01:06pm 17 September 2026
NEWS
മലപ്പുറം ജില്ലാ വിഭജനംയാഥാർത്ഥ്യമാകുമോ? തിരൂർ തീരദേശ ജില്ലയ്ക്കുവേണ്ടി കാൽനൂറ്റാണ്ട് കാലത്തെ കാത്തിരിപ്പ്
16/09/2026  08:20 AM IST
നെല്ലിക്കുത്ത് ഹനീഫ
മലപ്പുറം ജില്ലാ വിഭജനംയാഥാർത്ഥ്യമാകുമോ? തിരൂർ തീരദേശ ജില്ലയ്ക്കുവേണ്ടി കാൽനൂറ്റാണ്ട് കാലത്തെ കാത്തിരിപ്പ്

മൂവാറ്റുപുഴ ജില്ല സജീവ പരിഗണനയിലാണ് എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തോടെ ജനസംഖ്യ ആനുപാതികമായി പുതിയ ജില്ലകൾ രൂപീകരിക്കണം എന്ന ചർച്ചകൾ സജീവമാവുകയാണ്. തിരൂർ, നെയ്യാറ്റിൻകര, വടകര ജില്ലകൾ രൂപീകരിക്കണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്ന് ഉയർന്ന് കഴിഞ്ഞു. ജില്ലാ രൂപവത്കരണം പൂർണ്ണമായും സംസ്ഥാന സർക്കാറിന്റെ അധികാര പരിധിയിൽ വരുന്നതാണ്. പുതിയ ജില്ലകൾ രൂപീകരിക്കുന്നതിനും, അതിർത്തികൾ പുനർ നിർണ്ണയിക്കുന്നതിനും, പഴയവ ഇല്ലാതാക്കുന്നതിനുമെല്ലാം കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ആവശ്യമില്ല. സെൻസസ് നടപടികൾ 2027 വരെ നീളുന്നതിനാൽ കേന്ദ്ര സർക്കാരിന്റെ നിർദ്ദേശ പ്രകാരം വില്ലേജ്, താലൂക്ക്, ജില്ല എന്നിവയുടെ അതിർത്തി മാറ്റത്തിൽ നിയന്ത്രണമുണ്ട്. എന്നാൽ മന്ത്രിസഭ തീരുമാനമെടുത്താൽ, എക്‌സിക്യുട്ടീവ് ഓർഡർ വഴി സർക്കാറിന് ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചോ, നിയമസഭയിൽ പ്രത്യേക ബിൽ അവതരിപ്പിച്ചോ പുതിയ ജില്ലയ്ക്ക് രൂപം നൽകാം. കേവലം അതിർത്തികൾ മാറ്റി വരയ്ക്കുന്നതിനപ്പുറം, ജില്ല ഭരണ സംവിധാനത്തിന്റെ സമ്പൂർണ്ണമായ പകർപ്പുകൾ പുതിയ ഭൂപ്രദേശത്ത് ആവിഷ്‌ക്കരിക്കാം. സർക്കാരിന്റെ എല്ലാ വകുപ്പുകളുടേയും ജില്ലാതല കാര്യാലയങ്ങൾ പുതിയ ആസ്ഥാനത്ത് സ്ഥാപിക്കുകയും ചെയ്യാം. 

