01:08am 07 November 2026
NEWS
ശശി തരൂർ ഉപരാഷ്ട്രപതിയാകുമോ?
04/07/2025  07:09 PM IST
പി. ജയചന്ദ്രൻ
ശശി തരൂർ ഉപരാഷ്ട്രപതിയാകുമോ?
HIGHLIGHTS

കോൺഗ്രസിൽ നിന്നുള്ള ശശി തരൂരിന്റെ പടിയിറക്കത്തിന് ഇനി തീയതിയും സമയവും കുറിക്കേണ്ട താമസമേയുള്ളൂ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ ആരവങ്ങൾക്കിടെ ഏറെ ചർച്ച ചെയ്യപ്പെടാതെ പോവുകയും, വോട്ടെടുപ്പിന്റന്ന് ചർച്ച ചെയ്യപ്പെടുകയും ചെയ്ത ഒരു വിഷയമായിരുന്നല്ലോ ശശി തരൂറിന്റെ നരേന്ദ്രമോദി പ്രേമം. ബി.ജെ.പിയിലേക്ക് ചേക്കേറി അധികാരത്തിന്റെ ഭാഗമായ മാറുവാനുള്ള താൽപ്പര്യത്താൽ നിരന്തരമെന്നോണം മോദിയെ പ്രകീർത്തിച്ച് കോൺഗ്രസ് നേതൃത്വത്തെ മുൾമുനയിൽ നിർത്തിയ തരൂർ, ഒടുവിൽ നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ദിവസംതന്നെ പാർട്ടി നേതൃത്വത്തോട് പലകാര്യങ്ങളിലും തനിക്ക് വിയോജിപ്പുണ്ടെന്ന് പറയുകകൂടി ചെയ്തതോടെ കോൺഗ്രസിൽ നിന്നുള്ള പടിയിറക്കം ഒന്നുകൂടി അടിവരയിട്ട് സൂചിപ്പിച്ചിരിക്കുകയാണ്. ഇനി തീയതിയും സമയവും തീരുമാനിച്ചാൽ മതി എന്നിടം വരെ എത്തിയിരിക്കുന്നു കാര്യങ്ങൾ.

തരൂർ ചന്ദ്രശേഖരൻ നായരുടേയും ലില്ലി മേനോന്റെയും മകനായി ജനിച്ച്, ഇൻഡ്യയിലും അമേരിക്കയിലുമായി വിദ്യാഭ്യാസം നടത്തിയ ശശി തരൂർ 1978 മുതൽ 2007 വരെ തരൂർ ഐക്യരാഷ്ട്ര സഭയിൽ ഉയർന്ന ഉദ്യോഗം വഹിച്ചിരുന്ന വ്യക്തിയാണ്. വാർത്താവിനിമയവും പബ്ലിക് ഇൻഫർമേഷനും കൈകാര്യം ചെയ്യുന്ന അണ്ടർ സെക്രട്ടറി ജനറൽ ആയി വിരമിച്ചശേഷം കോഫി അന്നന്റെ തുടർച്ചക്കാരനാകുവാൻ യു.എൻ. സെക്രട്ടറി ജനറൽ സ്ഥാനത്തേയ്ക്ക് ഇൻഡ്യാ ഗവൺമെന്റിന്റെ പിന്തുണയോടെ മത്സരിച്ചെങ്കിലും അനൗദ്യോഗിക വോട്ടെടുപ്പുകൾക്കുശേഷം വിജയപ്രതീക്ഷ നഷ്ടപ്പെട്ടപ്പോൾ പിൻമാറുകയായിരുന്നു. ഔദ്യോഗിക ജീവിതകാലത്തുതന്നെ മികച്ച പ്രാസംഗികൻ എന്ന നിലയിലും ഗ്രന്ഥരചയിതാവ് എന്ന നിലയിലുമൊക്കെ പ്രശസ്തനായിരുന്നെങ്കിലും 2009 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയാകുവാൻ വിമാനമിറങ്ങിയത് മുതലാണ് കേരളം ശശി തരൂരിനെ നന്നായി അടുത്തറിയാൻ തുടങ്ങിയത്. രൂപത്തിലും ഭാവത്തിലും വസ്ത്രധാരണത്തിലും, സംസാരത്തിലുമൊക്കെ വ്യത്യസ്തത പുലർത്തിയ തരൂർ വളരെ പെട്ടെന്ന് കോൺഗ്രസിലെ ഒന്നാം നമ്പർ ബുദ്ധിജീവിയായി അവരോധിതനാവുകയും ചെയ്തു.

