12:57pm 12 November 2026
NEWS
കേരളത്തിന്റെ നേറ്റിവിറ്റി കാർഡ് പൗരത്വ രേഖയായി അം​ഗീകരിക്കപ്പെടുമോ?
25/12/2025  06:55 AM IST
nila
കേരളത്തിന്റെ നേറ്റിവിറ്റി കാർഡ് പൗരത്വ രേഖയായി അം​ഗീകരിക്കപ്പെടുമോ?

തിരുവനന്തപുരം: കേരള സർക്കാർ പ്രഖ്യാപിച്ച പുതിയ നേറ്റിവിറ്റി കാർഡ് വഴിവെക്കുന്നത് പുതിയ വിവാദങ്ങൾക്കും നിയമ നടപടികൾക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും നിയമ വിദ​ഗ്ധരും ചൂണ്ടിക്കാട്ടുന്നത്. പൗരത്വവുമായി ബന്ധപ്പെട്ട ആശങ്കകൾക്ക്  കേരളത്തിന്റെ നേറ്റിവിറ്റി കാർഡ് പരിഹാരമാകുമെന്ന വാദം എത്രത്തോളം പ്രായോ​ഗികമാണെന്ന ചോദ്യമാണ് ഉയരുന്നത്. അതിന്റെ നിയമപരമായ പരിധിയും പ്രായോഗിക പ്രയോഗവും സംബന്ധിച്ച് നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. പ്രത്യേകിച്ച്, പൗരത്വം തെളിയിക്കുന്ന രേഖയായി ഈ കാർഡ് അംഗീകരിക്കപ്പെടുമോ എന്നതിൽ ഇപ്പോഴും വ്യക്തതയില്ല.

നിലവിൽ സംസ്ഥാനത്ത് നൽകിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനുള്ള മാനദണ്ഡങ്ങൾ തന്നെയാണോ നേറ്റിവിറ്റി കാർഡിനും ബാധകമാകുക എന്നതും നിർണായകമാണ്. പൗരത്വ നിയമം ദേശീയ പൗര രജിസ്റ്റർ (എൻആർസി) തയ്യാറാക്കുന്നതിനും അതിന്റെ അടിസ്ഥാനത്തിൽ ദേശീയ തിരിച്ചറിയൽ കാർഡ് നൽകുന്നതിനുമുള്ള വ്യവസ്ഥകൾ വ്യക്തമാക്കുന്നുണ്ട്. എന്നാൽ എൻആർസി രാജ്യവ്യാപകമായി നടപ്പാക്കാൻ കഴിയാത്ത സാഹചര്യത്തിൽ, സംസ്ഥാനതലത്തിൽ അവതരിപ്പിക്കുന്ന ഒരു കാർഡ് പൗരത്വ ആശങ്കകൾക്ക് എത്രമാത്രം പരിഹാരമാകും എന്നതാണ് ചോദ്യം.

അസമിൽ 2019ൽ തയ്യാറാക്കിയ എൻആർസിയിൽ ഏകദേശം 19 ലക്ഷം പേർ ഉൾപ്പെടാതിരുന്നതിനെ തുടർന്നുള്ള നിയമ തർക്കങ്ങൾ ഇന്നും തുടരുകയാണ്. ഇതുമൂലം അന്തിമ പട്ടിക ഇതുവരെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് എൻആർസിയും ദേശീയ തിരിച്ചറിയൽ കാർഡും പ്രായോഗികമായി അനിശ്ചിതത്വത്തിലായിരിക്കുന്നത്. അതേസമയം, ആധാർ കാർഡ് പൗരത്വത്തിന്റെ തെളിവല്ലെന്നും തിരിച്ചറിയൽ രേഖ മാത്രമാണെന്നും കേന്ദ്ര സർക്കാർ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ആധാർ കാർഡിൽ തന്നെ ഈ വിവരം രേഖപ്പെടുത്തിയിട്ടുമുണ്ട്.

ഇത്തരമൊരു സാഹചര്യത്തിൽ, കേന്ദ്ര പൗരത്വ നിയമത്തിൽ പരാമർശിക്കുന്ന ദേശീയ തിരിച്ചറിയൽ കാർഡിന് പകരമായി സംസ്ഥാന സർക്കാർ നൽകുന്ന നേറ്റിവിറ്റി കാർഡിന് നിയമസാധുത ലഭിക്കുമോയെന്ന സംശയം സ്വാഭാവികമാണ്. പൗരത്വത്തിന് ബാധകമാകുന്ന വ്യവസ്ഥകൾ തന്നെ നേറ്റിവിറ്റി കാർഡിനും ബാധകമാക്കുമോ എന്നതും നയപരമായി നിർണായകമാകും.

