04:04am 15 September 2026
NEWS
വർഗ്ഗീയക്കാർഡ് കളിക്കുന്നവരെ മതേതരകേരളം തോൽപ്പിക്കുമോ?
01/02/2026  05:38 PM IST
ചെറുകര സണ്ണീലൂക്കോസ്
വർഗ്ഗീയക്കാർഡ് കളിക്കുന്നവരെ മതേതരകേരളം തോൽപ്പിക്കുമോ?

ജനങ്ങളുടെ രാഷ്ട്രീയവൽക്കരണം വോട്ടുബാങ്ക് രാഷ്ട്രീയം ആയതുപോലെ സാമുദായിക ഘടനയെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് പറ്റുംവിധം ഉപയോഗപ്പെടുത്തുന്ന അവസ്ഥയ്ക്ക് കേരളത്തിൽ മുന്നണി രാഷ്ട്രീയം വേരുറയ്ക്കുന്ന കാലത്തോളം പഴക്കമുണ്ട്. തിരഞ്ഞെടുപ്പുവേളയിൽ മതസാമുദായിക സംഘടനകളുമായി ഒത്തുതീർപ്പുകളുണ്ടാക്കുന്നതിൽ വലതുപക്ഷ രാഷ്ട്രീയത്തിന് രഹസ്യഇടപാടുകളൊന്നും ഉണ്ടായിരുന്നില്ല. ജാതിമത ചിന്തകൾക്കതീതമായ രാഷ്ട്രീയ പ്രസ്ഥാനങ്ങളായി കരുതപ്പെട്ടിരുന്ന കമ്മ്യൂണിസ്റ്റുകാരും ഇടതുപക്ഷവും മതസാമുദായിക സംഘടനകളുമായി പരസ്യമായ ഒത്തുതീർപ്പുകൾ ഉണ്ടാകുന്നതിന് ധൈര്യപ്പെട്ടിരുന്നുമില്ല.

എന്നാൽ ആധുനിക കാലത്തെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ആവശ്യങ്ങൾ ഇടതുപക്ഷത്തേയും, മതസമുദായ സംഘടനകളുമായും മതാചാരങ്ങളുമായും ഒത്തുതീർപ്പുകളിലേക്കും കുറുക്കുവഴികളിലേക്കും നയിച്ചു. എന്നാൽ കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി അധികാരം ആണ് പരമം. അതിന് മാർഗ്ഗമേതായാലും പ്രശ്‌നമല്ലെന്ന സി.പി.എം നേതൃത്വത്തിന്റെ നയസമീപനം, വഴി സംഘപരിവാറിനോട് മത്സരിക്കുന്ന കൂടുതൽ മോശമായ വർഗ്ഗീയ വിദ്വേഷക്കാർഡ് തിരഞ്ഞടുപ്പിൽ ഉപയോഗപ്പെടുത്തുന്നതിലേക്ക് സി.പി.എം മുന്നണി വന്നെത്തി നിൽക്കുന്നതാണ് ഇപ്പോൾ കേരളം കാണുന്നത്.

'സമാധാനത്തെക്കുറിച്ച് സംസാരിക്കുക, വെടിമരുന്ന് നനയാതെ സൂക്ഷിക്കുക' എന്നത് പ്രസിദ്ധമായ ഒരു ചൈനീസ് പഴമൊഴിയാണ്. 2015 മുതലെങ്കിലുമുള്ള സി.പി.എമ്മിന്റെ രാഷ്ട്രീയനയസമീപനം സൂക്ഷ്മമായി നിരീക്ഷിച്ചാൽ കാണാൻ കഴിയുക. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പൂർവ്വകാല പ്രത്യയശാസ്ത്ര പ്രതിബദ്ധതയെക്കുറിച്ച്, വർഗ്ഗീയതയോടുള്ള വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചതിനെക്കുറിച്ച് മേനിനടിക്കുക. നാല് വോട്ടിനുവേണ്ടി വർഗ്ഗീയതയോട് സമരസപ്പെടാത്ത കറതീർന്ന മതനിരപേക്ഷവാദികൾ തങ്ങൾ മാത്രമാണെന്ന് ഏത് പൊതുവേദിയിലും പ്രസംഗിക്കുക, എന്നിട്ട് മറുവശത്തുകൂടി തിരഞ്ഞെടുപ്പ് വർഗ്ഗീയശക്തികളെ തരാതരം പോലെ ഉപയോഗപ്പെടുത്തുക എന്ന വൈരുദ്ധ്യമാണ്.
2018 സെപ്റ്റംബറിൽ ശബരിമലയിൽ സ്ത്രീപുരുഷ വ്യത്യാസമില്ലാതെ എല്ലാ ഹിന്ദുതീർത്ഥാടകർക്കും ക്ഷേത്രത്തിൽ പ്രവേശിക്കാമെന്ന് സുപ്രീംകോടതി വിധി വന്നപ്പോൾ വിധിയെ അനുകൂലിച്ചുകൊണ്ട് സി.പി.എം നയിക്കുന്ന സർക്കാർ വനിതാ ആക്ടിവിസ്റ്റുകൾക്ക് പോലീസ് സംരക്ഷണം നൽകി ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാൻ തുനിഞ്ഞതും നവോത്ഥാന സംരക്ഷണത്തിനുവേണ്ടി ഏതറ്റംവരെയും പോകും എന്ന് നിലപാട് എടുത്തതും കേരളം കണ്ടു.

