11:40pm 22 September 2026
NEWS
ബൈക്ക് ടാക്സി നിരോധനം നീങ്ങുമോ? യുവഡ്രൈവർമാരും യാത്രക്കാരും ആശങ്കയിൽ
11/07/2025  11:52 AM IST
വിഷ്ണുമംഗലം കുമാർ
ബൈക്ക് ടാക്സി നിരോധനം നീങ്ങുമോ..യുവഡ്രൈവർമാരും യാത്രക്കാരും ആശങ്കയിൽ

ബംഗളുരു: ഗതാഗത ക്കുരുക്കിൽ നട്ടംതിരിയുന്ന, ഗ്രാമപ്രദേശങ്ങളിലേക്ക് കടന്നുകയറി ത്വരിതവികസനം സാധ്യമാക്കുന്ന മഹാനഗരത്തിലെ ഒരു വിഭാഗം പതിവുയാത്രക്കാർക്ക് ഏറെ ആശ്വാസമായിരുന്നു ബൈക്ക് ടാക്സികൾ. ട്രെയിൻ, മെട്രോ, ബസ് എന്നിവയിൽ വന്നിറങ്ങുന്നവരും ഓഫീസ് ജീവനക്കാരും ബൈക്ക് ടാക്സികൾ വ്യാപകമായി ഉപയോഗപ്പെടുത്തിയിരുന്നു. താമസസ്ഥലത്തുനിന്ന് ഓഫീസിലേക്കും തിരിച്ചും യാത്ര ചെയ്യാൻ നിത്യവും ബൈക്ക് ടാക്സികളെ ആശ്രയിച്ചിരുന്നവരും ധാരാളമുണ്ടായിരുന്നു. കുറഞ്ഞ ചെലവിൽ ഒരാൾക്ക് വേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്താം എന്നതാണ് ബൈക്ക് ടാക്സിയുടെ പ്രത്യേകത. ഗതാഗതക്കുരുക്കിൽ പലർക്കും കൃത്യസമയത്ത് ഓഫീസിലെത്താൻ ബൈക്ക് ടാക്സികൾ ഒരനുഗ്രഹമായിരുന്നു. കാറുകളും ഓട്ടോകളുമൊക്ക ഗതാഗത തിരക്കിൽ ഒച്ചിഴയുംപോലെ നീങ്ങുമ്പോൾ ബൈക്കുകൾക്ക് അവയ്ക്കിടയിലൂടെ കയറിപ്പോകാൻ കഴിയും. ഓൺ ലൈൻ കാബുകളെയും ആട്ടോകളെയും യാത്രയ്ക്ക് ആശ്രയിക്കുന്നത് ചെലവ് വർധിപ്പിക്കുമെന്ന് മാത്രമല്ല കൃത്യസമയത്ത് എത്തിച്ചേരാൻ സാധിക്കുകയുമില്ല. വാഹനം സ്വന്തമായി ഇല്ലാത്തവരും ഗതാഗതത്തിരക്കിൽ വാഹനമോടിക്കാൻ ഇഷ്ടപ്പെടാത്തവരുമായ നിരവധി ഓഫീസ് ജീവനക്കാരും മറ്റും ബൈക്ക് ടാക്സികളെയാണ് ദിവസവും ആശ്രയിച്ചിരുന്നത്. റാപിഡോ, ഒല തുടങ്ങിയ ഓൺലൈൻ ടാക്സി സ്ഥാപനങ്ങൾ ബൈക്ക് ടാക്സി സർവീസും ആരംഭിച്ചതോടെയാണ് ഈ സംവിധാനം വ്യാപകമായത്. ബൈക്ക് സ്വന്തമായുള്ള വിദ്യാർഥികളും മറ്റു യുവാക്കളും സ്വന്തം ബൈക്കുകൾ ഓൺലൈൻ ടാക്സി സ്ഥാപനങ്ങളിൽ അറ്റാച്ച് ചെയ്ത് പോക്കറ്റ് മണി സമ്പാദിക്കാൻ തുടങ്ങി. യാത്രക്കാരും വ്യാപകമായി ബൈക്ക് ടാക്സികളെ ആശ്രയിക്കാൻ തുടങ്ങി. ബൈക്ക് നൽകി ഓടിക്കാൻ ഡ്രൈവർമാരെ ഏർപ്പെടുത്തുന്ന സ്ഥാപനങ്ങളുണ്ട്. പ്രധാനകേന്ദ്രങ്ങളിൽ നിന്ന് യാത്രക്കാർക്ക് ഈ സ്ഥാപനങ്ങളുടെ ബൈക്കെടുത്ത് സ്വന്തമായി ഓടിച്ചുപോകാനുള്ള സൗകര്യവുമുണ്ടായിരുന്നു. രജിസ്റ്റർ ചെയ്താൽ ബൈക്കുകൾ ലഭിക്കും. ചാർജ്ജ് ഓൺലൈനായി അടക്കുകയും ചെയ്യാം. യാത്രക്കാർ പലയിടങ്ങളിലായി ഉപേക്ഷിക്കുന്ന ബൈക്കുകൾ കമ്പനി ജീവനക്കാർ പിന്നീട് ശേഖരിക്കുകയായിരുന്നു പതിവ്. ബൈക്ക് ടാക്സിക്കാരുടെ എണ്ണം ചുരുങ്ങിയ കാലയളവിൽ കുതിച്ചുയർന്നു. ഒഴിവു സമയങ്ങളിൽ ബൈക്ക് ടാക്സി ഓടിച്ച് വിദ്യാർഥികൾ പോക്കറ്റ് മണി സമ്പാദിച്ചുകൊണ്ടിരുന്നു. പല യുവാക്കൾക്കും അത് ജീവിതോപാധിയായി മാറുകയും ചെയ്തു. ബൈക്ക് ടാക്സികൾ മറ്റൊരു ഗതാഗതപ്രശ്നമായി വളർന്നതിനെ തുടർന്ന് ഗവണ്മെന്റ് ചില നിയന്ത്രണങ്ങൾ കൊണ്ടുവന്നതോടെ തർക്കം കോടതിയിലെത്തി. ഗവൺമെന്റ് വ്യക്തമായ നയം രൂപീകരിക്കുന്നതുവരെ ഇക്കഴിഞ്ഞ ജൂൺ 16 ന് ഹൈക്കോടതി  നിരോധനം ഏർപ്പെടുത്തുമ്പോൾ നഗരത്തിൽ ആറുലക്ഷത്തിലേറെ ബൈക്കുകൾ സർവീസ് നടത്തുന്നുണ്ടായിരുന്നു. അതിൽ ഭൂരിഭാഗവും അത് ജീവിതോപാധിയായി സ്വീകരിച്ചവരാണ്. നിരോധനം വന്നതോടെ നിരവധി യുവാക്കൾക്ക് ജീവിതം വഴിമുട്ടി. യാത്രക്കാർക്കും പ്രയാസം അനുഭവപ്പെട്ടു. ബൈക്ക് ടാക്സിയെ ആശ്രയിച്ചിരുന്നവരിൽ സ്ത്രീയാത്രക്കാരും ധാരാളമുണ്ട്. അവസരം മുതലാക്കി ഓൺലൈൻ കാബുകളും ഓട്ടോകളും അമിത ചാർജ്ജ് ഈടാക്കുന്നതായി പരാതി ഉയരുന്നുണ്ട്. ഓൺലൈൻ ടാക്സികൾക്ക് പീക് അവറുകളിൽ ഇരട്ടി ചാർജ്ജ് ഈടാക്കാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടത് ഈയിടെയാണ്. അതിന്റെ മറവിൽ തിരക്കില്ലാത്ത സമയങ്ങളിലും അമിത ചാർജ്ജ് ഈടാക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. സാധാരണ ഓട്ടോകളാവട്ടെ പിടിച്ചുപറി തുടരുകയും ചെയ്യുന്നു. ഗതാഗത വാഹനമായാണ് ബൈക്കുകൾ രജിസ്റ്റർ ചെയ്യുന്നതെന്നും ഒരാളെ പിന്നിൽ ഇരുത്തി കൊണ്ടുപോകാൻ അനുവാദമുണ്ടെന്നും അതിനാൽ ബൈക്ക് ടാക്സിയ്ക്ക് അനുമതി നൽകണമെന്നും അപേക്ഷിച്ചുകൊണ്ട് ഓൺലൈൻ ടാക്സി കമ്പനികളും ബൈക്ക് ടാക്സി ഡ്രൈവേഴ്സ് അസോസിയേഷനും കോടതിയെ സമീപിച്ചിട്ടുണ്ട്. മാർഗ്ഗരേഖ തയ്യാറാക്കി കോടതിയിൽ സമർപ്പിക്കാൻ ഗവണ്മെന്റിനോടും അവർ അഭ്യർത്ഥിച്ചിട്ടുണ്ട്. നിരോധനം വന്നതോടെ ആപ്പുകൾ നിലച്ചെങ്കിലും സൗഹൃദവും മുൻ പരിചയവും ഉപയോഗപ്പെടുത്തി പലരും ഒളിഞ്ഞും പതുങ്ങിയും ബൈക്ക് ടാക്സികൾ ഓടിക്കുന്നുണ്ട്. യാത്രക്കാരും പരിചയമുള്ള ബൈക്കുകാരെ വിളിച്ച് സർവീസ് ആവശ്യപ്പെടുന്നുണ്ട്. സ്ത്രീകൾ ഉൾപ്പെടെ നിരവധി യാത്രക്കാർ ബൈക്ക് ടാക്സികൾ വേണമെന്ന അഭിപ്രായക്കാരാ ണ്‌.ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധിയുണ്ടാകുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img