12:05am 15 September 2026
NEWS
ഫലം നിർണ്ണയിക്കുക ധ്രുവീകരണ രാഷ്ട്രീയമോ ഭരണവിരുദ്ധ വികാരമോ ?
15/02/2026  07:46 PM IST
ചെറുകര സണ്ണീലൂക്കോസ്
ഫലം നിർണ്ണയിക്കുക ധ്രുവീകരണ  രാഷ്ട്രീയമോ ഭരണവിരുദ്ധ വികാരമോ ?

നിയമസഭാ തിരഞ്ഞെടുപ്പിന് അണികളെ പ്രവർത്തന സജ്ജരാക്കുന്നതിനും തങ്ങളുടെ വാഗ്ദാനങ്ങളും അവകാശവാദങ്ങളും എതിരാളികളെക്കുറിച്ചുള്ള വിമർശനങ്ങളും ആരോപണങ്ങളും വോട്ടർമാർക്കുമുമ്പിൽ അവതരിപ്പിക്കുന്നതിനും മുന്നണികളുടെ അമരക്കാർ കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളേയും ബന്ധിപ്പിച്ച് നടത്തുന്ന പ്രചാരണജാഥകൾ കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള പതിവ് ആചാരമായി മാറിയിട്ടുണ്ട്.

കഴിഞ്ഞ 10 വർഷം കേരളത്തിൽ ഇടതുമുന്നണി സർക്കാർ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളും ഭരണനേട്ടങ്ങളും വിശദീകരിച്ചുകൊണണ്ടായിരുന്നു തുടർഭരണം ലക്ഷ്യമിട്ടുകൊണ്ടുള്ള എൽ.ഡി.എഫിന്റെ വികസന മുന്നേറ്റ ജാഥ. ഈ ജാഥ വടക്കൻ മേഖലയിൽ നയിച്ചത് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തെക്കൻ മേഖലയിൽ നയിച്ചത് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും മധ്യമേഖലയിൽ നയിച്ചത് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണിയുമായിരുന്നു.

ഇടതുമുന്നണിയുടെ വികസന മുന്നേറ്റ ജാഥ നയിച്ചവരും, അവ ഉദ്ഘാടനം ചെയ്ത മുന്നണിയെ വരുന്ന തിരഞ്ഞെടുപ്പിലും നയിക്കും എന്നു പ്രഖ്യാപിക്കപ്പെട്ടുള്ള മുഖ്യമന്ത്രി പിണറായി വിജയനും ജനങ്ങളോട് വിശദീകരിച്ചത് കഴിഞ്ഞ പത്തുവർഷത്തെ ഭരണം കൊണ്ട് കേരളത്തെ വമ്പിച്ച വികസന പുരോഗതിയിലേക്ക് നയിച്ചെന്നാണ്. കേന്ദ്ര സർക്കാർ അവഗണിച്ചിട്ടും സാമ്പത്തികമായി ഞെരുക്കാൻ ശ്രമിച്ചിട്ടും വ്യവസായം, ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യവികസനം, പൊതുഗതാഗതം, ടൂറിസം തുടങ്ങിയ മേഖലകളിലെല്ലാം കേരളത്തെ പുരോഗതിയിലേക്ക് നയിച്ച ഇടതുമുന്നണിക്ക് സർക്കാരുണ്ടാക്കാൻ ഒരവസരം കൂടി നൽകണമെന്നായിരുന്നു ഇടതുമുന്നണി നേതാക്കളുടെ അഭ്യർത്ഥന.

ഫെബ്രുവരി 6 ന് കാസർഗോട്ട് നിന്നാരംഭിച്ച പ്രതിപക്ഷ നേതാവും യു.ഡി.എഫ് ചെയർമാനുമായ വി.ഡി. സതീശൻ നയിക്കുന്ന 'പുതുയുഗ യാത്ര' മാർച്ച് 6 വരെ ഒരു മാസക്കാലത്തെ പരിപാടിയാണ്. പിണറായി സർക്കാരിനെതിരെ, ഭരണവിരുദ്ധ വികാരം ഉണ്ടാകാനിടയാക്കിയ, സർക്കാർ പരാജയപ്പെട്ട മേഖലകളിലെല്ലാം വിജയം കാണുന്ന ബദൽമാർഗ്ഗം തങ്ങൾക്കുണ്ടെന്നവകാശപ്പെട്ടുകൊണ്ടാണ് വി.ഡി. സതീശന്റെ ജാഥ മുന്നേറുന്നത്. ജാഥയിൽ സർക്കാരിനെതിരെ രൂക്ഷവിമർശനം നടത്തുന്നുണ്ടെങ്കിലും അതിനേക്കാൾ ഊന്നൽ കൊടുക്കുന്നത് വികസനം സാധ്യമാക്കുന്നതും ജനക്ഷേമത്തിലൂന്നിയതുമായ ഒരു ഭരണം നടത്തുവാൻ യു.ഡി.എഫിന് കൃത്യമായ പ്ലാനും തയ്യാറെടുപ്പും ഉണ്ടെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനാണ്.

