NEWS
സുനിൽ കനഗോലു കേരളത്തിലെ കോൺഗ്രസ്സിനെ ചതിക്കുമോ?
28/02/2026 01:21 PM IST
അഡ്വ. എം. മനോഹരൻപിള്ള

കേരളത്തിന്റെ കോൺഗ്രസ് നിയമസഭാ തെരഞ്ഞെടുപ്പ് ഗോദയിൽ ഒന്നാം നമ്പർ ലിസ്റ്റിലുള്ളവരിൽ പ്രമുഖൻ രമേശ് ചെന്നിത്തല തന്നെ. കെ.എസ്.യു പ്രസിഡന്റ്, എൻ.എസ്.യു.ഐ അഖിലേന്ത്യാ പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യാ ജനറൽ സെക്രട്ടറി, അഖിലേന്ത്യാ പ്രസിഡന്റ്, എ.ഐ.സി.സി സെക്രട്ടറി, എം.എൽ.എ- എം.പി, 8 കൊല്ലം കെ.പി.സി.സി പ്രസിഡന്റ്, 2004 ൽ കേന്ദ്ര മന്ത്രിയാകാനുള്ള ഭാഗ്യം കൈവെള്ളയിൽ. മാവേലിക്കരയിൽ തോറ്റു, തോൽപ്പിച്ചു. പിന്നെ 2011 ൽ ജയിച്ചെങ്കിലും ഉപമുഖ്യമന്ത്രി സ്ഥാനവും ആഭ്യന്തരമന്ത്രിയും എന്ന കരാർ ലംഘിക്കപ്പെട്ടു. തുടർന്ന് സോണിയാഗാന്ധി ഇടപെട്ട് ആവശ്യപ്പെട്ടപ്പോൾ ഉമ്മൻചാണ്ടി സമ്മതിച്ചു. ആഭ്യന്തരമന്ത്രിയായി. 2016 ൽ ഉമ്മൻചാണ്ടി ജീവിച്ചിരിക്കുമ്പോൾ തന്നെ രമേശൻ പ്രതിപക്ഷ നേതാവായി. 2021 ൽ 2019 ലെ ലോക്‌സഭാ വിജയത്തെ മറികടന്ന് പിണറായി രണ്ടാംവട്ട അധികാരം പിടിച്ചു. പരാജയത്തിന്റെ ഉത്തരവാദിത്തം ചാർത്തി പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് നീക്കി, എ-ഐ ഗ്രൂപ്പുകളെ അട്ടിമറിച്ച ഗ്രൂപ്പുകൾക്കും ജാതികൾക്കും മതങ്ങൾക്കും അതീതനായ ഒരു പ്രതിപക്ഷ നേതാവായി വി.ഡി. സതീശനെ നിയോഗിച്ചുകൊണ്ട് കേരളത്തിലെ കോൺഗ്രസ്സ് ജനാധിപത്യത്തിലെ ആദ്യത്തെ അട്ടിമറി നടത്തി. കോൺഗ്രസ്സിലെ ഐ ഗ്രൂപ്പ് വിട്ട് വയലാർ രവിയുടെ നാലാം ഗ്രൂപ്പിലേക്ക് ചേക്കേറിയ കെ. സുധാകരനെ തീയ്യ- ഈഴവ പ്രാതിനിധ്യപ്രകാരം ഗ്രൂപ്പില്ലാ രാജ്യത്തെ മുറിമൂക്കൻ രാജാവ് എന്നുപറയും പോലെ കെ.പി.സി.സി പ്രസിഡന്റാക്കി. ഇതിനുരണ്ടിനും ദൽഹിയിൽ നിന്ന് ചരടുവലിച്ചത് കെ.സി. വേണുഗോപാലാണ്.
