08:06pm 06 November 2026
NEWS
ഡീൽ '26: ശത്രുവിന്റെ ശത്രു മിത്രം; മൂന്നാമൂഴത്തിന് ഡീൽ ഉറപ്പിക്കുമോ?
07/06/2025  07:46 PM IST
പി. ജയചന്ദ്രൻ
ഡീൽ 26: ശത്രുവിന്റെ ശത്രു മിത്രം; മൂന്നാമൂഴത്തിന് ഡീൽ ഉറപ്പിക്കുമോ?

ഏതൊരു തെഞ്ഞെടുപ്പ് കാലത്തും അനുഷ്ഠാനങ്ങൾ പോലെ മാധ്യമങ്ങൾ ചില പ്രവചനങ്ങൾ നടത്താറുണ്ട്. അതിശക്തമായ പോരാട്ടത്തിനായിരിക്കും സംസ്ഥാനം സാക്ഷ്യം വഹിക്കാൻ പോകുന്നത്... ഇന്നയിന്ന മണ്ഡലങ്ങളിൽ തീപാറും... എന്നൊക്കെ. പക്ഷേ അപൂർവ്വം ചില മണ്ഡലങ്ങളിലൊഴികെ മറ്റെങ്ങും അങ്ങനൊരു തീപാറലോ പോരാട്ടവീര്യമോ ഒന്നും പ്രകടമാകാറില്ല എന്നുള്ളതാണ് വാസ്തവം. എന്നാൽ ഇക്കുറി(2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ) അതായിരിക്കില്ല സ്ഥിതി. തുടർഭരണലക്ഷ്യവുമായി എൽ.ഡി.എഫും, 2016 ൽ കയ്യിൽ നിന്നും വഴുതിപ്പോയ ഭരണം പത്തുവർഷത്തിനുശേഷം തിരിച്ചുപിടിക്കുവാൻ യു.ഡി.എഫും ആവനാഴിയിലെ അവസാന ആയുധവും പുറത്തെടുത്ത് പോരാടുമ്പോൾ തീപാറുക തന്നെ ചെയ്യും. കാരണം എൽ.ഡി.എഫ്- യു.ഡി.എഫ്-എൻ.ഡി.എ മുന്നണികളെ സംബന്ധിച്ചിടത്തോളം ഒത്തിരി പ്രാധാന്യമുള്ള ഒരു തെരഞ്ഞെടുപ്പാണ് വരാൻ പോകുന്നത്; മുഖ്യമായും ഇടതു-വലതു മുന്നണികളെ സംബന്ധിച്ചിടത്തോളം.

തുടർഭരണം ലഭിച്ചാൽ...