കന്നിയങ്കത്തിൽ സി.പി.എമ്മിലെ പി. രാമചന്ദ്രൻ നായരെ 99989 വോട്ടുകൾക്ക് പരാജയപ്പെടുത്തിയ തരൂർ മൻമോഹൻസിംഗ് മന്ത്രിസഭയിൽ വിദേശകാര്യ സഹമന്ത്രിയായെങ്കിലും, കൊച്ചി ഐ.പി.എൽ ക്രിക്കറ്റ് ടീമുമായി ബന്ധപ്പെട്ടുണ്ടായ ചില വിവാദങ്ങളെ തുടർന്ന്, അധികം താമസിയാതെ രാജിവച്ചിറങ്ങേണ്ടി വന്നു. തുടർന്ന് 2014 ലും, 19 ലും വിജയം ആവർത്തിച്ച തരൂർ '24 ലും തിരുവനന്തപുരത്തെ നിലനിർത്തി. അതിനുശേഷമാണ് തരൂരിനെ മോദിപ്രേമം പിടികൂടിയത്. '24 ലെ തെരഞ്ഞെടുപ്പിൽ ഇൻഡ്യാമുന്നണി അധികാരത്തിൽ വരുമെന്നായിരുന്നല്ലോ പൊതുവേയുള്ള കണക്കുകൂട്ടൽ. സ്വാഭാവികമായും അതനുസരിച്ചുള്ള ചില കണക്കുകൂട്ടലുകൾ തരൂരും നടത്തി. പക്ഷേ കാര്യങ്ങൾ കീഴ്‌മേൽ മറിഞ്ഞു. മോദിയുടെ നേതൃത്വത്തിൽ ബി.ജെ. പി മുന്നണി മൂന്നാമത് പ്രാവശ്യം അധികാരത്തിൽ വരികയും ഇൻഡ്യാമുന്നണി ചിന്നിച്ചിതറുകയും ചെയ്യുന്ന കാഴ്ചയാണ് തുടർന്ന് രാജ്യം കണ്ടത്. അതോടെ അധികാരത്തിൽ തിരിച്ചുവരാമെന്നുള്ള കോൺഗ്രസിന്റെ അവസാന പ്രതീക്ഷയ്ക്കും മങ്ങലേൽക്കുന്നത് കണ്ടതോടെയാണ് ശശി തരൂർ പതുക്കെ കളം മാറ്റാനുള്ള കരുക്കൾ നീക്കിത്തുടങ്ങിയത്.

അതിന് മറ്റൊരു കാരണം കൂടിയുണ്ട്. ഇപ്പോൾ തന്നെ 70 വയസ്സുള്ള തരൂർ ഇനിയും കോൺഗ്രസിൽ തന്നെ തുടരുകയാണെങ്കിൽ 2029 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പാകുമ്പോൾ 74 ലെത്തും. ആ പ്രായത്തിൽ വീണ്ടുമൊരിക്കൽ കൂടി തനിക്ക് സീറ്റ് കിട്ടണമെന്നില്ലെന്നും, കിട്ടി വിജയിച്ചാൽ തന്നെ ഒരു ടേം കൂടി പാർലമെന്റംഗമായിരുന്നിട്ട് പണി മതിയാക്കേണ്ടിവരുമെന്നും മറ്റാരെക്കാളും നന്നായി തരൂരിനറിയാം. യു.എൻ. സെക്രട്ടറി ജനറലും, എ.ഐ.സി.സി പ്രസിഡന്റും, കേരള സംസ്ഥാന മുഖ്യമന്ത്രിയുമൊക്കെയാകുവാൻ കൊതിക്കുന്ന ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ചിന്തിക്കുവാൻ കഴിയുന്ന കാര്യമല്ലല്ലോ അത്. അതുകൊണ്ടാണ് ഒരു ദിവസമെങ്കിൽ ഒരു ദിവസം മുൻപെ ബി.ജെ.പിയിലെത്തുവാനും, മോദി വച്ചുനീട്ടുന്ന പാരിതോഷികങ്ങൾ സസന്തോഷം സ്വീകരിക്കുവാനും നിരന്തരമായ മോദിസ്തുതി നടത്തുവാൻ ശശി തരൂർ ശ്രമിച്ചുകൊണ്ടേയിരിക്കുന്നത്.