ഒന്നര പതിറ്റാണ്ടിനിടെ രാജ്യത്ത് 70-ലധികം പുതിയ ജില്ലകൾ രൂപമെടുത്തു. രാജ്യത്തെ ഒരു ശരാശരി ജില്ലയുടെ ജനസംഖ്യ ഏകദേശം 23 ലക്ഷം മുതൽ 27 ലക്ഷം വരെയാണ്. അവയുടെ വിസ്തീർണ്ണമാകട്ടെ 4,200 ചതുരശ്ര കിലോമീറ്ററും. രാജ്യത്തെ ഒരു ശരാശരി ജില്ലയുടെ ജനസംഖ്യ ഏകദേശം 23 ലക്ഷം മുതൽ 27 ലക്ഷം വരെയാണ്. അവയുടെ വിസ്തീർണ്ണമാകട്ടെ 4,200 ചതുരശ്ര കിലോമീറ്ററും. മലപ്പുറം, എറണാകുളം, തിരുവനന്തപുരം ജില്ലകളുടെ ജനസംഖ്യ 35 ലക്ഷത്തിനും, 47 ലക്ഷത്തിനും മുകളിലാണ്. എന്നാൽ ജനസാന്ദ്രത ഏറെയുള്ള കേരളത്തിൽ 40 വർഷമായി ജില്ലാതിർത്തികളിൽ മാറ്റങ്ങളൊന്നുമുണ്ടായിട്ടുമില്ല. മുവാറ്റുപുഴ ജില്ല സജീവ പരിഗണനയിലാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയോടെ പുതിയ ജില്ലകൾ രൂപീകരിക്കുന്നതിന്റെ അനിവാര്യത ഉയർത്തിക്കാട്ടി വിവിധ കക്ഷികൾ രംഗത്ത് വന്നിട്ടുണ്ട്. അതിൽ മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യത്തിനാണ് പ്രസക്തിയേറെയുള്ളത്. ജില്ലയുടെ നീതിപൂർവ്വമായ വികസനവും, ഭരണ കാര്യക്ഷമതയും ഉറപ്പാക്കുന്നതിനായി മലപ്പുറം ജില്ല വിഭജിച്ച് താനൂർ, തിരൂരങ്ങാടി പൊന്നാനി താലൂക്കുകൾ ഉൾപ്പെടുത്തി തിരൂർ തീരദേശ ജില്ല രൂപീകരിക്കണമെന്ന  ആവശ്യം ആദ്യമായി ഉന്നയിച്ചത് എസ്.ഡി.പി.ഐ ആയിരുന്നു. 2015-ൽ മലപ്പുറം ജില്ലാ പഞ്ചായത്തും ഇതാവശ്യപ്പെട്ട് പ്രമേയം പാസ്സാക്കിയിരുന്നു. ജനസംഖ്യാനുപാതികമായി  ജില്ലാ വിഭജനം അനിവാര്യമാണെന്ന് 2019-ൽ മുസ്ലിംലീഗ് എം.എൽ.എ കെ.എൻ.എ ഖാദർ നിയമസഭയിൽ  ശ്രദ്ധ ക്ഷണിക്കൽ പ്രമേയവും അവതരിപ്പിച്ചിരുന്നു. 

മലപ്പുറം ജില്ല വിഭജിക്കണം

ജനസംഖ്യാനുപാതികമായി ഓരോ പൗരനും അവകാശപ്പെട്ട ആനുകൂല്യങ്ങളും മറ്റും ലഭ്യമാകണമെങ്കിൽ, ജനസംഖ്യ അടിസ്ഥാനമാക്കി ജില്ലാടിസ്ഥാനത്തിലും, താലൂക്കാടിസ്ഥാനത്തിലുമുള്ള അശാസ്ത്രീയത പരിഹരിക്കപ്പെടണം. മലപ്പുറം ജില്ലാ വിഭജനം എന്ന ആവശ്യത്തിന് കാൽ നൂറ്റാണ്ടിലേറെ കാലത്തെ പഴക്കമുണ്ട്. ഈ ആവശ്യം ഉയർന്ന് വരുമ്പോഴെല്ലാം പ്രത്യേക രീതിയിൽ മാത്രം ചർച്ച ആരംഭിച്ച്, പല വസ്തുതകളും തട്ടിമാറ്റി, വിഭജനം അശാസ്ത്രീയമെന്നും, വർഗ്ഗീയമെന്നും ചൂണ്ടിക്കാട്ടി ചർച്ച അവസാനിപ്പിക്കുന്ന ഒരു രീതിയാണ് നാളിത് വരെ പുലർത്തി വന്നത്. മധ്യ കേരളത്തിലെ മൂന്ന് ജില്ലകളിൽ ഉള്ളതിനേക്കാൾ കൂടുതൽ ജനസംഖ്യ മലപ്പുറം ജില്ലയിൽ മാത്രമുണ്ട്. ആരോഗ്യ- വിദ്യാഭ്യാസ മേഖലയിൽ നേരിടുന്ന പിന്നാക്കാവസ്ഥ, അടിസ്ഥാന സൗകര്യ വികസനത്തിലെ അപര്യപ്തത തുടങ്ങി ഒട്ടേറെ പ്രതിസന്ധികളാണ് നിലവിൽ മലപ്പുറം അഭിമുഖീകരിക്കുന്നത്. പ്രാപ്തമായ ചികിൽസാ സൗകര്യം. മതിയായ പ്ലസ് ടു സീറ്റുകളില്ലായ്മ, യാത്രാ സൗകര്യങ്ങളിലെ പരിമിതി തുടങ്ങിയ അടിസ്ഥാന വിഷയങ്ങൾ വേറേയും.

