
ഇടതുപക്ഷത്തിന്റെ പല മന്ത്രിമാർ തോറ്റെങ്കിലും പത്തനാപുരത്ത് മന്ത്രിയായിരുന്ന കെ.ബി. ഗണേശ് കുമാറിനെ തോൽപ്പിച്ചത് എൻ.എസ്.എസാണ് എന്നൊരു കേൾവിയുണ്ട്. ആഭ്യന്തര മന്ത്രിയായ രമേശ് ചെന്നിത്തലയുടെ ഗ്രൂപ്പുകാരനായ ജ്യോതികുമാർ ചാമക്കാലയാണ് ഗണേശനെ തോൽപ്പിച്ചത്. എൻ.എസ്.എസിനുമേൽ രമേശിന്റെ സമ്മർദ്ദം ഉണ്ടായിരുന്നു എന്നും കേൾക്കുന്നു.
പത്തനാപുരം എൻ.എസ്.എസ് താലൂക്ക് യൂണിയന്റെ പ്രസിഡന്റും ഡയറക്ടർ ബോർഡ് അംഗവുമായിരുന്നു ഗണേശ്കുമാർ. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പുതന്നെ ഗണേശ്കുമാറിനെതിരെ എൻ.എസ്.എസ് യൂണിയനിൽ പരാതി ഉണ്ടായിരുന്നു. പത്മ കഫേ ആരംഭിക്കാനുള്ള യൂണിയന്റെ തീരുമാനത്തിൽ അദ്ദേഹം ചുമതലപ്പെടുത്തിയത് സ്വന്തം ഭാര്യയെയെ ആയിരുന്നുവെന്നും, അതാണ് യൂണിയനിലെ അഭിപ്രായവ്യത്യാസങ്ങളുടെ തുടക്കമെന്നുമാണ് ചങ്ങനാശ്ശേരിയിലെ എൻ.എസ്.എസ് രജിസ്റ്റർ ഓഫീസിൽ നിന്ന് ലഭിച്ച വിവരം.
64 കൊല്ലമായി ആർ. ബാലകൃഷ്ണപിള്ള പ്രസിഡന്റും, 2021 ൽ അദ്ദേഹത്തിന്റെ മരണശേഷം അദ്ദേഹത്തിന്റെ മകൻ കെ.ബി. ഗണേശ്കുമാറായിരുന്നു പ്രസിഡന്റ്. മദ്ധ്യതിരുവിതാംകൂറിലെ സാമാന്യം ഭേദപ്പെട്ട സ്വത്തും വരുമാനവും ഉണ്ടായിരുന്ന പത്തനാപുരം യൂണിയന്റെ ഭരണം കീഴൂട്ട് കുടുംബത്തിന്റെ അധീനതയിലായിരുന്നു. പ്ലാന്റേഷൻ, ഹൈസ്‌ക്കൂൾ, ബി.എഡ് കോളേജ് തുടങ്ങി നിരവധി വരുമാനമാർഗ്ഗങ്ങൾ യൂണിയനുണ്ടായിരുന്നു. 2021 വരെ യൂണിയന്റെ ഏകാധിപത്യഭരണവും യൂണിയൻ ആർജ്ജിച്ച സ്വത്തുക്കളും സമ്പാദ്യവും ആർ. ബാലകൃഷ്ണപിള്ളയുടെ രാഷ്ട്രീയപദവികളുടെയും പരിശ്രമഫലമാണ്.
2001 ൽ മുഖ്യമന്ത്രി എ.കെ. ആന്റണി ആർ. ബാലകൃഷ്ണപിള്ളയെ മന്ത്രിയാക്കാൻ വിസമ്മതിച്ചപ്പോൾ പകരക്കാരനായി ഗണേശ്കുമാറിനെ നിർദ്ദേശിച്ചത് ഇപ്പോഴത്തെ ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരായിരുന്നു. അതുപക്ഷേ ഒരു പുതിയ അധികാരകേന്ദ്രത്തിന്റെ തുടക്കമായിരുന്നു.