വി.ഡി. സതീശനെതിരേ ആദ്യം മുറുമുറുപ്പ് തുടങ്ങിയത് കെ. സുധാകരനാണ്. ശിവഗിരിയിലും കണിച്ചുകുളങ്ങരയിലും കയറിയിറങ്ങിയുള്ള കെ. സുധാകരനെ പിടിച്ചുകെട്ടാൻ സതീശൻ ആശ്രയിച്ചത് കെ.സി. വേണുഗോപാലിനെ തന്നെയാണ്. അങ്ങനെയാണ് ഒരു ക്രിസ്ത്യൻ കെ.പി.സി.സി പ്രസിഡന്റ് എന്ന ആശയം മുളപ്പിച്ചെടുത്തത്. എ ഗ്രൂപ്പിന്റെ പഴക്കവും പരിചയവുമുള്ള രണ്ട് എം.പിമാരായ ബെന്നി ബെഹ്‌നാനെയും ആന്റോ ആന്റണിയെയും പേരെടുത്തുവിട്ടത്. എ വിഭാഗത്തിന്റെ രണ്ട് ഗ്രൂപ്പ് മാനേജരന്മാരായ എം.പി മാരെ വച്ചാൽ കെ.പി.സി.സി അവർ കയ്യിലൊതുക്കും എന്ന സതീശന്റെ ആശങ്ക പങ്കുവച്ചപ്പോഴാണ് കണ്ണൂരിൽ നിന്നുള്ള കുടിയേറ്റ ക്രിസ്ത്യാനിയായ സണ്ണിജോസഫിനെ കെ.സി കണ്ടെത്തിയത്. കെ. സുധാകരന്റെ ശിഷ്യനായ സണ്ണിജോസഫിനെ വച്ചതുവഴി മുള്ളിനെ മുണ്ടുകൊണ്ടെടുപ്പിച്ചു.
എസ്.എൻ.ഡി.പി ബന്ധമുള്ള അടൂർ പ്രകാശിനെ യു.ഡി.എഫ് കൺവീനറാക്കി. വി.ഡി. സതീശൻ പുതുയുഗ യാത്ര നടത്തി തിരുവനന്തപുരത്തെത്തുമ്പോൾ കെ.പി.സി.സി പ്രസിഡന്റായി ഷാഫിപറമ്പിലും, വർക്കിംഗ് പ്രസിഡന്റായി കെ.ആർ. അനിൽകുമാറും കെ.പി.സി.സിയുടെ ഭരണം പൂർണ്ണമായും കീഴ്‌പ്പെടുത്തി കെ.സിക്ക് പൂർണ്ണമായും പരവതാനി വിരിച്ചിരിക്കും. കേന്ദ്രമന്ത്രി, കേരള സംസ്ഥാന മന്ത്രി, എം.പി, എം.എൽ.എ, കെ.എസ്.യു പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് പ്രസിഡന്റ്, സർവ്വോപരി രാഹുൽഗാന്ധി കഴിഞ്ഞാലുള്ള കോൺഗ്രസ്സിന്റെ മുടിചൂടാമന്നൻ. പിന്നെ പയ്യന്നൂർ സുബ്രഹ്മണ്യന്റെ അനുഗ്രഹം.
പുതുയുഗയാത്രയിൽ എത്ര തൊണ്ട കീറിയാലും തന്റെ സീനിയോറിറ്റിയും ഭരണപരിചയവും വെല്ലുവിളിയും ഏറ്റെടുത്ത കെ.സി തട്ടുകടകളിലെ അമ്മച്ചിമാരോടും തൊഴിലുറപ്പുകാരായ സ്ത്രീകളുടെ ആവലാതികളും പങ്കിടുന്നു.
കർണ്ണാടക ഇന്റലിജൻസ് റിപ്പോർട്ട് ആരുടെ സൃഷ്ടി?
കർണ്ണാടകത്തിലേയും കേരളത്തിലേയും ഭാഷകൾ തമ്മിൽ ഒരു താരതമ്യവും ഇല്ലായിരുന്നു എന്നത് ഒരു സത്യം. തമിഴും മലയാളവും തമ്മിൽ ഒരുപാട് സാമ്യതകളുണ്ട് താനും. കർണ്ണാടക മുഖ്യമന്ത്രിയായിരുന്ന വീരേന്ദ്രപാട്ടീൽ, ബംഗാരപ്പ എന്നിവരുമായി സംസാരിക്കാൻ പണ്ട് കെ. കരുണാകരൻ സാർ പീതാംബരക്കുറുപ്പ് ചേട്ടനെ കൂടെ കൊണ്ടുപോകുമായിരുന്നു എന്ന് കേട്ടിട്ടുണ്ട്. പണ്ട് പഞ്ചാബിന്റെ സ്ഥാനാർത്ഥി നിർണ്ണയ ചുമതലയുണ്ടായിരുന്നപ്പോൾ ദൽഹിയിലുണ്ടായിരുന്ന ഹരിപ്പാട്ടുകാരൻ ആർ.കെ. കുറുപ്പായിരുന്നു ലീഡറുടെ ഭാഷാസഹായി. യൂത്ത് കോൺഗ്രസ്സിന്റെ ഒരു പഞ്ചാബുകാരൻ അഖിലേന്ത്യാ പ്രസിഡന്റിന്റെ ഒരു ഇന്റർവ്യൂ എടുക്കാൻ സംസ്ഥാന പ്രസിഡന്റായിരുന്ന കെ.സി. വേണുഗോപാൽ കോഴിക്കോട് വച്ച് ഏർപ്പാട് ചെയ്തുതന്ന ദ്വിഭാഷിയും ആർ.കെ. കുറുപ്പായിരുന്നു.