 നേരത്തെ മലപ്പുറത്ത് ചേർന്ന ജില്ലാ റവന്യൂ അസംബ്ലിയിൽ മലപ്പുറം ജില്ല വിഭജിച്ച് തിരൂർ ജില്ല രൂപീകരിക്കണമെന്ന് മുസ്ലിംലീഗ് എം.എൽ.എ കുറുക്കാളി മൊയ്തീൻ ആവശ്യപ്പെട്ടിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തായതിനാൽ ഈ ആവശ്യം മുസ്ലിംലീഗ് തള്ളി. കുറുക്കോളി മൊയ്തീൻ എം.എൽ. എ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായം ആണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം മാധ്യമങ്ങളോട് പ്രതികരിച്ചതോടെ, കുറുക്കോളി മൊയ്തീന്റെ പ്രസ്താവനയെ ഒരു ലീഗ് നേതാവും പിന്നീട് ഏറ്റെടുത്തതുമില്ല. വിഷയത്തെ അനുകൂലിച്ചും, പ്രതികൂലിച്ചും സൈബറിടത്ത് വൻ കോലാഹലം രൂപപ്പെടുകയും ചെയ്തു. താരതമ്യേന മലപ്പുറത്തുകാരിൽ നല്ലൊരു ശതമാനം മുസ്ലിംലീഗുകാർക്കും ജില്ലാ വിഭജനത്തോട് വേണ്ടത്ര താത്പ്പര്യമില്ല. പൊതുവെ അധികം ലീഗണികളും ഒരു 'മലപ്പുറം സ്പിരിറ്റ്' ഉള്ളവരാണ്. തിരൂർ തീരദേശ ഭാഗത്തുള്ള ആളുകൾക്കാണ് പുതിയ ജില്ലാ വേണം എന്ന ആഗ്രഹമുള്ളത്. മറ്റുള്ളവർക്ക് തങ്ങളുടെ ജില്ല  വിഭജിക്കുന്നതിനോട് അത്ര വലിയ താത്പര്യവുമില്ല. 