എന്നാൽ ഈ നിലപാട് 2019 ലെ ലോക്‌സഭാ ഇലക്ഷനിൽ ലക്ഷക്കണക്കിന് അയ്യപ്പഭക്തരുടെ വോട്ടുനഷ്ടപ്പെടുത്തിയെന്ന് കണ്ടപ്പോൾ നവോത്ഥാന സംരക്ഷണം വഴിയിൽ ഉപേക്ഷിച്ച് വിശ്വാസസംരക്ഷണകരാണ് തങ്ങളെന്ന് വിശ്വാസികളുടെ വീടുകയറി ക്ഷമാപണത്തോടെ പറയാൻ ഒരു മടിയും ഉണ്ടായില്ല. അതേപോലെ കേന്ദ്രത്തിൽ മോദി ഭരണത്തോടുള്ള ഭയാശങ്കമൂലം ക്രൈസ്തവരും മുസ്ലീങ്ങളും രാഹുൽഗാന്ധിയുടെ കോൺഗ്രസിന് വേണ്ടി ഐക്യത്തോടെ വോട്ടുചെയ്യുന്നത് തിരഞ്ഞെടുപ്പുരാഷ്ട്രീയത്തിൽ തങ്ങൾക്ക് നഷ്ടമുണ്ടാക്കും എന്നുകണ്ടവർ ക്രിസ്ത്യൻ മുസ്ലീം മതവിശ്വാസികൾക്കിടയിൽ പരസ്പര ഭിന്നതയും വിദ്വേഷവും ഉണ്ടാക്കുന്ന ഒരു നരേറ്റീവ് മെനഞ്ഞുണ്ടാക്കി.

ന്യൂനപക്ഷാവകാശങ്ങളെല്ലാം ക്രൈസ്തവർക്കില്ലാതെ മുസ്ലീം സമദായം തട്ടിയെടുക്കുന്നു, മുസ്ലീങ്ങൾക്ക് കൂടുതൽ കുട്ടികൾ ജനിക്കുന്നു. ഹലാൽ ഭക്ഷണം, ലൗവ്വ് ജിഹാദ്. യു.ഡി.എഫ് വന്നാൽ മുസ്ലീം ലീഗും ജമാഅത്തെ ഇസ്ലാമും ഭരണം കയ്യടക്കും. അങ്ങനെ വെറുപ്പിന്റെ കാമ്പയിൻ ഫലം കണ്ടു. പരമ്പരാഗതമായി യു.ഡി.എഫിന് വോട്ടുചെയ്തിരുന്ന കുറെയാളുകൾ 2020 ലെ തദ്ദേശ ഇലക്ഷനിലും 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും അവരെ കൈവിട്ടു.

2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പുവന്നു. മോദി സർക്കാരിന്റെ ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരായി ന്യൂനപക്ഷങ്ങൾ ഒരുമിച്ച് ഇന്ത്യാസഖ്യത്തിന് നേതൃത്വം നൽകുന്ന കോൺഗ്രസിനെ പിന്തുണക്കാനിടയുണ്ടെന്ന രാഷ്ട്രീയ സാഹചര്യം. ന്യൂനപക്ഷങ്ങളുടെ യഥാർത്ഥ സംരക്ഷകർ തങ്ങളാണെന്ന് മുസ്ലീം സമുദായത്തെ ബോധ്യപ്പെടുത്താൻ കൊണ്ടുപിടിച്ചുശ്രമിച്ചു.

കാന്തപുരത്തെ കൂടാതെ സമസ്തയിലൊരു വിഭാഗത്തെയും ചേർത്തുപിടിച്ചു. അവർ താൽപ്പര്യപ്പെട്ടതനുസരിച്ച് പൊന്നാനിയിൽ പാർട്ടി സ്ഥാനാർത്ഥിയെ മാറ്റി ലീഗിൽ നിന്ന് വന്നയാളെ സ്ഥാനാർത്ഥിയാക്കി. പാലസ്തീൻ ഐക്യദാർഢ്യറാലി, പൊതുവ്യക്തിനിയമ സെമിനാർ, പൗരത്വഭേദഗതി നിയമത്തിൽ 2024 ലെ തെരഞ്ഞെടുപ്പുപ്രചാരണ കാലം മുഴുവൻ എല്ലാ ദിവസവും മുഖ്യമന്ത്രിയുടെ പ്രസ്താവനകൾ, മുസ്ലീം സ്വാധീന ജില്ലകളിൽ ബഹുജന റാലികൾ എല്ലാം കാര്യമായി തന്നെ പരിക്ഷിച്ചു.

