10:26am 15 September 2026
NEWS
എസ്.എൻ.ഡി.പി- എൻ.എസ്.എസ് ഐക്യത്തിന് വീണ്ടും കേരളം വേദിയാകുമോ?
17/10/2025  03:38 PM IST
അഡ്വ. എം. മനോഹരൻപിള്ള
എസ്.എൻ.ഡി.പി- എൻ.എസ്.എസ് ഐക്യത്തിന് വീണ്ടും കേരളം വേദിയാകുമോ?

നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുമ്പോൾ പിണറായി സർക്കാർ സംഘടിപ്പിച്ച പമ്പയിലെ അയ്യപ്പസംഗമത്തിലെ ഏറ്റവും സവിശേഷതയായി അവകാശപ്പെടുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ നടന്ന എസ്.എൻ.ഡി.പി-എൻ.എസ്.എസ് മുന്നണി നേതാക്കളുടെ സംഗമമാണ്. രണ്ട് സമുദായങ്ങളുടെയും ഐക്യം ആഗ്രഹിക്കുകയും താൽപ്പര്യപ്പെടുകയും ചെയ്യുന്ന പതിനായിരങ്ങൾക്ക് ഇത് ആവേശമായി.
എൻ.എസ്.എസ് ലെയ്‌സൺ സർക്കാർ ഓഫീസർ എന്ന നിലയിൽ രണ്ട് ഐക്യങ്ങളുടെയും തുടക്കവും ഒടുക്കവും അനുഭവിച്ചയാളാണ് ഞാൻ. 2013 ലെ രണ്ടാം ഐക്യം തകർന്നതിനുള്ള ഉത്തരവാദിത്തം ചാരിക്കൊണ്ട് എന്നെ വെള്ളാപ്പള്ളിച്ചേട്ടൻ മാധ്യമഭീകരൻ എന്നുവിളിച്ചു. എന്റെ ഒരു സുഹൃത്തും ടാറ്റാ കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥനുമായിരുന്ന ടി. ദാമു വെള്ളാപ്പള്ളിയുടെ ദേവികുളം പ്രസംഗം കേട്ട് 'Media Giant' എന്ന ഇംഗ്ലീഷ് പരിഭാഷ എനിക്ക് പറഞ്ഞുതന്നു.

ഈ ഐക്യത്തിന്റെ ഒന്നാം ഭാഗത്തെ ശിൽപ്പി അന്ന് എ.ഐ.സി.സി സെക്രട്ടറിയായിരുന്ന രമേശ് ചെന്നിത്തലയായിരുന്നു. ന്യൂഡെൽഹിയിൽ രമേശ് ചെന്നിത്തലയുടെ വസതിയിൽ എസ്.എൻ.ഡി.പിയുടെ ജൂബിലി സമ്മേളനത്തിന്റെ ഉൽഘാടനത്തിന് സോണിയാഗാന്ധിയെ ക്ഷണിക്കാൻ ദൽഹിയിലെത്തിയ വെള്ളാപ്പള്ളിയുമായുള്ള കൂടിക്കാഴ്ചയാണ് രമേശ് ചെന്നിത്തലയുടെ മനസ്സിൽ എൻ.എസ്.എസും എസ്.എൻ.ഡി.പിയും തമ്മിലുള്ള ഐക്യചർച്ചകളുടെ ബീജാവാപം മുളപ്പിച്ചത്. അവിടെ വച്ചുതന്നെ സുകുമാരൻ നായരുസാറും വെള്ളാപ്പള്ളിച്ചേട്ടനുമായി രമേശന്റെ സാന്നിധ്യത്തിൽ സോണിയാഗാന്ധി ഉൽഘാടനം ചെയ്യുന്ന കൊല്ലം സമ്മേളനത്തിൽ മുഖ്യ അതിഥിയായി എൻ.എസ്.എസ് ജനറൽ സെക്രട്ടറി പി.കെ. നാരായണപ്പണിക്കരുസാറിനെ പങ്കെടുപ്പിക്കാനും ധാരണയായി. ആ സമ്മേളനം കൊല്ലത്ത് ഉൽഘാടനം ചെയ്ത് ദൽഹിക്ക് മടങ്ങുമ്പോഴാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് എ.കെ. ആന്റണിയോട് മുഖ്യമന്ത്രി സ്ഥാനത്തുനിന്നുള്ള രാജി ആവശ്യപ്പെട്ടത്.
പിന്നീട് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായി. രമേശ് ചെന്നിത്തല കെ.പി.സി.സി പ്രസിഡന്റായി. കെ.സി. വേണുഗോപാൽ ദേവസ്വം മന്ത്രിയായി. ജി. രാമൻനായർ ദേവസ്വം ബോർഡ് പ്രസിഡന്റുമായി. എൻ.എസ്.എസിന്റെ പിന്തുണ രാമൻ നായർക്കുണ്ടായിരുന്നെങ്കിൽ എസ്.എൻ.ഡി.പി നോമിനിയായി ശ്രീകുമാർ അംഗവുമായി.

