02:06pm 12 November 2026
NEWS
ശബരിമല സ്വർണ്ണക്കൊള്ളയിൽ കടകംപള്ളി കുടുങ്ങുമോ? ഇന്ന് നിർണായക ദിനം
23/12/2025  08:44 AM IST
nila
ശബരിമല സ്വർണ്ണക്കൊള്ളയിൽ കടകംപള്ളി കുടുങ്ങുമോ? ഇന്ന് നിർണായക ദിനം

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ഇന്ന് നിർണായക ദിനം. കേസ് സിബിഐക്ക് വിടണമെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ ഹർജി ഹൈക്കോടതി ഇന്ന് പരി​ഗണിക്കും. കേസ് സിബിഐക്ക് വിട്ടാൽ മുൻമന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉൾപ്പെടെ കൂടുതൽ ഉന്നതർ കുടുങ്ങുമെന്നാണ് പ്രതിപക്ഷവും ബിജെപിയും അവകാശപ്പെടുന്നത്. 

സംസ്ഥാന സർക്കാർ, സി.ബി.ഐ, സിഎജി, കേന്ദ്ര സർക്കാർ തുടങ്ങിയ എതിർകക്ഷികൾക്ക് നേരത്തെ കോടതി നോട്ടീസ് അയച്ചിരുന്നു. ഇവർ ഇന്ന് മറുപടി സമർപ്പിച്ചേക്കും.കഴിഞ്ഞ 10 വർഷത്തെ ശബരിമല സംഭാവനകൾ സമഗ്രമായി ഓഡിറ്റ് ചെയ്ത് റിപ്പോർട്ട് പ്രസിദ്ധീകരിക്കണമെന്നതും, സ്വർണ്ണക്കൊള്ളയിലൂടെ ഉണ്ടായ നഷ്ടം മുൻ ദേവസ്വം ബോർഡ് ഭാരവാഹികളിൽ നിന്ന് ഈടാക്കണമെന്നതുമാണ് ഹർജിയിലെ പ്രധാന ആവശ്യങ്ങൾ.

അതിനിടെ, കേസിൽ ദുരൂഹത വർധിപ്പിക്കുന്ന നിർണായക വെളിപ്പെടുത്തലുകളുമായി വിദേശ വ്യവസായി അന്വേഷണ സംഘത്തിന് മുന്നിലെത്തി. സ്വർണ്ണത്തോടൊപ്പം ശബരിമലയിൽ നിന്ന് പഞ്ചലോഹ വിഗ്രഹങ്ങളും രാജ്യാന്തര പുരാവസ്തു കടത്ത് സംഘത്തിന് കൈമാറിയതായി ഇയാൾ മൊഴി നൽകിയിട്ടുണ്ട്. 2019–20 കാലയളവിൽ നാല് പഞ്ചലോഹ വിഗ്രഹങ്ങൾ അനധികൃതമായി കടത്തിയെന്നാണ് മൊഴിയിലെ ആരോപണം. സ്വർണ്ണക്കൊള്ള കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയാണ് ഈ ഇടപാടുകളുടെ മുഖ്യ ഇടനിലക്കാരനെന്ന് വ്യവസായി വ്യക്തമാക്കി. ചെന്നൈ സ്വദേശിയായ ‘ഡി. മണി’ എന്നറിയപ്പെടുന്ന വ്യക്തിയാണ് വിഗ്രഹങ്ങൾ വാങ്ങിയതെന്നും ഇയാൾ വെളിപ്പെടുത്തി.

2020 ഒക്ടോബർ 26ന് തിരുവനന്തപുരത്ത് വെച്ചാണ് പണം കൈമാറ്റം നടന്നതെന്ന് മൊഴിയിൽ പറയുന്നു. ശബരിമലയുമായി ബന്ധപ്പെട്ട ഒരു ഉന്നത വ്യക്തിയും ഈ ഇടപാടിൽ പങ്കെടുത്തിരുന്നുവെന്ന ഗുരുതര ആരോപണവും ഉയർന്നിട്ടുണ്ട്. തിരുവനന്തപുരത്ത് നടന്ന പണം കൈമാറ്റത്തിൽ ഉണ്ണികൃഷ്ണൻ പോറ്റി, ഡി. മണി, ആ ഉന്നതൻ എന്നിവരാണ് പങ്കെടുത്തതെന്നും വ്യവസായി അന്വേഷണ സംഘത്തെ അറിയിച്ചു. മൊഴിയുടെ വിശ്വാസ്യത വിശദമായി പരിശോധിക്കാൻ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.

അതേസമയം, കേസിലെ പത്താം പ്രതിയായ സ്വർണ്ണവ്യാപാരി നാഗ ഗോവർധന്റെ രണ്ട് ജാമ്യാപേക്ഷകൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എസ്. മുരളീകൃഷ്ണ അധ്യക്ഷനായ അവധിക്കാല സിംഗിൾ ബെഞ്ചാണ് ഹർജി കേൾക്കുന്നത്. ഹർജിയിൽ എസ്.ഐ.ടിയോട് കോടതി വിശദീകരണം തേടും.

സ്വർണ്ണക്കൊള്ളയിൽ തനിക്കൊരു പങ്കുമില്ലെന്നാണ് ഗോവർധന്റെ വാദം. എസ്.ഐ.ടി ഭീഷണിപ്പെടുത്തിയാണ് സ്വർണ്ണം പിടിച്ചെടുത്തതെന്നും, തിരുവിതാംകൂർ ദേവസ്വം ബോർഡാണ് ക്രമക്കേട് നടത്തിയതെന്നും അദ്ദേഹം ആരോപിക്കുന്നു. സ്വർണ്ണപ്പാളികൾ പുറത്തേക്ക് കൊണ്ടുപോകാൻ ദേവസ്വം ബോർഡ് നിയമവിരുദ്ധമായി അനുമതി നൽകിയതായും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img