വീരപരിവേഷത്തോടെ ‌പടിയിറങ്ങുവാൻ....

യാതൊരു തത്വദീക്ഷയുമില്ലാത്ത കാലുമാറ്റവും കൂറുമാറ്റവുമൊക്കെ പതിവ് കാഴ്ചയായ രാഷ്ട്രീയത്തിൽ, അങ്ങനൊരു കൂറുമാറ്റം തരൂരിനും നടത്താവുന്നതേയുള്ളൂ. പക്ഷേ ബുദ്ധിജീവിയായ തരൂർ ബുദ്ധിപൂർവ്വം തന്നെയാണ് കരുക്കൾ നീക്കുന്നത്. തുടർച്ചയായ മോദിസ്തുതിയിലൂടെ കോൺഗ്രസിനെ പരമാവധി പ്രകോപിപ്പിച്ച്, ഒടുവിൽ തന്നെ ഉൾക്കൊള്ളാൻ കോൺഗ്രസിന് കഴിയുന്നില്ല എന്നുള്ള പ്രതീതി സൃഷ്ടിച്ച് വീരപരിവേഷത്തോടെ പടിയിറങ്ങുവാനാണ് തരൂരിന്റെ ശ്രമം. സിന്ദൂർ ഓപ്പറേഷനെക്കുറിച്ച് വിശദീകരിക്കുവാൻ മോദിയുടെ ദൗത്യവാഹകനായി വിദേശത്തേയ്ക്ക് പോയത് അതിനു ആദ്യചുവടുവയ്പ്പായിരുന്നു. പഹൽഗ്രാം ഭീകരാക്രമണത്തിന് പിന്നാലെ ഇൻഡ്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കുവാൻ വിദേശത്തേയ്ക്ക് മോദി അയച്ച പ്രതിനിധി സംഘങ്ങളിൽ കോൺഗ്രസ് അറിയാതെയാണല്ലോ തരൂർ ഇടംപിടിച്ചത്. കോൺഗ്രസ് നൽകിയ പട്ടികയിൽപ്പെടാതെ മോദിയുടെ പട്ടികയിൽ ഇടംപിടിച്ചാണ് തരൂർ വിദേശത്തേയ്ക്ക് പോയത്. അതേച്ചൊല്ലി പാർട്ടിയിൽ സംസാരമുയർന്നപ്പോൾ, രാഷ്ട്രീയമല്ല രാഷ്ട്രമാണ് പ്രധാനം എന്നുപറഞ്ഞ് തരൂർ കോൺഗ്രസിനെ വെട്ടിലാക്കുകയായിരുന്നു. 