ദേവസ്വം ബോർഡിന്റെ ഭരണം അടങ്കലോടെ വെള്ളാപ്പള്ളിയുടെ നിയന്ത്രണത്തിലായി. എൻ.എസ്.എസിനെ ധിക്കരിച്ച രാമൻനായർ വെള്ളാപ്പള്ളിയുടെയും ശ്രീകുമാറിന്റെയും കളിപ്പാവയായി. ഓഫീസിലെ ഒരു സൂപ്രണ്ടും, ചങ്ങനാശ്ശേരിയിൽനിന്ന്  എൻ.എസ്.എസിന്റെ പിന്തുണയിൽ ജയിച്ച മുനിസിപ്പൽ കൗൺസിലറും അടങ്ങുന്ന അഴിമതി റാക്കറ്റ് രാമൻനായരുടെ ശുപാർശ ഏജന്റുമാരായി.
വ്യാപകമായി കൊട്ടിഘോഷിച്ച എൻ.എസ്.എസ്.- എസ്.എൻ.ഡി.പി ഐക്യം തകർന്നു. പരസ്പരം വെല്ലുവിളികളായി. എൻ.എസ്.എസിനെ വെല്ലുവിളിച്ച് ദേവസ്വം ബോർഡിൽ നിയമനം നടത്താൻ സംവരണം ഏർപ്പെടുത്തി. അന്നാണ് ദേവസ്വം ബോർഡിലെ അഴിമതികളെപ്പറ്റി അന്വേഷിക്കുവാൻ സംസ്ഥാന സർക്കാരിനോടാവശ്യപ്പെട്ടുകൊണ്ട് എൻ.എസ്.എസ് പ്രതിനിധി സമ്മേളനം പ്രമേയം പാസ്സാക്കിയത്.
ചങ്ങനാശ്ശേരിയിൽ ശ്രീകുമാറും എസ്.എൻ.ഡി.പിക്കാരും ചേർന്ന് ഒരു ഭീഷണി റാലി നടത്തി. അപ്പോൾ വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തരവകുപ്പ് മന്ത്രിയും ആയിരുന്നു. ഐജി ആയിരുന്ന രമൺ ശ്രീവാസ്തവയുടെ നേതൃത്വത്തിലുള്ള പോലീസ് ആണ് എസ്.എൻ.ഡി.പിയുടെ പ്രതിഷേധജാഥ തടഞ്ഞത്.

മുൻ സുപ്രീംകോടതി ജഡ്ജി പരിപൂർണ്ണൻ സ്വാമിയാണ് എൻ.എസ്.എസിന്റെ അഴിതി ആരോപണം അന്വേഷിച്ചത്. അതിന് ഉത്തരവ് നൽകിയത് ദേവസ്വം മന്ത്രിയായിരുന്ന ജി. സുധാകരനായിരുന്നു. പരിപൂർണ്ണൻ സ്വാമിയുടെ റിപ്പോർട്ടിന്റെ വെളിച്ചത്തിൽ  രാജിവയ്ക്കാൻ ആവശ്യപ്പെട്ടു. അങ്ങനെ ബോർഡ് പ്രസിഡന്റും മെമ്പറും രാജിവച്ചു.