‘നേറ്റിവിറ്റി’ എന്ന ആശയത്തെക്കുറിച്ചുള്ള വ്യവസ്ഥകൾ രാജ്യത്ത് ഏകീകൃതമല്ല. ഓരോ സംസ്ഥാനവും അതത് സാമൂഹിക-ഭരണപരമായ സാഹചര്യങ്ങൾ അനുസരിച്ചാണ് മാനദണ്ഡങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. കേരളത്തിലെ നേറ്റിവിറ്റി സർട്ടിഫിക്കറ്റിനെ സംബന്ധിച്ച് ലാൻഡ് റവന്യു മാന്വലിൽ വ്യക്തമായ മാർഗനിർദേശങ്ങളുണ്ട്. ഒരാൾ ജന്മംകൊണ്ട് കേരളീയനാണെന്ന് സാക്ഷ്യപ്പെടുത്തുന്നതിനാണ് സർട്ടിഫിക്കറ്റ് നൽകുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള ജനന സർട്ടിഫിക്കറ്റ് ലഭ്യമാണെങ്കിൽ അതുതന്നെ മതിയാകുന്നതിനാൽ, സാധാരണയായി ജനന സർട്ടിഫിക്കറ്റ് ലഭ്യമല്ലാത്ത സാഹചര്യങ്ങളിലാണ് നേറ്റിവിറ്റി സർട്ടിഫിക്കറ്റ് അനുവദിക്കുന്നത്.

അതേസമയം, കേരളത്തിൽ ജനിച്ചവർക്ക് മാത്രമല്ല, നിശ്ചിത നിബന്ധനകൾ പാലിക്കുന്ന സംസ്ഥാനത്തിനു പുറത്തു ജനിച്ചവർക്കും നേറ്റിവിറ്റി സർട്ടിഫിക്കറ്റ് നൽകാൻ നിലവിലെ വ്യവസ്ഥകൾ അനുവദിക്കുന്നുണ്ട്. മാതാപിതാക്കൾ ഇരുവരും കേരളത്തിൽ ജനിച്ചു വളർന്നവരായിരിക്കുകയോ, അല്ലെങ്കിൽ ഒരാൾ കേരളീയനും മറ്റാൾ ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്ത് ജനിച്ചു വളർന്നയാളുമായിരിക്കുകയോ ചെയ്ത് വിവാഹശേഷം കേരളത്തിൽ സ്ഥിരതാമസമാക്കിയാൽ അർഹത ലഭിക്കും.

പ്രൊഫഷനൽ കോഴ്സുകളിലേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ട് ‘നേറ്റിവിറ്റി’ യോഗ്യതയെച്ചൊല്ലി വിവിധ സംസ്ഥാനങ്ങളിൽ ഉണ്ടായ നിയമ തർക്കങ്ങൾ ഈ വിഷയത്തിന്റെ സങ്കീർണ്ണത ചൂണ്ടിക്കാട്ടുന്നു. തെലങ്കാനയിൽ 9 മുതൽ 12 വരെ ക്ലാസുകളിൽ പഠിച്ചവരെ മാത്രമേ ‘ലോക്കൽ’ വിദ്യാർഥികളായി കണക്കാക്കൂ എന്ന വ്യവസ്ഥ സുപ്രീം കോടതി ശരിവച്ചിരുന്നു. കേരള ഹൈക്കോടതി, സംസ്ഥാനത്തിനു പുറത്തുനിന്നുള്ളവരുടെ മക്കൾ കേരളത്തിലെ സാമൂഹിക സാഹചര്യങ്ങളോട് ഇഴുകിച്ചേർന്നവരാണെങ്കിൽ നേറ്റിവിറ്റി സർട്ടിഫിക്കറ്റ് നൽകാമെന്ന നിലപാടും മുൻപ് സ്വീകരിച്ചിട്ടുണ്ട്.

തമിഴ്നാട്ടിൽ ജനിച്ചെങ്കിലും കേരളത്തിൽ പഠിച്ചും വളർന്നും വന്ന വ്യക്തിയുടെ നേറ്റിവിറ്റി എവിടെയാണെന്ന് നിശ്ചയിക്കണമെന്ന ചോദ്യത്തിൽ, 2018ൽ മദ്രാസ് ഹൈക്കോടതി ജനനസ്ഥലത്തേക്കാൾ പഠിച്ചതും വളർന്നതുമായ സ്ഥലമാണ് പരിഗണിക്കേണ്ടതെന്ന് വ്യക്തമാക്കിയിരുന്നു. ഈ എല്ലാ നിയമനിലപാടുകളുടെയും പശ്ചാത്തലത്തിലാണ്, കേരളത്തിലെ പുതിയ നേറ്റിവിറ്റി കാർഡ് പൗരത്വവുമായി ബന്ധപ്പെട്ട ആശങ്കകൾക്ക് യഥാർത്ഥ പരിഹാരമാകുമോ, അതോ ഭരണപരമായ ഒരു രേഖയായി മാത്രമേ അതിന് നിലനിൽപ്പുണ്ടാകൂവോ എന്ന ചോദ്യം കൂടുതൽ ശക്തമാകുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img