 ജില്ലകളുടെ എണ്ണം

2001-ൽ 593 ജില്ലകളാണ് രാജ്യത്ത് ആകെയുണ്ടായിരുന്നത്. 2011-ൽ അവയുടെ എണ്ണം 640 ആയി. 2021-ൽ അവയുടെ എണ്ണം 741 ആയി വീണ്ടും ഉയർന്നു. 543 പാർലമെന്റ് സീറ്റുകളുള്ള ഇന്ത്യയിൽ 741 ജില്ലകൾ ഉണ്ടെങ്കിൽ, 20 പാർലമെന്റ് സീറ്റുള്ള കേരളത്തിൽ ചുരുങ്ങിയപക്ഷം 20 ജില്ലകളെങ്കിലും ഉണ്ടായിരിക്കണം. കേരള സംസ്ഥാന രൂപീകരണ ശേഷം ഒമ്പത് ജില്ലകളാണ് പിന്നീട് രൂപമെടുത്തത്. 1960-ൽ വള്ളുവനാട്, ഏറനാട് താലൂക്കുകളുടെ സാമ്പത്തിക, സാമൂഹിക പിന്നാക്കവസ്ഥ ഉയർത്തിക്കാട്ടി പുതിയൊരു റവന്യൂ ജില്ല രൂപീകരിക്കേണ്ടതിന്റെ ആവശ്യകത നിയമസഭയിൽ ആവശ്യപ്പെട്ടത് മങ്കട നിയോജക മണ്ഡലത്തിൽ നിന്നുള്ള മുസ്ലിംലീഗ് എം.എൽ.എ ആയിരുന്ന പി. അബ്ദുൽ മജീദാണ്. ഈ ആവശ്യത്തെ സർക്കാർ അനുകൂലിച്ചില്ല. തുടർന്നും പല കേന്ദ്രങ്ങളിൽ നിന്നായി ഈ ആവശ്യം ഉയർന്ന് കൊണ്ടിരുന്നു.  1968-ൽ മുസ്ലിംലീഗും, സി.പി.ഐ യുമെല്ലാം ഒരു മുന്നണിയിലായിരുന്ന സപ്തകക്ഷി മുന്നണി ഭരണകാലത്ത്, കോഴിക്കോട് നടന്ന മുസ്ലീംലീഗ് സംസ്ഥാന സമ്മേളനത്തിൽ, ഏറനാട്, തിരൂർ, പൊന്നാനി, പെരിന്തൽമണ്ണ താലൂക്കുകൾ ചേർത്ത് കൊണ്ട്  മലപ്പുറം ജില്ല രൂപീകരിക്കണം എന്നാവശ്യപ്പെട്ട് കൊണ്ടുള്ള പ്രമേയം അംഗീകരിച്ചു. അങ്ങനെയാണ് മലപ്പുറം ജില്ലയുടെ പിറവിയുണ്ടാകുന്നത്. പാലക്കാടിന്റേയും, കോഴിക്കോടിന്റേയും ഭാഗങ്ങൾ ചേർത്തും, ചരിത്ര പ്രാധാന്യമുള്ള ഏറനാട്, വള്ളുവനാട്, വെട്ടത്തുനാട് എന്നീ ദേശങ്ങളെ സംയോജിപ്പിച്ച് കൊണ്ടുമാണ് മലപ്പുറം ജില്ല രൂപീകരിച്ചത്. മുഖ്യമന്ത്രി ഇ.എം.എസ്സിന്റേയും, ഈ മന്ത്രിസഭയിലെ അംഗമായിരുന്ന മുസ്ലിംലീഗ് നേതാവ് സി.എച്ച് മുഹമ്മദ് കോയയുടേയും ഉറച്ച നിലപാടിന്റെ പശ്ചാത്തലത്തിലാണ് മലപ്പുറം ജില്ല പിറവിയെടുക്കുന്നത്. പിൽക്കാലത്ത് മലപ്പുറത്തിന്റെ പിതൃത്വം മുസ്ലിംലീഗിനാണ് എന്ന അവകാശവാദമാണ് പല വേദികളിലും മുസ്ലിംലീഗ് ഉന്നയിച്ചതും. മുസ്ലിം ഭൂരിപക്ഷ മേഖല ആയത് കൊണ്ട് അവരുടെ വ്യാഖ്യാനങ്ങൾ അവർക്ക് ഗുണകരമാവുകയും ചെയ്തു എന്നതും വസതുത. 

കേരളത്തിലെ പത്താമത്തെ ജില്ലയായി 1969 ജൂൺ 16-നാണ് മലപ്പുറം ജില്ല രൂപീകരിക്കുന്നത്. പിന്നീട് ഉയർന്ന 'മലനാട് ജില്ല' എന്ന ആവശ്യം ഇടുക്കി എന്ന പേരിൽ 1972-ൽ ജില്ല രൂപീകരിച്ചു. 1980-ൽ വയനാടും, 1982-ൽ പത്തനംതിട്ട ജില്ലയും. 1984-ൽ കാസർകോഡ് ജില്ലകളും രൂപം കൊണ്ടു. മലപ്പുറം ഒഴികെ ഒരു ജില്ലയെ സംബന്ധിച്ചും, അവിടുത്തെ മതപരമായ ജനസംഖ്യ സംബന്ധിച്ചോ ഒരു തരത്തിലുള്ള എതിർപ്പും ആരുമുന്നയിച്ചില്ല. 1921-ലെ മലബാർ കലാപത്തെ വർഗ്ഗീയ ലഹളയായി മുദ്രകുത്തിയ കോൺഗ്രസ്സ്, ജനസംഘത്തോടൊപ്പം ചേർന്ന് മലപ്പുറം ജില്ലയുടെ രൂപീകരണത്തെ ശക്തിയുക്തം എതിർത്തു. കോൺഗ്രസ്സ് നേതാക്കളായ ആര്യാടൻ മുഹമ്മദും, എം.പി ഗംഗാധരനും ജില്ലാ രൂപീകരണത്തിനെതിരെ വഴിക്കടവിൽ നിന്നും, പൊന്നാനിയിൽ നിന്നും രണ്ട് ജാഥകൾക്ക് നേതൃത്വം നൽകി. 'കുട്ടിപ്പാക്കിസ്ഥാൻ' ഉണ്ടാക്കുന്നു എന്ന മട്ടിലാണ് അവർ വ്യാപകമായ പ്രചാരണം നടത്തിയത്. 