ഉമ്മൻചാണ്ടി മന്ത്രിസഭ

2011 ൽ നേരിയ ഭൂരിപക്ഷത്തിൽ ഉമ്മൻചാണ്ടി മന്ത്രിസഭ അധികാരത്തിൽ വന്നു. അതിനുമുൻപുതന്നെ സോണിയാഗാന്ധിയുടെ പ്രത്യേകദൂതനായി വന്ന കേന്ദ്രമന്ത്രി വിലാസ് റാവു ദേശ്മുഖ് പെരുന്നയിൽ വച്ച് എൻ.എസ്.എസ് നേതൃത്വവുമായി ചർച്ച ചെയ്തിരുന്നു. ആഭ്യന്തരവകുപ്പിനോടൊപ്പം ഡെപ്യൂട്ടി മുഖ്യമന്ത്രി സ്ഥാനവും രമേശ് ചെന്നിത്തലയ്ക്ക് നൽകണം എന്നായിരുന്നു ഉറപ്പ്.  ഉമ്മൻചാണ്ടി ആദ്യം ആ വാക്ക് ലംഘിച്ചു. 2012 ൽ പണിക്കരുസാറിനെ ജനറൽ സെക്രട്ടറിയാക്കിയപ്പോൾ ഈ ആവശ്യം ഉന്നയിച്ചു തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ സമ്മേളനം നടത്തി.

എൻ.എസ്.എസിലും നേതൃമാറ്റങ്ങൾ

ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആദ്യം ജനറൽ സെക്രട്ടറിയായി നാരായണപ്പണിക്കുസാർ അവധിയെടുത്തു. ചാർജ് അസിസ്റ്റന്റ് സെക്രട്ടറിയായിരുന്ന സുകുമാരൻ നായർ സാറിന് നൽകി. അപ്പോൾ പ്രസിഡന്റ് സ്ഥാനാർത്ഥി ആറ്റിങ്ങൽകാരനായ അഡ്വ. നീലകണ്ഠപിള്ള സാറായിരുന്നു.

ഉഭയകക്ഷി ചർച്ചകളിൽ ജനറൽ സെക്രട്ടറി സ്ഥാനം പൂർണ്ണമായി ഒഴിയണമെങ്കിൽ താൻ മരിക്കുന്നതുവരെ ജനറൽ സെക്രട്ടറിയുടെ മുഴുവൻ അധികാരങ്ങളും ആനുകൂല്യങ്ങളും ഉൾപ്പെടെ എല്ലാ ആനുകുല്യങ്ങളും സഹിതം നൽകണമെന്ന ആവശ്യം ഉയർന്നു. സുകുമാരൻ നായർ നിശ്ശബ്ദനായി. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പലരും ചരടുവലികൾ തുടങ്ങി. ട്രഷറർ ആയിരുന്ന നരേന്ദ്രൻ സാർ ഉൾപ്പെടെ സംഘടനാ സൂപ്രണ്ടായിരുന്ന വിശ്വനാഥൻനായർ അടക്കമുള്ള ചരടുവലിക്കാർ. പക്ഷേ എല്ലാ വലിക്കാർക്കും അസിസ്റ്റന്റ് സെക്രട്ടറി ആയി സുകുമാരൻ നായർ സാറിനെ വേണം.

നീലകണ്ഠപിള്ള സാർ ഒരു മാന്യനാണ്. അധികാരമോഹിയല്ല. പ്രസിഡന്റ് സ്ഥാനം രാജിവച്ച് പണിക്കർ സാറിന് നൽകാൻ അദ്ദേഹം സമ്മതിച്ചു. എന്നാലെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പൂർണ്ണമായ ഒഴിവുണ്ടാകുമായിരുന്നുള്ളൂ. നീലകണ്ഠപിള്ള സാറിനെ സുകുമാരൻ നായർ സാർ നന്ദിപൂർവ്വം സ്മരിച്ചു. മരിക്കുന്നതുവരെ നീലകണ്ഠപിള്ള സാർ ഡയറക്ടർ ബോർഡംഗമായി തുടർന്നു. അദ്ദേഹത്തിന്റെ ചികിത്സാബില്ലുകൾ എൻ.എസ്.എസ് അടച്ചു. അദ്ദേഹത്തിന്റെ ചിത അടക്കി, അനുശോചനസമ്മേളനം വരെ നടത്തിയാണ് സുകുമാരൻ നായർ സാർ ആറ്റിങ്ങൽ വിട്ടത്.