എൽ.ഡി.എഫിനെ സംബന്ധിച്ചിടത്തോളം വീണ്ടുമൊരു തുടർഭരണം ലഭിക്കുക എന്നുള്ളത് വലിയൊരു ലക്ഷ്യമാണ്. ആ ലക്ഷ്യത്തിൽ എത്തിച്ചേരാൻ കഴിഞ്ഞാൽ അത് കേരളത്തിന്റെ രാഷ്ട്രീയചരിത്രം അപ്പാടെ മാറ്റിമറിക്കും എന്നും, ചരിത്രവിജയമായിരിക്കും അതെന്നും പാർട്ടി കരുതുന്നു. അടിയന്തിരാവസ്ഥ പിൻവലിച്ചതിന്റെ തൊട്ടുപിറകേ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വം നൽകിയ മുന്നണി രണ്ടാമതും അധികാരത്തിൽ വന്നതുമാത്രമാണ് കേരളം കണ്ട ആദ്യതുടർവിജയം. ആ മുന്നണിക്ക് പക്ഷേ ഏറെ മുന്നോട്ടുപോകാനായില്ല. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത കെ. കരുണാകരന് രാജൻകേസിന്റെ അലയൊലികളെ തുടർന്ന് കൃത്യം ഒരു മാസം തികയുന്നതിന്റന്ന് മുഖ്യമന്ത്രിസ്ഥാനം ഒഴിയേണ്ടി വന്നു. (1977 മാർച്ച് 25 ന് സത്യപ്രതിജ്ഞ. തൊട്ടടുത്ത ഏപ്രിൽ 25 ന് രാജി) പകരക്കാരനായി വന്ന എ.കെ. ആന്റണി, ചിക്മംഗളൂർ ഉപതെരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധിക്കനുകൂലമായ നിലപാടെടുത്ത പാർട്ടി തീരുമാനത്തിൽ പ്രതിഷേധിച്ച് ഒന്നര വർഷത്തിനുശേഷം രാജിവച്ചു. തുടർന്നുവന്നത് പി.കെ. വാസുദേവൻ നായരായിരുന്നു. 1978 ഒക്‌ടോബർ മുതൽ 1979 ഒക്‌ടോബർ വരെയുള്ള ഒരു വർഷക്കാലം മാത്രമേ അദ്ദേഹവും മുഖ്യമന്ത്രിക്കസേരയിൽ ഇരുന്നുള്ളൂ. ഇടതുപക്ഷ ജനാധിപത്യമുന്നണി രൂപീകരണം ക്ലീൻ സ്ലേറ്റിൽ ആക്കാൻ വേണ്ടിയായിരുന്നു വാസുദേവൻ നായരുടെ രാജി.

ചുരുക്കിപ്പറഞ്ഞാൽ 2021 ന് മുൻപും കേരള ജനത ഒരു തുടർഭരണത്തിന് അനുകൂലമായി വിധിയെഴുതിയെങ്കിലും(140 ൽ 111 സീറ്റുകളാണ് അന്ന് കോൺഗ്രസ് മുന്നണിക്ക് ലഭിച്ചത്) മാറിമാറി മൂന്ന് മുഖ്യമന്ത്രിമാർ വന്നിട്ടും കാലാവധി പൂർത്തിയാക്കാനായില്ല. അവിടെയാണ് ആദ്യ തുടർവിജയവും തുടർഭരണവും എൽ.ഡി.എഫിന്റെയും പിണറായി വിജയന്റെയും പേരിൽ രേഖപ്പെടുത്തുന്നത്. അതുകാണുവാൻ കേരളം 43 വർഷം കാത്തിരിക്കേണ്ടി വന്നു. 2016 ൽ അധികാരത്തിൽ വന്ന പിണറായി വിജയന്റെ തന്നെ നേതൃത്വത്തിൽ 2021 ലും തെരഞ്ഞെടുപ്പിനെ നേരിട്ട എൽ.ഡി.എഫ് 99 എന്ന മാജിക് സംഖ്യയുമായിട്ടാണ് തുടർഭരണത്തിലേക്ക് ചുവടുവച്ചത്.

അതേ പിണറായി വിജയന്റെ നേതൃത്വത്തിൽ എൽ.ഡി.എഫ് മൂന്നാമൂഴത്തിനിറങ്ങുമ്പോൾ, അത് സാധിച്ചാൽ കേരള രാഷ്ട്രീയം അപ്പാടെ മാറിമറിയും എന്നുള്ളതാണ് 2026 ലെ നിയമസഭാതെരഞ്ഞെടുപ്പിന്റെ പ്രത്യേകത. കോൺഗ്രസിനെ ഭീകരമായ തകർച്ചയിലേക്കോ പതനത്തിലേക്കോ ഒക്കെ വലിച്ചെറിയുന്ന എൽ.ഡി.എഫിന്റെ വിജയം, യു.ഡി.എഫ് എന്ന ഒരു സംഭവം തന്നെ ഇല്ലാതാക്കും എന്നുള്ള കാര്യത്തിൽ സംശയം വേണ്ട. അതോടെ സമീപഭാവിയിലൊന്നും കേരളത്തിൽ തങ്ങൾക്കൊരു വെല്ലുവിളി ഉയരില്ല എന്നും സി.പി.എം കണക്കുകൂട്ടുന്നു. എന്നുമാത്രമല്ല ഇപ്പോൾതന്നെ മുന്നണിയിലെ വല്യേട്ടനായ സി.പി.എം അതോടെ കൂടുതൽ കർക്കശക്കാരനാവുകയും സി.പി.ഐയെപ്പോലും സ്വന്തം കാൽക്കീഴിലാക്കുകയും ചെയ്യും. (ഇപ്പോഴും അതുതന്നെയാണ് അവസ്ഥ).

