04:18pm 16 May 2026
NEWS
സഫലമാകുമോ മല്ലികാർജുന ഖാർഗെയുടെ സ്വപ്നം?
16/05/2026  11:11 AM IST
വിഷ്ണുമംഗലം കുമാർ
സഫലമാകുമോ മല്ലികാർജുന ഖാർഗെയുടെ സ്വപ്നം

 എഐസിസി അധ്യക്ഷപദവി വാഗ്ദാനം ചെയ്താണ് രാഹുൽഗാന്ധി കെ സി വേണുഗോപാലിനെ കേരളത്തിലെ മുഖ്യമന്ത്രിമോഹത്തിൽ നിന്ന് പിന്തിരിപ്പിച്ചതെന്ന ഒരു വാർത്ത വന്നിരുന്നു. അതിൽ എത്രത്തോളം വാസ്തവമുണ്ടെന്ന് പറയാനാവില്ലെങ്കിലും അതോട് ചേർത്തുവെക്കാവുന്ന മറ്റൊരു വാർത്തയും ഇപ്പോൾ പ്രചരിക്കുന്നുണ്ട്. നിലവിലെ     എഐസിസി അധ്യക്ഷൻ മല്ലികാർജുന ഖാർഗെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങാനാഗ്രഹിക്കുന്നു, അക്കാര്യം സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും അദ്ദേഹം അറിയിച്ചിട്ടുണ്ട് എന്നതാണത്. കർണാടകത്തിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ്സ് നേതാവാണ് ഖാർഗെ. നിലവിൽ അദ്ദേഹം രാജ്യസഭ അംഗമാണ്. 2020 ജൂണിലാണ് അദ്ദേഹം രാജ്യസഭ അംഗമായത്. ഈ വരുന്ന ജൂൺ 25ന് രാജ്യസഭയിൽ അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കുകയാണ്. വീണ്ടും രാജ്യസഭ അംഗമാകാൻ 83 കാരനായ ഖാർഗെ ആഗ്രഹിക്കുന്നില്ലത്രേ. 2022 ഒക്ടോബർ 25 നാണ് അദ്ദേഹം എഐസിസി അധ്യക്ഷനായത്. മൂന്നര വർഷം കഴിഞ്ഞു. ആ പദവിയിൽ നിന്നൊഴിയാനും അദ്ദേഹം സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടത്രേ. ഒമ്പത് തവണ എംഎൽഎയും രണ്ടുതവണ ലോകസഭ അംഗവും ആയിട്ടുള്ള ഖാർഗെ കർണാടകത്തിൽ മന്ത്രി, പിസിസി അധ്യക്ഷൻ, പ്രതിപക്ഷ നേതാവ്, കേന്ദ്രമന്ത്രി തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. പക്ഷെ അർഹതയുണ്ടായിട്ടും കർണാടകത്തിൽ മുഖ്യമന്ത്രിയാകാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. 1999,2004,2013 വർഷങ്ങളിൽ കപ്പിനും ചുണ്ടിനും ഇടയിലാണ് ഈ തലമുതിർന്ന ദളിത്‌ നേതാവിന് മുഖ്യമന്ത്രിക്കസേര നഷ്ടപ്പെട്ടത്. അദ്ദേഹത്തിന്റെ സമകാലീനരായ ഗുണ്ടുറാവു, ധരംസിംഗ്, വീരപ്പമൊയ്‌ലി, ബംഗാരപ്പ തുടങ്ങിയവരൊക്കെ കർണാടകത്തിൽ മുഖ്യമന്ത്രിമാരായിട്ടുണ്ട്. അക്കൂട്ടത്തിൽ വീരപ്പ മൊയ്‌ലി മാത്രമേ ജീവിച്ചിരിപ്പുള്ളൂ. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് സിദ്ധരാമയ്യയെ മാറ്റാൻ കർണാടകത്തിൽ തിരക്കിട്ട ശ്രമം നടക്കുന്നുണ്ട്. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറാണ്‌ അതിന്റെ പിറകിൽ. ആ നീക്കം ചെറുത്തു തോല്പിക്കുന്നത് ദളിത് നേതാക്കളും മന്ത്രിമാരുമായ സതീഷ് ജാർക്കിഹോളി, ഡോക്ടർ ജി പരമേശ്വര എന്നിവരാണ്. സിദ്ധരാമയ്യ മാറിയാൽ ഒരു ദളിത് നേതാവ് മുഖ്യമന്ത്രിയാകണം എന്നതാണ് അവരുടെ നിലപാട്. മുതിർന്ന ദളിത് നേതാവ് ഖാർഗെ മുഖ്യമന്ത്രിയാകാൻ താല്പര്യം പ്രകടിപ്പിച്ചാൽ ഇരുനേതാക്കളും പിന്തുണക്കും. ഖാർഗെയ്‌ക്ക് വേണ്ടി സ്ഥാനമൊഴിയാൻ സിദ്ധരാമയ്യയും ഒരുക്കമാണ്. അത്തരം ഒരു നീക്കമുണ്ടായാൽ ശിവകുമാറിനും എതിരു നിൽക്കാൻ കഴിയില്ല. ഖാർഗെയുടെ സ്വപ്നം സഫലീകരിക്കാൻ സോണിയയും രാഹുലും അവസരമൊരുക്കുമോ എന്നതാണ് ഉത്തരം തേടുന്ന ചോദ്യം.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img