പാരമ്പര്യം ഒരു രോഗം- സംഘടനയിലായാലും പാർട്ടിയിലായാലും
1974 ൽ തിരുവനന്തപുരത്ത് വന്ന കാലം മുതൽ ബാലകൃഷ്ണപിള്ള സാറിനെ എനിക്കറിയാം. അന്ന് അദ്ദേഹം എം.പിയാണ്. ഞാൻ സി.ബി.സി വാര്യർ സാറിന്റെ മുറിയിൽ താമസിക്കുന്നു. തൊട്ടടുത്തുള്ള 28 A ആയിരുന്നു അദ്ദേഹത്തിന്റേത്. എന്റെ അമ്മാവൻ മലയാളരാജ്യം തറയിൽ ചെല്ലപ്പൻപിള്ളയുടെ അടുത്ത സുഹൃത്തായിരുന്നു ബാലകൃഷ്ണപിള്ള. പിന്നെ അദ്ദേഹം ജയിൽ മന്ത്രിയായി.
ഞാൻ 83 ൽ 'കേരളശബ്ദ'ത്തിൽ എഴുതിത്തുടങ്ങുമ്പോൾ കെ.എസ്.ഇ.ബിയിൽ ജോലിയുണ്ടായിരുന്നു. അമ്മാവൻ വിളിച്ചുപറഞ്ഞിട്ടാണ് ബാലകൃഷ്ണപിള്ള സാർ എനിക്ക് എഴുതാൻ അനുവാദം തന്നത്. ഞാൻ യൂണിയൻ രംഗത്ത് സജീവമായിരുന്നപ്പോൾ ഇണക്കങ്ങളും പിണക്കങ്ങളും ഉണ്ടായിരുന്നു. കേരളശബ്ദത്തിൽ ഇന്റർവ്യൂകളിൽ ഒരുപാട് പടക്കങ്ങളും ആത്മപ്രശംസകളും തള്ളാറുണ്ടെങ്കിലും തുറന്നുപറച്ചിലുകളിൽ സത്യസന്ധത കാണിക്കുമായിരുന്നു.
ട്രാൻസ്‌പോർട്ട് മന്ത്രിയായിരിക്കുമ്പോൾ ജീവനക്കാരുടെ സമരം നടക്കുമ്പോൾ ഇ.എം.എസിനെ കല്ല്യാണത്തിന് ക്ഷണിക്കാൻ ശാന്തിനഗറിൽ ചെന്നപ്പോൾ വീട്ടിൽ നിന്ന് ഇ.എം.എസ് ഇറക്കിവിട്ട കഥ അദ്ദേഹം പറഞ്ഞതാണ്.
വഴുതക്കാട്ടെ അദ്ദേഹത്തിന്റെ ഔദ്യോഗികവസതിയായ ഉഷമലരിയിൽ തെങ്ങിന്റെ മടലുവെട്ടി ക്രിക്കറ്റ് ബാറ്റാക്കി കളിക്കുന്ന ഗണേശനെ ഞാൻ കണ്ടിട്ടുണ്ട്. എന്റെ കൂടെ ഫോട്ടോഗ്രാഫർ കൃഷ്ണൻകുട്ടിയുമുണ്ട്. സാറിന്റെ ഭാര്യ വത്സല ചേച്ചി പറയും: 'എടാ മോനേ കൃഷ്ണൻകുട്ടി, നീ ഈ ഗണേശന്റെ പടം എടുത്ത് നാനയിൽ കൊടുക്ക്.
പിന്നെ ഞാൻ തടി കുറയ്ക്കാൻ VLCC യിൽ പോകുമ്പോൾ കാണുമായിരുന്നു. ചേച്ചി സാറിനെക്കാൾ മുൻപേ മരിച്ചു. ഞാൻ അന്ന് അവിടെ പോയിരുന്നു.
2011 ൽ ഗണേശ്കുമാർ വീണ്ടും മന്ത്രിയായി. ഞാൻ വനം വികസന കോർപ്പറേഷൻ ചെയർമാനായിരുന്നു. എൻ.എസ്.എസിനോടുള്ള വിരോധം തീർക്കാൻ പരമാവധി മന്ത്രി ചൊറിഞ്ഞത് എന്നെയാണ്. സുകുമാരൻനായരുസാറും ബാലകൃഷ്ണപിള്ള സാറും എനിക്ക് സപ്പോർട്ട് തന്നു. ഞാൻ പിന്നെ അജന്തയിൽ ഗണേശ്കുമാറിനെ കാണുമ്പോൾ ഭീകരമായിരുന്നു.