പക്ഷേ ഫലം വന്നപ്പോൾ മുസ്ലീം സമുദായത്തിന്റെ വോട്ടെല്ലാം യു.ഡി.എഫിന് പോയി എന്ന് മനസ്സിലായി. 2019 ലെ പോലെതന്നെ എൽ.ഡി.എഫിന് വൻപരാജയം. കാരണങ്ങൾ പരിശോധിച്ചു. ശക്തികേന്ദ്രങ്ങളിലടക്കം പരമ്പരാഗതമായി സി.പി.എമ്മിന് ഫിക്‌സഡ് നിക്ഷേപം പോലെ ഉറപ്പായിരുന്ന ഈഴവ വോട്ടുകളും കുറേ നായർ വോട്ടുകളും ബി.ജെ.പിക്ക് പോയിരിക്കുന്നു എന്നുകണ്ടെത്തി. ബി.ജെ.പിയോട് കൂറുപുലർത്തുന്ന എസ്.എൻ.ഡി.പി നേതൃത്വത്തെ വിമർശിച്ച് തുറന്നുകാട്ടണം എന്നായിരുന്നു സി.പി.എം കേന്ദ്ര കമ്മിറ്റിയുടെ നിർദ്ദേശം. എന്നാൽ എസ്.എൻ.ഡി.പി നേതൃത്വത്തെ ചേർത്തുപിടിച്ച് ന്യൂനപക്ഷത്തിനെതിരെ ആഞ്ഞടിച്ച് രാഷ്ട്രീയനേട്ടമുണ്ടാക്കാം എന്നായിരുന്നു പിണറായി വിജയന്റെയും സി.പി.എം കേരളഘടകത്തിന്റയും രാഷ്ട്രീയലൈൻ.

2024 ലോക്‌സഭാ ഇലക്ഷനിലെ മുസ്ലീം പ്രീണനം എന്ന അടവുനയം ഫലിക്കാതെ വന്നപ്പോൾ മുതലാണ് സി.പി.എമ്മിൽ നിന്ന് ഈഴവ നായർ വോട്ടുകൾ ബി.ജെ.പിയിലേക്ക് ചോരുന്നത് തടയാൻ സി.പി.എം പരസ്യമായ ഹിന്ദുത്വ പ്രീണനലൈനിലേക്കും മുസ്ലീം വിദ്വേഷകാമ്പയിനിലേക്കും തങ്ങളുടെ അടവുനയം മാറ്റിയത്. 2024 ലെ ലോക്‌സഭാ ഇലക്ഷൻ റിസൾട്ട് വന്നു ദിവസങ്ങൾക്കകം മുഖ്യമന്ത്രി പിണറായി വിജയനും ഉറ്റ അനുയായികളായ നേതാക്കളും മലപ്പുറത്തിനെതിരെ മുസ്ലീം ലീഗീനെതിരെ ജമാഅത്തെ ഇസ്ലാമിക്കെതിരെ വിദ്വേഷപരമായ പരാമർശങ്ങളുമായി ആഞ്ഞടിച്ചു തുടങ്ങുകയായിരുന്നു.

മുസ്ലീംലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖ് അലി ശിഹാബ് തങ്ങൾ ജമാഅത്തെ ഇസ്ലാമിയുടെ അനുയായിയെപ്പോലെയാണ് പെരുമാറുന്നതെന്നാദ്യം കണ്ണാടിയിൽ ഒരു പൊതുയോഗത്തിൽ ആദ്യം വിമർശിച്ച പിണറായി ഒരുപടി കൂടി കടന്നു കൊല്ലം നെടുവത്തൂർ ഏരിയ കമ്മിറ്റിയുടെ ആസ്ഥാനമന്ദിരത്തിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് 2024 നവംബർ 19 ന്, സാദിഖലി തങ്ങളെക്കുറിച്ച് പറഞ്ഞതിന് ജമാഅത്തെ ഇസ്ലാമിയുടെയും എസ്.ഡി.പി.ഐയുടെയും വർഗ്ഗീയ- തീവ്രവാദഭാഷയുമായി മുസ്ലീംലീഗ് സി.പി.എമ്മിന്റെ അടുത്തേക്ക് വരരുതെന്ന് പിണറായി താക്കീത് ചെയ്തു.

