02:48am 07 November 2026
NEWS
ആർ.എസ്.പിയിൽ ഉരുൾപൊട്ടൽ: സ്ഥാനാർഥി നിർണയ കലഹം പാർട്ടിയെ പിളർത്തുമോ?
14/03/2026  02:09 PM IST
ചവറ സുരേന്ദ്രൻപിള്ള
ആർ.എസ്.പിയിൽ ഉരുൾപൊട്ടൽ: സ്ഥാനാർഥി നിർണയ കലഹം പാർട്ടിയെ പിളർത്തുമോ?

എൻ.കെ.പ്രേമചന്ദ്രൻ എം.പിയുടെ മകൻ കാർത്തിക് പ്രേമചന്ദ്രനെ ഇരവിപുരത്ത് സ്ഥാനാർഥിയാക്കാനുള്ള നീക്കത്തെ ത്തുടർന്നുണ്ടായ തർക്കത്തിൽ പൊട്ടിപ്പുറപ്പെട്ട കലഹം തുടരുകയാണ്. ഇരവിപുരം മണ്ഡലം കമ്മിറ്റി യോഗത്തിലുണ്ടായ കയ്യാങ്കളിയും വാക്കുതർക്കവും മണ്ഡലം സെക്രട്ടറിയുടെയും കൂട്ടരുടെയും രാജിയും പാർട്ടിയെ പിളർപ്പിന്റെ വക്കിലേക്ക് നീക്കുകയാണ്. 
ഇരവിപുരത്തെ സ്ഥാനാർഥിത്വത്തിനായി എൻ.കെ.പ്രേമചന്ദ്രന്റെ മകൻ കാർത്തിക് പ്രേമചന്ദ്രൻ ,എം.എസ്.ഗോപകുമാർ, സജി ഡി. ആനന്ദ്, എൻ. നൗഷാദ് എന്നിവരുടെ പേരുകളായിരുന്നു കമ്മിറ്റിക്കു മുന്നിൽ വന്നിരുന്നത്. കാർത്തിക് പ്രേമചന്ദ്രന്റെ സ്ഥാനാർഥിത്വത്തെ ഷിബു ബേബി ജോണും കൂട്ടരും എതിർത്തു. ഒടുവിൽ സമവായ സ്ഥാനാർഥിയായി ആർ. വൈ.എഫ്. സംസ്ഥാന സെക്രട്ടറി അഡ്വ. വിഷ്ണു മോഹന്റ പേര് തീർച്ചപ്പെടുത്തി. ഭൂരിപക്ഷം അംഗങ്ങളും കാർത്തിക് പ്രേമചന്ദ്രനെ പിന്തുണച്ചിട്ടും ഷിബു ബേബിജോണിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം എതിർത്തതാണ് പാർട്ടിയിലെ ആഭ്യന്തര കലഹത്തിന് വഴി മരുന്നിട്ടത്.  
                                                               
സ്ഥാനാർത്ഥി നിർണയത്തിൽ പ്രതിഷേധിച്ച് രാജി പ്രഖ്യാപിച്ച ഇരവിപുരം മണ്ഡലം സെക്രട്ടറി എൻ. നൗഷാദ് മാർച്ച് നാലിനു നടന്ന യോഗത്തിൽ എത്തിയത് വീണ്ടും പ്രശ്‌നങ്ങൾക്ക് തുടക്കമിട്ടു. നൗഷാദിന്റെ രാജി പാർട്ടി സംസ്ഥാന നേതൃത്വം അംഗീകരിച്ചിരുന്നില്ല. ഇരവിപുരത്ത് എ.എ.അസീസ് മത്സരിക്കുന്നില്ലെന്നു തീരുമാനിച്ച ഘട്ടത്തിൽ പരിഗണിക്കപ്പെട്ട പേരുകളിലൊന്നായിരുന്നു നൗഷാദിന്റേത്. മുതിർന്ന നേതാവും ആർ എസ് പി താൽക്കാലിക സംസ്ഥാന അധ്യക്ഷനുമായ എ.എ.അസീസ് ഉൾപ്പെടെയുളളവരുടെ പിന്തുണ നൗഷാദിനുണ്ടായിരുന്നു. എന്നാൽ സമവായ സ്ഥാനാർത്ഥിയെ തീരുമാനിക്കുന്ന അവസ്ഥയിലേക്ക് എൻ.കെ.പ്രേമചന്ദ്രൻ പാർട്ടിയെ എത്തിക്കുകയായിരുന്നുവെന്ന് നൗഷാദ് ആരോപിച്ചു. ഈ സംഭവത്തിനു പിന്നാലെയാണ് മണ്ഡലം കമ്മിറ്റിയംഗം ബിജു ലക്ഷ്മികാന്തന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ പരസ്യ പ്രസ്താവന നടത്തിയ നൗഷാദിനെ പാർട്ടിയിൽ നിന്നു പുറത്താക്കണമെന്നാവശ്യമുയർന്നത്. തുടർന്നായിരുന്നു വാക്കുതർക്കും കയ്യാങ്കളിയും ഉണ്ടായത്.
                                 