പിന്നെ ബാലകൃഷ്ണപിള്ള സാറിനെ കാണാൻ ഞാൻ വാളകത്തെ വീട്ടിൽ പോകുമായിരുന്നു. അദ്ദേഹം മരിച്ചപ്പോഴും പോയി. ഞാൻ അന്ന് മുന്നോക്ക കമ്മീഷൻ അംഗമായിരുന്നു. കോർപ്പറേഷൻ ചെയർമാൻ എന്ന നിലയിലുള്ള പിണറായി സർക്കാരിന്റെ കാലത്തെ നിസ്സഹായാവസ്ഥയും പറയുമായിരുന്നു.
എൻ.എസ്.എസിലെ സ്ഥാനവും അംഗീകാരവും
കളത്തിൽ വേലായുധൻ നായർ, മക്കപ്പുഴ വാസുദേവൻ പിള്ള, കിടങ്ങൂർ ഗോപാലകൃഷ്ണപിള്ള, പി.കെ. നാരായണപ്പണിക്കർ, എൻ. ഭാസ്‌ക്കരൻനായർ എന്നീ ഒന്നാംകിട എൻ.എസ്.എസ് നേതാക്കളുടെ നിരയിൽ ഉണ്ടായിരുന്നയാളായിരുന്നു ആർ. ബാലകൃഷ്ണപിള്ള. 1964 ൽ കേരള കോൺഗ്രസ് രൂപീകരിച്ചപ്പോൾ മന്നം ബാലകൃഷ്ണപിള്ളയെ ഒന്നാം നിരയിൽ നിർത്തി.
എന്നാൽ 67 ൽ കേരള കോൺഗ്രസ് പിരിച്ചുവിട്ട് കോൺഗ്രസ്സിലേക്ക് മടങ്ങിവരാനുള്ള മന്നത്തിന്റെ ആ ബുദ്ധി കരിച്ച ബാലകൃഷ്ണപിള്ള 1970 സെപ്റ്റംബറിൽ കോൺഗ്രസ്സിലെ കൊട്ടറ ഗോപാലകൃഷ്ണനോട് തോറ്റു.
1970 ഫെബ്രുവരിയിൽ മന്നം മരിച്ചശേഷം എൻ.എസ്.എസിന്റെ വഴികൾ സ്വതന്ത്രവും സ്വന്തം രാഷ്ട്രീയപ്പാർട്ടിയായ എൻ.ഡി.പി രാഷ്ട്രീയത്തിലും സാമ്പത്തിക സംവരണത്തിലും കേന്ദ്രീകരിച്ചായിരുന്നു.
ഭരണസിരാകേന്ദ്രത്തിന്റെ ഇത്തിൾകണ്ണികൾക്കൊപ്പം അഴിമതിയുടെ സഞ്ചാരപഥങ്ങൾ തേടുമ്പോഴും എൻ.എസ്.എസിന്റെ സാമ്പത്തിക സംവരണ നിലപാട് കേരളരാഷ്ട്രീയത്തിൽ പരിലസിച്ചുകൊണ്ടിരുന്നു.
ഇ.എം.എസ്സിന്റെ ഭരണപരിഷ്‌ക്കാര കമ്മീഷൻ റിപ്പോർട്ട്, നെട്ടൂർ ദാമോദരൻ റിപ്പോർട്ട്, ദേശീയ മണ്ഡൽ കമ്മിഷൻ റിപ്പോർട്ട്, സിൻഹ കമ്മിഷൻ റിപ്പോർട്ട്, കേരളത്തിലെ നരേന്ദ്രൻ കമ്മിഷൻ റിപ്പോർട്ട് എന്നീ സംവരണാധിഷ്ഠിത രേഖകൾ എൻ.എസ്.എസിന്റെ ചരിത്ര ഏടുകളാണ്.