രണ്ടാം എൻ.എസ്.എസ്- എസ്.എൻ.ഡി.പി ഐക്യം: തുടക്കവും ഒടുക്കവും

2011 ലെ ഉമ്മൻചാണ്ടി മന്ത്രിസഭയുടെ ഭൂരിപക്ഷം രണ്ടോ മൂന്നോ അംഗങ്ങളുടെ മാത്രമായിരുന്നു. കോൺഗ്രസിലെ ആഭ്യന്തര കുഴപ്പങ്ങൾ കൊണ്ട് മുതലെടുപ്പ് നടത്തിയത് മുസ്ലീം ലീഗാണ്. അഞ്ചാം മന്ത്രിസ്ഥാനവും വിദ്യാഭ്യാസവകുപ്പിന്റെ മേധാവിത്തവും ലീഗിന്റെ കയ്യിലായിരുന്നു.
ഈ രാഷ്ട്രീയപശ്ചാത്തലത്തിലായിരുന്നു എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ സാർ വെള്ളാപ്പള്ളിയെ കാണാൻ കണിച്ചുകുളങ്ങരയിലെ അദ്ദേഹത്തിന്റെ വസതിയിലേക്ക് നേരിട്ടുപോയത്. രണ്ടാം ഐക്യത്തിന്റെ ഡീൽ ഉറപ്പിച്ചശേഷം ഒരു മദ്ധ്യസ്ഥന്മാരുമില്ലാതെയാണ് അദ്ദേഹം പെരുന്നയ്ക്ക് മടങ്ങിയത്. പിന്നീട് ഡയറക്ടർ ബോർഡ് യോഗം വിളിച്ചുകൂട്ടി ഐക്യതീരുമാനം അംഗീകരിച്ചത്.

മുസ്ലീം ലീഗ് മന്ത്രിമാരെ കാണുകയോ നിവേദനങ്ങൾ നൽകുകയോ ആവശ്യങ്ങൾ രണ്ട് സംഘടനകളും ആവശ്യപ്പെടുകയോ ചെയ്യാൻ പാടില്ലെന്ന് സുകുമാരൻ നായർ സാറും വെള്ളാപ്പള്ളിയും തമ്മിൽ ധാരണയിലെത്തിയിരുന്നു.
ആദ്യത്തെ ഐക്യം പോലെ രണ്ട് സംഘടനാ നേതാക്കളും പങ്കെടുക്കുന്ന ഐക്യസമ്മേളനങ്ങൾ ഒന്നും സംഘടിപ്പിച്ചിരുന്നില്ല. ഇതിന്റെ ഫലമായി താലൂക്ക് യൂണിയൻ നിലവാരത്തിലോ കരയോഗം നിലവാരത്തിലോ ഐക്യത്തിന്റെ പ്രതിഫലനങ്ങൾ ഒന്നും ഉണ്ടായില്ല.
മന്ത്രിയായിരുന്ന പി.കെ. കുഞ്ഞാലിക്കുട്ടിയുമായി തിരുവനന്തപുരത്ത് അമ്പലമുക്കിൽ ഒരു എസ്.എൻ.ഡി.പി നേതാവിന്റെ വീട്ടിൽ വച്ച് രഹസ്യകൂടിക്കാഴ്ച നടത്തുകയും എസ്.എൻ.ഡി.പിക്ക് 15 സ്വാശ്രയ സ്ഥാപനങ്ങൾക്ക് തുടങ്ങാൻ അനുവാദം തേടിയുള്ള അപേക്ഷ ആ പ്രദേശത്തെ കരയോഗക്കാർ ചോർത്തി കൊടുത്തു. വിവരം അറിഞ്ഞ സുകുമാരൻ നായർ സാർ സംഭവത്തിന്റെ ഫോട്ടോകൂടി കണ്ടപ്പോൾ ഐക്യം തുടരേണ്ടെന്ന് തീരുമാനിച്ചു.

