
തിരുച്ചിറപ്പള്ളി/കൊച്ചി: പശ്ചിമേഷ്യയിലെ സംഘർഷ പശ്ചാത്തലത്തിൽ വിദേശത്തുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ എംബസികളും മിഷനുകളും 24 മണിക്കൂറും സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നും ഗൾഫ് രാജ്യങ്ങൾ നൽകുന്ന പിന്തുണയ്ക്ക് നന്ദിഅറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.വിദേശത്ത് കുടുങ്ങിക്കിടക്കുന്നവർക്ക് ഭക്ഷണവും താമസവും സംരക്ഷണവും ഉറപ്പാക്കാൻ എംബസികൾ ജാഗ്രതയോടെ പ്രവർത്തിക്കുന്നുണ്ട്.ഇന്ത്യൻ പൗരന്മാരെ സംരക്ഷിക്കുന്നതിൽ ഗൾഫ് രാജ്യങ്ങൾ കാണിക്കുന്ന കരുതൽ സംതൃപ്തി നൽകുന്നതാണ്.വ്യാജ വാർത്തകളിൽ വിശ്വസിക്കരുത്. ആഗോള ഊർജ്ജ വിതരണത്തെ ബാധിച്ചിരിക്കുന്ന ഈ സംഘർഷാവസ്ഥയിൽ ജനങ്ങൾ പരിഭ്രാന്തരാകരുതെന്ന് അഭ്യർത്ഥിച്ച പ്രധാനമന്ത്രി ആഗോള പ്രതിസന്ധി ഘട്ടത്തിൽ കോൺഗ്രസ് രാഷ്ട്രീയം കളിക്കുകയാണെന്നും ഇത്തരം പ്രകോപനപരമായ പ്രസ്താവനകൾ വിദേശത്തുള്ള പൗരന്മാരുടെ സുരക്ഷയെ ബാധിക്കുമെന്നും കുറ്റപ്പെടുത്തി.











