
കൊൽക്കത്ത: പശ്ചിമബംഗാളിൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയും മുൻമുഖ്യമന്ത്രി മമത ബാനർജിയും തമ്മിലുള്ള വാക്‌പോര് രൂക്ഷമാകുന്നു. മമത ബാനർജിയെ ഇനി തെരുവിലിറങ്ങാൻ അനുവദിക്കില്ലെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നുമാണ് സുവേന്ദു അധികാരി പറഞ്ഞത്. പ്രായമായ മമത ഇനി വിശ്രമിക്കണമെന്നും ഫെയ്സ്ബുക്കിൽ ഇരുന്നാൽ മതിയെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.
എന്നാൽ, സുവേന്ദുവിന്റെ പരാമർശത്തിന് ശക്തമായ മറുപടിയുമായി മമത രംഗത്തെത്തി. തന്നെ വീട്ടുതടങ്കലിലാക്കുമെന്ന ഭീഷണിയാണ് സുവേന്ദു ഉയർത്തുന്നതെന്നും അതിന് മുന്നിൽ മുട്ടുമടക്കില്ലെന്നും മമത പറഞ്ഞു. ബിജെപിയെ ബംഗാളിൽനിന്ന് പുറത്താക്കാതെ താൻ രാഷ്ട്രീയത്തിൽനിന്ന് പിന്മാറില്ലെന്നും തെരുവിലിറങ്ങി പോരാട്ടം തുടരുമെന്നും അവർ വ്യക്തമാക്കി.
തന്നെ പോലുള്ള പ്രധാന പ്രതിപക്ഷ നേതാവിനെ പുറത്തിറങ്ങാൻ അനുവദിക്കില്ലെന്ന് ഒരു മുഖ്യമന്ത്രിക്ക് പറയേണ്ടിവരുന്നത് ബംഗാൾ രാഷ്ട്രീയം എത്തിച്ചേർന്ന അധോഗതിയുടെ തെളിവാണെന്നും മമത ആരോപിച്ചു.
അതേസമയം, സംസ്ഥാനത്തെ അന്നപൂർണ പദ്ധതിയിൽ അർഹരായവരെ രാഷ്ട്രീയ കാരണങ്ങളാൽ ഒഴിവാക്കുകയാണെന്ന ആരോപണവും മമത ഉന്നയിച്ചു. എന്നാൽ മമത സർക്കാർ അധികാരത്തിലിരുന്ന കാലമത്രയും പ്രീണന രാഷ്ട്രീയമാണ് നടത്തിയതെന്നായിരുന്നു സുവേന്ദുവിന്റെ മറുപടി. സർക്കാർ പദ്ധതികളുടെ ആനുകൂല്യം ഒരു പ്രത്യേക മതവിഭാഗത്തിലുള്ളവർക്ക് മാത്രമാണ് ലഭിച്ചിരുന്നതെന്നും അദ്ദേഹം ആരോപിച്ചു.
മമതയുടെ തെരുവ് സമര പ്രഖ്യാപനവും സുവേന്ദുവിന്റെ പ്രതികരണവും വരാനിരിക്കുന്ന രാഷ്ട്രീയ പോരാട്ടങ്ങൾക്ക് മുന്നോടിയായി ബംഗാളിൽ പുതിയ രാഷ്ട്രീയ ഏറ്റുമുട്ടലിന് വഴിയൊരുക്കുകയാണ്.