കേരളഗാന്ധി കെ കേളപ്പനും ജില്ലക്കെതിരെ ചൂട്ട് പിടിച്ചു. മലപ്പുറം ജില്ല രൂപീകൃതമായാൽ താനൂർ കടപ്പുറത്ത് പാക്കിസ്ഥാന്റെ പടക്കപ്പലെത്തുമെന്ന് കോൺഗ്രസ്സ് പതുക്കെയും, ജനസംഘം ഉച്ചത്തിലും വിളിച്ച് കൂവി. അങ്ങനെ വരുന്ന പടക്കപ്പലിനെ അറബിക്കടലിൽ വെച്ച് തകർക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇന്ത്യയുടെ നാവികപ്പട പിരിച്ച് വിടാൻ ഇന്ദിരാജി തയ്യാറാകാണമെന്ന് സി.എച്ച് മുഹമ്മദ് കോയയും പ്രതികരിച്ചു. ജില്ലയുടെ രൂപീകരണം വർഗ്ഗീയ വിദ്വേഷം പടർത്തുന്ന രീതിയിൽ ദേശീയ തലത്തിൽ വരെ പ്രചരിപ്പിക്കപ്പെട്ടതിന് കാരണം മറ്റൊന്നുമല്ല. മതപരമായ വിദ്വേഷം തന്നെ. കുട്ടിപ്പാക്കിസ്ഥാൻ എന്ന വാദവുമായി മതപരമായ എതിർപ്പുമായി, ജനസംഘം അവരുടെ രാഷ്ട്രീയം ഹിന്ദുത്വത്തിൽ ഊന്നി നിന്ന് കൊണ്ട് ആകാവുന്ന എതിർത്തു. മലപ്പുറം ജില്ല രൂപീകൃതമാവുമ്പോൾ കെ.പി.സി.സി യും, സംഘ്പരിവാറും വഞ്ചനാ ദിനമായി പ്രഖ്യാപിച്ചു. അക്കാലത്ത് 'ജനംസംഘം' ഉന്നയിച്ച ആരോപണങ്ങൾ ഇന്നും പല രൂപങ്ങളിലായി പലരും, പലപ്പോഴായും ഉന്നയിക്കുന്നു എന്ന വൈരുദ്ധ്യവുമുണ്ട്. വികസനത്തിനും, ഭരണപരമായ ആവശ്യത്തിനും, ജനങ്ങളുടെ സൗകര്യത്തിനുമായി രൂപീകരിച്ച ഒരു ജില്ലയുടെ പിറവി മുതൽ ഇന്നോളം അതിനെ പിന്തുടരുന്ന വർഗ്ഗീയമായ അധിക്ഷേപം ഒരുപക്ഷേ, ഇന്ത്യയിൽ മറ്റൊരു പ്രദേശത്തിനും നേരിടേണ്ടി വന്നിട്ടുണ്ടാകില്ല. എക്കാലവും മലപ്പുറം ജില്ല ഏതെങ്കിലും ഒരു വിവാദത്തിന്റെ വലയിൽ കുരുങ്ങിയിരിക്കും. 

