02:25am 25 August 2026
NEWS
സിപിഎമ്മിൽ ചേരുമോ? നിലപാട് വ്യക്തമാക്കി ശശി തരൂർ
28/01/2026  06:34 AM IST
nila
സിപിഎമ്മിൽ ചേരുമോ? നിലപാട് വ്യക്തമാക്കി ശശി തരൂർ

ന്യൂഡൽഹി: സിപിഎമ്മിൽ ചേരാൻ ദുബായിൽ ചർച്ച നടത്തിയെന്ന റിപ്പോർട്ടുകൾ തള്ളി ശശി തരൂർ എംപി. ദുബായ് യാത്ര സിപിഎമ്മുമായി ബന്ധപ്പെട്ട രാഷ്ട്രീയ ചർച്ചകൾക്കായിരുന്നുവെന്ന പ്രചാരണങ്ങൾ തരൂർ നിഷേധിച്ചു. ഇത്തരം വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും മാധ്യമങ്ങൾ സൃഷ്ടിക്കുന്ന അഭ്യൂഹങ്ങൾ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ദുബായിൽ നിന്നുള്ള മടക്കയാത്രയ്ക്ക് ശേഷം ഡൽഹിയിൽ മാധ്യമങ്ങളെ കാണവെയാണ് തരൂർ ഇക്കാര്യം വ്യക്തമാക്കിയത്.

പാർട്ടിക്കുള്ളിലെ വിഷയങ്ങൾ പൊതു വേദിയിൽ ചർച്ച ചെയ്യാനില്ലെന്നും അദ്ദേഹം പറഞ്ഞു. പറയാനുള്ളത് പാർട്ടി നേതൃത്വത്തോട് നേരിട്ട് പറയുമെന്നും തരൂർ പറഞ്ഞു. “അതിനുള്ള അവസരം വരുമെന്നതിൽ എനിക്ക് സംശയമില്ല,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹിയിൽ സോണിയ ഗാന്ധിയുടെ വസതിയിൽ ചേർന്ന നയരൂപീകരണ യോഗത്തിൽ പങ്കെടുക്കാനാകാത്തതിനെക്കുറിച്ചും തരൂർ വിശദീകരണം നൽകി. ക്ഷണം വൈകിയാണ് ലഭിച്ചതെന്നും, അതിനുമുമ്പേ നാട്ടിലേക്ക് മടങ്ങാനുള്ള യാത്രാ ക്രമീകരണങ്ങൾ പൂർത്തിയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

കോൺഗ്രസ് ദേശീയ- സംസ്ഥാന നേതൃത്വങ്ങളുമായി തരൂർ കുറച്ചുകാലമായി അകൽച്ചയിലാണ്. തരൂരിന്റെ പല പ്രസ്താവനകളും പാർട്ടിക്ക് ദോഷമുണ്ടാക്കിയെന്ന വിമർശനം നേതൃത്വത്തിനുണ്ട്. എന്നാൽ, തരൂരിനെതിരെ നടപടി സ്വീകരിക്കുകയോ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയോ ചെയ്യുന്നതിൽ പാർട്ടി ഇതുവരെ മുൻകൈ എടുത്തിട്ടില്ല. അത്തരം നടപടികൾ തരൂരിന് രാഷ്ട്രീയമായി ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലാണ് ഇതിന് പിന്നിലെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ പറയുന്നത്.

കൊച്ചിയിൽ സംഘടിപ്പിച്ച കോൺഗ്രസിന്റെ മഹാപഞ്ചായത്തിൽ അവഗണന നേരിട്ടുവെന്ന ആരോപണമാണ് തരൂരിന്റെ ഒടുവിലത്തെ അസ്വസ്ഥതയ്ക്ക് കാരണമായത്. തദ്ദേശതിരഞ്ഞെടുപ്പിൽ വിജയിച്ച ജനപ്രതിനിധികളെ ഉൾപ്പെടുത്തി നടത്തിയ പരിപാടിയിൽ, രാഹുൽ ഗാന്ധി പങ്കെടുത്തിട്ടും തരൂരിന്റെ പേര് പരാമർശിക്കപ്പെടാതിരുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിന് മറുപടിയായി, വാർത്തകളിൽ തെറ്റും ശരിയുമുണ്ടാകാമെന്നും, തന്റെ നിലപാട് പാർട്ടി വേദിയിൽ തന്നെ വ്യക്തമാക്കുമെന്നും തരൂർ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തരൂർ സിപിഎമ്മിലേക്ക് മാറുമെന്ന പ്രചാരണങ്ങൾ ഉയർന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img