'സാദിഖലി തങ്ങൾ മുസ്ലീം ലീഗിന്റെ പ്രസിഡന്റായി വരുന്നതിന് മുമ്പ് ഏതെങ്കിലും ഘട്ടത്തിൽ മുസ്ലീം ലീഗ് ജമാഅത്തെ ഇസ്ലാമിക്കൊപ്പം നിന്നിട്ടുണ്ടോ. അതേക്കുറിച്ച് പറയാൻ പാടില്ലെന്ന് ലീഗിലെ ചില നേതാക്കൾ പറഞ്ഞാൽ അത് നാട്ടിൽ ചെലവാകുമോ? ആരെങ്കിലും അംഗീകരിക്കുമോ? ഞാൻ പറഞ്ഞതിനോടുള്ള പ്രതികരണങ്ങളുടെ ഭാഷ തീവ്രവാദികളുടെ ഭാഷയാണ്. തീവ്രവാദ  ബന്ധത്തിന്റെ ഭാഗമായി തീവ്രവാദവും ഭാഷയും കരസ്ഥമാക്കാൻ ലീഗിലെ ചിലർ നിൽക്കരുത്. വർഗ്ഗീയത തീവ്രവാദ സ്വഭാവത്തിന്റെ ഭാഷയും സ്വീകരിച്ചുകൊണ്ട് ഇങ്ങോട്ടുവരരുത്. അത് ഗുണം ചെയ്യില്ല'. അങ്ങനെ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ മുസ്ലീംലീഗിനെതിരെ ജമാഅത്തെ ഇസ്ലാമിക്കെതിരെ, മറ്റൊരു രാഷ്ട്രീയ നേതാവും പറഞ്ഞിട്ടില്ലാത്തത്ര കടുത്ത ഭാഷയിൽ പിണറായി വിജയൻ പൊതുരാഷ്ട്രീയവേദികളിൽ മുഴുവൻ ആഞ്ഞടിച്ചപ്പോൾ പിണറായി വിജയനുവേണ്ടി പ്രസ്താവനകൾ നടത്തുന്ന എ.വിജയരാഘവൻ, എ.കെ. ബാലൻ മുതൽ വെള്ളാപ്പള്ളി നടേശൻ വരെ വിവിധ മുസ്ലീം സംഘടനകൾക്കെതിരെ കടുത്ത വിദ്വേഷ പരാമർശനങ്ങൾ നടത്തി. 1996, 2004 ലോക്‌സഭാ തിരഞ്ഞടുപ്പ്, 2006 നിയമസഭ, 2009 ലെ ലോക്‌സഭ, 2011 ലെ നിയമസഭാ, 2015 തദ്ദേശ തിരഞ്ഞടുപ്പ് എന്നിവയിലടക്കം ജമാഅത്തെ ഇസ്ലാമി പിന്തുണച്ചത് എൽ.ഡി.എഫിനെയായിരുന്നു എന്നതിന് എല്ലാ തെളിവുകളും ഉണ്ട്.

ജമാ അത്തെ ഇസ്ലാമിയെ മുന്നിൽ നിർത്തി ഇസ്ലാം വിമർശനം നടത്തുന്നതിലൂടെ സാമുദായിക ധ്രൂവീകരണം സൃഷ്ടിച്ച് ഭൂരിപക്ഷ സമുദായത്തിന്റെ പിന്തുണ ഉറപ്പിക്കാനാണ് സി.പി.എം ലക്ഷ്യം വയ്ക്കുന്നതെന്ന് മാലോകർക്ക് മുഴുവൻ മനസ്സിലായിട്ടും ജമാഅത്തെ ഇസ്ലാമിയെ മാത്രമല്ല യാതൊരു പ്രകോപനവുമില്ലാതെ മുസ്ലീം ലീഗിനെയും തീവ്രവാദ ചാപ്പകുത്തി കടന്നാക്രമിക്കുന്നത് തുടർന്നുകൊണ്ടേയിരുന്നു മുഖ്യമന്ത്രിയും കൂട്ടരും. നരേന്ദ്രമോദി കേന്ദ്രത്തിൽ അധികാരത്തിനായി മുസ്ലീം വിരോധികളായ ഹിന്ദുത്വരെ ആകർഷിക്കുന്നതിനായി നടത്തുന്ന വിദ്വേഷപ്രസ്താവനകളുടെ കേരള പതിപ്പായിട്ടാണ് കേരളത്തിലെ മതേതര ചിന്താഗതികൾ ഇതിനെ കണ്ടത്.

മുസ്ലീം വർഗ്ഗീയ ചേരിയുടെ പിന്തുണ നേടിയാണ് രാഹുൽഗാന്ധിയും പ്രിയങ്കഗാന്ധിയും വയനാട്ടിൽ പാർലമെന്റിലെത്തിയതെന്നും പ്രിയങ്കാഗാന്ധിയുടെ റാലിയുടെ മുന്നിലും പിന്നിലുമെല്ലാം ന്യൂനപക്ഷ വർഗ്ഗീയതയുടെ ഏറ്റവും മോശപ്പെട്ട തീവ്രവാദ ഘടകങ്ങൾ അണിനിരന്നത് നാം കണ്ടതാണെന്ന് സി.പി.എം ജില്ലാ സമ്മേളനത്തിൽ പോളിറ്റ് ബ്യൂറോ അംഗം വിജയരാഘവൻ പറഞ്ഞതിനെ ബി.ജെ.പി കേന്ദ്രനേതൃത്വം ആവേശത്തോടെയാണ് സ്വീകരിച്ചത്. സി.പി.എം സമ്മാനിച്ച ഈ വിദ്വേഷ ടൂൾകിറ്റ് ആയുധമാക്കിയാണ് മഹാരാഷ്ട്രയിലെ ബി.ജെ.പി മന്ത്രി നിരോഷ് റാണ കേരളം ഒരു മിനിപാകിസ്ഥാനാണ്. അതുകൊണ്ടാണ് രാഹുൽഗാന്ധിയും പ്രിയങ്കാഗാന്ധിയും ഭീകരരുടെ പിന്തുണയോടെ എം.പിമാരാകുന്നത് എന്ന് ധൈര്യത്തോടെ പറഞ്ഞത്. എന്നിട്ടും വിജയരാഘവന്റെ പ്രസ്താവനയെ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ശരിവയ്ക്കുകയും വിജയരാഘവൻ തന്റെ പ്രസ്താവന എഫ്.ബി കുറിപ്പായി ആവർത്തിക്കുകയുമായിരുന്നു.