അതിന്റെയൊക്കെ പരിണിത ഫലം ചിലപ്പോൾ ബംഗാളിന്റെയും ത്രിപുരയുടെയും അവസ്ഥയിലേക്ക് കേരളത്തിലെ സി.പി.എമ്മിനേയും കൊണ്ടുചെന്നെത്തിച്ചെന്നുവരാം. എങ്കിലും അധികാരവുമായി ബന്ധപ്പെട്ട് ചിന്തിക്കുമ്പോൾ കുറേക്കാലത്തേയ്ക്ക് ഒരു തിരിഞ്ഞുനോട്ടം വേണ്ടിവരില്ല.

ഇക്കുറിയും അടിതെറ്റിയാൽ...

എന്നാൽ കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ഇത് നിലനിൽപ്പിന്റെ പോരാട്ടമാണ്. ഈയൊരു തെരഞ്ഞെടുപ്പിൽക്കൂടി യു.ഡി.എഫ് പരാജയപ്പെട്ടാൽ അതിന് ഏറ്റവും കൂടുതൽ വില കൊടുക്കേണ്ടി വരുന്നത് കോൺഗ്രസ് ആയിരിക്കും. യു.ഡി.എഫ് തകർന്ന് തരിപ്പണമാകും എന്നുള്ള കാര്യത്തിൽ സംശയം വേണ്ട. അതോടെ ഘടകകക്ഷികൾ ഒന്നൊന്നായി സുരക്ഷിത താവളം തേടും. വ്യക്തികൾ എന്ന നിലയിലും പ്രസ്ഥാനം എന്ന നിലയിലുമുള്ള ചേക്കേറലുകൾ തകൃതിയായി നടക്കും. കാരണം ഭരണമില്ലാതെ പുറത്തുനിന്ന് പത്തുവർഷമായി അതിന്റെ എല്ലാനിലയിലുമുള്ള കെടുതികൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ് മുന്നണിയിലെ ഓരോ ഘടകകക്ഷിയും. ആ നില ഇനിയും തുടരുന്നത് അവരെ സംബന്ധിച്ചിടത്തോളം ചിന്തിക്കാനാകാത്ത കാര്യമാണ്.

