04:59pm 02 November 2026
NEWS
രാജ്യതലസ്ഥാനം കുലുങ്ങിയാലും മോദി കുലുങ്ങില്ല; നരേന്ദ്രമോദി അടുത്ത രാഷ്ട്രപതിയോ ?
02/11/2026  01:20 PM IST
സുധീർനാഥ്, ന്യൂഡൽഹി
രാജ്യതലസ്ഥാനം കുലുങ്ങിയാലും മോദി കുലുങ്ങില്ല; നരേന്ദ്രമോദി അടുത്ത രാഷ്ട്രപതിയോ ?

''ഗ്യാനേഷ് കുമാർ രാജിവെക്കുന്നതുവരെ ഈ പ്രതിഷേധവും സമരവും തുടരും. എത്ര കഠിനമായി അവർ അടിച്ചമർത്താൻ ശ്രമിച്ചാലും ഞങ്ങൾ ഒരിഞ്ച് പോലും പിന്നോട്ട് പോവില്ല... ഡൽഹിയിലെ പ്രതിഷേധങ്ങൾക്ക് വിവിധ ധാരകളുണ്ട്. വരുന്ന ദിവസങ്ങളിൽ കർഷകരും കർഷക തൊഴിലാളികളും ഡൽഹി തെരുവിൽ ജനാധിപത്യം വീണ്ടെടുക്കാനുള്ള ഈ ഐതിഹാസിക സമരത്തിന്റെ ഭാഗമാകും. യൂറോപ്യൻ രാജ്യങ്ങളിലും ബംഗ്ലാദേശിലും നടന്ന പ്രക്ഷോഭങ്ങളോടൊപ്പം ഇന്ത്യയിലെ ജനാധിപത്യം വീണ്ടെടുക്കാനുള്ള പ്രക്ഷോഭത്തെ കൂട്ടിക്കെട്ടാൻ ശ്രമിക്കേണ്ടതില്ല. ബംഗ്ലാദേശും യൂറോപ്പുമൊന്നുമല്ല ഈ സമരത്തിന്റെ മാതൃക. ബ്രിട്ടീഷ് അധിനിവേശത്തിനെതിരെയുള്ള സ്വാതന്ത്ര്യ സമരവും അടിയന്തരാവസ്ഥയ്‌ക്കെതിരായ പ്രക്ഷോഭവും നടത്തി പാരമ്പര്യമുള്ള നമുക്ക്, ഒരു ജനകീയ സമരത്തിന്റെ മാതൃകയന്വേഷിച്ച് ഒരിടത്തും  പോകേണ്ടതില്ല. ഈ ഐതിഹാസിക പ്രക്ഷോഭത്തിന്റെ മാർഗ്ഗദീപം നമ്മുടെ രാജ്യത്തിന്റെ മഹത്തായ ചരിത്രം തന്നെയാണ്.'' രാജ്യസഭാ അംഗവും സി.പി.ഐ(എം) നേതാവുമായ ജോൺ ബ്രിട്ടാസ് പറയുന്നു.

രാജ്യവ്യാപകമായി വോട്ടിങ് സംവിധാനത്തിൽ ക്രമക്കേട് സംഭവിച്ചു എന്നുള്ള കാര്യം തെളിവുസഹിതം ഇപ്പോൾ പരസ്യമായിരിക്കുകയാണ്. പലനാൾ കള്ളൻ ഒരുനാൾ പിടിക്കപ്പെടും എന്നുള്ള പഴഞ്ചൊല്ലിനെ യാഥാർത്ഥ്യമാക്കുന്ന സാഹചര്യമാണ് ഇന്ന് രാജ്യത്ത് ഉള്ളത്. അതുകൊണ്ടുതന്നെയാണ് ഇപ്പോൾ നടക്കുന്ന സമരം ശക്തമായി കൊണ്ടിരിക്കുന്നത്. പ്രതിപക്ഷ രാഷ്ട്രീയപ്പാർട്ടികളിൽ മുൻപ് കാണാത്ത ഒത്തൊരുമ സമരരംഗത്ത് കാണുന്നുണ്ട്. എൻ.ഡി.എ മുന്നണിയിൽ ഉണ്ടായിരുന്ന പല രാഷ്ട്രീയപ്പാർട്ടികളും സമരമുഖത്തോട് ആഭിമുഖ്യം കാണിക്കുന്നതും നിലവിൽ വലിയ ആശങ്കയാണ് ബിജെപിക്ക് ഉണ്ടാക്കിയിരിക്കുന്നത്.