പഴയ മലബാർ

ഇന്ത്യയുടെ പശ്ചിമതീരത്തെ മൊത്തത്തിൽ 'മലബാർ' എന്നായിരുന്നു വിദേശികൾ വിളിച്ചിരുന്നത്. കൊളോണിയൽ ഭരണകാലത്ത് ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു ഇവിടം. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ മദിരാശി പ്രവിശ്യയിലായിരുന്നു മലബാർ. പിന്നീട്  ഒരു പതിറ്റാണ്ട് കാലം മദ്രാസ് ഗവൺമെന്റിന്റെ ഭാഗമായാണ് അറിയപ്പെട്ടത്. ഐക്യ കേരളം രൂപപ്പെട്ട സമയത്ത് തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശൂർ, മലബാർ എന്നിങ്ങനെ അഞ്ച് ജില്ലകളാണ് കേരളത്തിലുണ്ടായിരുന്നത്. ഇതിൽ മലബാർ ബ്രിട്ടീഷ് ഇന്ത്യയിലെ മദ്രാസ് സ്റ്റേറ്റിന്റെ ഭാഗമായ പ്രദേശമായിരുന്നു. തെക്കൻ കർണ്ണാടകത്തിലെ കാസർകോട് താലൂക്ക് കൂടെ മലബാറിൽ ഉൾപ്പെടുത്തിയിരുന്നു. ഈ മലബാർ ജില്ല വിഭജിച്ചാണ് കണ്ണൂർ, കോഴിക്കോട്, പാലക്കാട്  ജില്ലകൾ പിന്നീട് രൂപീകരിച്ചതും. 1956- നവമ്പർ 1-നാണ് തിരു കൊച്ചിയോട് ചേർത്ത് മലബാർ കേരളത്തിന്റെ ഭാഗമായത്. ബ്രിട്ടീഷുകാരെ സംബന്ധിച്ചിടത്തോളം എക്കാലവും തലവേദനയുണ്ടാക്കിയ പ്രദേശങ്ങളായിരുന്നു തെക്കേ മലബാറിലെ ഏറനാട്, വള്ളുവനാട് താലൂക്കുകൾ.  

മതരാഷ്ട്രവാദം

നിലമ്പൂർ എം.എൽ.എ ആയിരുന്ന പി.വി അൻവർ ഉയർത്തിയ രാഷ്ട്രീയ കോലാഹലങ്ങൾക്കിടയിൽ മലപ്പുറം ജില്ല വിഭജിക്കണം എന്ന ആവശ്യം ഉയർത്തിയിരുന്നു. അൻവർ മുന്നോട്ട് വയ്ക്കുന്ന ജില്ലാ വിഭജനം ഉൾപ്പടെയുള്ള വിഷയങ്ങൾ മതരാഷ്ട്ര കാഴ്ചപ്പാടുകൾ ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ മുദ്രാവാക്യങ്ങളാണെന്ന് തിരിച്ചറിയണമെന്ന് സി.പി.എം പ്രതികരിച്ചിരുന്നു. എസ്.ഡി.പി.ഐ, വെൽഫയർ പാർട്ടി പോലുള്ള കക്ഷികളെ ലക്ഷ്യമിട്ടാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ഇങ്ങനെ പ്രസ്താവന പുറത്തിറക്കിയതും. കാരണം മലപ്പുറം ജില്ല വിഭജിച്ച് തിരൂർ കേന്ദ്രമാക്കി പുതിയൊരു ജില്ല രൂപീകരിക്കണമെന്ന ആവശ്യം എസ്.ഡി.പി.ഐ ആണ് ആദ്യം പറഞ്ഞ് വെച്ചത്. ഇന്നിപ്പോൾ മുസ്ലിംലീഗ് ഉൾപ്പടെ എല്ലാ കക്ഷികളും ജില്ലയുടെ വിഭജനം ആവശ്യപ്പെടുന്നുണ്ട്. കേവലം 10 ലക്ഷത്തിന് മുകളിൽ മാത്രം ജനസംഖ്യയുള്ള ഇടുക്കിയിലും, പത്തനംതിട്ടയിലും അത്രയും പേർക്ക് ഒരു കലക്ടറും, ഒരു ജില്ലയുടെ ഫണ്ടും ലഭിക്കുമ്പോൾ മലപ്പുറത്ത് 42 ലക്ഷം പേർക്ക് അതേ സൗകര്യങ്ങളാണ് ലഭിക്കുന്നത്. വിഭവ വിനിയോഗത്തിലെ പ്രകടമായ വിവേചനമാണിതെന്ന് എസ്.ഡി.പി.ഐ ആദ്യമേ ചൂണ്ടിക്കാട്ടിയിരുന്നു. വിസ്തൃതിയിൽ സംസ്ഥാനത്ത് മൂന്നാം സ്ഥാനവും, ജനസംഖ്യയുടെ കാര്യത്തിൽ ഒന്നാം സ്ഥാനവും മലപ്പുറത്തിനുണ്ട്. 3638 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള മലപ്പുറത്ത് 100 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും, 16 നിയമസഭാ മണ്ഡലങ്ങളുമുണ്ട്. ഏറനാട്, കൊണ്ടോട്ടി, നിലമ്പൂർ, പെരിന്തൽമണ്ണ, പൊന്നാനി, തിരൂർ, തിരൂരങ്ങാടി എന്നിങ്ങനെ ഏഴ് താലൂക്കുകളും, 15 ബ്ലോക്ക് പഞ്ചായത്തുകളും ഉൾക്കൊള്ളുന്ന മലപ്പുറം ജില്ലയുടെ കിഴക്ക് നീലഗിരിമലനിരകളും, പടിഞ്ഞാറ് അറബിക്കടലുമാണ്. 

