൾ, 1984 ലെ സിയാച്ചിൻ സംഘർഷം, 1998 ലെ കാർഗിൽ യുദ്ധം, 2016 ലെ ഉറി സൈനികകേന്ദ്രത്തിനെതിരെ നടത്തിയ ആക്രമണത്തിൽ തിരിച്ചടി നൽകിയ മിന്നലാക്രമണം. 2019 ൽ പുൽവാമ സി.ആർ.പി.എഫ് ജവാന്മാർ കൊല്ലപ്പെട്ടതിനു മറുപടിയായി പാക് ഭൂമിയിലെ ബാലാകോട്ട് നടത്തിയ ആക്രമണം എന്നിവയാണ്.

1971 ലെ യുദ്ധത്തിനുശേഷം ഇതാദ്യമായാണ് ഇന്ത്യ പാകിസ്ഥാന്റെ ഹൃദയഭാഗത്തുള്ള പഞ്ചാബ് പ്രവിശ്യയിലേക്ക് ആക്രമണം നടത്തുന്നത്. പാകിസ്ഥാനിലെ 56 ശതമാനം ജനങ്ങളും താമസിക്കുന്ന വികസിത പ്രവിശ്യയാണ് പാക് പഞ്ചാബ്.
ഇന്ത്യയുടെ 'ഓപ്പറേഷൻ സിന്ദൂറി' നോട് പാകിസ്ഥാന് പ്രതികരിക്കാതിരിക്കാനാവില്ലെന്ന് ഇന്ത്യയ്ക്കറിയാമായിരുന്നു. അങ്ങനെ സംഭവിച്ചാലത് ഒരു യുദ്ധത്തിലേക്കെത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല. എന്നാൽ ഏത് റിസ്‌ക്കും ഏറ്റെടുക്കാൻ ഇന്ത്യയ്ക്കാവും. എന്നാൽ പാകിസ്ഥാന്റെ സ്ഥിതി അതല്ല. വലിയ കടക്കെണിയിലാണ് പാകിസ്ഥാൻ. പണമില്ലാതെ നട്ടം തിരിയുന്ന പാകിസ്ഥാന് ഒരു യുദ്ധം താങ്ങാനാവില്ല.
മേയ് 7 ന് പാകിസ്ഥാനിലെ 9 ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യ ആക്രമണങ്ങൾ നടത്തിയപ്പോൾ പാകിസ്ഥാൻ വിദേശ മാധ്യമങ്ങളോട് പ്രതികരിച്ചത് ആറ് സ്ഥലങ്ങൾ മാത്രമേ ആക്രമിച്ചിട്ടുള്ളൂ എന്നും അഞ്ച് ഇന്ത്യൻ യുദ്ധവിമാനങ്ങളും ഒരു ഡ്രോണും വെടിവെച്ചിട്ടെന്നുമാണ്. എന്നാൽ ഈ അവകാശവാദം സ്ഥിരീകരിക്കാനുള്ള ഒരു ആധികാരിക വിവരവും നൽകാനവർക്ക് കഴിഞ്ഞില്ല.

അതേസമയം ഇന്ത്യയുടെ നടപടിക്കുള്ള മറുപടി എന്ന നിലയിൽ മണിക്കൂറുകൾക്കകം ജമ്മുകാശ്മീർ, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് സംസ്ഥാനങ്ങളിലെ 15 നഗരങ്ങളിലേക്ക് പാക്‌സേന നടത്തിയ മിസൈൽ ഡ്രോൺ ആക്രമണങ്ങൾ എസ് 400 വ്യോമ പ്രതിരോധ മിസൈൽ സംവിധാനവും സംയോജിത കൗണ്ടർ യു.എ.എസ് ഗ്രിഡും (അൺമാൻഡ് എയർക്രാഫ്റ്റ് സിസ്റ്റം) ഉപയോഗിച്ച് നിഷ്പ്രഭമാക്കുകയുണ്ടായി. ജമ്മുകാശ്മീരിലെ ശ്രീനഗർ, ജമ്മു, അവന്തിപുര, കപൂർത്തല, ജലന്തർ, ലുധിയാന, ആദംപൂർ, ഭട്ടിൻഡ, ചണ്ഡിഗഡ്, രാജസ്ഥാനിലെ നാൽ, ഫലോഡി, ഉത്തർലായി, ഗുജറാത്തിലെ ഭുജ് എന്നീ നഗരങ്ങളിലാണ് പാകിസ്ഥാൻ ലക്ഷ്യമിട്ടത്. ഈ നീക്കത്തെ ഫലപ്രദമായി എടുത്ത ഇന്ത്യൻ സൈന്യം കനത്ത നാശനഷ്ടമാണ് ആക്രമണത്തിനെത്തിയ വിമാനങ്ങൾക്കും വരുത്തിയത്.

ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഡ്രോണുകളും മിസൈലുകളും വെടിവെച്ചിട്ടു. വ്യോമസേനാ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ഡ്രോണുകൾ എത്തിയത്. ജമ്മുവിൽ നിന്ന് പറന്നുയർന്ന രണ്ട് പോർവിമാനങ്ങൾ പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളെ തകർക്കുകയുണ്ടായി. പാകിസ്ഥാന്റെ ചൈനീസ് നിർമ്മിതമായ രണ്ട് ജെ.എഫ്. 17 വിമാനങ്ങൾ തകർന്നതായ വിവരം പാകിസ്ഥാൻ സ്ഥിരീകരിച്ചിട്ടുണ്ട്.
ഈ ആക്രമണത്തിനും ഇന്ത്യ നൽകിയത് കനത്ത തിരിച്ചടിയാണ്. പാകിസ്ഥാനിലെ പ്രധാന നഗരങ്ങളിൽ ഇന്ത്യൻസേന വ്യോമാക്രമണം നടത്തിയെന്നാണ് റിപ്പോർട്ട്. ലാഹോറിലെ വ്യോമപ്രതിരോധ സംവിധാനം ഇന്ത്യ തകർത്തു. ലാഹോറിലും, സിയാൽഘോട്ടിലും ഇസ്ലാമാബാദിലും മിസൈൽ, ഡ്രോൺ ആക്രമണം ഇന്ത്യ നടത്തുന്നുണ്ട്.

പഹൽഗാം ഭീകരാക്രമണത്തിനനുശേഷം ഓപ്പറേഷൻ സിന്ദൂർ മുതൽ വെടിനിർത്തൽ വരെ ഇന്ത്യൻ സൈന്യം 100 ലധികം പാകിസ്ഥാൻ ഭീകരരെ വധിച്ചതായി ഇന്ത്യയുടെ ഡയറക്ടർ ജനറൽ മിലിട്ടറി ഓപ്പറേഷൻസ് ലഫ്.ജനറൽ രാജീവ് ഖായ് മെയ് 11 ന് വെളിപ്പെടുത്തിയിരുന്നു. കാണ്ടഹാർ വിമാനറാഞ്ചലിലും, പുൽവാമ ആക്രമണത്തിലും ഉൾപ്പെട്ട അബ്ദുർ മാലിക് റൗഫ്, മുദസ്സിർ അഹമ്മദ്, യൂസഫ് അസ്ഹർ എന്നിവരുൾപ്പെടെ ലഷ്‌ക്കറെ തയിബ, ജയ്‌ഷെ മുഹമ്മദ് സംഘടനകളുമായി ബന്ധമുള്ള ഭീകരരാണ് വധിക്കപ്പെട്ടത്. പാകിസ്ഥാന്റെ, 35-40 സൈനികരും കൊല്ലപ്പെട്ടു. പാകിസ്ഥാന്റെ അത്യാധുനിക വിമാനങ്ങളെ ഇന്ത്യ വെടിവെച്ചിട്ടുവെന്ന് ഇന്ത്യൻ സൈനികമേധാവികൾ സ്ഥിരീകരിച്ചപ്പോൾ മെയ് 7 ലെ ദൗത്യത്തിൽ ഇന്ത്യയുടെ റാഫാൽ യുദ്ധവിമാനം പാകിസ്ഥാൻ വെടിവെച്ചിട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പോരാട്ടത്തിൽ നഷ്ടങ്ങളും ഉണ്ടാകും എന്നുമാത്രമായിരുന്നു ഇന്ത്യൻ അധികതരുടെ പ്രതികരണം.