അതായത്, തന്റെ കഴിവുകൾ രാഷ്ട്രം ആവശ്യപ്പെടുന്നു എന്നും അതു താൻ സമർപ്പിക്കുന്നു എന്നുമുള്ള മൂർച്ചയുള്ള ഒളിയമ്പ്. കോൺഗ്രസിനൊപ്പം നിന്നാൽ അങ്ങനൊരു സമർപ്പണം നടക്കില്ല എന്ന് പറയാതെ പറഞ്ഞുവച്ച തരൂർ അതുവഴി ബി.ജെ.പിയിലേക്കുള്ള തന്റെ വഴിവെട്ടുകയായിരുന്നു. ദീർഘകാലം ഐക്യരാഷ്ട്രസഭയിൽ വാർത്താവിനിമയ- പബ്ലിക് റിലേഷൻസിന്റെ അണ്ടർ സെക്രട്ടറി ജനറലായി പ്രവർത്തിച്ച് അനുഭവപരിജ്ഞാനമുള്ള തരൂരിന്റെ പേര് കോൺഗ്രസ് നേതൃത്വം പരിഗണിക്കാതെ ഒഴിവാക്കിയപ്പോൾ മോദി ഉൾപ്പെടുത്തിയതും തരൂരിന്റെ വാദത്തെ ബലപ്പെടുത്തുന്നതായി. തന്റെ കഴിവുകൾ കോൺഗ്രസ് കാണുന്നില്ലെന്നും മോദി കാണുന്നു എന്നുമുള്ള വാദം. എന്നുമാത്രമല്ല സിന്ദൂർ വിശദീകരണത്തിനായി മോദി അയച്ച പ്രതിനിധി സംഘങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതിന്റെ തന്നെ ചുമതലയാണ് തരൂരിന് നൽകിയത്.
അതെന്തായാലും ആ സംഭവത്തോടെയാണ് തരൂർ പാർട്ടിയിൽ നിന്ന് കൂടുതൽ അകന്നത് എന്നാണ് സംസാരം. വിദേശപര്യടനം കഴിഞ്ഞ് തിരിച്ചെത്തിയ തരൂർ, അത് സംബന്ധിച്ച വിശദമായ റിപ്പോർട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമർപ്പിക്കുകയും ചെയ്തു. അതേസമയം പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജ്ജു ഖാർഗെയോ, പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയെയോ കാണുവാൻ തയ്യാറാകാതെ അടുത്ത ദിവസങ്ങളിൽ തന്നെ ലണ്ടനിലേക്ക് പോവുകയും ചെയ്തു. പോകുംമുൻപ് വീണ്ടും മോദിയുമായി കൂടിക്കാഴ്ച നടത്തുവാൻ തരൂർ സമയം കണ്ടെത്തി എന്നുള്ളിടത്താണ് കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത വരുന്നത്.

എന്തൊക്കെയാണ് തരൂരിന് ലഭിച്ച ഉറപ്പുകൾ

തരൂർ ഇവ്വിധം നിരന്തരമെന്നോണം പാർട്ടിക്ക് തലവേദന സൃഷ്ടിച്ചുകൊണ്ടിരിക്കുകയും, അദ്ദേഹത്തിനെതിരെ പരസ്യപ്രതികരണത്തിന് മുതിരരുത് എന്നാണ് കോൺഗ്രസ് നേതൃത്വം മറ്റ് നേതാക്കൾക്ക് നൽകിയിട്ടുള്ള നിർദ്ദേശം. അത്രമാത്രം നല്ലൊരു ബുദ്ധിജീവിയായി പാർട്ടി തരൂരിനെ കാണുന്നു എന്നുള്ളതാണ് വാസ്തവം. ആ സ്ഥിതിക്ക് തന്റെ നിലപാടുകൾക്കെതിരെ- അതും രാഷ്ട്രീയമല്ല രാജ്യമാണ് തനിക്ക് വലുത് എന്ന് പറഞ്ഞുകൊണ്ട് സ്വീകരിക്കുന്ന നിലപാടുകൾക്കെതിരെ മറ്റുള്ളവർ രംഗത്തുവന്ന് വാഗ്വാദത്തിന് വഴി തുറക്കുന്നത്, വീരരക്തസാക്ഷി പരിവേഷത്തോടെ പാർട്ടി വിടാൻ തരൂരിന് അവസരം സൃഷ്ടിക്കലാകുമെന്നാണ് നേതൃത്വം കരുതുന്നത്. അങ്ങനെ സംഭവിച്ചാൽ രോഗി ഇച്ഛിച്ചതുതന്നെ വൈദ്യൻ കൽപ്പിച്ചതുപോലെയാകും.

