02:11am 18 July 2026
NEWS
കോക്രോച്ച് ജനതാ പാർട്ടി തലവേദനയാകുമോ? ജൻ -സി വിപ്ലവത്തിന് കളമൊരുക്കരുത്
13/06/2026  11:18 AM IST
ചവറ സുരേന്ദ്രൻപിള്ള
കോക്രോച്ച് ജനതാ പാർട്ടി തലവേദനയാകുമോ? ജൻ -സി വിപ്ലവത്തിന് കളമൊരുക്കരുത്

അപകടകരമായ സാമൂഹിക മാധ്യമ കാമ്പെയിനുകൾക്ക് മൂക്കുകയറിടേണ്ട കാലം സമാഗമമായിരിക്കുന്നു എന്ന് വേണം ആക്ഷേപഹാസ്യ രാഷ്ട്രീയ കക്ഷിയായ 'കോക്രോച്ച് ജനതാ പാർട്ടി 'യുടെ രൂപീകരണത്തെയും  തുടർന്നുള്ള പ്രവർത്തനങ്ങളെയും വിലയിരുത്തുമ്പോൾ. ജെൻ -സി വിപ്ലവപ്രസ്ഥാനമായി വേണം ഈ പാറ്റാപ്പാർട്ടിയെ കാണേണ്ടത്. 1997 നും 2012 നും ഇടയിൽ ജനിച്ച യുവാക്കളുടെ (ജൻ - സി ) പ്രതീകാത്മകവും വിപ്ലവകരവുമായ ഒരു രാഷ്ട്രീയ സങ്കല്പമായി അതിവേഗം മാറുകയും ചർച്ച ചെയ്യപ്പെടുകയുമാണ് ദശലക്ഷകണക്കിനു ഫോളവേഴ്‌സുമായി വളരുന്ന കോക്രോച്ച് പാർട്ടി. വളരെ അപകടകരമായ രീതിയിലാണ് ഇന്ത്യയിലെ ജെൻ - സി തലമുറ സോഷ്യൽ മീഡിയാ കാമ്പെയിനുകൾക്ക് നേതൃത്വം നൽകുന്നത്. യുവതലമുറയുടെ ഈ ഡിജിറ്റൽ മുന്നേറ്റം ഇന്ത്യൻ ജനാധിപത്യത്തിനു തന്നെ ഭീഷണിയാകുകയാണെന്ന് സാമൂഹ്യനിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു. ഇന്ത്യയിലൊരു ആഭ്യന്തര വിപ്ലവത്തിനുള്ള കളമൊരുക്കലാവരുത് ഈ പാറ്റാ പാർട്ടിയിലൂടെ.                                                        
രാജ്യത്തിന്റെ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക ഘടനകളിൽ നിന്നും ജനങ്ങളിൽ ഉണ്ടാക്കുന്ന അവഗണിക്കാൻ പറ്റാത്തതും പലപ്പോഴും അക്രമാസക്തവുമായ പരിവർത്തനത്തെയാണ് ആഭ്യന്തരവിപ്ലവം എന്നു പറയുന്നത്. ഇത് സാധാരണയായി അക്രമാസക്തവും ജനങ്ങളുടെ കലാപത്തോടെ ആരംഭിക്കുന്നതുമാണ്. ജനങ്ങളോട് അന്യായമായി പെരുമാറുന്ന ഒരു സർക്കാരിൽ നിന്ന് വലിയൊരു വിഭാഗം ആളുകൾ അധികാരം ഏറ്റെടുക്കാൻ തീരുമാനിക്കുമ്പോഴാണ് വിപ്ലവം സംഭവിക്കുന്നത്. വിപ്ലവം ഭരണകൂടത്തിന്റെ പെട്ടെന്നുള്ള മാറ്റമാണ്. 1789 മുതൽ 1799 വരെ ഫ്രാൻസിൽ നടന്ന ഫ്രഞ്ച് വിപ്ലവം രാജവാഴ്ചക്കും പള്ളികളുടെ പതനത്തിനും ജനാധിപത്യത്തിനും ദേശീയതയ്ക്കുമുള്ള ഉദയത്തിനും കാരണമായി. 1765 മുതൽ 1783 വരെ ബ്രിട്ടീഷ് അമേരിക്കയിലെ 13 കോളനികളുടെ സ്വാതന്ത്ര്യത്തിനു വേണ്ടി നടന്ന അമേരിക്കൻ റവലൂഷൻ, 1917 ലെ റഷ്യൻ വിപ്ലവം, 1979 ലെ ഇറാനിലെ ഇസ്ലാമിക വിപ്ലവം, കിർക്കിസ്ഥാൻ വിപ്ലവം, 1688 മുതൽ 1689 വരെ നടന്ന ഇംഗ്ലണ്ടിലെ മഹത്തായ വിപ്ലവം എന്നിവയെല്ലാം മതപരവും രാഷ്ട്രീയവുമായ കാരണങ്ങൾ മൂലം ഉണ്ടായതാണ്. വിപ്ലവത്തിൽ പങ്കെടുക്കുന്നവരെ തീവ്രവാദികൾ എന്നും വിളിക്കപ്പെടുന്നു.    
                                            