അതുതന്നെയാണ് കോൺഗ്രസിന്റെയും സ്ഥിതി. ഭരണമില്ലാതെ, അടുത്തൊന്നും ലഭിക്കുമെന്ന് പ്രതീക്ഷയില്ലാത്ത ഒരു പ്രസ്ഥാനത്തിൽ ആര് എന്ത് വിശ്വസിച്ച് നിൽക്കും? ഇപ്പോൾതന്നെ ഒരു കാല് ബി.ജെ.പിയിൽ കൂടിവച്ചു നിൽക്കുന്നവരാണ് കോൺഗ്രസിന്റെ നേതാക്കളിൽ തന്നെ പലരും. ആ ഒരവസ്ഥയിൽ ഭരണം കിട്ടില്ല എന്നുകണ്ടാൽ അവരൊക്കെയും കോൺഗ്രസ് കൂടാരം വിടും എന്നുള്ള കാര്യത്തിൽ സംശയം വേണ്ട.
അങ്ങനൊരു സാഹചര്യം സംജാതമായാൽ മറ്റ് സംസ്ഥാനങ്ങളുടെ സ്ഥിതിയിലേക്ക് മാറും കേരളവും. ഘടകകക്ഷികളൊക്കെ ഉപേക്ഷിച്ച്, നിവർന്നുനിൽക്കാനാകാത്ത അവസ്ഥയിലാകുന്ന കോൺഗ്രസ് വരുംകാല തെരഞ്ഞെടുപ്പുകളിൽ പ്രാദേശിക പാർട്ടികളുടെ പടിവാതിൽക്കൽ, അവരുടെ ദയാദാക്ഷിണ്യത്തിനായി കാവൽ കിടക്കുന്ന സ്ഥിതി വരും. കേൾക്കുമ്പോൾ ചിലപ്പോൾ അവിശ്വസീനീയമായി തോന്നാം. എന്നാൽ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെ ചരിത്രം വിസ്മരിക്കാനാവില്ലല്ലോ. കോൺഗ്രസ് സർവ്വപ്രതാപിയായി ഭരണം കയ്യാളിയിരുന്ന എത്രയെത്ര സംസ്ഥാനങ്ങളിലാണ് ആ പാർട്ടി ഇന്ന് ഒന്നുപിടിച്ചുനിൽക്കാനെങ്കിലും പാടുപെടുന്നത്.
അവിടെയാണ് 2026 ലെ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം.

ബി.ജെ.പിയുടെ കരുനീക്കങ്ങൾ

അങ്ങനെയൊരു സാഹചര്യം ഉരുത്തിരിച്ചെടുക്കുന്നതിലാണ് ബി.ജെ.പിയുടെ വിജയം. അതവർ മനോഹരമായി നിർവ്വഹിക്കുകയും ചെയ്യും. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം തിരുത്തിക്കുറിക്കുവാൻ പോകുന്നത്, ആ നിലയിൽ ബി.ജെ.പിയായിരിക്കും.
വോട്ടിംഗ് ശതമാനത്തിൽ ക്രമാനുഗതമായി വർദ്ധനവ് വരുത്തുന്നുണ്ടെങ്കിലും അത് എം.എൽ.എ/ എം.പി സ്ഥാനമാക്കി മാറ്റുവാൻ ഇനിയും കഴിയുന്നില്ല എന്നുള്ളതാണ് ബി.ജെ.പിയുടെ അവസ്ഥ. 2016 ൽ നേമത്തുനിന്ന് ഒ. രാജഗോപാൽ നിയമസഭയിലേക്കും ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സുരേഷ്‌ഗോപി തൃശൂരിൽ നിന്നും വിജയിച്ചത് മറന്നുകൊണ്ടല്ല പറയുന്നത്. യാദൃച്ഛികം എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാവുന്ന ഈ രണ്ട് താൽക്കാലിക വിജയങ്ങൾ ബി.ജെ.പിയുടെ ലക്ഷ്യത്തിലേക്കുള്ള വഴികാട്ടിയാകുന്നില്ല. അവരെ സംബന്ധിച്ചിടത്തോളം തൽക്കാല ആവശ്യം സംസ്ഥാന നിയമസഭയിലേക്ക് ഏറ്റവും കുറഞ്ഞത് അഞ്ച് എം.എൽ.എമാരെയെങ്കിലും വിജയിപ്പിക്കുക എന്നുള്ളതാണ്. ഇനി അഥവാ അവിടെവരെ എത്തിയില്ലെങ്കിലും ഈ തെരഞ്ഞെടുപ്പിൽ മൂന്ന് എം.എൽ.എമാരെയെങ്കിലും കേരള നിയമസഭയിലെത്തിക്കുക എന്നുള്ളത് അവരുടെ ലക്ഷ്യമാണ്. അത് സാധിച്ചാൽ പിന്നെന്തുചെയ്യണമെന്ന്, രണ്ടിൽ നിന്ന് ഇവിടെ വരെയെത്തിയ ബി.ജെ.പിക്ക് ആരും പഠിപ്പിച്ചുകൊടുക്കേണ്ട കാര്യമില്ല. അതുതന്നെയായിരിക്കും കേരള രാഷ്ട്രീയത്തിൽ ബി.ജെ.പി വരുത്താൻ പോകുന്ന ഗതിമാറ്റം.