പാർട്ടിയിലെ ഭൂരിഭാഗം കൗൺസിൽ അംഗങ്ങളും കാർത്തിക് പ്രേമചന്ദ്രനെയാണ് പിന്തുണച്ചത്. യുവാവായ കാർത്തിക്കിന് മണ്ഡലത്തിൽ സ്വാധീനം ചെലുത്താൻ കഴിയുമെന്നായിരുന്നു അവരുടെ വാദം. എന്നാൽ ഷിബു ബേബിജോൺ ഉൾപ്പെടെയുള്ള ഒരു വിഭാഗം നേതാക്കൾ ഈ നീക്കത്തെ എതിർത്തു. പാർട്ടിയിൽ കുടുംബ വാഴ്ച കൊണ്ടുവരുന്നതു ഗുണം ചെയ്യില്ലെന്നും വർഷങ്ങളായി പാർട്ടിക്കായി പണിയെടുക്കുന്നവരെ അവഗണിക്കരുതെന്നുമായിരുന്നു ഷിബു ബേബിജോൺ പക്ഷത്തിന്റെ നിലപാട്. കാർത്തിക്കിനു പകരം വിഷ്ണു മോഹനെ സമവായ സ്ഥാനാർഥിയായി നേതൃത്വം പ്രഖ്യാപിച്ചതിനെ തുടർന്ന് പ്രശ്‌നം കൂടുതൽ വഷളാകുകയായിരുന്നു. മണ്ഡലവുമായി നേരിട്ടു ബന്ധമില്ലാത്തതും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കൊല്ലം കോർപ്പറേഷനിലേക്ക് മത്സരിച്ചു തോറ്റ സ്ഥാനാർഥിയുമായ വിഷ്ണു മോഹനെ കെട്ടിയിറക്കിയ സ്ഥാനാർഥിയായാണ് പ്രാദേശിക നേതാക്കൾ കാണുന്നത്. ഇരവിപുരത്ത് ഇത്തരം പരീക്ഷണങ്ങൾ പരാജയത്തിനു കാരണമാകുമെന്ന് പ്രവർത്തകർ ഭയപ്പെടുന്നു. 
                                 
ഷിബു ബേബിജോണിന്റെ ഏകാധിപത്യപരമായ നിലപാടുകളിൽ പ്രതിഷേധിച്ച് സംസ്ഥാന കമ്മിറ്റിയംഗം സജി ഡി. ആനന്ദ് പാർട്ടിയിൽ നിന്നും രാജി വച്ചിരുന്നു. വിജയ സാധ്യത ഇല്ലാത്ത സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ച് മണ്ഡലം സെക്രട്ടറി എൻ. നൗഷാദും രാജിവച്ചിരുന്നു. പ്രേമചന്ദ്രൻ പക്ഷവും ഷിബു ബേബിജോൺ പക്ഷവും തമ്മിലുള്ള പോരാണ് ഇപ്പോൾ പാർട്ടിയിൽ നടക്കുന്നത്. ഇവരുടെ ഈ ആഭ്യന്തരകലഹം കോൺഗ്രസിന്റെ ഉറക്കം കെടുത്തുകയാണ്. വരുന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ ഇത് പ്രതികൂലമായി ബാധിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.    
                
പിളർപ്പിന്റെ ശാപവും പേറിയാണ് ആർ എസ് പി ഇപ്പോഴും നാളുകൾ തള്ളിനീക്കുന്നത്. ആർ എസ് പിയും ആർ എസ് പി -ബിയും 2014 മാർച്ച് 25 ന് ഒന്നിച്ചെങ്കിലും കുറെ നാൾ കൂടി എ.വി.താമരാക്ഷന്റെ ആർ എസ് പി യും ബാബുദിവാകരന്റെ ആർ എസ് പിയും നിലനിന്നിരുന്നു. കോവൂർ കുഞ്ഞുമോന്റെ പേരിൽ ഒരു ആർ എസ് പി യുമുണ്ട്. ആർ എസ് പി യുടെ ചരിത്രം പിളർപ്പിന്റെ ചരിത്രമാണ്. പിളർപ്പുകൾ ആർ എസ് പിക്ക് പുത്തരിയല്ല.    
                     