2010 ഡിസംബർ 17 മുതൽ 2011 ജനുവരി 14 വരെ വടക്കേ ആഫ്രിക്കൻ രാജ്യമായ ട്യൂണിഷ്യയിൽ നടന്ന ജനകീയ പ്രക്ഷോഭമാണ് ട്യൂണിഷ്യൻ വിപ്ലവം. അഴിമതി, തൊഴിലില്ലായ്മ, പട്ടിണി, രാഷ്ട്രീയ അടിച്ചമർത്തൽ, എന്നിവയ്‌ക്കെതിരെ ജനങ്ങൾ നടത്തിയ സിവിൽ പ്രക്ഷോഭം 23 വർഷക്കാലം രാജ്യം ഭരിച്ചിരുന്ന ഏകാധിപതിയായ സൈൻ എൽ അബിദീൻ ബെൻഅലിയെ പുറത്താക്കാൻ കാരണമായി. 2010 ഡിസംബർ 17 ന് സിദി ബൗസിദ് എന്ന നഗരത്തിലെ ഒരു വഴിയോര കച്ചവടക്കാരന്റെ സാധനങ്ങൾ പോലീസ് അന്യായമായി പിടിച്ചെടുത്തതിനെ തുടർന്ന് പരാതിപ്പെടാൻ ചെന്ന അയാളെ പോലീസ് അവഹേളിച്ചതിനെ തുടർന്ന് അയാൾ മുനിസിപ്പൽ ഓഫീസിനുമുന്നിൽ തീകൊളുത്തി ആത്മഹത്യ ചെയ്തു. ഈ സംഭവം തൊഴിലില്ലായ്മയിലും ദാരിദ്ര്യത്തിലും പൊറുതി മുട്ടിയിരുന്ന ജനങ്ങളുടെ രോഷം ആളിക്കത്തിച്ചു. ഈ പ്രതിഷേധങ്ങൾ രാജ്യത്തുടനീളം അതിവേഗം പടർന്നു. ഇന്റർനെറ്റും സോഷ്യൽ മീഡിയയും ഉപയോഗിച്ച് ജനങ്ങൾ സമരങ്ങൾ സംഘടിപ്പിച്ചു. പ്രക്ഷോഭത്തെ തുടർന്ന് ബെൻഅലി ട്യൂണഷ്യ വിട്ട് സൗദി അറേബ്യയിലേക്ക് പലായനം ചെയ്യുകയും, തുടർന്ന് ജനാധിപത്യപരമായ മാറ്റങ്ങൾക്ക് തുടക്കമാകുകയും ചെയ്തു. 338 പേർ മരണപ്പെട്ടു. 2147 പേർക്ക് മുറിവേറ്റു.                 

2024 ൽ ഷെയ്ക്ക് ഹസീനയുടെ നേതൃത്വത്തിലുള്ള സർക്കാർ അട്ടിമറിക്കപ്പെട്ടതിനെ തുടർന്ന് ബംഗ്ലാദേശിൽ തുടർന്നു വന്നിരുന്ന രാഷ്ട്രീയ പ്രതിസന്ധികളും സംഘർഷങ്ങളുമാണ് ബംഗ്ലാദേശ് കലാപം. തുടർന്നുണ്ടായ അക്രമങ്ങളും വിദ്യാർഥി പ്രക്ഷോഭ നേതാക്കളുടെ കൊലപാതകങ്ങളും രാജ്യത്ത് വലിയ തോതിലുളള അസ്ഥിരതയ്ക്കും ഇന്ത്യാ വിരുദ്ധ പ്രക്ഷോഭങ്ങൾക്കും കാരണമായി. തൊഴിൽ സംവരണത്തി നെതിരെയുള്ള വിദ്യാർഥി പ്രക്ഷോഭമാണ് പിന്നീട് സർക്കാരിനെതിരെയുള്ള വലിയ പ്രക്ഷോഭമായി മാറിയതും തുടർന്ന് അഞ്ചു തവണ പ്രധാനമന്ത്രിയായിരുന്ന ഷേക്ക് ഹസീനയ്ക്ക് ഇന്ത്യയിലേക്ക് രക്ഷപ്പെടേണ്ടിയും വന്നത്. വിദ്യാർഥി പ്രക്ഷോഭത്തിലൂടെ ഉയർന്നുവന്നതാണ് ബംഗ്ലാദേശ് കലാപം.
                                                