9-ാം തീയതി വെള്ളിയാഴ്ച രാത്രി പാക്‌സൈന്യം ഡ്രോൺ ആക്രമണങ്ങൾക്കിടയിൽ ഒരു മിസൈൽ തൊടുത്തു. 250 കി.മീറ്ററോളം ദൂരപരിധിയുള്ള മിസൈൽ ഹരിയാനയിലെ സിർസയിൽ ആകാശത്തുവെച്ച് ഇന്ത്യൻ സേന അതിനെ തകർത്തു. ശക്തമായി തിരിച്ചടച്ച ഇന്ത്യ പാകിസ്ഥാന്റെ റഫീഖി, മുരിദ്, പക്‌ലാല, റംഹിയാർഖാൻ, സുക്കൂർ, ലുനിയൻ എന്നീ 6 വ്യോമത്താവളങ്ങളിലേക്ക് മിസൈൽ ആക്രമണം നടത്തി. യുദ്ധവിമാനങ്ങളിൽ നിന്ന് പ്രയോഗിക്കുന്നവയായിരുന്നു അത്.

വെടിനിർത്തൽ പ്രഖ്യാപനത്തിനുപിന്നാലെയും പാകിസ്ഥാൻ പ്രകോപനം ഉണ്ടാക്കിയെങ്കിലും ഇന്ത്യൻ സംയമനം പാലിക്കുകയാണുണ്ടായത്. വെടിനിർത്തൽ ധാരണ നിലനിന്നാലും ഇന്ത്യക്ക് നേരെ പാക്ക് ഭീകരരുടെ ഏത് രീതിയിലുള്ള ആക്രമണവും ഇനി മുതൽ യുദ്ധമായി കണക്കാക്കും എന്ന സന്ദേശം പാകിസ്ഥാന് മാത്രമല്ല ലോകരാജ്യങ്ങൾക്ക് നൽകാൻ 'ഓപ്പറേഷൻ സിന്ദൂർ' ഉപകരിച്ചിട്ടുണ്ട്.

പോരാട്ടശേഷിയുടെ കാര്യത്തിൽ ഇന്ത്യയേക്കാൾ വളരെ പിന്നിലാണ് പാകിസ്ഥാൻ. ഒരു രാജ്യത്തിന്റെ പോരാട്ടശേഷി നിർണ്ണയിക്കുന്നതിന് രാജ്യത്തിന്റെ ജി.ഡി.പി, ജനസംഖ്യ, സൈനികശക്തി വാങ്ങൽശേഷി എന്നിവയുൾപ്പെടെ 60 ലധികം ഘടകങ്ങളിൽ നിന്നുള്ള ഡാറ്റാ പരിഗണിച്ച് ലോകത്തിലെ ഏറ്റവും ശക്തമായ സൈന്യങ്ങളുടെ ശേഷി പട്ടികപ്പെടുത്തുന്ന ഗ്ലോബൽ ഫയർ പവ്വർ സൂചിക 2025 പ്രകാരം, ഇന്ത്യ നാലാം സ്ഥാനത്ത് എത്തിയപ്പോൾ പാകിസ്ഥാൻ ഒമ്പതാം സ്ഥാനത്തുനിന്ന് പന്ത്രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയാണുണ്ടായത്.
ലോകത്ത് ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. പാകിസ്ഥാൻ അഞ്ചാം സ്ഥാനത്താണ്. 2025- 26 ലെ ഇന്ത്യയുടെ പ്രതിരോധബജറ്റ് 6.8 ലക്ഷം(79 ബില്യൺ ഡോളർ) രൂപയായി നിശ്ചയിച്ചിട്ടുണ്ട്. അതേസമയം ഇതേകാലത്ത് പാകിസ്ഥാൻ പ്രതിരോധ ബജറ്റ് 159 ബില്യൺ ഡോളർ ആയിരിക്കുമെന്നാണ് അവർ കണക്കാക്കുന്നത്.