അതിനുപിന്നിൽ വലിയൊരു 'ഡീൽ' ഉണ്ടാകുമെന്നുള്ള കാര്യം ഉറപ്പാണ്. അതാണ് കോൺഗ്രസ് ഭയക്കുന്നതും. 2021 ൽ എൽ.ഡി.എഫിന് തുടർഭരണം ലഭിച്ചതും, തൃശൂർ ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് സുരേഷ്‌ഗോപി പാർലമെന്റിലേക്ക് വിജയിച്ചതുമൊക്കെ ഈ ഡീൽ പ്രകാരമാണെന്നാണ് കോൺഗ്രസ് ഇപ്പോഴും വിശ്വസിക്കുന്നത്. ആ ഡീൽ ഇപ്പോൾ കൂടുതൽ ശക്തമാണെന്ന് തെളിവുകൾ സഹിതം ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു ലാവ്‌ലിൻ കേസിന്റെ അനന്തമായ നീണ്ടുപോക്കും, മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് പറയുന്ന എക്‌സാലോജിക് കേസും ഉൾപ്പെടെ, ഇ.ഡി കൊമ്പുകുലുക്കിയ നിരവധിയായ കേസുകളുടെ തൽസ്ഥിതി ചൂണ്ടിക്കാട്ടിക്കൊണ്ടാണ് കോൺഗ്രസ് സി.പി.എം-ബി.ജെ.പി രഹസ്യ വേഴ്ചയെപ്പറ്റി പറയുന്നത്. ആ വേഴ്ച ഇക്കുറി കൂടുതൽ ശക്തമാകുമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ ഭയം. അങ്ങനെ വരുമ്പോൾ പ്രബലന്മാരായ രണ്ട് ശത്രുക്കളോടായിരിക്കും കോൺഗ്രസിന് ഏറ്റുമുട്ടേണ്ടി വരുന്നത്. കോൺഗ്രസിനെ കേരളത്തിൽ കുഴിച്ചുമൂടാൻ വെമ്പൽ കൊള്ളുന്ന സി.പി.എമ്മും, കോൺഗ്രസ് മുക്തഭരണം പ്രഖ്യാപിത ലക്ഷ്യമാക്കിയിട്ടുള്ള ബി.ജെ.പിയും ശത്രുവിന്റെ ശത്രു മിത്രം എന്ന ആപ്തവാക്യത്തിൽ മുറുകെപ്പിടിച്ച് തെരഞ്ഞെടുപ്പിനെ നേരിടാൻ തീരുമാനിച്ചാൽ സി.പി.എം 2021 ലെ 99 എന്ന മാജിക് സംഖ്യ നൂറുകടത്തി എന്നുവരാം. ബി.ജെ.പിക്ക് ഏറ്റവും കുറഞ്ഞത് മൂന്ന് സീറ്റുകളെങ്കിലും ലഭിക്കുകയും ചെയ്യും. അതിനുള്ള ഡീൽ ഉറപ്പിക്കൽ ദൽഹിയിൽ ചർച്ചയിലാണെന്നാണ് കോൺഗ്രസ് നേതൃത്വത്തിലെ സംസാരം.