മൂന്നാം ഐക്യത്തിന് സമയമായി

ഇപ്പോൾ മൂന്നാം ഐക്യത്തിന് സമയമായിരിക്കുന്നു. എസ്.എൻ.ഡി.പി- എൻ.എസ്.എസ് ഐക്യത്തിന് ഉള്ള അനുകൂല സാഹചര്യം സംവരണവിഷയം തന്നെയാണ്. ഇപ്പോൾ മുന്നോക്ക സമുദായങ്ങൾക്ക് കേന്ദ്ര സർക്കാരും സുപ്രീം കോടതിയും അംഗീകരിച്ച സാമ്പത്തിക സംവരണം 10 ശതമാനം ഉണ്ട്. ദേവസ്വം ബോർഡുകളിലും മുന്നോക്ക സമുദായത്തിലെ ഹിന്ദുക്കൾക്ക് 10 ശതമാനം സംവരണം ഉണ്ട്.
എസ്.എൻ.ഡി.പിയിലെ ഒ.ബി.സി ക്രീമിലെയർ ഒഴിച്ചുള്ള വിഭാഗങ്ങൾക്ക് സംവരണാനുകൂല്യം ലഭിക്കുന്നുണ്ട്. അതുകൊണ്ട് സംവരണപ്രശ്‌നം ഒരു ഐക്യതടസ്സമായി ആർക്കും ഉന്നയിക്കാൻ കഴിയില്ല.

യു.ഡി.എഫും കോൺഗ്രസ്സും മുൻപുള്ളതിനേക്കാൾ അപകടകരമായ നിലയിലേക്കാണ് ഇപ്പോൾ നീങ്ങിക്കൊണ്ടിരിക്കുന്നത്. യു.ഡി.എഫിൽ മുസ്ലീംലീഗ്, വെൽഫയർ പാർട്ടി, ജമാ അത്തെ ഇസ്ലാമി എന്നിവർ ചേർന്നുള്ള ഒരു മിനി മുസ്ലീം മുന്നണി തന്നെ യു.ഡി.എഫിനുള്ളിൽ ഉണ്ട്. കാശ്മീർ, ബംഗാൾ, യു.പി, തമിഴ്‌നാട് സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും മുസ്ലീം ജനതയുടെ ഐക്യവും ജിൻസി കലാപവുമാണ് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി വളമിടുന്നത്. വയനാടിനെ ഒരു മുസ്ലീം ജില്ലയാക്കാനുള്ള നീക്കമാണ് കോൺഗ്രസിന്റെ അഖിലേന്ത്യാ നേതൃനിര സോണിയാഗാന്ധിയുടെയും രാഹുൽഗാന്ധിയുടെയും പ്രിയങ്കാഗാന്ധിയുടെയും നേതൃത്വത്തിൽ വയനാട്ടിൽ നടത്തുന്നത്.
ഈ ആശങ്ക മുന്നിൽ കണ്ടാകണം ഒറ്റയടിക്ക് എൽ.ഡി.എഫിന് പിന്തുണ നൽകുന്നതിനുപകരം ശബരിമല അയ്യപ്പസംഗമം എൻ.എസ്.എസ് നേതൃത്വം തിരഞ്ഞെടുത്തത്.