ബി.ജെ. പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരൻ പങ്കെടുക്കുന്ന 'വികസന കോൺക്ലേവു'കൾ സംസ്ഥാനമൊട്ടുക്ക് നടന്നുവരികയാണ്. 'വികസിത കേരളം' എന്നതാണ് രാജീവ് ചന്ദ്രശേഖരൻ കേരള ബി.ജെ.പി അധ്യക്ഷനായതുമുതൽ ഉയർത്തിക്കാട്ടാൻ ശ്രമിക്കുന്നത്. ബി.ജെ.പിയും സംസ്ഥാനത്തെ പ്രധാന ഘടകകക്ഷിയായ ബി.ഡി.ജെ.എസും ഇടതു സർക്കാരിനെയും യു.ഡി.എഫിനെയും ഒരുപോലെ എതിർക്കാനും, നിയമസഭാ തിരഞ്ഞെടുപ്പിലും ശബരിമല സ്വർണ്ണക്കൊള്ള തന്നെ മുഖ്യവിഷയമാക്കി കേരളത്തിൽ പരമാവധി ബി.ജെ.പിയുടെ വോട്ടുവിഹിതം വർദ്ധിപ്പിക്കാനുമാണ് തീരുമാനിച്ചിട്ടുള്ളത്.

രണ്ടാം പിണറായി സർക്കാർ വന്ന ശേഷമുള്ള ഉപതെരഞ്ഞെടുപ്പുകളും ലോക്‌സഭാ ഇലക്ഷൻ ഫലവും തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പുറിസൽട്ടും വിലയിരുത്തിയാൽ അധികാരത്തുടർച്ചയെന്നത് ഇടതുമുന്നണിക്ക് അനായാസം സാധ്യമാകുന്ന ഒന്നല്ല. ഏറ്റവും ഒടുവിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ കേരളത്തിലുടനീളം ശക്തമായ ഭരണവിരുദ്ധവികാരം ഉണ്ടായി. ഭരണവിരുദ്ധവോട്ടുകൾ കൂടുതലും യു.ഡി.എഫിനും ഭാഗികമായി ബി.ജെ.പിക്കും ലഭിച്ചു.

രാജ്യത്ത് സി.പി.എംന് ഭരണവും സ്വാധീനവും ഉള്ള അവശേഷിക്കുന്ന ഏകതുരുത്തായ കേരളത്തിൽ അധികാരം നിലനിൽക്കണമെങ്കിൽ അനിതര സാധാരണമായ ജാഗ്രതയും അടവുകളും തന്ത്രങ്ങളും പയറ്റേണ്ടുന്ന സന്ദർഭവുമായിട്ടാണ് സി.പി.എം ഇപ്പോൾ മുഖാമുഖം നിൽക്കുന്നത്. ആദ്യം വേണ്ടത് യഥാർത്ഥ പരാജയകാരണങ്ങളെ തിരിച്ചറിയുക എന്നതാണ്. തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി പരിശോധിച്ച് തിരുത്തേണ്ടതെല്ലാം തിരുത്തുവാനും ഫലം വന്നപ്പോൾ സി.പി.എം സംസ്ഥാന സെക്രട്ടറി പറഞ്ഞെങ്കിലും പാർട്ടി സംസ്ഥാന നേതൃത്വം മൂന്നുദിവസം തുടർച്ചയായി യോഗം ചേർന്നു. സംസ്ഥാന രാഷ്ട്രീയം വിലയിരുത്തിയശേഷം സർക്കാരിന്റെ പ്രവർത്തനങ്ങൾ നൽകിയത് ഫുൾമാർക്കാണ്. സർക്കാരിനെക്കുറിച്ച് മോശം അഭിപ്രായമില്ലാത്ത നേതൃത്വം വിലയിരുത്തിയത് ജനങ്ങൾക്കും സർക്കാരിനെക്കുറിച്ച് നല്ല അഭിപ്രായം ഉണ്ടെന്നാണ്. പിന്നെന്തു കൊണ്ടുതോറ്റു എന്ന ചോദ്യത്തിന് നേതൃത്വം നൽകിയ ഉത്തരം..

സർക്കാരിന്റെ മികച്ച പ്രവർത്തനങ്ങൾ പ്രത്യേകിച്ച് ഒക്‌ടോബർ 29 ലെ ക്ഷേമപ്രഖ്യാപനങ്ങൾ നടത്തിയ മന്ത്രിസഭാ തീരുമാനങ്ങൾവെച്ച് തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന അമിതആത്മവിശ്വാസം പൊതുവിൽ എൽ.ഡി.എഫിന് ഉണ്ടായിരുന്നുവെന്നാണ്. ചില പ്രദേശങ്ങളിൽ പ്രത്യേകിച്ച് നഗരമേഖലകളിൽ ഉണ്ടായ സംഘടനാ ദൗർബല്യമാണ് നേതൃത്വം കണ്ടെത്തിയ മറ്റൊരു കാരണം. എന്നാൽ ശബരിമല പോലുള്ള പ്രശ്‌നങ്ങളിൽ ശക്തമായ കള്ളപ്രചാരണം നടത്തി  യു.ഡി.എഫും ബി.ജെ.പിയും വോട്ടുനേടാൻ ശ്രമിച്ചെങ്കിലും അവർ ഉദ്ദേശിച്ചപോലെ അത് വിജയിച്ചില്ല എന്നായിരുന്നു നേതൃത്വത്തിന്റെ അതുസംബന്ധിച്ച വിലയിരുത്തൽ.