2025 സെപ്തംബറിൽ നേപ്പാളിൽ ജനറേഷൻ ദ (ജെൻസ്)- ഏലിദ യുവാക്കളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധമാണ് നേപ്പാൾ കലാപം. അഴിമതി, തൊഴിലില്ലായ്മ, രാഷ്ട്രീയ അസ്ഥിരത, സമൂഹ മാധ്യമ നിരോധനം, എന്നിവയ്‌ക്കെതിരെ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭത്തിൽ പ്രധാനമന്ത്രി കെ.പി. ഗർമ ഓലിയുടെ രാജിയിലും പാർലമെന്റ് പിരിച്ചുവിടലും കലാശിച്ചു. സർക്കാർതല അഴിമതി, ജനപ്രതിനിധികളുടെ കുടുംബാംഗങ്ങളുടെ ആഡംബര ജീവിതം, സാമൂഹ്യ മാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് എന്നിവയായിരുന്നു പ്രതിഷധത്തിനു കാരണമായത്. ജെൻസ് - അസംഘടിതരായ യുവാക്കളാണ് രംഗത്തിറങ്ങി പാർലമെന്റ് മന്ദിരവും സുപ്രീം കോടതിയും പ്രധാനമന്ത്രിയുടെ വസതിയും മറ്റും ആക്രമിച്ച് അഗ്‌നിക്കിരയാക്കിയത്. 19 പേർക്ക് ജീവഹാനി നേരിട്ടു. പാർലമെന്റ് പിരിച്ചുവിട്ട് 2026 മാർച്ച് 5 ന് തെരഞ്ഞെടുപ്പ് നടത്തി.                                                                     

2022 ൽ രൂപപ്പെട്ട കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുണ്ടായ ജനകീയ പ്രക്ഷോഭമായിരുന്നു ശ്രീലങ്കൻ കലാപം. വിലക്കയറ്റം, ഇന്ധനക്ഷാമം, വൈദ്യുതി മുടക്കം എന്നിവയ്‌ക്കെതിരെ ജനങ്ങൾ തെരുവിലിറങ്ങി പ്രധാനമന്ത്രി മഹീന്ദ്ര രജപക്‌സെയുടെ രാജി ആവശ്യപ്പെട്ട് അക്രമങ്ങൾ നടത്തുകയും പ്രധാനമന്ത്രി രാജിവച്ച് നാടുവിടുകയും ചെയ്തു.   
                
2022 ലെ ഇറാനിലെ സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം എന്നിവയ്ക്കു വേണ്ടി വിദ്യാർഥികൾ നടത്തിയ പ്രക്ഷോഭം, 2024 ലെ കെനിയയിലെ ജെൻസി പ്രക്ഷോഭം, 2020 - 2021 ലെ തായ്‌ലന്റിലെ 'ത്രീ - ഫിംഗർ 'വിപ്ലവം, ചിലിയിലെ വിദ്യാർഥി സമരം.... ഇവയ്‌ക്കെല്ലാം നേതൃത്വം കൊടുത്തത് ഡിജിറ്റൽ ഗ്രൂപ്പുകളിലൂടെ സംഘടിച്ചവരായിരുന്നു. കോക്രോച്ച് ജനതാ പാർട്ടിയുടെ ആവിർഭാവത്തിന്റെയും വളർച്ചയുടെയും അടിസ്ഥാനത്തിൽ വിവിധ രാജ്യങ്ങളിൽ നടക്കുന്ന ജെൻസികളുടെ വിപ്ലവങ്ങൾ നാം കണ്ടില്ലെന്നു നടിക്കരുത്.   
                               