ഒരിക്കൽ പൊള്ളിയതാണ്, ഇനി പൊള്ളാൻ നിൽക്കില്ല

2019 ൽ ലോക്‌സഭ തെരഞ്ഞെടുപ്പിൽ 20 ൽ 19 സീറ്റുകളിലും എൽ.ഡി.എഫ് തോറ്റു. അതിനുശേഷം അരൂർ നിയമസഭ തെരഞ്ഞെടുപ്പിലെ തോൽവിയോടെ ആലപ്പുഴയിലെ ആരിഫിന്റെ വിജയത്തിന്റെ ക്രെഡിറ്റും മങ്ങി. ഈ തോൽവിയുടെ ഒക്കെ കാരണം ശബരിമല വിഷയത്തിലെ പാർട്ടിയുടെ അതിരുകവിഞ്ഞ ഇടപെടലാണെന്ന് വിശകലനത്തിൽ പാർട്ടി തിരിച്ചറിഞ്ഞു.
പാർട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗങ്ങളുടെയും സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെയും നേതൃത്വത്തിൽ പ്രായശ്ചിത്ത ഭവനസന്ദർശനങ്ങൾ നടത്താൻ പാർട്ടി തീരുമാനിക്കുകയും ചെയ്തു. തിരുവനന്തപുരത്തും കണ്ണൂരും കോടിയേരി ബാലകൃഷ്ണനും, കൊല്ലത്തും ആലപ്പുഴയിലും എം.എ. ബേബിയുടെയും നേതൃത്വത്തിലാണ് ഭവന സന്ദർശനം നടത്തിയത്.

'ചൂടുവെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കും' എന്ന പഴഞ്ചൊല്ല് പാർട്ടിയും ഓർമ്മിക്കാതിരിക്കില്ല.

പക്ഷേ എൻ.എസ്.എസ് എന്തായാലും ഒരു ജാഗ്രത കാണിക്കണമായിരുന്നു. എടുത്തുചാട്ടവും ആവേശവും ഒരു  സംഘടനയ്ക്കും ഭൂഷണമല്ല.
വർഷത്തിലൊരിക്കൽ മന്നം ജയന്തി ആഘോഷങ്ങൾക്കാണ് കരയോഗങ്ങൾ ഒരുമിച്ചുകൂടാറുള്ളത്. അന്ന് ഒരു സദ്യ കഴിച്ചുപിരിയുന്നവർ പിന്നെ അടുത്തവർഷമാണ് കാണുന്നത്. ഒരാഘോഷം എന്നതിലുപരി ഒരു തരത്തിലുള്ള സംഘടനാചർച്ചകളും നടക്കാറില്ല. പ്രതിനിധി സമ്മേളനങ്ങളിൽ പ്രമേയാവതരണങ്ങളും അതിനെ പിൻതാങ്ങലും മാത്രമാണ് നടക്കാറുള്ളത്.

പ്രതിനിധിസഭാസമ്മേളനങ്ങളിൽ വിഷയാധിഷ്ഠിതത്തിന് പകരം കാലോചിതമായതും സംഘടനയുടെ പൊതുതാൽപ്പര്യങ്ങളിൽ ഊന്നിയുള്ള രാഷ്ട്രീയ- സാമൂഹ്യചർച്ചകൾ ഉണ്ടാകാറില്ല. തെരഞ്ഞെടുപ്പ് പ്രക്രിയയാണ് പ്രധാന ഐറ്റം.
എസ്എൻ.ഡി.പിയിലും ഇതൊക്കെത്തന്നെയാണ് സംഘടന ചട്ടക്കൂട്ടങ്ങൾ. എൻ.എസ്.എസിൽ പായസം കൂട്ടിയുള്ള സദ്യയാണെങ്കിൽ എസ്.എൻ.ഡി.പിയിൽ ചിക്കൻ ബിരിയാണി സദ്യയാണ് കൊടുക്കുന്നത്.

രാഷ്ട്രീയപ്പാർട്ടികളും മുന്നണികളും മാറിമാറി പിന്തുണച്ചു

1957 ൽ ഇ.എം.എസ് സർക്കാർ അധികാരത്തിൽ വന്നെങ്കിലും പാർട്ടി സെക്രട്ടറി ആയിരുന്ന എം.എൻ. ഗോവിന്ദൻനായർ മുഖ്യമന്ത്രിയാകുമെന്ന പ്രതീക്ഷയിലാണ് മന്നത്ത് പത്മനാഭനും എൻ.എസ്.എസും കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് പിന്തുണ കൊടുത്തത്. പാലക്കാട് എൻജിനീയറിംഗ് കോളേജിനുവേണ്ടി എൻ.എസ്.എസിനെ മറികടന്ന് സി.പി.ഐ നേതാവ് കെ.പി. ഗോപാലിന്റെ നേതൃത്വത്തിലുള്ള നീക്കം തടഞ്ഞത് തിരുവിതാംകൂറിൽ നിന്ന് ജയിച്ചുകയറിയ സ്പീക്കർ ആർ. ശങ്കരനാരായണൻ തമ്പിയുടെ നേതൃത്വത്തിൽ കമ്മ്യൂണിസ്റ്റ് എം.എൽ.എമാരാണ്. പിന്നെ അത് വിമോചനസമരത്തിലാണ് കലാശിച്ചെത്തിയത്.

