
കേന്ദ്ര വഖഫ് നിയമത്തെ പാർലമന്റിൽ പിന്തുണക്കുമെന്ന് ഫ്രാൻസിസ് ജോർജ് എംപി. നീതിക്കും ന്യായത്തിനും വേണ്ടി ആരോടും സഹകരിക്കാൻ താനും തന്റെ പാർട്ടിയും തയ്യാറാണെന്നും കേരള കോൺഗ്രസ് നേതാവ് വ്യക്തമാക്കി. മുമ്പം ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന റിലേ നിരാഹാര സത്യാഗ്രഹ സമരത്തിൽ സംസാരിക്കവെയാണ് യുഡിഎഫ് നിലപാട് തള്ളി ഫ്രാൻസിസ് ജോർജ് രംഗത്തെത്തിയത്.
ഒരു ജനപ്രതിനിധി എന്ന നിലയിലും ഒരു രാഷ്ട്രീയപ്പാർട്ടി പ്രതിനിധി എന്ന നിലയിലും പുതിയ കേന്ദ്ര വഖ്ഫ് നിയമത്തോട് നൂറ് ശതമാനം യോജിക്കുന്നുവെന്ന് ഫ്രാൻസിസ് ജോർജ് പറഞ്ഞു. തന്റെയും പാർട്ടിയുടെയും സുവ്യക്തമായ നിലപാട് അതാണ്. പാർലമെന്റിൽ ബിൽ വരുമ്പോൾ ആ നിലപാട് തങ്ങൾ വ്യക്തമാക്കി പിന്തുണക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്രസർക്കാർ സമ്മർദങ്ങൾക്കു വഴങ്ങി ഈ ബില്ല് അവതരണത്തിൽനിന്ന് പിന്നോട്ടുപോവരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുനമ്പത്ത് സ്വാഭാവിക നീതി ഉറപ്പാക്കണം. അതിൽ മായം ചേർക്കരുത്. അക്കാര്യത്തിൽ വളരെ ഉറച്ച നിലപാടുകാരാണ് തങ്ങൾ. ബില്ലിന്റെ ചർച്ച നടക്കുമ്പോൾ ഇക്കാര്യങ്ങളിൽ ഉറച്ച നിലപാട് സ്വീകരിക്കും. അതിലൂടെ ശാശ്വത പരിഹാരമുണ്ടാക്കാൻ കഴിയുമെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു.











