02:14am 04 August 2026
NEWS
മൈസൂർസോപ്പിന്റെ ചന്ദനസുഗന്ധത്തിന് തമന്നയുടെ മാദകഭംഗി ചേരുമോ? വിവാദം കൊഴുക്കുന്നു; പ്രതിഷേധവും
24/05/2025  11:08 AM IST
വിഷ്ണുമംഗലം കുമാർ
മൈസൂർസോപ്പിന്റെ ചന്ദനസുഗന്ധത്തിന് തമന്നയുടെ മാദകഭംഗി ചേരുമോ.  വിവാദം കൊഴുക്കുന്നു; പ്രതിഷേധവും

ബംഗളുരു: കർണാടകത്തിന്റെ സാംസ്‌കാരികത്തനിമയുടെ പ്രതീകങ്ങളിലൊന്നാണ് മൈസൂർ സാൻഡൽ സോപ്പ്. കന്നഡനാടിനെപറ്റി ഓർക്കുമ്പോൾ ഏവരുടെയും മനസ്സിൽ തെളിയുന്ന ചന്ദനസുഗന്ധവും ഗുണമേന്മയുമുള്ള ഉൽപ്പന്നം. സംസ്ഥാനത്തിന്റെ ഉടമസ്ഥതയിലുള്ള കർണാടക സോപ്പ്സ് ആൻഡ് ഡിറ്റർജെന്റ്‌സ് ലിമിറ്റഡ്( കെ എസ് ഡി എൽ) എന്ന സ്ഥാപനമാണ് ഈ സോപ്പ് ഉൽപ്പാദിപ്പിക്കുന്നത്. സോപ്പിന് പുറമെ ഡിറ്റർജന്റ്സ്, ചന്ദനതൈലം, സുഗന്ധലേപനങ്ങൾ, ഹാൻഡ് വാഷ് എന്നിങ്ങനെ വൈവിധ്യമാർന്ന നിരവധി ഉൽപ്പന്നങ്ങൾ കെ എസ് ഡി എൽ നിർമ്മിക്കുന്നുണ്ട്. ബംഗളുരുവിലെ യശ്വന്തപുരത്താണ് പ്രധാന ഫാക്ടറിയും ആസ്ഥാനവും.109 വർഷം മുമ്പ് 1916 ൽ മൈസൂർ രാജാവ് കൃഷ്ണരാജ വൊഡയാറാണ് സോപ്പുഫാക്ടറി ആരംഭിച്ചത്. മൈസൂർ സാൻഡൽ സോപ്പ് ലോകമൊട്ടാകെ സുഗന്ധം പരത്താനും പതിനായിരങ്ങളുടെ മനം കവരാനും അധികകാലം വേണ്ടിവന്നില്ല. കന്നഡനാടിന്റെ മഹത്തായ പൈതൃകത്തിന്റെ പ്രതീകവും അഭിമാനവുമാണ് മൈസൂർ സാൻഡൽ സോപ്പും ഉപോൽപ്പന്നങ്ങളും. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 415 കോടിയായിരുന്നു കെ എസ് ഡി എല്ലിന്റെ വിറ്റുവരവ്. ബോളിവുഡ് നടി തമന്നയെ മൈസൂർ സോപ്പിന്റെ ബ്രാൻഡ് അമ്പാസഡർ ആക്കിയ ഗവണ്മെന്റ് തീരുമാനം വിവാദമായിരിക്കുകയാണ്. പ്രതിഷേധവും ശക്തിപ്പെടുന്നു. 6.2 കോടി രൂപ പ്രതിഫലം നൽകിയാണ് തമന്നയെ രണ്ടു വർഷത്തേക്ക് ബ്രാൻഡ് അബാസഡറായി നിയോഗിച്ചിട്ടുള്ളത്. തമന്ന മൈസൂർ സോപ്പിന്റെ പരസ്യത്തിന് അനുയോജ്യമല്ലെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. കർണാടകത്തിൽ തന്നെ സെലിബ്രിറ്റികളുള്ളപ്പോൾ പുറത്തുനിന്ന് ഒരാളെ കോടികൾ നൽകി കൊണ്ടുവരേണ്ട ആവശ്യമെന്താണെന്ന് കന്നഡ സംഘങ്ങൾ ചോദിക്കുന്നു. ബ്രാൻഡ് അബാസഡർ ഇല്ലാതെയെല്ലേ 415 കോടിയുടെ വരുമാനമുണ്ടായത്? ബ്രാൻഡ് അബാസഡർ കൂടിയേ തീരു എങ്കിൽ അനുയോജ്യരായവർ ഈ നാട്ടിലില്ലേ? പ്രതിഷേധക്കാർ ചോദിക്കുന്നു.പലരെയും നോക്കിയിരുന്നെങ്കിലും ഒത്തുകിട്ടിയില്ലെന്ന് വ്യവസായ മന്ത്രി എം ബി പാട്ടീൽ വ്യക്തമാക്കി. "ദീപിക പദുക്കോണിനെയാണ് ആദ്യം സമീപിച്ചത്. അവരുടെ ബഡ്ജറ്റ് താങ്ങാനാവാത്തതിനാൽ പിൻവാങ്ങുകയായിരുന്നു" മന്ത്രി പറഞ്ഞു. "മൈസൂർ സോപ്പിന്റെ 82 ശതമാനം വില്പനയും സംസ്ഥാനത്തിന് പുറത്താണ്. അത് പരിഗണിച്ചാണ് പുറത്തുള്ളവരെ ബ്രാൻഡ് അംബാസഡറാക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ വർഷം വിറ്റുവരവിൽ പതിനഞ്ചു ശതമാനം വർധനവുണ്ടായി. 2028 ഓടെ വിറ്റുവരവ് 5000 കോടിയാക്കാനാണ് ഗവണ്മെന്റ് ലക്ഷ്യമിടുന്നത്.വിജയപുരയിൽ കെഎസ് ഡി എല്ലിന്റെ  യൂണിറ്റ് ആരംഭിക്കാനും ഉദ്ദേശിക്കുന്നുണ്ട്" വ്യവസായ മന്ത്രി വിശദീകരിച്ചു. അതേസമയം തമന്നയെ ബ്രാൻഡ് അംബാസഡർ സ്ഥാനത്തുനിന്ന് മാറ്റണമെന്ന ആവശ്യം ശക്തിപ്പെടുകയാണ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img