രാജ്യതലസ്ഥാനമായ ഡൽഹി ഒരു യുദ്ധഭൂമിയായി മാറിയിരിക്കുന്നു എന്നുള്ള കാര്യത്തിൽ സംശയമില്ല. ഡൽഹിയുടെ തെരുവുകളിലെല്ലാം ഡൽഹി പോലീസിന്റെ മഞ്ഞ നിറത്തിലുള്ള ബാരിക്കേടുകൾ നിറഞ്ഞിരിക്കുന്നു. ബാരിക്കേടുകളുടെ നഗരം എന്ന വിശേഷണം ഡൽഹിക്ക് പലരും നൽകി കഴിഞ്ഞതിനെ പ്രതിരോധിക്കാൻ സാധിക്കില്ല. പതിനായിരക്കണക്കിന് സൈനികരാണ് ഡൽഹിയുടെ തെരുവുകളിൽ കാണുവാൻ സാധിക്കുന്നത്. ഇന്ത്യൻ സേനയുടെ വിവിധ വിഭാഗങ്ങൾ വിവിധ ഇടങ്ങളിൽ വിന്യസിച്ചിരിക്കുന്നത് കാണാം. ഡൽഹി തെരുവുകളിൽ സമരത്തിന് ഇറങ്ങുന്നവരെ കൊണ്ടുപോകുന്നതിനുള്ള വാഹനങ്ങൾ എപ്പോഴും സജ്ജമായിരിക്കുന്നു എന്നുള്ളതും കാണാവുന്നതാണ്. ഗ്യാനേഷ് കുമാറിനെ രാജിവെപ്പിക്കുക എന്നു ലക്ഷ്യമായിട്ടാണ് സമരം തുടങ്ങിയതെങ്കിൽ സമരഭൂമിയായി പ്രഖ്യാപിക്കപ്പെട്ട ജന്തർ മന്തർ തിരിച്ചുപിടിക്കുക എന്നുള്ള ഉദ്ദേശവും കൂടി പിന്നീട് സമരം ചെയ്യുന്നവർക്ക് മുന്നിൽ ഉണ്ടായി. അധികാര കേന്ദ്രത്തിന് ഏറെ ദൂരമല്ലാത്ത ജന്തർ മന്തർ സമര ഭൂമിയല്ല എന്നാണ് ഡൽഹി പോലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

നീറ്റ് പരീക്ഷാ ചോദ്യ പേപ്പറുകളുടെ ചോർച്ച കാരണം പരീക്ഷകൾ റദ്ദാക്കിയിരുന്നു. പരീക്ഷ റദ്ദാക്കിയതിനെ തുടർന്നുണ്ടായ ആത്മഹത്യകളിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകുക, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന്റെ രാജി എന്നിവ മുഖ്യ ആവശ്യമായി വെച്ച് ഒരു സമരത്തിന് 2026 ജൂൺ മാസത്തിൽ തുടക്കം കുറിച്ചു. കക്ഷി രാഷ്ട്രീയത്തിന് അതീതമായി യുവാക്കൾ സാമൂഹ്യ മാധ്യമങ്ങൾ വഴി രൂപം കൊടുത്ത കൂട്ടായ്മയായ 'കോക്രോച്ച് ജനതാ പാർട്ടി' (സി.ജെ.പി) ഉൾപ്പെടെയുള്ള വിവിധ സംഘടനകളും വിദ്യാർത്ഥികളും പ്രതിഷേധം ആരംഭിച്ചു. സോനം വാങ്ചുക്കിന്റെ നിരാഹാര സമരവും ഇതിനൊപ്പം നടന്നിരുന്നു. ഇതിനൊക്കെ കാരണക്കാരനായ വിദ്യഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന് ആഗസ്റ്റ് മാസം രാജിവെയ്‌ക്കേണ്ടി വന്നു. 

കേന്ദ്രസർക്കാർ ഡൽഹിയിലെ യുവാക്കളുടെ പ്രതിഷേധം കണ്ടു ഒന്നു വിറച്ചു. സോഷ്യൽ മീഡിയയിൽ നിന്ന് ഇറങ്ങി വരാൻ ആക്രോശിച്ച ബിജെപി അണികൾ ഒന്നു ഞെട്ടി. ജൂൺ 20ന് രാവിലെ മുതൽ ജന്തർ മന്തിറിലേയ്ക്ക് ഒഴുകിയെത്തിയ ചെറുപ്പക്കാരുടെ എണ്ണം നേരിട്ട് കാണേണ്ടതു തന്നെയായിരുന്നു. ഭൂരിപക്ഷം സമര സേനാനികളും 30 വയസ്സ് താഴെയുള്ള ജെൻസികൾ ആയിരുന്നു എന്നത് എടുത്തു പറയേണ്ട കാര്യമാണ്. മറ്റ് സമരങ്ങളെ അപേക്ഷിച്ച് വനിതകളുടെ എണ്ണം കൂടുതലായിരുന്നു. സമാധാനപരമായി ഭാരത് മാതാ കി ജയ് എന്ന് ഉച്ചത്തിൽ വിളിച്ചുകൊണ്ടാണ് അവർ ജന്തർ മന്തിറിലേയ്ക്ക് എത്തിയത്. അവരെയാണ് പോലീസും പട്ടാളവും കണ്ണീർ വാതകവും ലാത്തിയും കൊണ്ട് നേരിട്ടത്. 

ഡൽഹി ഹൈക്കോടതിയിൽ മുതിർന്ന അഭിഭാഷക പദവിയിൽ നിയമിക്കുന്നതിൽ കാലതാമസം വരുത്തിയതിനെതിരെ സുപ്രീം കോടതിയിൽ സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയുമായി ബന്ധപ്പെട്ടാണ് ഈ പ്രസ്ഥാനത്തിന്റെ ഉത്ഭവം. വ്യാജ ബിരുദങ്ങളുമായി പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകർക്കെതിരെ സിബിഐ അന്വേഷണം നടത്താൻ നിർദ്ദേശിക്കുന്നതിന് ഉചിതമായ ഒരു കേസ് കാത്തിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി, ചീഫ് ജസ്റ്റിസ് (സിജെഐ) സൂര്യകാന്തും ജസ്റ്റിസ് ജോയ്മല്യ ബാഗ്ചിയും അടങ്ങുന്ന രണ്ടംഗ ബെഞ്ച് കേസ് കേൾക്കാൻ വിസമ്മതിച്ചു.  2026 മെയ് 15-ന് സുപ്രീം കോടതിയിൽ നടന്ന ഒരു വാദത്തിനിടെ, ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് തൊഴിലില്ലാത്ത യുവാക്കളെ 'പാറ്റകളോട്' ഉപമിച്ചുകൊണ്ട് നടത്തിയ പരാമർശം വൻ പ്രതിഷേധത്തിന് കാരണമായിരുന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ പരാമർശത്തിനുള്ള മറുപടിയായാണ് ഡിജിറ്റൽ കമ്മ്യൂണിക്കേഷൻസ് തന്ത്രജ്ഞനായ അഭിജീത് ദിപ്‌കെ 'കോക്രോച്ച് ജനതാ പാർട്ടി' (സി.ജെ.പി) എന്ന ആശയവുമായി രംഗത്തെത്തിയത്. 'അലസരുടെയും തൊഴിലില്ലാത്തവരുടെയും ശബ്ദം' എന്നതാണ് ഈ പ്രസ്ഥാനത്തിന്റെ മുദ്രാവാക്യം.
 
അതിന് ശേഷം സെപ്തംബറിൽ ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന പ്രത്യേക വോട്ടർപട്ടിക പരിഷ്‌കരണത്തിൽ ക്രമക്കേടുകൾ ആരോപിച്ച് വിവിധ സംഘങ്ങൾ പ്രതിഷേധം പ്രഖ്യാപിച്ചു. ഭരണപക്ഷത്തിന് അനുകൂലമായി വോട്ടർ പട്ടികയിൽ കൃത്രിമം കാണിക്കുന്നു എന്ന് ആരോപിച്ച്, ചീഫ് ഇലക്ഷൻ കമ്മീഷണർ രാജി വെക്കണമെന്നാണ് എല്ലാവരും ആവശ്യപ്പെട്ടത്. വോട്ടർപട്ടിക പരിഷ്‌കരണത്തിനെതിരായ സമരം 2026 ഒക്ടോബർ രണ്ടിന് ഗാന്ധി ജയന്തി ദിനത്തിൽ 'കോക്രോച്ച് ജനതാ പാർട്ടി' (സി.ജെ.പി) ജന്തർ മന്തറിൽ ആരംഭിച്ചു. സിജെപി സമരങ്ങൾക്ക് തൊട്ടുമുമ്പായിരുന്നു കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യാ സഖ്യം എന്ന പ്രതിപക്ഷ പാർട്ടികളുടെ സമരം. ഇതിൽ കോൺഗ്രസിനൊപ്പം ദേശീയ തലത്തിൽ ഇടതുപാർട്ടികൾ ശ്രദ്ധേയമായ പങ്ക് വഹിച്ചു. എല്ലാ സമരങ്ങളുടേയും മുദ്രാവാക്യങ്ങൾ ഒന്നു തന്നെയായിരുന്നു.