പി.ആർ. ഏജൻസി ഹിന്ദു പത്രത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള അഭിമുഖം തയ്യാറാക്കി കൊടുത്തപ്പോൾ മലപ്പുറത്തെക്കുറിച്ച് നടത്തിയതായി വന്ന മോശം പരാമർശങ്ങൾ വിവാദമായപ്പോൾ മുഖ്യമന്ത്രി നിഷേധിച്ചെങ്കിലും ആ അഭിമുഖത്തിന്റെ ലക്ഷ്യം തന്നെ തങ്ങളുടെ ഭൂരിപക്ഷ കൂറ് ദേശീയതലത്തിൽ തന്നെ ബോധ്യപ്പെടുത്താനായിരുന്നു എന്ന് വ്യക്തമായിരുന്നു.
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മുൻ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ കൊടുത്ത മൈക്രോഫിനാൻസ് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ആഭ്യന്തരവകുപ്പ് സംരക്ഷിച്ചുതുടങ്ങിയ 2017 മുതൽ വെള്ളാപ്പള്ളി മുഖ്യമന്ത്രിയുടെ നാവാണെന്ന് എല്ലാവർക്കും അറിയാം. ഈഴവ സമുദായത്തിലെ മഹാഭൂരിപക്ഷവും ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കുന്ന ആചാരലംഘനത്തിനെതിരായിട്ടും സ്ത്രീപ്രവേശനത്തെ പിന്തുണയ്ക്കാൻ രൂപീകരിച്ച നവോത്ഥാന സംരക്ഷണ സമിതിയുടെ ചെയർമാനായിരുന്നത് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയായിരുന്ന വെള്ളാപ്പള്ളിയായിരുന്നു.

മൈക്രോഫിനാൻസ് കേസിൽ ബലിയാടാക്കപ്പെട്ട എസ്.എൻ.ഡി.പി ചേർത്തല യൂണിയൻ സെക്രട്ടറി കെ.കെ. മഹേഷ് തന്റെ മരണത്തിന് കാരണക്കാരൻ വെള്ളാപ്പള്ളിയാണെന്ന് കുറിപ്പ് എഴുതിവെച്ച് ആത്മഹത്യ ചെയ്തശേഷം വെള്ളാപ്പള്ളിക്ക് പിണറായിയോട് കൂറ് ഇരട്ടിയായതിൽ അത്ഭുതമില്ല. 2024 ലെ ലോക്‌സഭാ ഇലക്ഷനുശേഷം വെള്ളാപ്പള്ളി മുസ്ലീം സമുദായത്തിനെതിരെ നടത്തിയിട്ടുള്ള വിദ്വേഷപ്രസ്താവനകൾക്ക് കണക്കില്ല.

പുനലൂരിൽ സമുദായത്തിന്റെ ഒരു യോഗത്തിൽ വെള്ളാപ്പള്ളി പ്രസംഗിച്ചത് 'വർണ്ണക്കടലാസിൽ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡാണ് മുസ്ലീം ലീഗെന്നാണ്. മൂന്നാം തരം വർഗ്ഗീയ പാർട്ടിയായ അവരുടെ ഭരണം വന്നാൽ നമ്മൾ ആത്മഹത്യ ചെയ്യേണ്ടി വരും' എന്നാണ്. നിലമ്പൂരിലെ ഒരു ശ്രീനാരായണ കൺവെൻഷനിലാണ് വെള്ളാപ്പള്ളി മലപ്പുറം ഒരു പ്രത്യേക രാജ്യമാണെന്നുപറഞ്ഞത്. പ്രത്യേക രാജ്യത്ത് ഭയന്നുജീവിക്കുന്ന ആളുകളാണ് പിന്നോക്കക്കാർ. സ്വതന്ത്രമായ വായു ശ്വസിച്ചോ സ്വതന്ത്രമായ അഭിപ്രായം പറഞ്ഞോ പിന്നോക്കക്കാർക്ക് മലപ്പുറത്ത് ജീവിക്കാൻ കഴിയില്ലെന്നു വെള്ളാപ്പള്ളി പറഞ്ഞതിനെ മുഖ്യമന്ത്രി നിലവിലുള്ള യാഥാർത്ഥ്യമാണ് അദ്ദേഹം പറഞ്ഞത് എന്നുപറഞ്ഞ് ന്യായീകരിക്കുകയായിരുന്നു.