അതേസമയം കുറേക്കൂടി യാഥാർത്ഥ്യബോധം ഉൾക്കൊള്ളുന്ന വിലയിരുത്തലുകളാണ് സി.പി.ഐ നടത്തിയത്. തിരഞ്ഞെടുപ്പ് അവലോകനത്തിനായി ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് എക്‌സിക്യുട്ടീവ് യോഗങ്ങളിൽ ഉണ്ടായ വിലയിരുത്തൽ ഒട്ടേറെ ക്ഷേമപ്രവർത്തനങ്ങൾ നടത്തിയിട്ടും ഫലം എതിരായത് ഭരണവിരുദ്ധ വികാരത്തിന്റെ തെളിവാണെന്നാണ്. ശബരിമല സ്വർണ്ണക്കേസിൽ ജനങ്ങളുടെ സംശയം ദൂരീകരിക്കനായില്ല. അറസ്റ്റിലായ സി.പി.എം നേതാവ് പത്മകുമാറിനെതിരെ നടപടിയെടുക്കാത്തതും സംശയം ബലപ്പെടുത്തി. വെള്ളാപ്പള്ളിയെ തുടർച്ചയായി ന്യായീകരിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് ശരിയല്ല. ഭരണവിരുദ്ധ വികാരത്തിന് പുറമെ, ജനങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയനോടുള്ള എതിർപ്പും തദ്ദേശ തോൽവിക്ക് കാരണമായെന്നും സി.പി.ഐക്ക് വിമർശനം ഉണ്ടായിരുന്നു.
പൊതുവേ രാഷ്ട്രീയ നിരീക്ഷകരെല്ലാം സി.പി.ഐയുടെ വിലയിരുത്തലുകളോടാണ് യോജിച്ചത്. എൽ.ഡി.എഫ് ഭരണത്തെക്കുറിച്ച് പൊതുവിലുയർന്ന വിമർശനം ഭരണാധികാരമത്രയും പിണറായി വിജയൻ എന്ന ഒരൊറ്റ വ്യക്തിയിലേക്ക് കേന്ദ്രീകരിക്കപ്പെട്ടു എന്നതാണ്. 

മുഖ്യമന്ത്രിയുടെ ഓഫീസ് പാർട്ടിക്ക് മുകളിലായി. മുഖ്യമന്ത്രി ഉൾപ്പെട്ട ഏത് വിവാദങ്ങളിലും മുഖ്യമന്ത്രിക്ക് പ്രതിരോധം തീർക്കുകയെന്ന ഏകദൗത്യത്തിലേക്ക് പാർട്ടി ചുരുക്കപ്പെട്ടു. അഹന്തയും, ധിക്കാരവും, സ്വജനപക്ഷപാതവും, പല വകുപ്പുകളിലുമുണ്ടായ ഭരണപരാജയവും പൊതുജനങ്ങളെ നേരിട്ട് ബാധിക്കുന്ന പല കാര്യങ്ങൾക്കും ഉണ്ടായ നിരക്കും ഫീസും വർദ്ധിച്ചതുമെല്ലാം ഭരണവിരുദ്ധ വികാരത്തിന് കാരണമായി.
തങ്ങൾ നവകേരളം സൃഷ്ടിച്ചെന്ന ഭരണക്കാരുടെ അവകാശവാദങ്ങളെ ജനങ്ങൾ നിരാകരിച്ചപ്പോൾ സർക്കാർ വീഴ്ചകൾ തുറന്നുകാട്ടിയ പ്രതിപക്ഷ വിമർശനങ്ങളെയും മാധ്യമ വിമർശനങ്ങളേയും ജനങ്ങൾ മുഖവിലക്കെടുത്തു എന്നതാണ് സി.പി.എം നേതൃത്വത്തിന്റെ തദ്ദേശ പരാജയത്തിന്റെ വിലയിരുത്തലിൽ അവർ സ്വയം സമ്മതിക്കുന്നത്.