ഇത്രയും കട്ടിഭാഷയായ കന്നടത്തിലെ കനഗോലുവിനെ കേരളത്തിലെ തെരഞ്ഞെടുപ്പ് സർവ്വേ ഏൽപ്പിച്ചതിനു പിന്നിലെ ബുദ്ധി ആരായിരുന്നു?
ആ റിപ്പോർട്ട് പ്രകാരം പിണറായി നയിക്കുന്ന എൽ.ഡി.എഫിനാണ് വിജയസാധ്യത കൽപ്പിക്കുന്നത്. കർണ്ണാടക പോലീസ് കൊടുത്ത റിപ്പോർട്ട് വച്ചുകൊണ്ടാണ് സുനിൽ കനഗോലുവിന്റെ സർവ്വേ ടീം കേരളത്തിൽ നിരീക്ഷണങ്ങൾ നടത്തിയത്.
ആ റിപ്പോർട്ട് ആധാരമാക്കി കനഗോലു നടത്തുന്ന നിഗമനങ്ങൾ കോൺഗ്രസിനെ ചതിക്കലായി പരിണമിക്കപ്പെടും.
അഞ്ച് സീറ്റുകളും 39 മണ്ഡലങ്ങളും
കഴിഞ്ഞ തദ്ദേശഭരണ കണക്കുപ്രകാരം 57 സീറ്റാണ് എൽ.ഡി.എഫിന് മാധ്യമങ്ങൾ കണക്കാക്കിയിരുന്നത്. കോൺഗ്രസിന് 81 തികയ്ക്കാൻ വീണ്ടും 40 സീറ്റുകൾ അധികമായി പിടിക്കണം. ഭരണവിരുദ്ധ വികാരം മുതലെടുത്താൽ ഒരു മണ്ഡലത്തിൽ 15000 മുതൽ 25000 വോട്ടുകൾ വരെ ഈ അക്കൗണ്ടിൽ എൽ.ഡി.എഫിന് കുറയുമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടുന്നത്.
ഭരണവിരുദ്ധവികാരം ഭരണത്തിനെതിരെയുണ്ടെങ്കിലും നിയോജകമണ്ഡലത്തിലെ സിറ്റിംഗ് എം.എൽ.എമാർക്ക് എതിരെ ഇല്ല എന്നത് ഒരു യാഥാർത്ഥ്യമാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകൾ കനഗോലുവിന്റെ കണക്കിൽ ഡെയിഞ്ചർ സോണിലാണ്. യു.ഡി.എഫിന്റെ കൈവശമുള്ള അഞ്ച് മണ്ഡലങ്ങളിൽ കോട്ടയം, പുതുപ്പള്ളി, ഹരിപ്പാട് ഒഴിച്ചുള്ള കുണ്ടറയ്ക്കും കോവളത്തിനും വൻഭീഷണിയുണ്ട്. 34 ൽ ഭൂരിഭാഗം മണ്ഡലങ്ങളിലും എൽ.ഡി.എഫ് എം.എൽ.എമാർക്ക് എതിരായി ഭരണവിരുദ്ധം ഇല്ല. പിണറായി തെരഞ്ഞെടുപ്പിന് നേതൃത്വം നൽകുന്നു എന്നതൊഴിച്ചാൽ മുഖ്യമന്ത്രിയായി പാർട്ടി നിശ്ചയിച്ചിട്ടില്ല. വീണ്ടും മത്സരിക്കാൻ അവസരം കിട്ടിയതോടെ എം.എൽ.എമാർ സംതൃപ്തരാണ്. ഭരണവിരുദ്ധവികാരം പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ ചുമതലയിലാക്കി അവർ സ്വതന്ത്രരായി പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. സി.പി.എംന്റെ വഴിയിലൂടെയാണ് സി.പി.ഐയും നീങ്ങുന്നത്.