പിന്നീട് എത്രയോ വേദികളിൽ മുഖ്യമന്ത്രി വെള്ളാപ്പള്ളിയെ പ്രശംസകൾ കൊണ്ട് പൊതിഞ്ഞു. 2025 സെപ്റ്റംബർ 3 ന് പെരിങ്ങമല ശ്രീനാരായണീയം കൺവെൻഷൻ സെന്ററിന്റെ ഉദ്ഘാടനം നടത്തിക്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് വെള്ളാപ്പള്ളി 'ഗുരുവിനെ പകർത്തിയ നേതാവാണ്' എന്നാണ്. ശ്രീനാരായണ ഗുരുദേവന്റെ ആശയങ്ങൾ വെള്ളാപ്പള്ളി പകർത്തിയെന്നും വെള്ളാപ്പള്ളിയുടേത് മാതൃകാപരമായ പ്രവർത്തനമാണെന്നും മുഖ്യമന്ത്രി പ്രകീർത്തിച്ചപ്പോൾ സാംസ്‌ക്കാരിക കേരളം ഞെട്ടുക തന്നെ ചെയ്തു.

2024 ലെ ലോക്‌സഭാ ഇലക്ഷനുമുമ്പുവരെയും എക്കാലവും പിണറായി വിജയനുമായി അകലം പാലിച്ചിരുന്ന ഭൂരിപക്ഷ സമുദായനേതാവാണ് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ എസ്.എൻ.ഡി.പി സമുദായത്തിനൊപ്പം എൻ.എസ്.എസിന്റെ പിന്തുണ കൂടി ഉറപ്പായാൽ മൂന്നാം ഭരണം സാധ്യമാകും എന്ന വിശ്വാസമാണ് മുഖ്യമന്ത്രിയേയും സി.പി.എമ്മിനേയും എൻ.എസ്.എസ്സിനെ കൂട്ടിച്ചേർത്തു പിടിക്കാൻ പ്രേരിപ്പിച്ചത്. എസ്.എൻ.ഡി.പി നേതൃത്വവുമായി എന്നപോലെ സുകുമാരൻ നായരുമായി നല്ല ബന്ധം സൂക്ഷിക്കുന്ന നേതാവാണ് മന്ത്രി വി.എൻ. വാസവൻ. അദ്ദേഹമാണ് മുഖ്യമന്ത്രിയേയും എൻ.എസ്.എസ് ജനറൽ സെക്രട്ടറിയേയും തമ്മിൽ അടുത്ത ചങ്ങാത്തത്തിലേയ്ക്ക് എത്തിച്ചത്. സുകുമാരൻ നായരുടെ ചില സ്വകാര്യ പ്രശ്‌നങ്ങളിൽ മാത്രമല്ല എയ്ഡഡ് സ്‌ക്കൂൾ ഭിന്നശേഷി അധ്യാപക നിയമനത്തിൽ എൻ.എസ്.എസ് മാത്രമായി അനുകൂല തീരുമാനമുണ്ടായി. ജി. സുകുമാരൻ നായർ പെരുന്ന ആശുപത്രിയിൽ സുഖമില്ലാതെ കഴിഞ്ഞപ്പോൾ അവിടെ നേരിട്ടുകാണാൻ മുഖ്യമന്ത്രിയെത്തി. ആഗോള അയ്യപ്പസംഗമം തീർച്ചയാക്കുന്നത് തന്നെ സുകുമാരൻ നായരുടെ പിന്തുണ ഉറപ്പുവരുത്തിയശേഷമായിരുന്നു.

ഇങ്ങനെ ഭൂരിപക്ഷ പിന്തുണ ഉറപ്പിക്കാൻ ശ്രമിക്കുമ്പോൾ തന്നെ ക്രൈസ്തവ വോട്ടുകൂടി പരമാവധി ഉറപ്പാക്കാൻ സഭാമേലധ്യക്ഷന്മാരും മാണിവിഭാഗം കേരള കോൺഗ്രസും ഡിമാൻഡ് ഉന്നയിച്ച ചില ആവശ്യങ്ങളും നടത്തിക്കൊടുക്കുന്നതിനും സർക്കാർ ശുഷ്‌കാന്തി കാണിച്ചു.
ഇങ്ങനെ മുമ്പ് ഒരു കാലത്തും ഉണ്ടായിട്ടില്ലാത്തതുപോലെ തിരഞ്ഞെടുപ്പ് ജയിക്കാൻ ജാതിമത വർഗ്ഗീയകാർഡുകൾ ഉപയോഗിക്കുന്നത് സാമൂഹികാന്തരീക്ഷത്തെ മലീമസമാക്കുമ്പോഴും, മുസ്ലീങ്ങൾ നാടുഭരിക്കാൻ ഇടയായാൽ ജമാഅത്തെ ഇസ്ലാമി ആഭ്യന്തരം ഭരിക്കും എന്നെല്ലാമുള്ള സംഘപരിവാറിനെ വെല്ലുന്ന മതഭീതി ഉയർത്തിയുള്ള രാഷ്ട്രീയ പ്രചാരണം നടക്കുമ്പോഴും തങ്ങൾ എന്നും വർഗ്ഗീയതയുടെ ശത്രുക്കളാണെന്നും മതനിരപേക്ഷതയുടെ വക്താക്കളാണെന്നും അവകാശപ്പെടുന്നതിലെ ഇരട്ടത്താപ്പും കാപട്യവും മനസ്സിലാകാത്ത വിഡ്ഢികളൊന്നുമല്ലല്ലോ കേരളജനത.