എന്നാൽ രണ്ട് വഴികളിലൂടെ നഷ്ടപ്പെട്ട ജനവിശ്വാസം തിരിച്ചുപിടിക്കാനാണ് ഭരണനേതൃത്വം ഇപ്പോൾ ശ്രമിക്കുന്നത്. 2016 ലും 2021 ലും ഇടതുമുന്നണിക്ക് വിജയം നേടിക്കൊടുത്ത രണ്ട് വഴികളാണത്. ഒന്ന് പ്രൊഫഷണൽ പബ്ലിക് റിലേഷൻ പ്രവർത്തനങ്ങൾ, രണ്ട് മത സാമുദായിക വോട്ടുബാങ്കുകളെ ഒപ്പം നിർത്താൻ കഴിയുംവിധം അവരുടെ ആവശ്യങ്ങൾ എന്തും നിറവേറ്റികൊടുക്കുന്ന സോഷ്യൽ എഞ്ചിനീയറിംഗ്. ഒപ്പം ഒരുവശത്ത് ഹൈന്ദവരെ ആകർഷിക്കുന്ന മാർഗ്ഗങ്ങൾ അവലംബിച്ചും മറുവശത്ത് ജമാഅത്തെ ഇസ്ലാമിയെ മുന്നിൽ നിർത്തി മുസ്ലീം വിഭാഗത്തെ അറ്റാക്ക് ചെയ്ത് ഹിന്ദുത്വയെ മൃദുവൽക്കരിക്കാനുള്ള നീക്കം.

വിവിധ വകുപ്പുകളിലെ ഭരണകെടുകാര്യസ്ഥതയെ വലിയ ഉത്സവക്കാഴ്ചകൾ സംഘടിപ്പിക്കുന്നതിലൂടെ മറികടക്കാനാവുമെന്ന പ്രതീക്ഷ പണ്ടേപ്പോലെ ഫലിക്കാതായിരിക്കുന്നു. മോഹൻലാലിന് ഫാൽകേ പുരസ്‌കാരം കിട്ടിയതുമുതൽ അതിദാരിദ്ര്യനിർമ്മാർജ്ജനം വരെ കോടികളുടെ മേളകളാണ് നടന്നത്. ഒരു ദിവസത്തെ കൂലി 232 രൂപയിൽ നിന്ന് 700 രൂപയാക്കാൻ സമരം ചെയ്ത ആശാതൊഴിലാളികളുടെ അവസ്ഥ ഈ മെഗാമേളകൾക്ക് ധൂർത്തടിച്ച കോടികളെയും ജനങ്ങൾ താരതമ്യം ചെയ്യുക സ്വാഭാവികമാണല്ലോ. യഥാർത്ഥ പ്രശ്‌നങ്ങൾക്ക് ഇവന്റ് മാനേജ്‌മെന്റ് ഒരു പരിഹാരമല്ലെന്നുകൂടിയാണ് സമീപകാല ജനവിധികളിൽ തെളിഞ്ഞത്.

മതസാമുദായിക വിഭാഗങ്ങളെ തൃപ്തിപ്പെടുത്തുന്നതിൽ ഒരുപക്ഷേ കെ. കരുണാകരനേക്കാൾ സാമർത്ഥ്യം പിണറായി വിജയനുണ്ട് എന്ന് നിരീക്ഷിക്കുന്നവരുണ്ട്. സി.പി.എമ്മിനോട് കടുത്ത ശത്രുത പുലർത്തിയിരുന്ന കോൺഗ്രസ് അനുഭാവിയായ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർപോലും ആഗോള അയ്യപ്പസംഗമത്തിൽ, ശബരിമല സ്വർണ്ണക്കൊള്ളയിൽ സർക്കാരിനനുകൂലമായി സംസാരിച്ചു എന്നതുമാത്രം ഒരു സാമ്പിളായി എടുക്കാവുന്നതാണ്.

എയ്ഡഡ് സ്‌ക്കൂൾ നിയമനങ്ങളിലെ ഭിന്നശേഷി സംവരണത്തിൽ എൻ.എസ്.എസിന് അനുകൂലമായ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ എൻ.എസ്.എസിന്റെ സ്‌ക്കൂളുകളിലെ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന കാര്യത്തിൽ സർക്കാർ പ്രകടിപ്പിച്ച അത്യുത്സാഹം എൻ.എസ്.എസ് ജനറൽ  സെക്രട്ടറിക്ക് പിണറായി സർക്കാരിനോട് വിധേയത്വം ഉണ്ടാകുന്നതിന് ഒരു കാരണമായിട്ടുണ്ട്.
എന്നാൽ അതേവിധി ബാധകമാക്കി തങ്ങളുടെ എയ്ഡഡ് സ്‌കുളുകളിലെ അധ്യാപകരെ സ്ഥിരപ്പെടുത്താത്തത് ക്രൈസ്തവ സഭകളെ പ്രകോപിപ്പിച്ചു. ഈ വിഷയത്തിൽ സർക്കാരിന്റെ അടിയന്തിര ഇടപെടൽ വേണമെന്ന് ക്രൈസ്തവ സഭകൾ സർക്കാരിനോടാവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെ എയ്ഡഡ് സ്‌ക്കൂളുകളിലെ നിയമനങ്ങളിലെ ഭിന്നശേഷി സംവരണത്തിൽ എൻ.എസ്.എസിന്റെ കാര്യത്തിലുണ്ടായ വിധി മറ്റ് മാനേജ്‌മെന്റുകൾക്ക് കൂടി ബാധമാക്കണമെന്ന് അഭ്യർത്ഥിച്ച് സംസ്ഥാന സർക്കാർ സുപ്രീകോടതിയെ സമീപിച്ചു.