മാർക്‌സിസ്റ്റ് - ലെനിനിസ്റ്റ് പാർട്ടിയായിട്ടാണ് ആർ എസ് പി യുടെ ഉത്ഭവം. ബംഗാളിന്റെ വിമോചനത്തിനായി രൂപമെടുത്ത 'അനുശീലൻ' പാർട്ടിയുടെ പ്രവർത്തകരിലൂടെയാണ് ബംഗാളിൽ 1940 മാർച്ചിൽ ആർ എസ് പി ജന്മമെടുത്തത്. റവല്യൂഷണി സോഷ്യലിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ് - ലെനിനിസ്റ്റ് ) എന്നായിരുന്നു പാർട്ടി രൂപീകരിച്ചപ്പോഴുളള പേര്. പിന്നീട് 1946 മേയ് മാസത്തിൽ സമ്മേളിച്ച ഒന്നാം അഖിലേന്ത്യാ സമ്മേളനത്തിൽ റവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (ആർ എസ് പി ഐ) എന്നു പേരു മാറ്റം വരുത്തി. 1956 ഏപ്രിലിൽ കൊല്ലത്തു കൂടിയ ആറാം ദേശീയ സമ്മേളനത്തിൽ റവലൂഷണറി സോഷ്യലിസ്റ്റ് പാർട്ടി (ആർ എസ് പി ) എന്നു ഭേദഗതി വരുത്തി. 1949 ലാണ് കേരളത്തിൽ ആർ എസ് പി രൂപീകൃതമായത്. കേരള സോഷ്യലിസ്റ്റ് പാർട്ടിയുടെ( കെ എസ് പി യുടെ) നേതാക്കളായിരുന്ന എൻ.ശ്രീകണ്ഠൻനായരും ബേബി ജോണും കെ.ബാലകൃഷ്ണനും കെ എസ് പിയെ പിളർത്തിയാണ് ആർ എസ് പി രൂപീകരിച്ചത്. 

പിന്നീടുള്ള പിളർപ്പ് 1969 ലായിരുന്നു. ആർ .എം. പരമേശ്വരന്റെ നേതൃത്വത്തിൽ നാഷണൽ ആർ എസ് പി രൂപീകരിച്ചു. 1980 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ എൻ.ശ്രീകണ്ഠൻ നായരുടെ തോൽവിയെ തുടർന്ന് 1981 ൽ ശ്രീകണ്ഠൻനായരുടെ നേതൃത്വത്തിൽ ആർ എസ് പി (എസ്) രൂപീകരിച്ചു. കെ.പങ്കജാക്ഷൻ, കടവൂർ ശിവദാസൻ, കെ സി വാമദേവൻ എന്നിവരായിരുന്നു നേതാക്കൾ. പിന്നീട് കടവൂരും കൂട്ടരും കോൺഗ്രസിലും വാമദേവൻ മാതൃ സംഘടനയിലും ചേർന്നു.             
                                                      
ബേബിജോൺ രോഗശയ്യയിലായതോടെ ആയിരുന്നു പിന്നീടുണ്ടായ പിളർപ്പ്. വി.പി. രാമകൃഷ്ണപിള്ളയും ബാബു ദിവാകരനുമായിരുന്നു ഇരു ചേരികളിൽ. വി.പി. മന്ത്രിയായി ഒരു വർഷം കഴിഞ്ഞതോടെയാണ് ആർ എസ് പി -ബി പിറക്കുന്നത്. ഇത് 1998 ലായിരുന്നു. 1999 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൽ ഡി എഫിനോടൊപ്പം നിന്ന ആർ എസ് പി -ബി പിന്നീട് യുഡിഎഫിൽ ചേക്കേറി. ബാബു ദിവാകരൻ വിട്ടുപോയി. കെ. പങ്കജാക്ഷൻ, വി.പി.രാമകൃഷ്ണപിള്ള, ചന്ദ്രചൂഡൻ, എൻ.കെ.പ്രേമചന്ദ്രൻ തുടങ്ങിയവർ ആർ എസ് പി യിൽ നിന്നു. ഷിബു ബേബിജോൺ മറുപക്ഷത്തായി. 2014 മാർച്ച് എട്ടിന് എൽ ഡി എഫിൽ നിന്ന് ആർ എസ് പി യു ഡി എഫിൽ വന്നതോടെ ആർ എസ് പി -ബി ഇല്ലാതായി. പിന്നീട് കോവൂർ കുഞ്ഞുമോൻ 2016 ൽ മറ്റൊരു ആർ എസ് പി രൂപീകരിച്ചു. 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പ് ആർ എസ് പി യെ വീണ്ടും പിളർത്തുമോ?                                     

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img