വിദ്യാർത്ഥികൾ നടത്തിയ സമരത്തെ ടിയർ ഗ്യാസും, തോക്കും, ലാത്തിയും ആയുധങ്ങളും കൊണ്ട് നേരിട്ടത് വലിയ രീതിയിൽ സർക്കാരിന്റെ പ്രതിച്ഛായ രാജ്യാന്തര തലത്തിൽ തന്നെ നഷ്ടപ്പെടുത്തിയിരുന്നു. അതുകൊണ്ടുതന്നെ ഇതൊന്നും ഉപയോഗിക്കാതെ സമരത്തിനെ നേരിടുവാനാണ് സർക്കാരെടുത്ത നടപടി. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരത്തിന് ഇറങ്ങിയ മുതിർന്ന രാഷ്ട്രീയ നേതാക്കളടക്കമുള്ളവരെ അതിക്രൂരമായാണ് സൈനികർ പ്രതിഷേധമുഖത്ത് കൈകാര്യം ചെയ്തത് എന്നുള്ളത് വളരെ വ്യക്തമായിമായിരുന്നു. സമരഭൂമിയായ ജന്തർ മന്തർ സമരം നടത്തുന്നതിൽ നിന്ന് ഡിനോട്ടിഫിക്കേഷൻ ചെയ്തതു വഴി സമരക്കാർക്ക് മുന്നിൽ ഒരു മുദ്രാവാക്യം കൂടി ലഭിച്ചു എന്നതാണ് യാഥാർത്ഥ്യം. രാജ്യത്താകമാനം ജന്തർ മന്തിറുകൾ പ്രഖ്യാപിച്ചു കൊണ്ടായിരുന്നു അതിനെ സമരക്കാർ നേരിട്ടത്. സമരഭൂമിയിൽ നിന്ന് നേതാക്കളെ അറസ്റ്റ് ചെയ്ത് ഡൽഹിയിലെ അതിർത്തികളിലുള്ള പോലീസ് സ്റ്റേഷനുകളിൽ ഏകദിന തടവിലാക്കുക എന്ന ഒരു രീതി തന്നെ ഉണ്ടായി. കൊക്രോച്ച് ജനതാ പാർട്ടിയുടെ നേതാക്കളെ തീഹാർ ജയിലിൽ അടച്ചും അവരുടെ വീര്യം നഷ്ടപ്പെടുത്തുവാൻ ഒരു ശ്രമം ഉണ്ടായി. പക്ഷേ ഒന്നും ഫലം കണ്ടിട്ടില്ല സമരം മുന്നോട്ടുതന്നെ പോകുകയാണ്.

ഒക്‌ടോബർ മാസം ഡൽഹി ഒട്ടേറെ മിന്നൽ സമരങ്ങൾക്കാണ് വേദിയായത്. അനുമതി വാങ്ങാതെയും, മുൻകൂറായി അറിയിപ്പ് നൽകാതെയും സമരപരമ്പരകൾ തന്നെ ഡൽഹിയുടെ തെരുവുകളിൽ ഉണ്ടായി എന്നുള്ളത് ഡൽഹി പോലീസിനെ ഞെട്ടിച്ചിരിക്കുകയാണ്. എപ്പോൾ എവിടെ സമരം ഉണ്ടാകും എന്നുള്ളത് ഇന്ന് പ്രഖ്യാപിക്കുവാൻ സാധിക്കാത്ത സാഹചര്യമാണ് ഉള്ളത്. അതുകൊണ്ടുതന്നെ സേനകളും മാധ്യമങ്ങളുമെല്ലാം ഗൗരവത്തോടെ സാഹചര്യങ്ങൾ വീക്ഷിക്കുന്നുണ്ട്.