മാനേജ്‌മെന്റുകൾ ഭിന്നശേഷി സംവരണത്തിനായുള്ള തസ്തികകൾ റിപ്പോർട്ട് ചെയ്യാത്തതിനാലും ഭിന്നശേഷി സംവരണ നിയമനം പൂർത്തിയാക്കാത്തതിനാലുമാണ് ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് കോടതി തടഞ്ഞിരുന്നത്. അതിനാൽ എയ്ഡഡ് സ്‌ക്കൂളുകളിൽ 6230 ജീവനക്കാർ താൽക്കാലിക അടിസ്ഥാനത്തിലും, 17729 പേർ ദിവസവേതന അടിസ്ഥാനത്തിലുമാണ് ജോലി ചെയ്യുന്നത്. ഇതിൽ ഭൂരിപക്ഷം പേരും ക്രിസ്ത്യൻ മാനേജ്‌മെന്റുകളിലാണ് ജോലി ചെയ്യുന്നത്. ക്രിസ്ത്യൻ മാനേജ്‌മെന്റുകളെ അനുനയിപ്പിക്കാൻ സർക്കാർ തീവ്രശ്രമം നടത്തുന്നുണ്ടെങ്കിലും ഇനി തിരഞ്ഞെടുപ്പിന് മുമ്പ് പരിഹാരമുണ്ടാക്കാനുള്ള സാധ്യത കുറവാണ്.

ക്രൈസ്തവ സഭകളുടെ മറ്റൊരു പ്രധാന ആവശ്യം ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കണം എന്നതാണ്. കമ്മീഷന്റെ ശുപാർശകളിൽ ചിലത് നടപ്പാക്കുന്നത് ദൂരവ്യാപക പ്രത്യാഘാതങ്ങൾക്കിടയാക്കുമെന്ന ആശങ്ക സർക്കാരിനുണ്ട്. അതുകൊണ്ടാണ് റിപ്പോർട്ട് പുറത്തുവിടാൻ ഇതുവരെയും സർക്കാർ തയ്യാറാകാത്തത്. അതേസമയം റിപ്പോർട്ടിലെ ബഹുഭൂരിപക്ഷം ശുപാർശകളും നടപ്പാക്കാനും അക്കാര്യം ക്രിസ്ത്യൻ സഭകളെ ബോദ്ധ്യപ്പെടുത്താനും തിരക്കിട്ട നീക്കങ്ങൾ സർക്കാർ നടത്തിവരികയാണ്.

കേന്ദ്ര വഖഫ് നിയമഭേദഗതി പ്രകാരം സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ച് സർക്കാർ വിജ്ഞാപനം ഇറക്കിയെങ്കിലും മുസ്ലീം സമൂഹത്തിന്റെ എതിർപ്പുണ്ടാകാതിരിക്കാൻ ബോർഡിൽ രണ്ട് അമുസ്ലീം മെമ്പർമാർ വേണമെന്നത് തൽക്കാലം മാറ്റിവെച്ച് ഒമ്പത് മുസ്ലീം അംഗങ്ങളെ മാത്രമാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. അതേപോലെ സമസ്ത(ഇ.കെ. വിഭാഗം)യിലെ സി.പി.എം അനുകൂല വിഭാഗത്തിന്റെ നേതാവായി അറിയപ്പെടുന്ന ഉമർഫൈസിയെ വഖഫ് ബോർഡിലും ഉൾപ്പെടുത്തിയിട്ടുണ്ട്. സർക്കാരിനും പ്രിയങ്കരനായ ഉമർഫൈസി സംസ്ഥാന ഹജ്ജ് കമ്മിറ്റിയിലും അംഗമാണ്.

ഇങ്ങനെ തിരഞ്ഞെടുപ്പ് അടുത്തപ്പോൾ മാത്രം നടത്തുന്ന സാമുദായിക പ്രീണനത്തിന്റെ ഒട്ടനവധി ഉദാഹരണങ്ങൾ ഉണ്ട്. ചില ഉദാഹരണങ്ങൾ മാത്രമാണ് ഇവിടെ സൂചിപ്പിച്ചത്. ആഗോള അയ്യപ്പസംഗമം സർക്കാർ അഭിമാനപൂർവ്വം നടത്തിയപ്പോൾ സി.പി.എം വിശ്വാസികൾക്കൊപ്പമാണെന്നും, ഈ സംഗമത്തെക്കുറിച്ച് വ്യത്യസ്ത നിലപാടുള്ളവർ വർഗ്ഗീയ വാദികളാണെന്നുമാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞത്. സംഗമത്തിന് തൊട്ടുപിന്നാലേ ശബരിമല സ്വർണ്ണക്കൊള്ള വൻവിവാദമായതുകൊണ്ട് സർക്കാരും സി.പി.എമ്മും ഉദ്ദേശിച്ച ഫലം ചെയ്യാതെ പോയി.

