07:32am 10 November 2026
NEWS
ഡി കെ ശിവകുമാർ മുഖ്യമന്ത്രിയാകുമോ? എ ഐ സിസി ജനറൽ സെക്രട്ടറി ഇന്ന് ബംഗളുരുവിൽ
30/06/2025  11:14 AM IST
വിഷ്ണുമംഗലം കുമാർ
ഡി കെ ശിവകുമാർ മുഖ്യമന്ത്രിയാകുമോ. എ ഐ സിസി ജനറൽ സെക്രട്ടറി ഇന്ന് ബംഗളുരുവിൽ

കർണാടകത്തിൽ നേതൃമാറ്റ ചർച്ച വീണ്ടും സജീവമാവുകയാണ്. രണ്ടോ മൂന്നോ മാസത്തിനകം ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ മുഖ്യമന്ത്രിയായേക്കുമെന്ന സൂചനയാണ് തെളിയുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യ ഇക്കഴിഞ്ഞ ദിവസം ഹൈക്കമാണ്ടുമായി കൂടിക്കാഴ്ച്ച നടത്തി മടങ്ങിയെത്തിയതിൽ പിന്നെയാണ് നേതൃമാറ്റ ചർച്ച ചൂടുപിടിച്ചത്. ഹൈക്കമാണ്ടിൽ നിന്ന് സിദ്ധരാമയ്യയ്ക്ക് അത്ര സുഖകരമല്ലാത്ത ചില നിർദേശങ്ങൾ ലഭിച്ചതായറിയുന്നു. അദ്ദേഹത്തിന്റെ ശരീരഭാഷയിൽ നിന്ന് അത് വ്യക്തമാകുന്നുണ്ട്. സിദ്ധരാമയ്യയുടെ വിശ്വസ്തനായ സഹകരണമന്ത്രി കെ എൻ രാജണ്ണയാണ് ആദ്യവെടി പൊട്ടിച്ചത്. സെപ്റ്റംബർ കഴിയുമ്പോൾ സംസ്ഥാന രാഷ്ട്രീയത്തിൽ വിപ്ലവം നടക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. സിദ്ധരാമയ്യ സമ്മർദ്ദത്തിലാകുമ്പോൾ പലപ്പോഴും അദ്ദേഹത്തിന് വേണ്ടി പരസ്യപ്രസ്താവനയുമായി രാജണ്ണയാണ് രംഗത്ത് വരാറ്. പാർട്ടിയിൽ ഉപമുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമായ ഡി കെ ശിവകുമാറിന്റെ എതിർപക്ഷത്താണ് ഈ മുതിർന്ന നേതാവ്. താനുൾപ്പെടെ നിരവധി നേതാക്കൾ ഹണിട്രാപ്പിന് വിധേയരായിട്ടുണ്ടെന്നും അതിന് പിന്നിൽ ഭരണപക്ഷത്തെ ഒരു പ്രമുഖ നേതാവാണെന്നും ഏതാനും മാസം മുമ്പ് നിയമസഭയിൽ തുറന്നടിച്ചത് രാജണ്ണയായിരുന്നു.  എന്നാൽ പിന്നീട് അദ്ദേഹം കോളിളക്കം സൃഷ്‌ടിച്ച ആ ആരോപണവുമായി മുന്നോട്ടുപോയില്ല. സിദ്ധരാമയ്യ ഗവണ്മെന്റിനെതിരെ ഭരണകക്ഷിയിലെ ഏതാനും എം എൽ എമാർ പരസ്യവിമർശനം നടത്തിവരികയാണ്. അവരുടെ ആവലാതികൾ കേൾക്കാൻ എ ഐ സി സി ജനറൽ സെക്രട്ടറി രൺദീപ് സുർജെവാല ബംഗളുരുവിൽ എത്തുന്നുണ്ട്. അതിനിടയിലാണ്  ഡി കെ ശിവകുമാർ മൂന്നുമാസത്തിനകം മുഖ്യമന്ത്രിയാകുമെന്ന് ഇക്ബാൽ ഹുസൈൻ തുറന്നടിച്ചത്. രാമനഗരയിൽ നിന്നുള്ള എം എൽ എയാണ് ശിവകുമാറിന്റെ അടുത്ത അനുയായിയായ ഇക്ബാൽ ഹുസൈൻ.  കേന്ദ്രമന്ത്രിയും ജെഡിഎസ് നേതാവുമായ കുമാരസ്വാമിയുടെ മകൻ നിഖിലിനെ തോൽപ്പിച്ചാണ് 2023ൽ രാമനഗര മണ്ഡലത്തിൽ നിന്ന് ഇദ്ദേഹം നിയമസഭയിലെത്തിയത്. ബംഗളുരു സൗത്ത് എന്ന് പേര് മാറ്റിയ രാമനഗര ജില്ലയ്ക്ക് ശിവകുമാർ വളരെയേറെ പ്രാധാന്യം നൽകുന്നുണ്ട്. അദ്ദേഹം പ്രതിനിധീകരിക്കുന്ന കനകപുര ഉൾപ്പെടെ രാമനഗര ജില്ലയിലെ നാലു നിയമസഭാമണ്ഡലങ്ങളും ഇപ്പോൾ കോൺഗ്രസ്സിന്റെ കൈവശമാണ്. " കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ്സിന്റെ സ്വാധീനം എന്തായിരുന്നുവെന്ന് എല്ലാവർക്കും അറിയാം. ഡി കെ യുടെ കഠിനപ്രയത്നം കൊണ്ടാണ് കോൺഗ്രസ്സ് ഇന്നീ കാണുന്നവിധം ശക്തമായത്. ഡൽഹിയിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ച നടക്കുമ്പോൾ ഞാനും ഉണ്ടായിരുന്നു. രണ്ടര വർഷത്തിന് ശേഷം മുഖ്യമന്ത്രി സ്ഥാനം ഡി കെയ്ക്ക് നൽകാമെന്ന സൂചന അവിടെനിന്ന് ലഭിച്ചിരുന്നു. ആ അംഗീകാരം അദ്ദേഹത്തിന് അർഹതപ്പെട്ടതാണ് " ഇക്ബാൽ ഹുസൈൻ തുറന്നുപറയുന്നു. ഇദ്ദേഹവും ഇന്ന് രൺദീപ് സുർജെ വാലയെ കാണുന്നുണ്ട്. ശിവകുമാർ മുഖ്യമന്ത്രിയായാൽ മന്ത്രിസ്ഥാനം ലഭിക്കാൻ സാധ്യതയുള്ള നേതാവാണ് ഇക്ബാൽ ഹുസൈൻ. എന്നാൽ അധികാരം പങ്കിടാനുള്ള ധാരണയൊന്നും ഡൽഹിയിൽ ഉണ്ടായിരുന്നില്ലെന്ന് സിദ്ധരാമയ്യയുടെ മകനും എം എൽ സിയുമായ യദീന്ദ്ര പറഞ്ഞു. എന്നാൽ ശിവകുമാറിനെ മുഖ്യമന്ത്രിയായും സതീഷ് ജാർക്കിഹോളിയെ പിസിസി അധ്യക്ഷനായും നിയോഗിക്കാനുള്ള ഏകദേശധാരണ ഹൈക്കമാണ്ട് കൈക്കൊണ്ടിട്ടുണ്ടെന്നാണ് വിശ്വസനീയ വൃത്തങ്ങളിൽനിന്ന് അറിയാൻ കഴിയുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img