കേരള മുസ്ലീം ജമാഅത്തിന്റെ ആഭിമുഖ്യത്തിലുള്ള കേരള യാത്രയുടെ സമാപനത്തിൽ 56 മിനിട്ട് നീണ്ട മുഖ്യമന്ത്രിയുടെ എഴുതി തയ്യാറാക്കിയ പ്രസംഗം വർഗ്ഗീയതയ്‌ക്കെതിരായ മതനിരപേക്ഷതയ്ക്കുവേണ്ടിയുള്ള ഉദ്‌ബോധനമായിരുന്നു. തുടർന്നു സംസാരിച്ച പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ 8.24 മിനിറ്റ് പ്രസംഗം സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ കൊടുങ്കാറ്റാണ് സൃഷ്ടിച്ചത്. സമൂഹമാധ്യമങ്ങളിൽ ആ പ്രസംഗം വൈറലായി.
'മതേതരത്വം ഒരു വശത്ത് പറഞ്ഞുകൊണ്ട് മറുവശത്ത് വിദ്വേഷം പറയുന്നവരെ നമ്മൾ പൊന്നാടയിട്ട് സ്വീകരിക്കരുത്'എന്നു തുടങ്ങി മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പിനെയും കാപട്യത്തെയും കണക്കറ്റ് വിമർശിക്കുന്ന ആ ലഘുപ്രസംഗം മതേതര കേരളം കയ്യടികളോടെയാണ് സ്വീകരിച്ചത്.

എന്നാൽ പ്രതിപക്ഷനേതാവ് വിമർശിച്ചത് മുഖ്യമന്ത്രിയെയാണെങ്കിലും നൊന്തത് എൻ.എസ്.എസ് ജനറൽ സെക്രട്ടറിക്കും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിക്കുമാണ്. സി.പി.എം സെക്രട്ടറി പ്രതികരിക്കുന്നതിനു മുമ്പേ രണ്ടു സമുദായ നേതാക്കന്മാരും ഏതാണ്ട് ഒരേ സമയത്ത് കണിച്ചുകുളങ്ങരയിലും പെരുന്നയിലും വാർത്താസമ്മേളനം നടത്തി വ്യക്തിപരമായി വി.ഡി.  സതീശനുമേൽ ആക്ഷേപങ്ങൾ ചൊരിഞ്ഞു. മാത്രമല്ല ഇരുസമുദായങ്ങളും തമ്മിൽ ഐക്യപ്പെടാൻ പോകുകയാണെന്നും പ്രഖ്യാപിച്ചു. ഒരിക്കൽ പൊളിഞ്ഞ ഐക്യം വീണ്ടും എന്തുകൊണ്ട് എന്ന ചോദ്യത്തിന് കാലഘട്ടം ആവശ്യപ്പെടുന്നതുകൊണ്ട് എന്നായിരുന്നു ഉത്തരമെങ്കിലും പിണറായി സർക്കാരിന് മൂന്നാം ഊഴം ഉറപ്പാക്കാനുള്ള ഐക്യം ആണ് തങ്ങളുടേതെന്ന് അവരുടെ പ്രസ്താവനകളിലെ വരികൾക്കിടയിൽ നിന്ന് വളരെ വ്യക്തമായിരുന്നു.

എൻ.എസ്.എസും എസ്.എൻ.ഡി.പിയും 2012 സെപ്റ്റംബറിൽ ഐക്യത്തിന് തീരുമാനമെടുത്തപ്പോൾ അന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയൻ വിശേഷിപ്പിച്ചത് 'വർഗ്ഗീയ അജൻഡ' എന്നായിരുന്നു. സംവരണത്തിന് മേൽത്തട്ട് പരിധി ഉയർത്തുന്നതിനെതിരെ എൻ.എസ്.എസും, അനുകൂലിച്ച് എസ്.എൻ.ഡി.പിയും നൽകിയ കേസുകൾ പിൻവലിപ്പിച്ചായിരുന്നു 2012 ൽ ഐക്യരേഖ ഒപ്പുവച്ചത്. എന്നാൽ സംവരണ വിഷയത്തിൽ കൊമ്പുകോർക്കാൻ അധികകാലം വേണ്ടിവന്നില്ല. 2014 ഫെബ്രുവരി എട്ടിന് എൻ.എസ്.എസ് ഡയറക്ടർ ബോർഡ് യോഗം ചേർന്ന് ഐക്യം അവസാനിച്ചെന്ന് പ്രഖ്യാപിച്ചു.