എങ്കിലും ശബരിമല അയ്യപ്പവിശ്വാസികളെ ആകർഷിക്കാനുള്ള ശ്രമം സർക്കാർ ഉപേക്ഷിച്ചിട്ടില്ല. അങ്കമാലി- എരുമേലി ശബരി റെയിൽ പദ്ധതിയുടെ പകുതി ചെലവ് വഹിക്കാനും ഇതിനായി 1900 കോടി രൂപ കിഫ്ബി വഴി നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചത് രണ്ട് ആഴ്ച മുമ്പാണ്. 2015 ൽ യു.ഡി.എഫ് സർക്കാർ ചെലവുപങ്കിടാൻ തീരുമാനിച്ചെങ്കിലും പിന്നാലെ വന്ന എൽ.ഡി.എഫ് സർക്കാർ ആ ഉത്തരവ് റദ്ദാക്കി. പദ്ധതിയുടെ പകുതി ചെലവുവഹിക്കുന്ന കാര്യത്തിൽ മറുപടി നൽകാതായതോടെ 2019 ൽ പദ്ധതി കേന്ദ്രസർക്കാർ മരവിപ്പിക്കുകയും ചെയ്തു. പിന്നീട് 2025 ജൂണിലാണ് ശബരിപദ്ധതി മുന്നോട്ടുകൊണ്ടുപോകുവാൻ ധാരണയായത്. തുടർന്ന് പദ്ധതി മരവിപ്പിച്ച തീരുമാനം 2026 ജനുവരി 18 ന് റെയിൽവേ റദ്ദാക്കി. 10 വർഷം പാഴാക്കിയശേഷമാണ് രാഷ്ട്രീയനേട്ടം ലക്ഷ്യമാക്കിയുള്ള മന്ത്രിസഭയുടെ ഒടുവിലത്തെ തീരുമാനം.

മത, സാമുദായിക വിഭാഗങ്ങളെ എങ്ങനെയെല്ലാം പ്രീണിപ്പിക്കാൻ ശ്രമിച്ചാലും മാറിയ രാഷ്ട്രീയ- സാമുദായിക സമവാക്യങ്ങളുടെ നഷ്ടം സി.പി.എമ്മിനും എൽ.ഡി.എഫിനുമാണ് ഉണ്ടാകുക എന്നതാണ് സമീപകാല യാഥാർത്ഥ്യം. കേരളത്തിലെ ഇടതുപാർട്ടികളുടെ ഭൂരിപക്ഷം അണികളും അനുഭാവികളും, ഹിന്ദുവിഭാഗങ്ങളിൽ നിന്നുള്ളവരാണ്. സി.പി.എംന്റെ പരമ്പരാഗതമായ ശക്തികേന്ദ്രങ്ങളിലും, ഈഴവ സമുദായമടക്കമുള്ള പിന്നോക്കവിഭാഗങ്ങളിലുൾപ്പെടെ ബി.ജെ.പി കൈവരിച്ചിട്ടുള്ള വലിയ സ്വാധീനം സ്വാഭാവികമായും സി.പി.എമ്മിനാണ് നഷ്ടമുണ്ടാക്കുക.

2021 ലേതിനേക്കാൾ വ്യത്യസ്തമായി കേരളത്തിലെ ക്രിസ്ത്യൻ -മുസ്ലീം ന്യൂനപക്ഷ വിഭാഗങ്ങളുടെ പരമ്പാഗത പിന്തുണ യു.ഡി.എഫ് നേതൃത്വത്തിന് തിരിച്ചുപിടിക്കാനായിരിക്കുന്നു. അതേസമയം ഈഴവ വിഭാഗം ഉൾപ്പെടെ ഹിന്ദുവിഭാഗത്തിലെ വോട്ടുകൾ എൽ.ഡി.എഫിൽ നിന്ന് ബി.ജെ.പി മുന്നണിക്ക് കൂടുതലായി ചോരുന്നതിന് പരിഹാരം കാണാൻ സി.പി.എം തിരഞ്ഞെടുത്തിട്ടുള്ള വഴിയാണ് ജമാഅത്തെ ഇസ്ലാമിയെ മുന്നിൽ നിർത്തി മുസ്ലീം ലീഗിനെയും സമുദായത്തെതന്നെയും ഒറ്റപ്പെടുത്തി ആക്രമിക്കുക, വെള്ളാപ്പള്ളി നടേശനെപ്പോലെയുള്ളവരെ ചേർത്തുപിടിക്കുക, ഹൈന്ദവ ആചാരങ്ങളുടെയും വിശ്വാസത്തിന്റെ സംരക്ഷകരാണ് തങ്ങളെന്നു പ്രഖ്യാപിക്കുക തുടങ്ങിയ വഴികൾ.

