05:29pm 26 October 2026
NEWS
ഇസ്രയേലിൽ നെതന്യാഹുവിന് വീണ്ടും അധികാരം ലഭിക്കുമോ? ഭരണം നിർണയിക്കുക ഈ ചെറുപാർട്ടികൾ
26/10/2026  03:19 PM IST
nila
ഇസ്രയേലിൽ നെതന്യാഹുവിന് വീണ്ടും അധികാരം ലഭിക്കുമോ? ഭരണം നിർണയിക്കുക ഈ ചെറുപാർട്ടികൾ

ഇന്ത്യയിലെ തെരഞ്ഞെടുപ്പ് രീതിയിൽനിന്ന് ഏറെ വ്യത്യസ്തമാണ് ഇസ്രയേലിലേത്. ഇവിടെ മണ്ഡലാടിസ്ഥാനത്തിൽ സ്ഥാനാർഥികൾ തമ്മിലാണ് പ്രധാന മത്സരം. ഏറ്റവും കൂടുതൽ വോട്ട് നേടുന്ന സ്ഥാനാർഥി വിജയിക്കുന്ന ഫസ്റ്റ് പാസ്റ്റ് ദ പോസ്റ്റ് രീതിയാണ് ഇന്ത്യ പിന്തുടരുന്നത്. എന്നാൽ ഇസ്രയേലിൽ വോട്ടർമാർ നേരിട്ട് സ്ഥാനാർഥികൾക്കല്ല, രാഷ്ട്രീയ പാർട്ടികൾക്കാണ് വോട്ട് ചെയ്യുന്നത്.

രാജ്യം മുഴുവൻ ഒറ്റ മണ്ഡലമായി കണക്കാക്കുന്ന ഇസ്രയേലിൽ, ഓരോ പാർട്ടിക്കും ലഭിക്കുന്ന ആകെ വോട്ടിന്റെ അനുപാതത്തിലാണ് പാർലമെന്റിലെ സീറ്റുകൾ അനുവദിക്കുന്നത്. തെരഞ്ഞെടുപ്പിന് മുൻപ് പാർട്ടികൾ സ്ഥാനാർഥികളുടെ പട്ടിക പ്രസിദ്ധീകരിക്കും. വോട്ടിന്റെ അടിസ്ഥാനത്തിൽ ലഭിക്കുന്ന സീറ്റുകൾക്ക് അനുസരിച്ച് പട്ടികയിലെ മുൻഗണനാക്രമത്തിലുള്ളവർ പാർലമെന്റിലെത്തും.

ഇസ്രയേൽ പാർലമെന്റായ നെസ്സറ്റിൽ 120 അംഗങ്ങളാണുള്ളത്. സർക്കാർ രൂപീകരിക്കാൻ കുറഞ്ഞത് 61 സീറ്റുകൾ വേണം. എന്നാൽ ഇതുവരെ ഒരു പാർട്ടിക്കും ഒറ്റയ്ക്ക് ഈ ഭൂരിപക്ഷം നേടാനായിട്ടില്ല. അതിനാൽ വിവിധ രാഷ്ട്രീയ കക്ഷികൾ ഒന്നിച്ചുള്ള സഖ്യസർക്കാരുകളാണ് രാജ്യത്ത് അധികാരത്തിലെത്താറുള്ളത്.

പാർലമെന്റിൽ പ്രാതിനിധ്യം നേടാൻ ഒരു പാർട്ടിക്ക് രാജ്യത്ത് പോൾ ചെയ്ത ആകെ വോട്ടിന്റെ കുറഞ്ഞത് 3.25 ശതമാനം ലഭിക്കണം. ഏകദേശം നാല് സീറ്റുകൾക്ക് തുല്യമായ ഈ പരിധി മറികടക്കാത്ത പാർട്ടികൾക്ക് സീറ്റുകൾ ലഭിക്കില്ല. അതിനാൽ ചെറിയ പാർട്ടികൾക്ക് ലഭിക്കുന്ന വോട്ടിന്റെ ശതമാനം പോലും സർക്കാർ രൂപീകരണത്തിൽ നിർണായകമാകാറുണ്ട്.

പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള മുന്നണിക്കും പ്രതിപക്ഷത്തിനും ഒറ്റയ്ക്ക് കേവലഭൂരിപക്ഷം ഉറപ്പാക്കാൻ കഴിയാത്ത സാഹചര്യമാണ് സമീപകാല സർവേകൾ സൂചിപ്പിക്കുന്നത്. നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിക്കൊപ്പം ഇതാമർ ബെൻ-ഗ്വിറിന്റെ ഒട്‌സ്മ യെഹൂദിത്, ബെസലേൽ സ്‌മോട്രിച്ചിന്റെ റിലീജിയസ് സയണിസം-സെഹൂത്, ഷാസ് തുടങ്ങിയ പാർട്ടികളാണ് ഭരണപക്ഷത്ത് അണിനിരക്കുന്നത്.