1965 ലെ കേരളാ കോൺഗ്രസ്സ് രൂപീകരണവും, 1967 ലെ രണ്ടാം ഇ.എം.എസ് സർക്കാരും അതിന്റെ പതനവും എൻ.ഡി.പിയുടെ രൂപീകരണവും പിരിച്ചുവിടലും തുടർസംഭവങ്ങളായിരുന്നു. എസ്.എൻ.ഡി.പിയെയും എസ്.എൻ.ഡി.പിയുടെ നേതൃത്വത്തിലുള്ള എസ്.ആർ.പിയെയും ഒരേ മുന്നണിയിൽ വച്ചുകൊണ്ടുള്ള രാഷ്ട്രീയപ്രതിഭാസവും കേരളം കണ്ടു.

എൻ.എസ്.എസ് പിന്നെ പരസ്യമായി എൽ.ഡി.എഫിനെ പിന്തുണച്ചത് 1996 ലെ തെരഞ്ഞെടുപ്പിലാണ്. വി.എസ്. അച്യുതാനന്ദൻ തെരഞ്ഞെടുപ്പിൽ തോൽക്കുകയും പാർട്ടി സെക്രട്ടറിയായിരുന്ന ഇ.കെ. നായനാർ മുഖ്യമന്ത്രിയാകുകയും ചെയ്തു. ആ ഭരണകാലത്ത് പ്ലസ് ടു സ്‌ക്കൂളുകൾ ഉൾപ്പെടെ, ഭൂമി പതിക്കൽ, പ്ലാന്റേഷൻ ടാക്‌സ് വിടുതൽ എന്നീ ആനുകൂല്യങ്ങൾ എൻ.എസ്.എസിന് നൽകിയിരുന്നു. അന്ന് നായനാർ മുഖ്യമന്ത്രിയും വി.എസ്. അച്യുതാനന്ദൻ ഇടതുമുന്നണി കൺവീനറും പിണറായി വിജയൻ പാർട്ടി സെക്രട്ടറിയും ആയിരുന്നു.
1980 മുതൽ എൽ.ഡി.എഫും യു.ഡി.എഫും ഉദയം ചെയ്‌തെങ്കിലും, ഹിന്ദുമുന്നണി ഒക്കെയുണ്ടായിരുന്നെങ്കിലും ബി.ജെ.പിയുടെ ഉദയത്തിന് 10 കൊല്ലത്തെ പഴക്കമേയുള്ളൂ. 2024 ലെ തെരഞ്ഞെടുപ്പിലാണ് അവരുടെ വോട്ടുശതമാനം വർദ്ധിക്കുകയും 11 മണ്ഡലങ്ങളിൽ ഒന്നാം സ്ഥാനവും 20 മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനവും ലഭിച്ചത്.

എൽ.ഡി.എഫ് സർക്കാർ സംഘടിപ്പിച്ച അയ്യപ്പസംഗമത്തിൽ എസ്.എൻ.ഡി.പിയും എൻ.എസ്.എസും ഉൾപ്പെടെയുള്ള സംഘടനകൾ പങ്കെടുത്തു. അതിന് ഇത്ര രാഷ്ട്രീയമൊന്നും കാണേണ്ട കാര്യമില്ല. കാലഘട്ടത്തിന്റെ അനിവാര്യമായ ആവശ്യമാണ് എൻ.എസ്.എസ്- എസ്.എൻ.ഡി.പി ഐക്യം. നായർ- ഈഴവ ഐക്യം അത് രൂപാന്തരപ്പെടുമ്പോഴേ കൂടുതൽ ഫലവത്താകുകയുള്ളൂ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img