ഇതിനിടയിൽ ഡൽഹിയിൽ യുഎസ് എംബസിക്ക് മുന്നിൽ യൂത്ത് കോൺഗ്രസിന്റെ മിന്നൽ സമരം ഉണ്ടായി. വിവാദ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ ഫയലുകളുപയോഗിച്ച് അമേരിക്ക ഇന്ത്യയെ ഭീഷണിപ്പെടുത്തുകയാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയും ജെഫ്രി എപ്സ്റ്റീനുമൊത്തുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷത്തെ പല പ്രമുഖരും പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ഇതിനിടെയാണ് യൂത്ത് കോൺഗ്രസ് സമരവുമായി രംഗത്ത് വന്നത്.

പ്രിയങ്കഗാന്ധിയുടെയും റോബർട്ട് വദ്രയുടെയും മകനായ റെഹാൻ വദ്ര ഒരു ഫോട്ടോഗ്രാഫറാണ്. ഡൽഹിയിലെ ബിക്കാനർ ഹൗസിൽ നടന്ന തന്റെ 'നോ ഐഡിയ ഈസ് ഫൈനൽ' എന്ന ഫോട്ടോ പ്രദർശനത്തിൽ നിന്ന്, പ്രതിഷേധങ്ങളുടെ ചിത്രങ്ങൾ നീക്കം ചെയ്യാൻ അധികൃതർ ആവശ്യപ്പെട്ടതായി റെഹാൻ ആർ. വദ്ര വെളിപ്പെടുത്തി. ഈ ചിത്രങ്ങൾ നീക്കം ചെയ്യാൻ റെഹാൻ വിസമ്മതിച്ചു. നിലവിൽ റെഹാന്റെ ശേഖരത്തിലെ ചില ചിത്രങ്ങൾ മാത്രമാണ് പ്രദർശനത്തിലുള്ളത്. സർക്കാരിന്റെ ഉന്നത നേതൃത്വത്തെ ചോദ്യം ചെയ്ത പ്രിയങ്കഗാന്ധി, തന്റെ മകനൊപ്പം ഉറച്ചുനിൽക്കുമെന്ന് വ്യക്തമാക്കി. കലയെ സെൻസർ ചെയ്യാൻ സർക്കാർ ശ്രമിക്കുന്നുവെന്ന് കോൺഗ്രസ് ആരോപിച്ചു.

രാഷ്ട്രീയ കാർട്ടൂണിസ്റ്റ് സതീഷ് ആചാര്യയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട്, മൂന്നാഴ്ചയ്ക്കുള്ളിൽ രണ്ടാം തവണയും ഇന്ത്യയിൽ നിയന്ത്രണവിധേയമാക്കി. ഉപയോക്താക്കൾ ഈ അക്കൗണ്ട് തുറക്കാൻ ശ്രമിക്കുമ്പോൾ, മെറ്റയുടെ ഉടമസ്ഥതയിലുള്ള ഈ പ്ലാറ്റ്ഫോമിൽ കാണിക്കുന്ന സന്ദേശത്തിൽ ഇങ്ങനെ പറയുന്നു: ഇന്ത്യയിലെ 'ഇൻഫർമേഷൻ ടെക്നോളജി (ഇന്റർമീഡിയറി ഗൈഡ്ലൈൻസ് ആൻഡ് ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡ്) റൂൾസ്' പ്രകാരമുള്ള നിയമപരമായ ആവശ്യകതകൾ മുൻനിർത്തി, ഈ അക്കൗണ്ടിലേക്കുള്ള പ്രവേശനം ഞങ്ങൾ താൽക്കാലികമായി നിയന്ത്രിച്ചിരിക്കുന്നു. 

പ്രശസ്ത ഭോജ്പുരി ഗായിക നേഹാ സിംഗ് റാത്തോഡ് നരേന്ദ്രമോദിക്കെതിരെ ശക്തമായ പ്രതിഷേധമാണ് തന്റെ സംഗീതത്തിലൂടെ നൽകുന്നത്. ബിജെപിയുടെ ശബ്ദമായി മാറിയ എ.ബി.പി ന്യൂസ് ഇവരെ പ്രോസ്റ്റിറ്റിയൂട്ട് എന്നും കോൾഗേൾ എന്നും വിശേഷിപ്പിച്ച് ഒരു വാർത്ത തന്നെ പ്രക്ഷേപണം ചെയ്തു. സംഭവം വിവാദമായപ്പോൾ ആ വാർത്ത പിൻവലിക്കുകയും പരസ്യമായി ക്ഷമാപണം ചെയ്യുകയും ചെയ്തിരിക്കുകയാണ് എ.ബി.പി. ന്യൂസ്. വിഷയം നിയമപരമായി കൈകാര്യം ചെയ്യുമെന്നാണ് നേഹാ സിംഗ് റാത്തോഡ് പ്രഖ്യാപിച്ചിരിക്കുന്നത്.

നിലവിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥ തന്നെയാണ് രാജ്യത്ത് നടക്കുന്നത് എന്നുള്ള കാര്യത്തിൽ തർക്കമില്ല. അതിന്റെ എല്ലാ ലക്ഷണങ്ങളുമാണ് മുൻപ് സൂചിപ്പിച്ച സംഭവങ്ങൾ. ഔദ്യോഗികമായി ഭരണഘടന അനുസരിച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ജനാധിപത്യപരമായ അവകാശങ്ങൾക്കും പൗരാവകാശങ്ങൾക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും നേരെ ഭരണകൂടത്തിൽ നിന്നും ഉണ്ടാകുന്ന കടന്നുകയറ്റങ്ങളെയും നിയന്ത്രണങ്ങളെയുമാണ് 'അപ്രഖ്യാപിത അടിയന്തരാവസ്ഥ' എന്ന് വിശേഷിപ്പിക്കുന്നത്. 

1975 ജൂൺ 25-ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഉപദേശാനുസരണം രാഷ്ട്രപതി ഫക്രുദീൻ അലി അഹമ്മദ് ഭരണഘടനയുടെ 352-ാം വകുപ്പനുസരിച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയുണ്ടായി. 1977 വരെ ഇത് നീണ്ടുനിന്നു. ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ ഉണ്ടായ തടസ്സങ്ങളേക്കാൾ ശക്തമായ ഒന്നാണ് ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നിയമപരമായ പ്രഖ്യാപനങ്ങളൊന്നുമില്ലാതെ തന്നെ മാധ്യമസ്വാതന്ത്ര്യം നിഷേധിക്കുക, പ്രതിഷേധങ്ങൾ അടിച്ചമർത്തുക, എതിരാളികളെ ഭരണഘടനാ സ്ഥാപനങ്ങളിലൂടെയോ കേന്ദ്ര ഏജൻസികളിലൂടെയോ പ്രതിഷേധക്കാരെ ലക്ഷ്യമിടുക എന്നീ അവസ്ഥകളാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്.

സമരം എത്ര ശക്തിപ്പെട്ടാലും ഗ്യാനേഷ് കുമാറിനെ രാജിവെപ്പിക്കുക എന്നുള്ളത് നരേന്ദ്രമോദിയെ സംബന്ധിച്ചിടത്തോളം ആത്മഹത്യക്ക് തുല്യമാണ്. വർത്തമാനകാല സാഹചര്യത്തിൽ പരിശോധിക്കുകയാണെങ്കിൽ ഒരു ആത്മഹത്യയിലേക്ക് നരേന്ദ്രമോദി ഇറങ്ങില്ല എന്നുള്ള കാര്യം ഉറപ്പാണ്. രാജിവെപ്പിക്കാതെ മുന്നോട്ട് പോകുവാനുള്ള തീവ്രശ്രമത്തിലാണ് സർക്കാർ ശ്രമിക്കുന്നത്. വരുന്ന തിരഞ്ഞെടുപ്പിൽ അനുകൂല സാഹചര്യങ്ങൾ അല്ല എന്നുള്ളത് തീർത്തും ബോധ്യപ്പെട്ട നരേന്ദ്രമോദി രാഷ്ട്രപതി സ്ഥാനത്തേക്ക് കണ്ണുവെച്ചിട്ടുണ്ട് എന്നുള്ള സംസാരം വ്യാപകമാണ്. അതിനുള്ള സാധ്യതകൾ തള്ളിക്കളയുവാനും സാധിക്കില്ല. ജൂലൈ മാസത്തിൽ നടക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ബിജെപി തീരുമാനിക്കുന്ന ഒരു വ്യക്തിക്ക് ഒരു പ്രയാസവും കൂടാതെ രാഷ്ട്രപതി ആകാം. എന്നുള്ള സാഹചര്യമാണ് ഇപ്പോഴുള്ളത്. ഈ സാഹചര്യം പ്രയോജനപ്പെടുത്തുക എന്നുള്ള തീരുമാനത്തിലാണ് നരേന്ദ്രമോദി എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. അധികാരം ഇല്ലാതെ മുന്നോട്ടുപോകുവാൻ സാധിക്കില്ല എന്നുള്ള അവസ്ഥയിൽ മോദി എത്തിയിരിക്കുന്നു എന്നും വിലയിരുത്തപ്പെടുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img