സി.പി.എം ഉം സുനിൽ കനഗോലുവും ബി.ജെ.പിയുടെ നീക്കങ്ങളെ കണ്ടില്ലെന്ന് നടിക്കുകയാണ്. എന്ത് അപകടം അവർ സൃഷ്ടിക്കുമെന്ന് ഫലം വന്നുകഴിയുമ്പോഴേ അറിയൂ. മുസ്ലീം-ക്രിസ്റ്റ്യൻ വോട്ടുകളുടെ ഹുങ്ക് ആദ്യം ബാധിക്കുന്നത് കോൺഗ്രസ്സിനെ ആണ്. ഹിന്ദുവോട്ടിൽ ഒരു മൃഗീയപങ്ക് ബി.ജെ.പി കൊണ്ടുപോയാൽ കോൺഗ്രസ്സ് പിടിക്കുന്ന ഭരണവിരുദ്ധ വോട്ടിന്റെ ഒരു പങ്കും ചേരുമ്പോൾ എൽ.ഡി.എഫിനും യു.ഡി.എഫിനും ഭീഷണിയാകും. എന്തായാലും മഞ്ചേരശ്വത്തും മറ്റും നടന്നപോലെയുള്ള ബി.ജെ.പി വിരുദ്ധ അന്തർധാരയുടെ കാലം കഴിഞ്ഞിരിക്കുന്നു.
കനഗോലുവിന്റെ സീറ്റുതട്ടലുകൾ ദീപാദാസ് മുൻഷിയെയും കടത്തിവെട്ടുന്നു
എം.എം. ഹസ്സൻ, വി.എസ്. ശിവകുമാർ, പന്തളം സുധാകരൻ, പഴകുളം മധു, ബിന്ദുകൃഷ്ണ, ചാമക്കാല, പാലോട് രവി, കെ.സി. അബു, അരിതാബാബു, ഷാനിമോൾ ഉസ്മാൻ,അഡ്വ. ലാലി വിൻസന്റ് തുടങ്ങിയ നേതാക്കളാണ് സുനിൽ കനഗോലുവിന്റെ ഹിറ്റ് ലിസ്റ്റിൽപ്പെട്ട നേതാക്കൾ. ഈ നേതാക്കൾ പലരും കെ.സി. വേണുഗോപാൽ, ദീപാദാസ് മുൻഷി, വി.ഡി. സതീശൻ എന്നീ നേതാക്കൾ മുഖേന സീറ്റുകളാവശ്യപ്പെട്ടിട്ടുണ്ട്.
കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും തനിക്ക് താൽപ്പര്യമുള്ളവരുടെ പേരുകൾ ദീപാദാസ് മുൻഷി മുഖേനയാണ് സുനിൽ കനഗോലുവിന്റെ സർവ്വേ ടീമിന്റെ ലിസ്റ്റിൽ എത്തിക്കുന്നത്.
ബി.ജെ.പിയിൽ നിന്നും സി.പി.എമ്മിൽ നിന്നും ആളെ പിടിച്ച് സ്ഥാനാർത്ഥികളാക്കുന്നത് പി.വി അൻവറിന്റെ കാര്യത്തിൽ മുൻപ് സ്വീകരിച്ചിരുന്ന നിലപാടിൽ നിന്നുള്ള വ്യതിചലനമാണ്. അൻവറിന്റെ എം.എൽ.എ പ്രവർത്തികൾ നിലമ്പൂരിന്റെ തോട്ടം തൊഴിലാളികളോട് അന്വേഷിക്കാവുന്നതാണ്. അൻവറിനെ സി.പി.എമ്മും പിണറായിയും വലിയൊരു പരിധിവരെ സഹായിക്കുകയായിരുന്നു. പിണറായിസം എന്നൊരു ഇസമില്ല. അൻവറിന്റെ ഒരു സൃഷ്ടി മാത്രമാണ്.