ഇന്ത്യയിലെ തൊഴിലില്ലായ്മ, രാഷ്ട്രീയ അസ്ഥിരത, ഭരണകൂടത്തോടുളള വിയോജിപ്പ് എന്നിവയ്‌ക്കെതിരെ ഉയർന്നുവന്ന ആക്ഷേപഹാസ്യപരമായ ഒരു രാഷ്ട്രീയ പ്രസ്ഥാനമാണ് കോക്രോച്ച് ജനതാ പാർട്ടി  2026 മേയ് 16 ന് ആം ആദ്മി പാർട്ടിയുടെ മുൻ സോഷ്യൽ മീഡിയ സ്ട്രാറ്റജിസ്റ്റ് ആയിരുന്ന അഭിജിത് ദീപ്‌കെ ആണ് ഈ പ്രസ്ഥാനം സ്ഥാപിച്ചത്. മഹാരാഷ്ട്രയിലെ പൂനൈ സ്വദേശിയായ അഭിജിത്ത് ജേണലിസത്തിൽ ബിരുദവും അമേരിക്കയിൽ നിന്ന് ഉപരിപഠനവും നേടി. കൂടാതെ ഡിജിറ്റൽ പൊളിറ്റിക്കൽ കമ്യൂണിക്കേഷൻ സ്ട്രാറ്റജിസ്റ്റ് ആണ്. 2020 മുതൽ 2022 വരെ ആം ആദ്മി പാർട്ടിയുടെ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. എ എ പി ഡൽഹി ഭരിച്ചപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിലും വിദ്യാഭ്യാസ വകുപ്പിലും കമ്യൂണിക്കേഷൻ ഫെലോ ആയും ഉപദേശകനായും പ്രവർത്തിച്ചിരുന്നു. ഇയാൾ ഇപ്പോൾ അമേരിക്കയിലാണ് താമസിക്കുന്നത്. അവിടെ നിന്നുകൊണ്ടാണ് ഇന്ത്യയിലെ യുവാക്കളുടെ മേലുള്ള ആഹ്വാനം.
                     
2026 മേയ് 15 ന് സുപ്രീം കോടതിയിൽ നടന്ന ഒരു വാദത്തിനിടെ ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് തൊഴിലില്ലാത്ത യുവാക്കളെ 'പാറ്റകളോട്' ഉപമിച്ചു നടത്തിയ പരാമർശം വൻ പ്രതിഷേധത്തിന് കാരണമായിരുന്നു. മാധ്യമങ്ങൾ തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചതാണെന്ന് ചീഫ് ജസ്റ്റിസ് വിശദീകരിച്ചെങ്കിലും ഇതിനെതിരെയാണ് ദീപ്‌കെ 'കോക്രോച്ച് ജനതാ പാർട്ടി' എന്ന ആശയവുമായി രംഗത്തുവന്നത്. ' അലസന്മാരുടെയും തൊഴിലില്ലാത്തവരുടെയും ശബ്ദം എന്നതാണ് പ്രസ്ഥാനത്തിന്റെ മുദ്രാവാക്യം.   
                         
രൂപീകരണത്തിനു ശേഷം വളരെ വേഗത്തിലാണ് പാറ്റാപ്പാർട്ടി ജനശ്രദ്ധ ആകർഷിച്ചത്. തുടക്കത്തിൽ 48 മണിക്കൂറിനുള്ളിൽ 40,000 ലധികം രജിസ്റ്റർ ചെയ്ത അംഗങ്ങളെ ലഭിച്ചു. 2026 മേയ് 21 ലെ കണക്കുകൾ പ്രകാരം 3,50,000 അംഗങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ടായിരുന്നു. ഇൻസ്റ്റാഗ്രാമിൽ 10 ദശലക്ഷത്തിലധികം ഫോളോവേഴ്‌സും എക്‌സിൽ (ട്വിറ്റർ) 1,50,000 ലധികം ഫോളോവേഴ്‌സുമുള്ള ഈ പ്രസ്ഥാനം വലിയൊരു ഓൺലൈൻ സ്വാധീനമായി യുവാക്കൾക്കിടയിൽ മാറിയിട്ടുണ്ട്.
                 
