
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യത്തിന്റെ നീക്കം ഉറ്റുനോക്കി ലോകം. പാക് അധിനിവേശ കശ്മീർ കേന്ദ്രീകരിച്ചാണ് ഇന്ത്യക്കെതിരായ വിധ്വംസക പ്രവർത്തനങ്ങൾക്ക് പാകിസ്ഥാൻ രൂപം കൊടുക്കുകയും അത് നടപ്പാക്കുകയും ചെയ്യുന്നത് എന്ന ആക്ഷേപം ഇന്ത്യ കാലങ്ങളായി ഉയർത്തുന്നുണ്ട്. പഹൽഗാം ഭീകരാക്രമണത്തിന് ഉത്തരവാദികളായവർക്ക് തക്കശിക്ഷ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും പ്രഖ്യാപിച്ച് കഴിഞ്ഞു. പാക് അധിനിവേശ കശ്മീരിനെ ഇന്ത്യയോട് ചേർക്കണമെന്ന ഇന്ത്യൻ നേതാക്കളുടെ മുൻ പ്രസ്താവനകളും കൂട്ടി വായിക്കുമ്പോൾ പാക് അധീന കശ്മീർ പിടിച്ചെടുക്കാൻ ഇന്ത്യ ഈ അവസരം വിനിയോഗിക്കുമോ എന്ന കാര്യമാണ് ലോകം ഉറ്റുനോക്കുന്നത്.
രാജ്യത്തിനെതിരെ നടന്ന ഗുരുതരമായ ആക്രമണമായാണ് കേന്ദ്രസർക്കാർ പഹൽഗാം ഭീകരാക്രമണത്തെ കാണുന്നത്. കശ്മീർ വിഭജനത്തിന് ശേഷം അവിടെ സമാധാനം പുനസ്ഥാപിക്കപ്പെട്ടു എന്ന് പ്രദേശവാസികൾ പോലും പറഞ്ഞിരുന്ന സമയത്താണ് കശ്മീരിലേക്ക് എത്തിയ വിനോദ സഞ്ചാരികളെ ഭീകരർ വെടിവെച്ച് കൊലപ്പെടുത്തിയത്. 28 മരണങ്ങളാണ് സ്ഥിരീകരിച്ചത്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നും റിപ്പോർട്ടുണ്ട്. പതിറ്റാണ്ടുകളായി അശാന്തമായിരുന്ന താഴ്വരയിൽ തങ്ങൾ സമാധാനം കൊണ്ടുവന്നു എന്ന കേന്ദ്രസർക്കാരിന്റെ അവകാശവാദത്തിനും ഇതോടെ തിരിച്ചടിയേറ്റിരിക്കുകയാണ്. ഈ ദുരന്തവും അപമാനവും ഇന്ത്യക്ക് മറക്കണമെങ്കിൽ ശക്തമായ തിരിച്ചടി തന്നെ നൽകേണ്ടതുണ്ട്. പ്രതിപക്ഷവും കേന്ദ്രസർക്കാരിന് എല്ലാവിധ പിന്തുണയും നൽകിയിരിക്കുന്ന ഈ അവസരത്തിൽ പാക് അധിനിവേശ കശ്മീർ പിടിക്കാൻ ഇന്ത്യൻ സൈന്യത്തിന് നരേന്ദ്രമോദി നിർദ്ദേശം നൽകിയാലും അത്ഭുതപ്പെടേണ്ടതില്ലെന്ന് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നു.
പാകിസ്ഥാൻ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന, മോഷ്ടിക്കപ്പെട്ട കശ്മീർ ഭാഗം രാജ്യത്തോടു കൂട്ടിച്ചേർക്കുന്നതു കാത്തിരിക്കുകയാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഈ വർഷം ആദ്യം വ്യക്തമാക്കിയിരുന്നു. ലണ്ടനിൽ ഒരു ചടങ്ങിൽ മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് ഉത്തരമായാണ് എസ് ജയശങ്കർ ഇക്കാര്യം വ്യക്തമാക്കിയത്. പാക് അധിനിവേശ കശ്മീർ ഇന്ത്യയോട് ചേർക്കുന്നതോടെ കശ്മീർ പ്രശ്നം പരിഹരിക്കപ്പെടുമെന്ന് ഉറപ്പുതരുന്നുവെന്നും മാധ്യമപ്രവർത്തകനോട് എസ് ജയശങ്കർ പറഞ്ഞിരുന്നു.
അധിനിവേശ കശ്മീർ എന്ന് ഇന്ത്യ വിളിക്കുന്ന ഭൂപ്രദേശത്തെ ആസാദ് കശ്മീർ എന്നാണ് പാകിസ്ഥാൻ വിളിക്കുന്നത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ദീർഘകാലമായി നിലനിൽക്കുന്ന അന്യായമായ അധിനിവേശം ഇന്ത്യയിലാണെന്ന് എസ് ജയശങ്കർ ചൂണ്ടിക്കാട്ടിയിരുന്നു. പാക് അധീന കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും തിരിച്ചുപിടിക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഒന്നിലധികം തവണ പ്രഖ്യാപിച്ചിരുന്നു. പാക് അധീന കശ്മീർ വൈകാതെ ഇന്ത്യയുടെ ഭാഗമാകുമെന്ന് ഈ വർഷം ആദ്യം പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പ്രഖ്യാപിച്ചതും രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചകൾക്കാണ് വഴിതെളിച്ചത്.
കേന്ദ്രമന്ത്രിസഭയിലെ പ്രമുഖർ പാക് അധീന കശ്മീർ ഇന്ത്യയോട് ചേർക്കുമെന്ന് ആവർത്തിച്ച് പറയുമ്പോഴും അത് എങ്ങനെയെന്ന ചോദ്യം രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഉയർന്നിരുന്നു. യാതൊരു പ്രകോപനവുമില്ലാതെ എങ്ങനെയാണ് ഒരു സൈനിക നടപടിക്ക് ഇന്ത്യ തയ്യാറാകുക എന്നും, അങ്ങനെ ചെയ്താൽ ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യ ഒറ്റപ്പെടില്ലേ എന്ന ചോദ്യങ്ങളും ഉയർന്നിരുന്നു. ആ ചോദ്യങ്ങൾക്കുള്ള മറുപടിയാണ് പഹൽഗാം ഭീകരാക്രമണം. ഇന്ത്യക്ക് നേരേ ഇന്ത്യൻ മണ്ണിൽ നിന്നുള്ള വിഘടന പ്രവർത്തനങ്ങൾക്ക് അറുതി വരുത്താനുള്ള സമയം. ലോകത്തെ പ്രധാനപ്പെട്ട രാജ്യങ്ങളെല്ലാം ഇന്ത്യയുടെ പിന്നിൽ അണിനിരന്നു കഴിഞ്ഞു. പ്രതിപക്ഷം പിന്തുണ പ്രഖ്യാപിച്ച് കഴിഞ്ഞു. പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ നെഞ്ചിലെ ചൂടാറും മുമ്പ് അധിനിവേശ കശ്മീരിൽ ഇന്ത്യയുടെ ത്രിവർണ പതാക പാറിക്കാൻ രാജ്യം സൈന്യത്തോട് ആഹ്വാനം ചെയ്യുമോ എന്ന് മാത്രമേ ഇനി അറിയേണ്ടൂ.