വികസനമാണ് മുന്നണികൾ തങ്ങളുടെ പ്രധാന അജണ്ടയെന്നവകാശപ്പെടുമ്പോഴും മുന്നണികൾ തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങളിലെ പ്രധാന ആയുധമായി ഉപയോഗിക്കപ്പെടുന്നത് ശബരിമല സ്വർണ്ണക്കൊള്ളയും ജമാഅത്തെ ഇസ്ലാമിയും തന്നെയാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനുള്ളിൽ കേരളത്തിന്റെ മതനിരപേക്ഷ നിലപാടിന് മങ്ങലേൽക്കുകയും മതരാഷ്ട്രീയത്തിനും അപരമതവിദ്വേഷത്തിനും പ്രാധാന്യം വർദ്ധിക്കുകയും ചെയ്തിട്ടുണ്ട് എന്ന് കേരള രാഷ്ട്രീയം സൂക്ഷ്മമായി നിരീക്ഷിക്കുന്ന ആർക്കും മനസ്സിലാവും.

എന്നാൽ തിരഞ്ഞെടുപ്പ് ജയിക്കാൻ, അധികാരം നേടാൻ വർഗ്ഗീയതയോടും, മതസാമുദായിക മേധാവിത്വത്തോടും എന്തുവിട്ടുവീഴ്ചയ്ക്കും തയ്യാറാകുന്നതിനോട് യോജിപ്പില്ലാത്ത വലിയ ഒരു വിഭാഗം മതേതര മനസ്സിനുടമകൾ ഇപ്പോഴും കേരളത്തിലുണ്ട്. അതാണ്, ഉറച്ച നിലപാടുകളിലൂടെ ശ്രദ്ധേയനായ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ താരമൂല്യം ഉയർന്നത് തെളിയിക്കുന്നത്.

മുമ്പൊക്കെ ഇടതുമുന്നണിക്ക് തിരഞ്ഞെടുപ്പ് നേട്ടത്തിനുവേണ്ടി പ്രയോഗിക്കുന്ന അടവുനയങ്ങളെ, അതിന്റെ ഇരട്ടത്താപ്പിനെ ശക്തമായ രാഷ്ട്രീയ പ്രചാരണങ്ങളിലൂടെ നവീന പബ്ലിക് റിലേഷൻ മാർഗ്ഗങ്ങളിലൂടെ മറച്ചുവയ്ക്കാൻ സാധിച്ചിരുന്നു. എന്നാൽ സമീപകാലത്ത് യു.ഡി.എഫ് നേതൃത്വത്തിന് എൽ.ഡി.എഫിന്റെ ഈ പ്രചാരണകൗശലത്തെ, ഇരട്ടത്താപ്പിനെ തുറന്നുകാണിക്കുന്നതിൽ വിജയിക്കാൻ കഴിയുന്നുണ്ട്. സി.പി.എം നേതൃത്വം അതിനെ കാണുന്നത് യു.ഡി.എഫിന്റെ കള്ളപ്രചാരവേല ഒരുപരിധി വരെ വിജയം നേടുന്നു എന്ന നിലയ്ക്കാണ്.
കോൺഗ്രസിനെ കേരളത്തിലും ഭരണത്തിൽ നിന്ന് അകറ്റി നിർത്താൻ സി.പി.എമ്മിനെ അധികാരത്തിലെത്തിക്കുന്ന രാഷ്ട്രീയ തന്ത്രമാണ് ബി.ജെ.പി പ്രയോഗിക്കുന്നതെന്ന പ്രചാരണം ശക്തമായിരുന്നു. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുസർക്കാരിനെതിരെ ഉണ്ടായ വികാരം നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് കൂടി വോട്ടായി മാറണമെങ്കിൽ സർക്കാരിനെതിരെ ശക്തമായി നീങ്ങണമെന്ന അഭിപ്രായമാണ് ബി.ജെ.പി സംസ്ഥാനനേതൃത്വത്തിന് ഒടുവിലുള്ളതെന്നറിയുന്നു. അതുകൊണ്ടുകൂടിയാണത്രേ മത്സരം യു.ഡി.എഫും എൻ.ഡി.എയും തമ്മിലാണെന്ന് സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ തുടർച്ചയായി പറയുന്നത്.