തിരുവനന്തപുരത്തും, തൃശൂരും, പാലക്കാടുമായിരിക്കുമത്രെ ആ മൂന്ന് സീറ്റുകൾ. ഈ മൂന്നിടത്തേയും നിലവിലെ രാഷ്ട്രീയ കാലാവസ്ഥ സി.പി.എമ്മിനും ബി.ജെ.പി പഴി കേൾക്കാതെ രക്ഷപ്പെടാൻ പറ്റിയതാണെന്നുള്ളതാണ് ഇവിടങ്ങൾ തന്നെ തെരഞ്ഞെടുക്കാനുള്ള കാരണമായി കോൺഗ്രസ് കരുതുന്നത്. തിരുവനന്തപുരത്തെപ്പറ്റി പറയുമ്പോൾ അവിടം ബി.ജെ.പിക്ക് അത്ര വലിയ ബാലികേറാമലയൊന്നുമല്ല. ഹിന്ദു മുന്നണിയുടെ കാലം മുതൽക്കേ ഇടതു-വലതുമുന്നണികളെ ഞെട്ടിക്കാൻ പോന്ന വോട്ടുസമാഹരണം തിരുവനന്തപുരത്ത് നടത്തുവാൻ ബി.ജെ.പിക്ക് കഴിഞ്ഞിട്ടുണ്ട്. 2016 ൽ നേമത്ത് രാജഗോപാൽ നേടിയ വിജയവും, ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാജീവ് ചന്ദ്രശേഖർ നടത്തിയ മിന്നും പോരാട്ടവുമൊക്കെ ചേർത്തുവായിച്ചാൽ, വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തുനിന്നും ഒരു ബി.ജെ.പിക്കാരൻ വിജയിച്ച് നിയമസഭയിലെത്തിയാൽ അതിന്റെ പേരിൽ സി.പി.എമ്മിനും ബി.ജെ.പിക്കും വലിയ പഴികേൾക്കേണ്ടി വരില്ല.
അതുതന്നെയാണ് തൃശൂരിലെയും സ്ഥിതി. പാർലമെന്റംഗമായ സുരേഷ്‌ഗോപി കേന്ദ്രമന്ത്രി കൂടിയായതോടെ തൃശൂരിൽ ബി.ജെ.പിയുടെ അടിത്തറ വികസിച്ചു എന്നുപറയാം. പാലക്കാട്ടും പറയാൻ ന്യായങ്ങളുണ്ട്.

ചുരുക്കിപ്പറഞ്ഞാൽ മൂന്നാമൂഴം സാക്ഷാത്ക്കരിക്കുവാനായി സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ ഒരു കൊടുക്കൽ വാങ്ങൽ കരാറിലേർപ്പെട്ടാൽ കേരളം ഒരിക്കൽ കൂടി എൽ.ഡി.എഫ് ഭരിക്കും. ബി.ജെ.പിക്ക് രണ്ടോ മൂന്നോ എം.എൽ.എമാരുണ്ടാകും. കോൺഗ്രസും അവരുടെ മുന്നണിയും, ഇൻഡ്യയുടെ ബ്രഹ്മോസ് മിസൈലേറ്റു തകർന്ന പാകിസ്ഥാന്റെ ഡ്രോണുകളെപ്പോലെ ഛിന്നഭിന്നമാകും.
ഈയൊരവസ്ഥ കോൺഗ്രസ് കാണാതിരിക്കുന്നില്ല. അതുകൊണ്ടുതന്നെ സർവ്വശക്തിയും സമാഹരിച്ചുള്ള ഒരു പോരാട്ടത്തിനാകും പാർട്ടി തയ്യാറാവുക. അതിനായി കരുത്തന്മാരെ തന്നെയാകും രംഗത്തിറക്കുക. മുൻപ് സൂചിപ്പിച്ചിട്ടുള്ളതുപോലെ യുവാക്കൾക്കും സ്ത്രീകൾക്കും അർഹമായ പ്രാതിനിധ്യം നൽകുന്നതിനോടൊപ്പം വി.എം. സുധീരനെപ്പോലുള്ള പഴയ പടക്കുതിരകളെ രംഗത്തിറക്കുവാനാണ് ആലോചന. അക്കൂട്ടത്തിൽ എടുത്തുപറയേണ്ടുന്ന രണ്ടുപേരുകളാണ് കണ്ണൂർ എം.പി. കെ. സുധാകരന്റേതും ആലപ്പുഴ എം.പി കെ.സി. വേണുഗോപാലിന്റേതും.