കൊട്ടാരക്കരയിലെ ജയന്റ് കില്ലറൊന്നുമല്ല ഐഷാപോറ്റി. നൂറ്റാണ്ടുകളുടെ പഴക്കവും പാരമ്പര്യവുമുള്ള കൊട്ടാരക്കരക്കാരുടെ വൈര്യമാണ് ഐഷാപോറ്റിക്ക് ജയന്റ് കില്ലർ പദവി നേടിക്കൊടുത്തത്.
കൊട്ടാരക്കരയിൽ 1970 ൽ ആർ. ബാലകൃഷ്ണപിള്ളയെ തോൽപ്പിച്ച ഒരു ജയന്റ് കില്ലർ ഉണ്ടായിരുന്നു. സി.എം. സ്റ്റീഫൻ വരെ അടിയറവ് പറഞ്ഞ മണ്ണിൽ സാക്ഷാൽ കൊട്ടറ ഗോപാലകൃഷ്ണൻ. അതിനുശേഷം 2021 വരെ ബാലകൃഷ്ണപിള്ള കോൺഗ്രസ്സ് മുന്നണി വിട്ടിട്ടില്ല.
ഇടയ്ക്കിടയ്ക്ക് ലോക്‌സഭയിലേക്ക് കൊടിക്കുന്നിൽ വന്നു മത്സരിച്ചതല്ലാതെ ഒറ്റകോൺഗ്രസ്സുകാരനും അവിടെ നിയമസഭാ സ്ഥാനാർത്ഥിയായിട്ടില്ല. സുരേഷിന്റെ വിജയവും പിള്ളയ്ക്ക് അസ്വാരസ്യമുണ്ടാക്കിയിട്ടുണ്ട്. 2021 ൽ നിയമസഭയിലേക്ക് മത്സരിച്ച ആർ. രശ്മിയായിരുന്നു കോൺഗ്രസ്സ് സ്ഥാനാർത്ഥി.
എൻ.എസ്.എസിന്റെ ഡയറക്ടർ ബോർഡംഗമായിരുന്ന കലഞ്ഞൂർ മധുവിന്റെ അനുജനും റെയിൽവേ കോൺട്രാക്ടറുമായിരുന്നതിന്റെ പിന്തുണ ഉണ്ടായിട്ടും പതിനായിരം ഭൂരിപക്ഷമാണ് കെ.എൻ. ബാലഗോപാൽ നേടിയത്. എന്നാൽ ധനകാര്യമന്ത്രി എന്ന നിലയിൽ ബാലഗോപാൽ പിന്തുണ മെച്ചപ്പെടുത്തിയിട്ടുണ്ട്. ആർ. രശ്മിക്ക് കൊട്ടാരക്കരയിലെ കോൺഗ്രസ്സുകാർ നൽകിയ പിന്തുണ ഐഷാപോറ്റിക്ക് കിട്ടില്ല. ഈ പശ്ചാത്തലം അറിയാതെയുള്ള കനഗോലുവിന്റേയും കളിയിൽ ആർ. രശ്മി എന്നൊരു ബി.ജെ.പി സ്ഥാനാർത്ഥി ഒളിഞ്ഞുകിടപ്പുണ്ട്. അത് കൊട്ടാരക്കര പോര് കടുപ്പിക്കും.
മലമ്പുഴയിൽ എന്തും സംഭവിക്കാം?
2001 ലും 2006 ലും ആണ് മലമ്പുഴ മണ്ഡലം വി.എസ് പിടിച്ചെടുത്തത്. ആദ്യം പാർട്ടിയിൽ നിന്ന്. പിന്നെ മലമ്പുഴയിലെ ജനങ്ങളിൽ നിന്ന്. 2001 ൽ ആദ്യം പാർട്ടി തീരുമാനിച്ചത് എ. പ്രഭാകരനെയാണ്. പിന്നെയാണ് പോളിറ്റ് ബ്യൂറോ ഇടപെട്ട് വി.എസ്സിന് സീറ്റ് നൽകിയത്. അന്ന് സമദൂരത്തിലായിരുന്ന എൻ.എസ്.എസ് ചേർത്തലയിൽ എ.കെ. ആന്റണിയെയും, മലമ്പുഴയിൽ വി.എസിനെയും പിന്തുണച്ചു. വി.എസിന്റെ എതിരാളി കണ്ണൂർകാരൻ സതീശൻ പാച്ചേനി ആയിരുന്നു. വി.എസിന്റെ ഭൂരിപക്ഷം 4703 വോട്ടുമാത്രമായിരുന്നു. എൻ.എസ്.എസ് സഹായിച്ചില്ലായിരുന്നെങ്കിൽ വി.എസ് ജയിക്കില്ലായിരുന്നു എന്ന് സതീശന്റെ പരാതി എനിക്ക് ഓർമ്മയുണ്ട്. സതീശൻ ഇപ്പോൾ ജീവിച്ചിരിപ്പില്ല.