അതൊന്നും പക്ഷേ നാക്കിന് എല്ലില്ലാത്ത രാജ്‌മോഹൻ ഉണ്ണിത്താന് ബോധിക്കുന്ന കാര്യമല്ല. തരൂരിന്റെ കൂറ് ബി.ജെ.പിയും ചോറ് കോൺഗ്രസിനുമാണെന്ന് തുറന്നടിച്ച ഉണ്ണിത്താൻ മറ്റൊന്നുകൂടി പറഞ്ഞു. തരൂർ പോകുന്നതുകൊണ്ട് കോൺഗ്രസിന് ഒരു ചുക്കും സംഭവിക്കില്ലെന്നും, അതോടെ പക്ഷേ തരൂർ സീറോ ആകുമെന്നുമാണ് നിലമ്പൂർ വോട്ടെടുപ്പുദിവസം തരൂർ നടത്തിയ ചില പ്രസ്താവനകളെ പിടിച്ച് ഉണ്ണിത്താൻ പറഞ്ഞത്.

എന്നാൽ അങ്ങനൊന്നും തരൂർ സീറോ ആകില്ലെന്നും, കോൺഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക് ചെന്നാൽ തരൂരിനെ പരവതാനി വിരിച്ച് സ്വീകരിക്കുമെന്നും, മോദി നേരിട്ടെത്തി ആശ്ലേഷിക്കുമെന്നുമൊക്കെയാണ് കേൾക്കുന്നത്. ഒപ്പം, കോൺഗ്രസിന്റെ ഇന്നത്തെ സ്ഥിതിക്ക് പ്രത്യേകിച്ചും അവിടെ നിന്നാൽ സ്വപ്നം കാണാനാകാത്ത ചില സ്ഥാനങ്ങൾ മോദി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നുമാണ് കേൾക്കുന്നത്. പ്രധാനമായും രണ്ട് സ്ഥാനങ്ങളാണത്രെ മോദി വാഗ്ദാനം ചെയ്തിട്ടുള്ളത്. ഒന്ന്, യു.എന്നിലെ ഇൻഡ്യയുടെ സ്ഥിരം പ്രതിനിധി. അതല്ലെങ്കിൽ സിന്ദൂർ ദൗത്യത്തിലെന്നപോലെ നിർണ്ണായകാവസരങ്ങളിൽ വിദേശരാജ്യങ്ങളിൽ ഇൻഡ്യക്കുവേണ്ടി കരുക്കൾ നീക്കുന്ന റോവിംഗ് അംബാസിഡർ പദവി. ഈ രണ്ട് പദവികളിൽ എന്തുവേണമെങ്കിലും തൽക്കാലം നൽകാമെന്ന് വാക്കുകൊടുത്തിട്ടുള്ളതായും വിവരമുണ്ട്. ഇതിൽ രണ്ടാമത്തെ പദവിയോടുള്ള താൽപ്പര്യം തരൂർ മോദിയെ അറിയിച്ചിട്ടുള്ളതായും വിവരമുണ്ട്. അതിനുമുൻപ് പക്ഷേ കോൺഗ്രസിൽ നിന്നു കിട്ടിയ എം.പി സ്ഥാനം, പാർലമെന്ററി പാർട്ടി സെക്രട്ടറി സ്ഥാനം, വർക്കിംഗ് കമ്മിറ്റി അംഗത്വം എന്നിവ തരൂർ രാജിവയ്ക്കും.

ഉപരാഷ്ട്രപതിയാകുമോ?