വെളുക്കാൻ തേച്ചിട്ട് പാണ്ടാകുമോ?

നിലനിൽപ്പിനായുള്ള അവസാന പോരാട്ടം എന്ന നിലയിലാണ് സുധാകരനേയും കെ.സി. വേണുഗോപാലിനേയുമൊക്കെ ഗോദയിലിറക്കാൻ കോൺഗ്രസ് പാർട്ടി ആലോചിക്കുന്നതെങ്കിലും അതുപക്ഷേ നാളെ പാണ്ടായി മാറുമോ എന്നുള്ള സന്ദേഹവും ഇല്ലാതില്ല. കാരണം, അങ്ങനെയെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമ്മടത്ത് തന്നെയായിരിക്കും കെ. സുധാകരൻ മത്സരിക്കുക. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തന്നെ പിണറായിക്കെതിരെ സുധാകരനെ രംഗത്തിറക്കണമെന്ന് കോൺഗ്രസ് ഹൈക്കമാൻഡിന് താൽപ്പര്യമുണ്ടായിരുന്നതാണ്. അതുപക്ഷേ പല കാരണങ്ങളാലും നടന്നില്ല. അന്ന് 50123 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോൺഗ്രസിലെ സി. രഘുനാഥനെ പിണറായി പരാജയപ്പെടുത്തിയത്. എന്നാൽ രണ്ടുവർഷം കഴിഞ്ഞുവന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അതേ ധർമ്മടത്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.വി. ജയരാജന് 2616 വോട്ടിന്റെ മാത്രം മേൽക്കയ്യേ ലഭിച്ചുള്ളൂ. ആ ഒരു പശ്ചാത്തലത്തിൽ കൂടിയാണ് ധർമ്മടത്ത് പിണറായിക്കെതിരെ മത്സരിക്കുവാൻ സുധാകരനെ ഹൈക്കമാൻഡ് പരിഗണിക്കുന്നത്. എന്നുമാത്രമല്ല, ധർമ്മടത്ത് മത്സരിക്കുവാൻ അവിടുള്ള പഴയകാല സി.പി.എമ്മുകാർ പലരും തന്നെ വിളിക്കുന്നുണ്ടെന്നും സുധാകരൻ ചില ചാനൽ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുമുണ്ട്.

നിയമസഭയിലേക്ക് കണ്ണുവച്ചിട്ടുള്ള മറ്റൊരു വമ്പൻ കെ.സി. വേണുഗോപാലാണ്. കെ.പി.സി.സി പ്രസിഡന്റായതിനാൽ സണ്ണിജോസഫ് ഒഴിയുന്ന പേരാവൂരിൽ കണ്ണൂർ ജില്ലക്കാരനും കോൺഗ്രസിന്റെ ദേശീയ സംഘടനാ ജനറൽ സെക്രട്ടറിയുമായ കെ.സി. വേണുഗോപാൽ മത്സരിക്കുമെന്നാണ് വേണുഗോപാലുമായി അടുപ്പമുള്ള കേന്ദ്രങ്ങൾ നൽകുന്ന സൂചന. അതായത് മുഖ്യമന്ത്രി സ്ഥാനമോഹികളുടെ ഒരു പടതന്നെ രംഗത്തുണ്ടാകും എന്നുസാരം. അങ്ങനെ വരുമ്പോൾ യു.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ചാൽ... ശേഷം ചിന്ത്യം എന്നേ പറയാൻ കഴിയൂ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img