09:47am 30 April 2026
NEWS
കർണാടകത്തിലെ ദളിത് മുഖ്യമന്ത്രി പ്രൊപ്പഗണ്ട ഡി കെ ശിവകുമാറിന്റെ നീക്കങ്ങൾക്ക് തടയിടുമോ?
25/02/2026  11:11 AM IST
വിഷ്ണുമംഗലം കുമാർ
കർണാടകത്തിലെ ദളിത് മുഖ്യമന്ത്രി പ്രൊപ്പഗണ്ട ഡി കെ ശിവകുമാറിന്റെ നീക്കങ്ങൾക്ക് തടയിടാനോ?

 ബംഗളുരു: നേതൃമാറ്റ ചർച്ചയും അവകാശവാദങ്ങളും കത്തിപ്പടരുന്നതിനിടയിൽ കേന്ദ്രമന്ത്രിയും ജെഡിഎസ്‌ നേതാവുമായ എച്ച് ഡി കുമാരസ്വാമിയുമായി സംസ്ഥാന ആഭ്യന്തരമന്ത്രി ഡോക്ടർ ജി പരമേശ്വര നഗരത്തിലെ സ്വകാര്യ ഹോട്ടലിൽ വെച്ച് നടത്തിയ രഹസ്യ കൂടിക്കാഴ്ച രാഷ്ട്രീയഅഭ്യൂഹങ്ങൾക്ക് കാരണമായിട്ടുണ്ട്. മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനെയും ശത്രുക്കളായി കാണുന്ന കുമാരസ്വാമി പ്രതിപക്ഷത്തെ ശക്തനാണ്. പരമേശ്വര അദ്ദേഹത്തെ രഹസ്യമായി കണ്ടതെന്തിന് എന്ന ചോദ്യമാണ് അമ്പരപ്പ് സൃഷ്ടിക്കുന്നത്. 2013 ൽ കർണാടക മുഖ്യമന്ത്രിപദം യാദൃച്ഛികമായി കൈയിൽ നിന്നും വഴുതിപ്പോയ ദളിത് നേതാവാണ് പരമേശ്വര. പിന്നീട് ഇതേവരെ അത്തരം ഒരവസരം അദ്ദേഹത്തിന് കൈവന്നിട്ടില്ല. ശിവകുമാർ മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശ വാദമുന്നയിച്ചപ്പോൾ, താനും മുഖ്യമന്ത്രി സ്ഥാനാർത്ഥി യാണെന്ന് ഏതാനും മാസം മുമ്പ് പരമേശ്വര പ്രഖ്യാപിച്ചിരുന്നു. വൊക്കലിഗനായ ശിവകുമാറിനോടല്ല, പിന്നോക്കക്കാരനായ സിദ്ധരാമയ്യയോടാണ് പരമേശ്വരയ്ക്ക് കൂറ്. ശിവകുമാർ മുഖ്യമന്ത്രിക്കസേരയ്ക്കായി കരുനീക്കം തുടരുമ്പോൾ സിദ്ധരാമയ്യ മാറിയാൽ ദളിത് മുഖ്യമന്ത്രി എന്ന പ്രൊപ്പഗണ്ട കോൺഗ്രസ്സിൽ ശക്തമാണ്. സാമൂഹ്യ ക്ഷേമമന്ത്രി മഹാദേവപ്പ, മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ വിശ്വനാഥ്, മുൻമന്ത്രി കെ എൻ രാജണ്ണ എന്നീ മുതിർന്ന ദളിത്‌ നേതാക്കളൊക്കെ ഈ അഭിപ്രായക്കാരാണ്. സിദ്ധരാമയ്യ മാറട്ടെ എന്ന് ഹൈക്കമാണ്ട് നിർദ്ദേശിച്ചാൽ പരമേശ്വരയും പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളിയും അവകാശ വാദവുമായി മുന്നോട്ട് വരാനിടയുണ്ട്. സിദ്ധരാമയ്യ തുടരട്ടെ എന്ന് കരുതുന്നവരാണ് ഈ രണ്ടു നേതാക്കളും. ഹൈക്കമാണ്ട് പ്രീതിയിൽ ശിവകുമാർ മുഖ്യമന്ത്രി യാകുന്നത് തടയാനാണ് ഇവർ ഗൂഢമായി ശ്രമിക്കുന്നത്. എന്നാൽ ദളിത് മുഖ്യമന്ത്രി എന്ന ആശയത്തെ ഇപ്പോൾ പരമേശ്വര പരസ്യമായി പിന്തുണക്കുന്നില്ല.  "സാമൂഹ്യക്ഷേമത്തിൽ അധിഷ്ഠിതമായ പ്രവർത്തനം കാഴ്ചവെക്കുന്ന നേതാവാണ് സിദ്ധരാമയ്യ. അദ്ദേഹം നന്നായി ഭരിക്കുമ്പോൾ എന്തിന് മറ്റൊരു തരത്തിൽ ചിന്തിക്കണം" പരമേശ്വര ചോദിക്കുന്നു. "ദളിത് മുഖ്യമന്ത്രി വേണോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കേണ്ടത് ഹൈക്കമാണ്ടാണ്. അവരിൽ നിന്ന് അത്തരം നിർദ്ദേശം വരുമ്പോൾ ആലോചിക്കാം. ഇപ്പോൾ സിദ്ധരാമയ്യ തുടരട്ടെ എന്നാണ് എന്റെ പക്ഷം" അദ്ദേഹം വ്യക്തമാക്കി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img