തിരഞ്ഞെടുപ്പിൽ മുന്നണികൾ തമ്മിലുള്ള വാദപ്രതിവാദങ്ങൾ ശബരിമല സ്വർണ്ണക്കൊള്ളയിലും ജമാഅത്തെ ഇസ്ലാമിയിലും മാത്രം കേന്ദ്രീകരിക്കപ്പെടുമ്പോൾ പിന്നിട്ട വർഷങ്ങളിൽ സംസ്ഥാനരാഷ്ട്രീയത്തിൽ ഉയർന്ന ഒട്ടനവധി വിവാദ വിഷയങ്ങൾ എവിടെയുമെത്താതെ, യാഥാർത്ഥ്യങ്ങൾ ജനങ്ങൾക്കറിയാൻ കഴിയാതെ, കുറ്റവാളികൾ നിയമത്തിന് മുമ്പിൽ വരാതെ വിസ്മൃതിയിലാണ്ടുപോയിട്ടുണ്ട്. ഈ വിഷയങ്ങളെ ഏതെങ്കിലും സന്ദർഭത്തിൽ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തിയ പ്രതിപക്ഷത്തിന് തങ്ങളധികാരത്തിലെത്തിയാൽ ജനങ്ങൾക്ക് മുമ്പാകെ ഈ വിവാദവിഷയങ്ങളുടെ സത്യാവസ്ഥ തുറന്നുകാട്ടുമോ എന്നുപറയാനുത്തരവാദിത്തമുണ്ട്.

സ്വപ്നാ സുരേഷ് എന്ന ഒരു യുവതി കേരള രാഷ്ട്രീയ- സാമൂഹ്യരംഗത്ത് സ്‌ഫോടനാത്മകമായ പല വെളിപ്പെടുത്തലുകൾ നടത്തുകയുണ്ടായി. അതേക്കുറിച്ച് അന്വേഷിക്കാൻ വന്ന കേന്ദ്ര അന്വേഷണ ഏജൻസികളൊക്കെ ഒരു ഘട്ടത്തിൽ രംഗത്തുനിന്ന് അപ്രത്യക്ഷരായി. യഥാർത്ഥ സത്യങ്ങൾ ഇപ്പോഴും ചാരം മൂടി കിടക്കുന്നു.

കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡിൽ നിന്നും സേവനങ്ങളൊന്നും നൽകാതെ വീണാവിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊല്യൂഷൻസ് 2.70 കോടിയിലധികം കൈപ്പറ്റിയതിൽ ക്രമക്കേട് ആരോപിച്ച് എസ്.എഫ്.ഐ.ഒ (ടഎകഛ) കേസെടുക്കുകയും വീണയെ പ്രതിചേർക്കുകയും ചെയ്തിട്ടുണ്ട്. കമ്പനീസ് ആക്ട് സെക്ഷൻ 447 പ്രകാരം വഞ്ചനാക്കുറ്റത്തിന് അന്വേഷണം നടന്നു. ഇ.ഡിയും ഈ വിഷയത്തിൽ അന്വേഷിക്കാനെത്തി. എന്നാൽ ഈ കേസ് ജനങ്ങൾക്ക് സത്യം അറിയാൻ കഴിയാത്തവിധം കുഴിച്ചുമൂടിയിട്ടിരിക്കുന്നു.

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പരാതിയിൽ 2016 ൽ രജിസ്റ്റർ ചെയ്ത കേസ് ആണ് മൈക്രോഫിനാൻസ് തട്ടിപ്പ്‌കേസ്. പിന്നോക്കവിഭാഗം കോർപ്പറേഷനിൽ നിന്ന് കുറഞ്ഞ പലിശയ്ക്ക് വായ്പയെടുത്ത് ഉയർന്ന പലിശയ്ക്ക് അംഗങ്ങൾക്ക് വിതരണം ചെയ്തതിലൂടെ കോടികളുടെ ക്രമക്കേട് നടത്തിയെന്നാണ് ആരോപണം. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി പ്രതിയായ ഈ കേസ് പത്തുവർഷമായിട്ടും അന്വേഷണം പൂർത്തിയാക്കാൻ വിജിലൻസ് സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന് സാധിക്കുന്നില്ല. കേസ് അന്വേഷണത്തിനിടയ്ക്ക് ആത്മഹത്യാകുറിപ്പ് എഴുതിവെച്ച് ആത്മഹത്യ ചെയ്ത ചേർത്തല യൂണിയൻ സെക്രട്ടറിയായിരുന്ന കെ.കെ. മഹേഷിന്റെ ദുരൂഹമരണത്തെക്കുറിച്ചുള്ള അന്വേഷണവും അട്ടിമറിക്കപ്പെട്ടു. കൊടകര കുഴൽപ്പണക്കേസ്, മുട്ടിൽ മരം മുറി, ലൈഫ് മിഷൻ കമ്മീഷൻ ഇടപാട് തുടങ്ങി ഡസൻ കണക്കിന് കേസുകളാണ് യഥാർത്ഥ പ്രതികളെ ദോഷമായി ബാധിക്കാതെ രാഷ്ട്രീയമായി അട്ടിമറിക്കപ്പെട്ടിട്ടുള്ളത്. സർക്കാരിനെതിരായ ജനരോഷത്തിന് അതും ഒരു കാരണമാണ്. ഇത്തരം വിഷയങ്ങളും ചർച്ച ചെയ്യപ്പെടണം. ജനങ്ങൾക്ക് ഇതിനുള്ള ഏക അവസരം തിരഞ്ഞെടുപ്പുകാലമാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img