സൈനികരുടെ എണ്ണത്തിൽ ഇന്ത്യ ലോകത്തിൽ രണ്ടാം സ്ഥാനത്താണ്. 1,45,550 സജീവ സൈനികരും 1,155,000 കരുതൽ സേനയുമുണ്ട്. 2,527,000 അർദ്ധസൈനികരാണ് ഇന്ത്യയ്ക്കുള്ളത്. പാകിസ്ഥാന് 654,000 സൈനികരാണുള്ളത്. 500,000 അർദ്ധസൈനികരുമുണ്ട്.
ഇന്ത്യയ്ക്ക് 4,201 ടാങ്കുകൾ ഉള്ളപ്പോൾ പാകിസ്ഥാനുള്ളത് 2,627 ടാങ്കുകളാണ്. ടി-90 ഭീഷ്മ, അർജ്ജുൻ ടാങ്കുകൾ, ബ്രഹ്മോസ് മിസൈലുകൾ, പിനാക റോക്കറ്റ് സിസ്റ്റം തുടങ്ങിയ നൂതന സംവിധാനങ്ങളും ഇന്ത്യയ്ക്കുണ്ട്. ഇന്ത്യയ്ക്ക് പാകിസ്ഥാനേക്കാൾ മൂന്നിരട്ടി അതായത് 148,594 കവചിത വാഹനങ്ങളുണ്ട്. പാകിസ്ഥാന് ഇതിലും കൂടുതൽ സ്വയം പ്രവർത്തിക്കുന്ന പീരങ്കി സംവിധാനങ്ങളുണ്ട്.
328 യുദ്ധവിമാനങ്ങൾ ഉൾപ്പെടെ പാകിസ്ഥാന്റെ കൈവശം ആകെ 1,399 വിമാനങ്ങൾ ഉള്ളപ്പോൾ, ഇന്ത്യയ്ക്ക് 513 ജറ്റുകൾ ഉൾപ്പെടെ 2,229 വിമാനങ്ങളുണ്ട്. പാകിസ്ഥാന് 373 ഹെലികോപ്റ്ററുകൾ ഉള്ളപ്പോൾ ഇന്ത്യയ്ക്ക് 899 ഹെലികോപ്റ്ററുകൾ ഉണ്ട്. ഏരിയൽ ടാങ്കറുകൾ ഇന്ത്യയ്ക്ക് 6. പാകിസ്ഥാന് 4.

ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും, ഇന്ത്യൻ മഹാസമുദ്രത്തിലും സാമ്പത്തിക സുരക്ഷാ താൽപ്പര്യങ്ങളുള്ള ഒരു നീണ്ട സമുദ്ര അതിർത്തി ഇന്ത്യയ്ക്കുണ്ട്. അതേസമയം അറബിക്കടലിനോട് ചേർന്നുമാത്രമാണ് പാകിസ്ഥാന് സമുദ്രാതിർത്തിയുള്ളത്. ഇന്ത്യയുടെ നാവികസേന പാകിസ്ഥാനെക്കാൾ വളരെ ശക്തവും വലുതുമാണ്. 293 കപ്പലുകൾ, രണ്ട് വിമാന വാഹിനി കപ്പലുകൾ, 18 അന്തർവാഹിനികൾ, ഐ.എൻ.എസ് വിക്രമാദിത്യ, ഐ.എൻ.എസ് വിക്രാന്ത്, ഡിസ്‌ട്രോയറുകൾ, കോർവെറ്റുകൾ, ഫ്രീഗേറ്റുകൾ എന്നിവയെല്ലാം ഇന്ത്യയ്ക്കുള്ളപ്പോൾ പാകിസ്ഥാന് വിമാനവാഹിനി കപ്പലുകളോ നശീകരണ കപ്പലുകളോ ഇല്ല. അന്തർവാഹിനികൾ 8 എണ്ണമാണ് പാകിസ്ഥാനുള്ളത്.

ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയതും പരിഹരിക്കപ്പെടാത്തതുമായ തർക്കമാണ് കാശ്മീരിന്റെ പേരിൽ ഇന്ത്യയും പാകിസ്ഥാനുമായുള്ളത്. 1947 ൽ ബ്രിട്ടീഷ് ഇന്ത്യയുടെ വിഭജനത്തിനുശേഷം ഇന്ത്യയും പാകിസ്ഥാനും മുൻനാട്ടുരാജ്യമായ ജമ്മു-കാശ്മീർ മുഴുവൻ അവകാശപ്പെട്ടതോടെയാണ് സംഘർഷം ആരംഭിച്ചത്. ജനസംഖ്യയിൽ ഭൂരിപക്ഷം മുസ്ലീം മതത്തിൽ വിശ്വസിക്കുന്നവരും. ഹരിസിംഗ് രാജാവ് ഹിന്ദുവുമായിരുന്നു. ഇന്ത്യയിലോ പാകിസ്ഥാനിലോ ചേരാതെ സ്വതന്ത്രമായി തുടരാനാണ് ഹരിസിംഗ് രാജാവ് ആഗ്രഹിച്ചിരുന്നത്. പക്ഷേ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവും ജമ്മുകാശ്മീരിലെ അന്നത്തെ ഏകജനകീയ നേതാവ് നാഷണൽ കോൺഫറൻസ് അദ്ധ്യക്ഷൻ ഷേക്ക് അബ്ദുള്ളയും കാശ്മീർ ഇന്ത്യയോടൊപ്പം ചേരണം എന്ന അഭിപ്രായക്കാരായിരുന്നു.