1996 ൽ ഇ.കെ. നായനാർ മുഖ്യമന്ത്രിയായി വന്നപ്പോഴാണ് എന്നെ ലെയ്‌സൺ ഓഫീസറായി എൻ.എസ്.എസ് എക്‌സിക്യുട്ടീവ് കൗൺസിലിൽ നിയമിച്ചത്. അതൊരു രാഷ്ട്രീയ തീരുമാനമായിരുന്നു. അക്കാലത്ത് ഡയറക്ടർ ബോർഡ് യോഗങ്ങൾക്ക് വരാറുള്ള ബാലകൃഷ്ണപിള്ള സാറിനെ കാണുമായിരുന്നു. ഒരു സീനിയർ ഡയറക്ടറായ ബാലകൃഷ്ണപിള്ള സാറിനെ സുകുമാരൻനായരുസാറും പണിക്കരുസാറും കൂടി ഒറ്റയ്ക്ക് പ്രസിഡന്റിന്റെ മുറിയിലിരുത്തി അജണ്ടാ വിഷയങ്ങൾ അദ്ദേഹവുമായി മുൻകൂർ ചർച്ച ചെയ്യുമായിരുന്നു. ബാലകൃഷ്ണപിള്ള സാറിന് ശേഷം 2021 ൽ എൻ.എസ്.എസ് നേതൃനിരയിൽ വന്ന ഗണേശ്കുമാറിന് സോളാർ രാഷ്ട്രീയത്തിന്റെ അപസർപ്പകഥകളിൽ ആറാടിയ ഒരു ചരിത്രത്തിന്റെ ബാക്കിപത്രമുണ്ടായിരുന്നു. അതിന്റെ ഫലമായി 2011-16 കാലഘട്ടത്തിൽ നഷ്ടപ്പെട്ട മന്ത്രിസ്ഥാനത്തിന്റെ രക്തസാക്ഷി പരിവേഷവുമായി പെരുന്നയിൽ അഭയം തേടിയ ഗണേശ്കുമാറിനെ സംരക്ഷിച്ചത് ജി. സുകുമാരൻ നായർ എന്ന മനുഷ്യന്റെ അനുകമ്പയാണ്. ഞാൻ അജന്തയിൽ വച്ചുകണ്ട ആ ഭീകരരൂപം അദ്ദേഹം പെരുന്നയിലും അനാവരണം ചെയ്തു.
2016 ൽ എൽ.ഡി.എഫിൽ ചേർന്നെങ്കിലും 2023 ൽ മാത്രമാണ് പിണറായി മന്ത്രിസ്ഥാനം നൽകിയത്.
ഇടതുസർക്കാരും എൻ.എസ്.എസ്സിന്റെ കണ്ണികളും
2016 ൽ ആദ്യമായി അധികാരത്തിൽ വരുമ്പോൾ പിണറായി എൻ.എസ്.എസ് പിന്തുണ ആഗ്രഹിച്ചിരുന്നു. എൽ.ഡി.എഫിലേക്ക് ചെന്ന ആർ. ബാലകൃഷ്ണപിള്ള ഏറ്റിട്ടും പിണറായിയും വൈക്കം വിശ്വനും കാനം രാജേന്ദ്രനും വിശ്വാസമായില്ല. എൻ.എസ്.എസ് നേതൃത്വവുമായി ബന്ധപ്പെടാൻ അവർ എന്നെ ചുമതലപ്പെടുത്തി. ജനറൽ സെക്രട്ടറി സുകുമാരൻ നായരുസാറിനെ കണ്ട് ഞാൻ ഉറപ്പിച്ചു. 2018 ലെ ശബരിമല സമരത്തോടെ ആ ബന്ധം വഷളായി. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് തോറ്റമ്പി. ശബരിമല തിരുത്തലുമായി പാർട്ടി ഇറങ്ങിയെങ്കിലും എൻ.എസ്.എസ് വിശ്വസിച്ചില്ല. 2021 ലെ പിണറായിയുടെ ജാതിമതകക്ഷികളുടെ പ്രീണനത്തിന് എൻ.എസ്.എസ് ഇല്ലായിരുന്നു.
സജി ചെറിയാൻ, വി. ശിവൻകുട്ടി എന്നീ മന്ത്രിമാർ എൻ.എസ്.എസുമായി ബന്ധം വയ്ക്കാൻ ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാലിനെ പാർട്ടി ചുമതലപ്പെടുത്തിയെങ്കിലും, ഡയറക്ടർ ബോർഡിലെ സീനിയർ അംഗവും ബാലഗോപാലിന്റെ മൂത്ത സഹോദരനുമായ കലഞ്ഞർ മധു ശ്രമിച്ചെങ്കിലും നടന്നില്ല. മധു ഡയറക്ടർ ബോർഡിനു പുറത്തായി. ആ ഒഴിവിലാണ് ഗണേശ്കുമാറിനെ എൻ.എസ്.എസ് ബോർഡിലെടുത്തത്.