സംസ്ഥാനത്ത് പുതിയ ജില്ലകൾ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് പഠിക്കാൻ കമ്മിറ്റി രൂപീകരിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഏതൊക്കെ ജില്ലകൾ രൂപവത്കരിക്കണം എന്നത് കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്നും പറയുന്നുണ്ട്. കേരളത്തിലെ 20 പാർലമെന്റ് കേന്ദ്രങ്ങൾ ഓരോ ജില്ലയാക്കി മാറ്റിയാൽ നിലവിലുള്ള 14 ജില്ലകൾ 20 ജില്ലകളായി ഉയരും. പാർലമെന്റ് സീറ്റുകളിൽ ഉള്ള ജനസംഖ്യ ശാസ്ത്രീയമായി സെൻസെസ് അടിസ്ഥാനപ്പെടുത്തി വിഭജിച്ചതുമാണ്. കേരള സംസ്ഥാന രൂപീകരണത്തിന് ശേഷം നിരവധി ജില്ലകൾ രൂപം കൊണ്ടു. അതിനെല്ലാം രാഷ്ട്രീയ സാമൂഹിക-സാമ്പത്തിക വികസന ന്യായവാദങ്ങൾ മുന്നോട്ട് വയ്ക്കാൻ ഉണ്ടായിരുന്നു. എന്നാൽ ഒട്ടേറെ നൻമയും, ഗുണങ്ങളും മുഴച്ച് നിൽക്കുന്ന മലപ്പുറം ജില്ല മാത്രം പ്രശ്‌നവൽക്കരിക്കപ്പെടുന്നു. ഓരോ അവസരത്തിലും മലപ്പുറത്തെ പരമാവധി ഇകഴ്ത്തുന്നു, അപമാനിക്കുന്നു. ജില്ല വിഭജിക്കുന്നതിന് വൻ സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. ശരിയായിരിക്കാം. രാഷ്ട്രീയ കക്ഷികൾക്ക് ആഴ്ചയിൽ വാഹനങ്ങൾ മാറി മാറി വാങ്ങാൻ ഇവിടെ ഫണ്ടുണ്ട്. നിലവിൽ ഉപയോഗിക്കുന്ന വാഹനം അരക്കോടിയുടേതാണെങ്കിൽ, അത് മൂന്ന് കോടിയുടേതാക്കി മാറാൻ ഫണ്ടിന്റെ പ്രശ്‌നമില്ല. അതാരും ചോദ്യം ചെയ്യാറുമില്ലെന്നാണ് പലരും പറയുന്നത്.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img