വി.എസിന് പകരക്കാരൻ വി.എസ് മാത്രമേയുള്ളൂ. അരുൺ കുമാർ പോലും വി.എസിന് പകരക്കാരനാവില്ല. പിന്നെ മകൻ എന്ന സ്ഥാനം അത്ര ചെറുതല്ല. പിന്നെ പി.എയും പി.ആർ.ഒയും പീയൂണും ഒന്നുമാകില്ല. പാർട്ടിക്കുള്ളിലെ വാർത്തകൾ ചോർത്തിക്കൊടുക്കുകയും പത്രം ആഫീസുകളിൽ കൊണ്ടുകൊടുക്കുകയും ഒക്കെ ചെയ്യുന്നവരെ പിണറായി പുറത്താക്കി ശ്രേഷ്ഠന്മാരാക്കിയപ്പോൾ കിട്ടിയ അംഗീകാരത്തിന്റെ പിന്നാലെയാണ് യു.ഡി.എഫ് സ്ഥാനാർത്ഥിത്വവും കൊണ്ടുനടക്കുന്നത്.
പുതിയതാരം പ്രേംകുമാറാണ്. എനിക്ക് വർഷങ്ങൾക്ക് മുൻപ് മുതൽ എം.എൽ.എ ക്വാർട്ടേഴ്‌സിന്റെ പഴയ ബ്ലോക്കിൽ ഇരിക്കൂർ മുൻ എം.എൽ.എയും സാംസ്‌ക്കാരിക മന്ത്രിയുമായിരുന്ന കെ.സി. ജോസഫിന്റെ മുറിയിൽ സിനിമാഭ്രാന്തുമായി നടന്ന അനുജൻ ബേബിയെ കാണാൻ കയറിയിറങ്ങി നടന്നിരുന്ന പ്രേംകുമാറിനെ അറിയാം. പ്രേംകുമാർ പിന്നെ താരമായി. പി. കൃഷ്ണപിള്ളയുടെ റോളിൽ അഭിനയിച്ച കഥ പ്രേംകുമാർ പറയുന്നതുകേട്ടു. എ.കെ.ജിയുടെ റോൾ അഭിനയിച്ച ഒരു സിനിമാനടൻ കണ്ണൂർ പാർലമെന്റ് സീറ്റിനുവേണ്ടി പാർട്ടിയിൽ ചെന്ന കഥ കേട്ടിട്ടുണ്ട്. പിണറായിക്കും ആന്റണിക്കും ഉമ്മൻചാണ്ടിക്കും വേണ്ടി മിമിക്രി റോളുകൾ എടുത്തവർ ധർമ്മടത്തും ചേർത്തലയും പുതുപ്പള്ളിയും ഒക്കെ ചെന്നാൽ എന്താകും സ്ഥിതി. അതേപോലെ വർഷങ്ങളായി പിണറായിയുടെ വീട്ടിലും ഓഫീസിലും ശിപായിപ്പണി ചെയ്യുന്നവരെ തപ്പിയെടുത്ത് ധർമ്മടത്ത് യു.ഡി.എഫ് സ്ഥാനാർത്ഥിയാക്കിയാൽ എന്തായിരിക്കും അവസ്ഥ. കനഗോലുവിനെ കോൺഗ്രസ്സുകാർ തല്ലാതെ വിട്ടാൽ കൊള്ളാം.
ദൽഹി ഫോർമുല വി.ഡി. സതീശൻ അംഗീകരിക്കുമോ?