മുൻ സൈനിക മേധാവി ഗാഡി ഐസൻകോട്ടിന്റെ 'യഷാർ!', മുൻ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റും യായർ ലാപിഡും ഒന്നിച്ചുള്ള 'ബെ-യഹദ്', ദി ഡെമോക്രാറ്റുകൾ, അവിഗ്‌ദോർ ലീബർമാന്റെ യിസ്രായേൽ ബെയ്‌തേനു തുടങ്ങിയ പാർട്ടികൾ പ്രതിപക്ഷ ചേരിയിലുണ്ട്. റിട്ടയേർഡ് ജനറൽ ഓഫർ വിന്ററിന്റെ 'അംചാ യിസ്രായേൽ', യൊവാസ് ഹെൻഡലിന്റെ 'റിസർവിസ്റ്റ്‌സ്-ഇക്കോണമി' തുടങ്ങിയ ചെറിയ വലതുപക്ഷ പാർട്ടികൾക്ക് വോട്ട് പരിധി മറികടക്കാനാകുമോ എന്നതും പ്രധാനമാണ്.

സർക്കാർ രൂപീകരണത്തിൽ നിർണായകമാകുക ചെറുപാർട്ടികൾ

തിരഞ്ഞെടുപ്പിൽ ഒരു മുന്നണിക്കും 61 സീറ്റുകൾ നേടാനായില്ലെങ്കിൽ ഇസ്രയേൽ വീണ്ടും രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക് നീങ്ങാം. സർക്കാർ രൂപീകരണം സാധ്യമാകാതെ വന്നാൽ നെതന്യാഹുവിന് കാവൽ പ്രധാനമന്ത്രിയായി തുടരേണ്ടിവരികയും മാസങ്ങൾക്കുള്ളിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തേണ്ട സാഹചര്യമുണ്ടാകുകയും ചെയ്യാം.

മറ്റൊരു സാധ്യത, അറബ് പാർട്ടികളുടെ പുറത്തുനിന്നുള്ള പിന്തുണയോടെ ഗാഡി ഐസൻകോട്ടിന്റെ നേതൃത്വത്തിൽ പ്രതിപക്ഷം ന്യൂനപക്ഷ സർക്കാർ രൂപീകരിക്കുന്നതാണ്. എന്നാൽ ഇതിന് പ്രതിപക്ഷ പാർട്ടികൾക്കിടയിൽ ധാരണയും ആവശ്യമായ പിന്തുണയും ഉറപ്പാക്കേണ്ടതുണ്ട്.

നെതന്യാഹു ലിക്കുഡ് പാർട്ടിയുടെ നേതൃസ്ഥാനത്തുനിന്ന് മാറുകയാണെങ്കിൽ പ്രതിപക്ഷവും ലിക്കുഡും തമ്മിലുള്ള സഹകരണത്തിനുള്ള സാധ്യത തുറന്നേക്കാം. അങ്ങനെയെങ്കിൽ ഇരുപക്ഷത്തെയും ഉൾപ്പെടുത്തി ദേശീയ ഐക്യസർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങളും സജീവമായേക്കും.

അതേസമയം, ചെറിയ വലതുപക്ഷ പാർട്ടികൾ വോട്ട് പരിധി മറികടക്കുകയും നെതന്യാഹുവിന്റെ സഖ്യത്തിന് ആവശ്യമായ സീറ്റുകൾ ലഭിക്കുകയും ചെയ്താൽ അദ്ദേഹത്തിന് വീണ്ടും അധികാരത്തിലെത്താനാകും. പ്രതിപക്ഷം ഭരണപക്ഷ സഖ്യത്തിൽനിന്ന് ചില എംപിമാരുടെ പിന്തുണ ഉറപ്പാക്കുന്ന സാഹചര്യവും രാഷ്ട്രീയ കണക്കുകൂട്ടലുകളിൽ തള്ളിക്കളയാനാവില്ല.

ജനരോഷത്തിനിടയിലും നെതന്യാഹുവിന് പ്രതീക്ഷ

2023 ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിനിടെയുണ്ടായ സുരക്ഷാവീഴ്ച, സാമ്പത്തിക പ്രതിസന്ധി, തീവ്ര ഓർത്തഡോക്സ് ജൂത വിഭാഗങ്ങളുടെ സൈനിക സേവനവുമായി ബന്ധപ്പെട്ട തർക്കങ്ങൾ എന്നിവ നെതന്യാഹു സർക്കാരിനെതിരെ ജനരോഷം ശക്തമാക്കിയിട്ടുണ്ട്. എന്നാൽ ലിക്കുഡിന്റെ പരമ്പരാഗത വോട്ടുബാങ്ക് അദ്ദേഹത്തിന് ഇപ്പോഴും നിർണായക പിന്തുണ നൽകുന്നു.

പ്രതിപക്ഷത്തിനുള്ളിലെ അഭിപ്രായവ്യത്യാസങ്ങളും അറബ് പാർട്ടികളുമായുള്ള സഹകരണത്തെച്ചൊല്ലിയുള്ള തർക്കങ്ങളും നെതന്യാഹുവിന്റെ സാധ്യതകളെ സ്വാധീനിക്കാം. അതിനാൽ ഇസ്രയേലിലെ അടുത്ത സർക്കാർ ആരുടേതായിരിക്കുമെന്നത് വലിയ പാർട്ടികളുടെ പ്രകടനത്തിൽ മാത്രം ഒതുങ്ങില്ല. ചെറുപാർട്ടികൾ നേടുന്ന വോട്ടുകളും സഖ്യകക്ഷികൾ തമ്മിലുള്ള ധാരണകളും നേതൃമാറ്റ സാധ്യതകളും ചേർന്നായിരിക്കും അന്തിമ രാഷ്ട്രീയ ചിത്രം നിർണയിക്കുക.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img