കോൺഗ്രസിൽ നിന്ന് പോകില്ല എന്ന് ആവർത്തിച്ചു പറയുമ്പോഴും പോകാനുള്ള ചിട്ടവട്ടങ്ങൾ ഒപ്പിക്കുന്ന തരൂർ, അത് കണക്കാക്കിയാണ് സിന്ദൂർ ദൗത്യം കഴിഞ്ഞ് മടങ്ങിവന്ന ഉടൻ ലണ്ടനിലേക്ക് പോയതെന്നാണ് അറിയുന്നത്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പ്രചാരകനായിച്ചെന്ന് കോൺഗ്രസിനെ പുകഴ്ത്തുകയും ബി.ജെ.പിയേയും മോദിയേയും ഇകഴ്ത്തുകയും ചെയ്യുന്നത് ഒഴിവാക്കാനുള്ള നീക്കമായിരുന്നത്രെ ലണ്ടൻയാത്ര. അതുകഴിഞ്ഞ് വന്നിട്ട് നിലമ്പൂരിലേക്ക് പോകാതെ, വോട്ടെടുപ്പുദിവസം, തന്നെ ആരും വിളിച്ചില്ല എന്നും മറ്റുമുള്ള വിവാദങ്ങൾക്ക് തിരിതെളിച്ച് കാര്യങ്ങൾ കൂടുതൽ വഷളാക്കാനായിരുന്നു തീരുമാനമെങ്കിലും ഉണ്ണിത്താൻ ഒഴിച്ച് മറ്റാരും വിഷയം ഏറ്റുപിടിക്കാത്തതോടെ ആ നീക്കം നടന്നില്ല. അപ്പോഴും പക്ഷേ ഒരു കാര്യം തരൂർ സൂചിപ്പിച്ചു. തെരഞ്ഞെടുപ്പിനുശേഷം ചിലതൊക്കെ വെളിപ്പെടുത്തുമെന്ന്. ആ വെളിപ്പെടുത്തലോടെയാകും തരൂരിന്റെ കോൺഗ്രസിൽ നിന്നുള്ള പടിയിറക്കവും ബി.ജെ.പിയിലേക്കുള്ള പടികയറ്റവും ആരംഭിക്കുക.

അതിനിടെ ശശി തരൂരിന് മറ്റൊരു വലിയ വാഗ്ദാനം പ്രധാനമന്ത്രി നരേന്ദ്രമോദി നൽകിയിട്ടുണ്ടെന്നാണ് കേൾക്കുന്നത്. ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിന്റെ കാലാവധി പൂർത്തിയാകുമ്പോൾ ആ സ്ഥാനത്തേയ്ക്ക് ശശി തരൂരിനെ പരിഗണിക്കാമെന്ന് മോദി വാക്കുകൊടുത്തിട്ടുണ്ടെന്നാണറിയുന്നത്. അങ്ങനെയെങ്കിൽ 2027 ആഗസ്റ്റിൽ ധൻകർ കാലാവധി പൂർത്തിയാക്കി പടിയിറങ്ങുമ്പോൾ ആ പദവിയിലേക്ക് കെ.ആർ. നാരായണനുശേഷം വീണ്ടുമൊരു മലയാളി വന്നുകൂടെന്നില്ല. ആ ചൂണ്ടയിലാണത്രെ തരൂർ കൊത്തിയിട്ടുള്ളത്. മുൻകാല അനുഭവങ്ങൾ വച്ചുനോക്കിയാൽ ഉപരാഷ്ട്രപതിമാർ പലരും രാഷ്ട്രപതിമാരായിട്ടുള്ള സ്ഥിതിക്ക് തരൂരിന്റെ മനസ്സിൽ ലഡു പൊട്ടിയതിൽ അത്ഭുതപ്പെടേണ്ട കാര്യമില്ല; കെ.ആർ. നാരായണനും വിദേശ സർവ്വീസിൽ നിന്നും കോൺഗ്രസിലെത്തി എം.പിയായി, കേന്ദ്രമന്ത്രിയായി, ഉപരാഷ്ട്രപതിയും രാഷ്ട്രപതിയുമായ അനുഭവം മുന്നിലുള്ളപ്പോൾ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img