2026 ൽ കേരളത്തിനോടൊപ്പം തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനമാണ് ആസാം. കോൺഗ്രസ്സിന്റെ മുൻ പി.സി.സി അദ്ധ്യക്ഷൻ ഭൂപേൻ ബോറയുടെ രാജി കോൺഗ്രസ്സിന്റെ ഹൈക്കമാന്റിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. പ്രത്യേകിച്ചും സോണിയാഗാന്ധിയെ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടുമെന്ന് സോണിയ പ്രതീക്ഷിച്ച ഭൂപേൻ ബോറ ഈ ആഴ്ച ബി.ജെ.പിയിൽ ചേരുമെന്ന് മുഖ്യമന്ത്രി ഹിമന്തശർമ്മയുടെ സാന്നിദ്ധ്യത്തിലുള്ള പ്രഖ്യാപനം സോണിയയെ ഞെട്ടിപ്പിച്ചു. കഴിഞ്ഞ വർഷമാണ് രാഹുൽഗാന്ധി ഇടപെട്ട് ഗൗരവ് ഗോഗോയിയെ അദ്ധ്യക്ഷനാക്കിയത്. രാഹുൽഗാന്ധിയുടെ അപക്വമായ ഇടപെടലുകൾ മുഖ്യമന്ത്രി ഹിമന്ത് ശർമ്മ വിമർശിച്ചത്. പാർട്ടിയിലെ സീനിയോറിറ്റി ആയിരിക്കണം മുഖ്യമന്ത്രി മാനദണ്ഡമായി പാർട്ടി സ്വീകരിക്കേണ്ടത് എന്ന ഉറച്ച നിലപാട് സോണിയാഗാന്ധി എടുത്തിരിക്കുകയാണ്.
കേരളത്തിലും പാർട്ടി സീനിയോറിറ്റിയിൽ ഒന്നാം സ്ഥാനം രമേശ് ചെന്നിത്തലയ്ക്കും രണ്ടാം സ്ഥാനം കെ.സി. വേണുഗോപാലിനും മൂന്നാം സ്ഥാനം പ്രതിപക്ഷ നേതാവ് സതീശനും ആയിരിക്കണം.
അതിന്റെ ഫലമായി രമേശ് ചെന്നിത്തലയെ ചെയർമാനാക്കി പ്രചാരണ സമിതി എന്ന സംവിധാനത്തിലേക്ക് വച്ചു. വൈസ് ചെയർമാനായി മറ്റൊരു കോൺഗ്രസ്സ് പ്രവർത്തക സമിതി അംഗമായ ശശി തരൂർ എം.പിയെയും, കൺവീനറായി കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പിൽ എം.പിയെയും നിയോഗിച്ചിട്ടുണ്ട്. താമസിയാതെ സണ്ണിജോസഫ് തെരഞ്ഞെടുപ്പുമായി പേരാവൂരിൽ സജീവമാകുന്നതോടെ ഷാഫി പ്രസിഡന്റാകും.
2029 ലെ ലോക്‌സഭ ഇലക്ഷൻ വരെയാണ് ഈ ഫോർമുലയ്ക്ക് പ്രസക്തി കൽപ്പിച്ചിരിക്കുന്നത്. കെ.സി. വേണുഗോപാലിന് എം.പി സ്ഥാനം തീരുന്നത് വരെ. അതുകഴിഞ്ഞ് കേരളത്തിലെ മുഖ്യമന്ത്രിസ്ഥാനം രമേശ് ഒഴിഞ്ഞ് കെ.സി ഇപ്പോൾ വഹിക്കുന്ന എം.പിയുൾപ്പെടെയുള്ള പാർട്ടിയിലെ സ്ഥാനങ്ങൾ ഏറ്റെടുക്കാനും. കേരള സംസ്ഥാനത്ത് ഇതുവരെയില്ലാത്ത ഉപമുഖ്യമന്ത്രിപദം സന്നദ്ധനാണെങ്കിൽ സതീശന് ഏറ്റെടുക്കാം. ഒപ്പം ധനകാര്യ വകുപ്പ് മന്ത്രി സ്ഥാനവും.