ഇത്തവണത്തെ ഐക്യനീക്കവും ആശയാധിഷ്ഠിതമോ വിഷയാധിഷ്ഠിതമോ അല്ലാത്തതുകൊണ്ട് അധികം നീണ്ടുനിൽക്കില്ല എന്ന് എല്ലാവർക്കും അറിയാമായിരുന്നു. എന്നാൽ ഞങ്ങളിതാ ഐക്യപ്പെടാൻ പോകുകയാണെന്ന് പ്രഖ്യാപിച്ച് ഒമ്പതാംദിനം തന്നെ എൻ.എസ്.എസ് ജനറൽ സെക്രട്ടറി കാലുവാരും എന്ന് വെള്ളാപ്പള്ളി സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടുണ്ടാവില്ല.
ജനുവരി 26 ന് ചേർന്ന എൻ.എസ്.എസ് ഡയറക്ടർ ബോർഡ് യോഗത്തിൽ 'തങ്ങൾക്ക് എല്ലാ രാഷ്ട്രീയപ്പാർട്ടികളോടും സമദൂരം ഉള്ളതിനാൽ വീണ്ടും ഒരു ഐക്യം പ്രായോഗികമല്ലെന്നും എൻ.എസ്.എസും എസ്.എൻ.ഡി.പിയും തമ്മിലുള്ള ഐക്യവുമായി മുന്നോട്ടുപോകേണ്ടതില്ലെന്നും' തീരുമാനിക്കുന്നതായുള്ള പ്രമേയം താൻ തന്നെയാണ് ബോർഡ് യോഗത്തിൽ അവതരിപ്പിച്ചതെന്നും ജി. സുകുമാരൻ നായർ മാധ്യമങ്ങളോട് പറയുകയുണ്ടായി.

ഐക്യം വെള്ളാപ്പള്ളിയും മകനും ഒരേസമയം കേന്ദ്ര സർക്കാരിൽ നിന്നും സി.പി.എം നേതൃത്വത്തിൽ നിന്നുള്ള പലവിധ നേട്ടങ്ങൾക്കായി ഉപയോഗിക്കുമെന്നും അതിന്റെ പേരിലുള്ള ചീത്തപ്പേരും കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് തോറ്റാൽ അതിന്റെ ചീത്തപ്പേരും എൻ.എസ്.എസ് കൂടി ഒരുമിച്ചുപേറേണ്ടി വരും എന്ന് സുകുമാരൻ നായരോട് അടുപ്പമുള്ളവരെല്ലാം ഉപദേശിച്ചതുകൊണ്ടാണ് എൻ.എസ്.എസ് സാമുദായിക ഐക്യത്തിൽ നിന്ന് പിന്തിരിയാൻ കാരണം എന്നാണ് അറിയുന്നത്. അല്ലാതെ എൻ.ഡി.എ കൺവീനറെ ചർച്ചയ്ക്ക് നിയോഗിച്ചതുകൊണ്ടോ, പത്മശ്രീ പുരസ്‌കാരം സുകുമാരൻ നായർക്ക് ലഭിക്കാതിരുന്നതുകൊണ്ടോ മാത്രമായിരുന്നില്ല എൻ.എസ്.എസ് തീരുമാനം.

സംഘപരിവാർ നേതാവായ മുൻ ഡി.ജി.പി ടി.പി സെൻകുമാർ വി.ഡി.സതീശനെ തോൽപ്പിക്കാൻ രണ്ടാമത് എത്തുന്ന സ്ഥാനാർത്ഥിക്ക് എല്ലാ ഹിന്ദുക്കളും ഒരുമിച്ച് വോട്ടുചെയ്യണം എന്നഭ്യർത്ഥിക്കുന്നു. അങ്ങനെ എൽ.ഡി.എഫ് രണ്ടാമത് എത്തുന്നിടത്തെല്ലാം ബി.ജെ.പി വോട്ട് കൊടുക്കാൻ പോയാൽ ബി.ജെ.പിയുടെ സ്വന്തമായ വോട്ടുവിഹിതം വീണ്ടും താഴേക്കുപോകും. അതിന് ബി.ജെ.പി നിന്നുകൊടുക്കാനിടയില്ല.
യു.ഡി.എഫ് മതസാമുദായിക പിന്തുണ തേടുന്നതിനെ മാധ്യമങ്ങളും വിമർശിക്കുന്നില്ലല്ലോ എന്തുകൊണ്ട് എൽ.ഡി.എഫ് മാത്രം വിവിധ സാമൂഹിക വിഭാഗങ്ങളുടെ പിന്തുണ നേരിടുന്നതിന്റെ പേരിൽ വിമർശിക്കുന്നു എന്ന ചോദ്യം സി.പി.എമ്മിന്റെ ചില ബുദ്ധിജീവി സഹയാത്രികർ ഉന്നയിക്കുന്നുണ്ട്. ഉത്തരം ലാളിത്യമാണ് യു.ഡി.എഫുകാർ മത-സാമുദായിക വിഭാഗങ്ങളുടെ കൂടി പ്രതിനിധികളാണ് തങ്ങളെന്നമ് സ്വയം വിശേഷിപ്പിച്ചിരുന്നവരാണ്. എന്നാൽ മതനിരപേക്ഷ പുരോഗമന രാഷ്ട്രീയത്തിന്റെ ചരിത്രവും പാരമ്പര്യവും അവകാശപ്പെടുന്ന ഒരു ഇടതുപക്ഷ രാഷ്ട്രീയം തിരഞ്ഞെടുപ്പ് ജയിക്കാൻ വർഗ്ഗീയ വിദ്വേഷ അജണ്ടയുമായി ഇറങ്ങിയാൽ കേരളത്തിലെ മതേതര സമൂഹം അവരെ പരാജയപ്പെടുത്തുക തന്നെ ചെയ്യും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img