എൻ.എസ്.എസിന്റെ സർക്കാരുമായുള്ള ഇടപാടുകൾ നടത്തിയെടുക്കുന്നതിൽ നിർവീര്യനും നിസ്സഹായനുമായ ഗണേശ്കുമാറിന് പകരക്കാരനായി, വിശ്വസ്തനും മുഖ്യമന്ത്രിയുടെ അടുപ്പക്കാരനുമായി മന്ത്രി വി.എൻ. വാസവൻ എത്തി. അങ്ങനെ മന്ത്രി ഗണേശ്കുമാർ എൻ.എസ്.എസിന് ഒരു അധികപ്പറ്റായി. കാലക്രമത്തിൽ യൂണിയൻ പ്രസിഡന്റ് സ്ഥാനവും ഡയറക്ടർ ബോർഡ് അംഗത്വവും പോയി. 67 മുതൽ മന്നം തുടങ്ങി കൊടികെട്ടിയവർ വിചാരിച്ചിട്ടും കീഴൂട്ട് ആർ ബാലകൃഷ്ണപിള്ളക്കെതിരെ 64 കൊല്ലം വിചാരിച്ചിട്ടും ആ കുത്തക പൊളിക്കാനായില്ല. സമുദായ പദവികളും ഒപ്പം 3 കോടി രൂപയുടെ പത്മാ കഫേ ആരോപണവും ഗണേശ്കുമാറിന്റെ ഭാര്യക്കെതിരെ എൻ.എസ്.എസ് നേതൃത്വം ചാർത്തുന്നു.
ഡി.വൈ.എഫ്.ഐക്കെന്താ എൻ.എസ്.എസിൽ കാര്യം?
പണ്ട് മമ്മൂട്ടി മുഖ്യനടനായുള്ള ഒരു മലയാളം സിനിമയിൽ പ്രാദേശിക കരയോഗം പ്രസിഡന്റിന്റെ റോളായിരുന്നു ഇന്നസെന്റിന്. ഒരു പോലീസുകാരന്റെ റോളിൽ ഇന്നസെന്റിനെ വച്ചത് നിർമ്മാതാവായ മമ്മൂട്ടിയാണ്. പോലീസുകാർക്ക് എന്താ വീട്ടിൽ കാര്യം എന്ന സംഭാഷണം വളരെ പ്രസിദ്ധമായിരുന്നു. ഡി.വൈ.എഫ്.ഐ നേതാവായി അറിയപ്പെടുന്ന അമ്പലപ്പുഴക്കാരൻ അനൂപ് ചന്ദ്രൻ എൻ.എസ്.എസ് ജനറൽ സെക്രട്ടറിക്കെതിരെ ഒരു പ്രസ്താവനയിറക്കി. ഞാൻ ആദ്യം കരുതി കെ. മുരളീധരനുമായി ബന്ധപ്പെട്ട് പൊതിച്ചോർ പ്രശ്‌നമായിരിക്കും എന്ന്. പിന്നെയാണ് അനൂപ്ചന്ദ്രൻ ഒരു നായർ ഡി.വൈ.എഫ്.ഐ ആണെന്നും അയാളുടെ ബന്ധു എൻ.എസ്.എസിൽ ജോലിക്കാരനാണെന്നും അയാളുടെ സ്ഥലംമാറ്റ പ്രശ്‌നമുണ്ടെന്നും മനസ്സിലാക്കിയത്. ഈ നടൻ മുഖാന്തിരമാണോ ജോലി കൊടുത്തത് എന്നന്വേഷിച്ചപ്പോൾ കരയോഗവും യൂണിയനും ശുപാർശ ചെയ്താണ് ജോലി കൊടുത്തത് എന്നറിഞ്ഞു. അവസാനം അയാളുടെ ബന്ധുക്കൾ ചങ്ങനാശ്ശേരിയിൽച്ചെന്ന് ജനറൽ സെക്രട്ടറിയെക്കണ്ട് മാപ്പുപറഞ്ഞു എന്നറിഞ്ഞു. വാളെടുക്കുന്നവനെല്ലാം വെളിച്ചപ്പാടാകുന്ന കാലമാണല്ലോ എന്ന് മാത്രം ചിന്തിച്ചുകൊണ്ട് സമാധാനിക്കാം.
ഗണേശന്റെ ഭാവി ഇനി എന്ത്?