ആക്ഷേപഹാസ്യമാണെങ്കിലും പാർട്ടി ഗൗരവതരമായ ചില ആവശ്യങ്ങൾ മുന്നോട്ട് വച്ചിട്ടുണ്ട്. 1. വിരമിച്ചതിനു ശേഷം ഒരു ചീഫ് ജസ്റ്റിസിനും രാജ്യസഭാ സീറ്റ് നൽകാൻ പാടില്ല. 2. പാർലമെന്റിലും ക്യാബിനറ്റിലും 50 ശതമാനം സീറ്റുകൾ വനിതകൾക്ക് സംവരണം ചെയ്യുക. 3. ഒരു രാഷ്ട്രീയ പാർട്ടിയിൽ നിന്ന് മറ്റൊന്നിലേക്ക് കൂറുമാറുന്ന എം എൽ എമാരെയും എം.പിമാരെയും അടുത്ത 20 വർഷത്തേക്ക് തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിനും പൊതുപദവികൾ വഹിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തുക. 4. ഏതെങ്കിലും ഒരു സംസ്ഥാനത്ത് നിയമാനുസൃതമായ വോട്ട് ഇല്ലാതാക്കിയാൽ ചീഫ് ഇലക്ഷൻ കമ്മിഷണറെ യു എ പി എ  ചുമത്തി അറസ്റ്റ് ചെയ്യുക. 5.അംബാനിയുടെയും അദാനിയുടെയും ഉടമസ്ഥതയിലുള്ള എല്ലാ മാധ്യമ സ്ഥാപനങ്ങളുടെയും ലൈസൻസ് റദ്ദാക്കുകയും മാധ്യമ സ്വാതന്ത്ര്യത്തിന് വഴിയൊരുക്കുകയും ചെയ്യുക. എന്നിവ പാറ്റപ്പാർട്ടി ഉന്നയിക്കുന്നു.     
                                
കോക്രോച്ച് ജനതാ പാർട്ടിയുടെ വളർച്ച രാജ്യത്തെ യുവജനങ്ങളിൽ കേന്ദ്രസർക്കാരിനെതിരായ അസംതൃപ്തി ശക്തമാകുന്നതിന്റെ സൂചനയാണെന്നാണ് കോൺഗ്രസ് നേതാവ് ശശിതരൂർ പറയുന്നത്. കോക്രോച്ച് ജനതാ പാർട്ടിയുടെ രാഷ്ട്രീയ ആശയത്തോട് കേന്ദ്രവും വിയോജിക്കുന്നു. അതിന്റെ ഭാഗമായാണ് പാർട്ടിയുടെ സാമൂഹിക മാധ്യമ അക്കൗണ്ട് പൂട്ടിച്ചത്. എന്നാൽ പിന്നീട് ഇൻസ്റ്റഗ്രാം പേജ് വീണ്ടെടുക്കുകയും 'എക്‌സിൽ' പുതിയ അക്കൗണ്ടുകൾ ആരംഭിക്കുകയും ചെയ്തു. പാറ്റയെ പിന്തുടരുന്നവരിൽ പകുതിയും പാകിസ്ഥാനിൽ നിന്നുള്ളവരാണെന്ന് കേന്ദ്രമന്ത്രി സുകാന്ത മജൂംദാർ ആരോപിച്ചിരുന്നു. എന്നാൽ തങ്ങളുടെ 94 ശതമാനം ഫോളോവേഴ്‌സും ഇന്ത്യാക്കാരാണെന്നാണ് അമേരിക്കയിൽ താമസിച്ചു കരുക്കൾ നീക്കുന്ന അഭിജിത് ദീപ്‌കെ തെളിവുസഹിതം വ്യക്തമാക്കിയത്. യുവാക്കളെ അതിവേഗം ആകർഷിച്ചു കൊണ്ടിരിക്കുന്ന പാറ്റാപ്പാർട്ടി രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും പ്രതികൂലമായ നടപടികൾക്കാണ് നീക്കം നടത്തുന്നതെങ്കിൽ മുളയിലേ തന്നെ നുള്ളിക്കളയുന്നതാണ് ഉചിതം. അന്ധമായ രാഷ്ട്രീയ വിരോധത്തിന്റെ പേരിലായാലും തൊഴിലില്ലായ്മയുടെ  പേരിലായാലും ജനസംഖ്യയുടെ 65 ശതമാനം വരുന്ന യുവതലമുറയെ ഇന്ത്യയിലൊരു കലാപത്തിന് പാകപ്പെടുത്താൻ അനുവദിക്കരുത്.                  

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img