കാശ്മീർ ലഭിക്കില്ലെന്ന് മനസ്സിലായതോടെയാണ് പാക് പ്രധാനമന്ത്രി ലിയാഖത്ത് അലിഖാന്റെ പിന്തുണയോടെ പാകിസ്ഥാന്റെ വടക്കുപടിഞ്ഞാറൻ അതിർത്തിയിലുള്ള ആയിരക്കണക്കിന് പത്താൻ ഗോത്ര വർഗ്ഗക്കാർ കാശ്മീർ പിടിച്ചടക്കാൻ എത്തുന്നത്. ഭയപ്പെട്ടുപോയ ഹരിസിംഗ് രാജാവ് ഇന്ത്യൻ സൈന്യത്തിന്റെ സഹായം അഭ്യർത്ഥിക്കുകയും ഇന്ത്യയിൽ ചേരാമെന്നുള്ള സമ്മതപത്രം ഒപ്പിടുകയും ചെയ്തു.

തുടർന്ന് ഇന്ത്യൻ സൈന്യം കാശ്മീരിലെത്തി പത്താന്മാരുമായി ഏറ്റുമുട്ടിയെങ്കിലും 1947 ഡിസംബർ ആയപ്പോഴേക്കും കാശ്മീരിന്റെ മൂന്നിലൊരു ഭാഗം പാകിസ്ഥാൻ കൈവശപ്പെടുത്തുകയും യുദ്ധം തുടരുകയുമായിരുന്നു. ഐക്യരാഷ്ട്ര സഭയുടെ ഇടപെടലിനെ തുടർന്ന് 1949 ജനുവരി 4 ന് വെടിനിർത്തൽ പ്രഖ്യാപിക്കുമ്പോൾ ഇരുരാജ്യങ്ങളും കൈവശം വെച്ചിരുന്ന പ്രദേശത്തെ അടിസ്ഥാനമാക്കി നിയന്ത്രണരേഖ നിലവിൽ വന്നു. കാശ്മീരിന്റെ പാകിസ്ഥാൻ നിയന്ത്രണത്തിലുള്ള പ്രദേശത്തെയാണ് പാക് അധിനിവേശ കാശ്മീർ എന്നുപറയുന്നത്. ദേശീയ സുരക്ഷ, ഭൂമിശാസ്ത്രം, വിഭവങ്ങൾ എന്നിവയിലുള്ള കാശ്മീരിന്റെ പ്രാധാന്യമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കം പരിഹരിക്കപ്പെടാതെ തുടരുന്നതിനുള്ള കാരണം. ജമ്മുകാശ്മീരിന്റെ കിഴക്ക് പാകിസ്ഥാൻ തെക്ക് പടിഞ്ഞാറ് ഹിമാചൽപ്രദേശ്, പഞ്ചാബ്, വടക്കുപടിഞ്ഞാറ് പാകിസ്ഥാൻ ഭരിക്കുന്ന കാശ്മീർപ്രദേശം തെക്ക് കേന്ദ്രഭരണ പ്രദേശമായ ലഡാക്ക് എന്നിവയാണ് അതിർത്തികൾ.

ഇരുരാജ്യങ്ങളും തമ്മിൽ സംഘർഷം വളരുമ്പോഴെല്ലാം ലോകം ആശങ്കപ്പെടുന്നതിന് ഒരു കാരണം ആണവശേഷി വരെ കയ്യിലുള്ളവരാണ് എന്നതാണ്. യുദ്ധത്തിനായി മുറവിളി കൂട്ടുന്നവർ അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ധാരണയില്ലാത്തവരാണ്. ഒരു യുദ്ധവും സങ്കടങ്ങളും നഷ്ടങ്ങളും ദുരിതങ്ങളുമല്ലാതെ ഒന്നും അവശേഷിപ്പിക്കുന്നില്ല. ഒരു പരിഷ്‌കൃത സമൂഹവും യുദ്ധം ആഗ്രഹിക്കുന്നില്ല.

(സൈനിക അനുമതിയോടെ ഇന്തോ- പാക് അതിർത്തിയിൽ സന്ദർശനം നടത്തിയിട്ടുള്ള ആളാണ് ലേഖകൻ)

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img