കെ.ബി. ഗണേശ്കുമാറിനെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ ഏറ്റവും ശോഭനവും സുരക്ഷിതവുമായതു എൻ.എസ്.എസ് മാത്രമായിരുന്നു. പക്ഷേ വിശ്വസിച്ച് ആരെയും അവിടേക്ക് കയറ്റില്ല. പത്തനാപുരത്താണെങ്കിൽ യൂണിയൻ കമ്മിറ്റി എന്നല്ല ഒരു കരയോഗത്തിന്റെപോലും പിന്തുണയില്ല. ബാലകൃഷ്ണപിള്ള സാറിന്റെ മനസ്സിൽ തന്റെ എൻ.എസ്.എസിലെ പിൻഗാമി മൂത്ത മകൾ ഉഷാമോഹൻദാസ് ആയിരുന്നു. 2011 ൽ തനിക്കുപകരം സ്ഥാനാർത്ഥിയായി ഡോ. മുരളിയെയാണ് കൊട്ടാരക്കരയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയാക്കിയത്.
ബാലകൃഷ്ണപിള്ള സാറിന്റെ ഭാര്യ വത്സലകുമാരിയുടെ പിന്തുണ ഗണേശിനായിരുന്നു. ജയിലിൽ പോയപ്പോഴും പോകാനിടയായപ്പോഴും കാരണക്കാരൻ ഗണേശനാണെന്ന ബാലകൃഷ്ണപിള്ള സാറിന്റെ വിശ്വാസപ്രകാരമാണ് ബാലകൃഷ്ണസാർ പറഞ്ഞ പ്രകാരം നാരായണപ്പണിക്കര് സാറ് സുപ്രീംകോടതി വക്കീൽ കെ.കെ. വേണുഗോപാൽ സാറിനെ കാണാൻ പോയത്. കൂടെ മുൻ ലാ സെക്രട്ടറി വിശ്വനാഥൻ നായരുസാറും(മോഹൻലാലിന്റെ അച്ഛൻ) ഉണ്ടായിരുന്നു. ഇപ്പോഴത്തെ ജനറൽ സെക്രട്ടറി സുകുമാരൻനായർ സാർ ആഭ്യന്തര മന്ത്രി കോടിയേരിയോടും പണിക്കരുസാർ പിണറായിയോടും പറഞ്ഞ പ്രകാരമാണ് മുഖ്യമന്ത്രി വി.എസ്. കൊടുത്ത അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട ബാലകൃഷ്ണൻ സാറിന് രാഷ്ട്രീയ തടവുകാരന്റെ മാന്യത ലഭിച്ചത്. 2011 ൽ മന്ത്രിയായ ഗണേശ്കുമാർ എം.എൽ.എ ആയിരുന്നിട്ടും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. പ്രതികാരം തീർക്കാൻ വി.എസിനെ ഞരമ്പുരോഗി എന്നൊക്കെയുള്ള പച്ചത്തെറിയാണ് ഗണേശൻ പറഞ്ഞത്. കമ്മ്യൂണിസ്റ്റ് ആധിപത്യമുള്ള പത്തനാപുരത്ത് സി.പി.ഐ-സി.പി.എംകാർ ഒരുമിച്ചാണ് ജ്യോതികുമാർ ചാമക്കാലയെ ജയിപ്പിച്ചത്.
കുറെ ആളുകളെക്കൂട്ടി ജാഥയായി ചെന്ന് എൻ.എസ്.എസ് പിടിച്ചെടുക്കാമെന്നാണ് ഗണേശ്കുമാർ കരുതുന്നത്. സംസ്ഥാനത്തെ വിവിധ യൂണിയനുകളിൽ നിന്ന് കരയോഗങ്ങൾ തെരഞ്ഞെടുത്ത ഇലക്റ്റഡ് മെമ്പറന്മാർ വിജയിപ്പിച്ച 300 പ്രതിനിധി സഭാംഗങ്ങളാണ് എൻ.എസ്.എസ് ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത്. ആദ്യം പത്തനാപുരം ഒന്നുപിടി. പിന്നാകട്ടെ പെരുന്ന. പണ്ട് അച്ഛനും അപ്പൂപ്പനും ആനപ്പുറത്തുകയറിയ തഴമ്പുവെച്ച് കയറാൻച്ചെന്നാൽ ഇപ്പോഴത്തെ ആനകൾ മദയാനകളാണ്. മദം പൊട്ടി കുലുക്കിത്താഴെയിടും തീർച്ച.