സതീശനോടൊപ്പം പി.കെ. കുഞ്ഞാലിക്കുട്ടിക്കും ഉപമുഖ്യമന്ത്രിസ്ഥാനം നൽകേണ്ടി വരും. 2011 ൽ രമേശ് ചെന്നിത്തലയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം വേണമെന്ന ആവശ്യം ഉയർന്നപ്പോൾ കുഞ്ഞാലിക്കുട്ടിക്കും കെ.എം. മാണിക്കും കൂടി കൊടുക്കേണ്ടി വരും എന്നുപറഞ്ഞാണ് ഉമ്മൻചാണ്ടി ഒഴിഞ്ഞത്. അങ്ങനെയാണ് മുസ്ലീംലീഗിന്റെ അഞ്ചാം മന്ത്രി സ്ഥാനത്തിന്റെ ആവശ്യത്തിന് ഉമ്മൻചാണ്ടിക്ക് വഴങ്ങിക്കൊടുക്കേണ്ടിവന്നത്.
തൂക്കുസഭ വന്നാൽ ഭരണം ഇൻഡ്യ സഖ്യമാകുമോ ?
കേരളത്തിൽ 2026 മേയിലെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മൂന്ന് മുന്നണികൾക്കും മൂന്ന് ലക്ഷ്യങ്ങളാണുള്ളത്. എൽ.ഡി.എഫിന് ഭരിക്കാനുള്ള ഭൂരിപക്ഷം- ഏകദേശം 75-80 സീറ്റ്. തെരഞ്ഞെടുപ്പിനെ നയിക്കുന്ന നേതൃത്വം പിണറായിക്ക് ആണെങ്കിലും നിഴൽ മുഖ്യമന്ത്രിമാരുണ്ടാവും എന്ന് എം.എ. ബേബിയും മറ്റും സമർത്ഥിക്കുന്നു.
മുഖ്യമന്ത്രി ആരെന്ന് ആർക്കും ഉറപ്പില്ലെങ്കിലും യു.ഡി.എഫ് ലക്ഷ്യം വയ്ക്കുന്നത് 100 സീറ്റുകളാണ്. ലീഗും ചില്ലറകളും കഴിച്ചാൽ ബാക്കി 75-80 കോൺഗ്രസ്സ്. എങ്ങനെയായാലും പാർലമെന്ററി പാർട്ടിയിൽ രമേശ് ചെന്നിത്തലയും വി.ഡി. സതീശനും തമ്മിൽ ആയിരിക്കും പ്രധാനമത്സരം. കെ. മുരളീധരൻ ഒഴിച്ചു തിരുവഞ്ചൂരും കെ. സുധാകരനുമൊക്കെ മുഖ്യമന്ത്രി മോഹികളാണ്.
ബി.ജെ.പിയുടെ എൻ.ഡി.എ ലക്ഷ്യമിടുന്നത് തൂക്ക് നിയമസഭയാണ്. അവരുടെ ലക്ഷ്യം എൻ.ഡി.എയ്ക്ക് 35 മുതൽ 45 സീറ്റാണ്. യു.ഡി.എഫിന് 55 സീറ്റ് മുതൽ 60 വരെ. എൽ.ഡി.എഫിന് 35 മുതൽ 40 വരെ. അങ്ങനെ വന്നാൽ തൂക്കുനിയമസഭയാകും ഗത്യന്തരമില്ലാത്ത ഇൻഡ്യാസഖ്യം ഭരിക്കും. മുഖ്യമന്ത്രിസ്ഥാനം കോൺഗ്രസ്സിനായിരിക്കും. കൂട്ടുഭരണത്തിന് നേതൃത്വം നൽകാൻ ഉളുപ്പില്ലാത്തവർക്ക് മുഖ്യമന്ത്രിയാകാം. അതിന് യു.ഡി.എഫും എൽ.ഡി.എഫും സമ്മതിക്കുന്നില്ലെങ്കിൽ സംസ്ഥാനം പ്രസിഡന്റ് ഭരണത്തിലേക്ക് പോകും. നിയമസഭയെ തൽക്കാലത്തേയ്ക്ക് സസ്‌പെന്റ് ചെയ്യേണ്ടിവരും. വീണ്ടും ഒരു നിയമസഭാ തെരഞ്ഞെടുപ്പിന് സാധ്യത തെളിയുന്നത് 2029 ൽ മാത്രമായിരിക്കും.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











