
കോൺഗ്രസ്സിന്റെ സംസ്ഥാന അധ്യക്ഷപദവി ഒഴിയുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ സൂചന നൽകുന്നത് ആദ്യമായാണ്. അതാകട്ടെ കടുത്ത നിരാശയിൽ നിന്നുണ്ടായ വെളിപാടാണുതാനും. മുഖ്യമന്ത്രിസ്ഥാനം കിട്ടിയാലേ പിസിസി അധ്യക്ഷപദവി ഒഴിയൂ എന്നായിരുന്നു അദ്ദേഹം ഇതുവരെ സ്വീകരിച്ചിരുന്ന നിലപാട്. ഹൈക്കമാണ്ടിന് പോലും ആ നിലപാടിൽ നിന്ന് അദ്ദേഹത്തെ വ്യതിചലിപ്പിക്കാൻ സാധിക്കാത്ത രാഷ്ട്രീയ സാഹചര്യമാണ് സംസ്ഥാനത്ത് നിലനിന്നിരുന്നത്. ഒരുതരത്തിൽ പാർട്ടിയിലും ഗവണ്മെന്റിലും മുഖ്യമന്ത്രി സിദ്ധരാമയ്യയേക്കാൾ കരുത്തനായിരുന്നു ശിവകുമാർ. അഞ്ചുകൊല്ലം മുമ്പ് ഇഡി കേസ്സിൽ ഡൽഹി ജയിലിലായിരുന്ന ശിവകുമാർ പുറത്തിറങ്ങുന്ന ദിവസം അദ്ദേഹത്തെ പോയിക്കണ്ട് സോണിയാഗാന്ധി സമ്മാനിച്ചതാണ് പിസിസി അധ്യക്ഷപദവി. 2023 ൽ കോൺഗ്രസിന് ഭൂരിപക്ഷം ലഭിച്ചപ്പോൾ മുഖ്യമന്ത്രി സ്ഥാനത്തിനായി ശിവകുമാർ ഹൈക്കമാണ്ടിൽ ശക്തമായ സമ്മർദ്ദം ചെലുത്തിയിരുന്നു. എന്നാൽ ഭൂരിപക്ഷം എം എൽ എമാർ സിദ്ധരാമയ്യയെ പിന്തുണച്ചതിനാൽ അത് സാധ്യമായില്ല. ഉപമുഖ്യമന്ത്രി സ്ഥാനം വാങ്ങിയെടുക്കുമ്പോൾ രണ്ട് ഉപാധികളാണ് ശിവകുമാർ ഹൈക്കമാണ്ട് മുമ്പാകെ വെച്ചത്. ഒന്ന്. മറ്റ് ഉപമുഖ്യമന്ത്രിമാർ പാടില്ല. രണ്ട്. മുഖ്യമന്ത്രിയാകുന്നതുവരെ പിസിസി അധ്യക്ഷപദവിയിൽ തുടരാൻ അനുവദിക്കണം. രണ്ടും ഹൈക്കമാണ്ട് അംഗീകരിച്ചതാണ്. ഉപമുഖ്യമന്ത്രിസ്ഥാനവും പിസിസി അധ്യക്ഷപദവിയും ഒന്നിച്ചുവഹിച്ച് കരുത്തനായി നീങ്ങുമ്പോൾ, രണ്ടര വർഷത്തിന് ശേഷം സിദ്ധരാമയ്യ മുഖ്യമന്ത്രിക്കസേര വിട്ടുതരുമെന്ന പ്രതീക്ഷയാണ് ശിവകുമാർ വെച്ചുപുലർത്തിയിരുന്നത്. എന്നാൽ ആ പ്രതീക്ഷയാണ് കരിഞ്ഞുപോയത്. അത്ര എളുപ്പത്തിലൊന്നും സമർത്ഥനായ സിദ്ധരാമയ്യ മുഖ്യമന്ത്രിക്കസേര വിട്ടുകൊടുക്കുകയില്ല. അദ്ദേഹം കൂടുതൽ കരുത്തനായാണ് നീങ്ങുന്നത്. രണ്ടു പ്രമുഖ സ്ഥാനങ്ങൾ ശിവകുമാർ ഒന്നിച്ചുവഹിക്കുന്നതിൽ പാർട്ടിയിൽ മുറുമുറുപ്പുണ്ട്. മന്ത്രിയും ദളിത് നേതാവുമായ സതീഷ് ജാർക്കിഹോളി ആ കസേരയിൽ കണ്ണുവെച്ചിട്ട് മാസങ്ങളായി. സിദ്ധരാമയ്യയുടെ പിന്തുണയും അദ്ദേഹത്തിനുണ്ട്. ഇനിയും നീണ്ടുപോയാൽ കാര്യങ്ങൾ ഒരു പൊട്ടിത്തെറിയിലേക്ക് നീങ്ങുമെന്നതിന്റെ സൂചനകളുണ്ട്. മേൽ സാഹചര്യത്തിലാണ് പിസിസി അധ്യക്ഷ പദവി ഒഴിയാൻ ശിവകുമാർ സന്നദ്ധത പ്രകടിപ്പിച്ചത്. "അധികകാലം രണ്ടു പ്രധാന പദവികൾ എനിക്ക് ഒന്നിച്ചുവഹിക്കാനാവില്ല. അടുത്ത മാർച്ചിൽ അധ്യക്ഷ പദവിയിൽ ആറു വർഷം തികയും. മറ്റുള്ളവർക്കും അവസരം കൊടുക്കേണ്ടതിനാൽ ഞാൻ അധ്യക്ഷസ്ഥാനമൊഴിയും. എന്നിരുന്നാലും നേതൃപദവിയിൽ ഞാനുണ്ടാകും" കോൺഗ്രസ്സ് പ്രവർത്തകരുടെ യോഗത്തിൽ ശിവകുമാർ വ്യക്തമാക്കി. മുഖ്യമന്ത്രിസ്ഥാനത്തേക്കാൾ ഉയർന്ന മറ്റൊരു പദവി അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ടോ? ഒന്നും വ്യക്തമല്ല. അതിനിടയിൽ ശിവകുമാറിന്റെ അനുയായികളായ ചില എം എൽ എമാർ ഡൽഹിയിൽ പോയി മല്ലികാർജ്ജുന ഖാർഗെയെ കണ്ടിരുന്നു. ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യമാണ് അവർ മുന്നോട്ടുവെച്ചത്. സഹോദരൻ ഡി കെ സുരേഷും ശിവകുമാറിനുവേണ്ടി ചരടുവലിക്കുന്നുണ്ട്. സിദ്ധരാമയ്യ മുഖ്യമന്ത്രിക്കസേര ഒഴിയാനിടയില്ലാത്ത സാഹചര്യത്തിൽ ശിവകുമാറിന്റെ നീക്കം കൗതുകത്തോടെയാണ് നിരീക്ഷകർ നോക്കിക്കാണുന്നത്.
Photo Courtesy - Google











