
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പരാതി നൽകിയ യുവതിയുടെ വ്യക്തിവിവരങ്ങൾ വെളിപ്പെടുത്തിയെന്ന കേസിൽ രാഹുൽ ഈശ്വറിനെ റിമാൻഡ് ചെയ്തു. റിമാൻഡ് ചെയ്തുള്ള കോടതി ഉത്തരവിന് പിന്നാലെ രാഹുൽ ഈശ്വറിനെ വൈദ്യപരിശോധനയ്ക്കായി തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ചു. കള്ളക്കേസാണ് തനിക്കെതിരെ ചുമത്തിയിരിക്കുന്നതെന്നായിരുന്നു മാധ്യമങ്ങളോട് രാഹുൽ ഈശ്വർ പ്രതികരിച്ചത്. ജയിലിൽ നിരാഹാരമിരിക്കുമെന്നും രാഹുൽ പറഞ്ഞു.
തിരുവനന്തപുരം അഡിഷണൽ സിജെഎം കോടതിയാണ് രാഹുൽ ഈശ്വറിനെ റിമാൻഡ് ചെയ്തത്. 14 ദിവസത്തേക്കാണ് രാഹുൽ ഈശ്വറിനെ റിമാൻഡ് ചെയ്തത്. രാഹുലിനെ പൂജപ്പുരയിലെ ജില്ലാ ജയിലിലേക്കാണ് മാറ്റുക. സമൂഹ മാധ്യമം വഴി രാതിക്കാരിയുടെ വിവരങ്ങൾ വെളിപ്പെടുത്തുകയും അധിക്ഷേപങ്ങൾ നടത്തുകയും ചെയ്തുവെന്ന കേസിലാണ് നടപടി.
ഇരയ്‌ക്കെതിരെ പോസ്റ്റ് ഇട്ടത് നിസാരമായ കാര്യമല്ലെന്നാണ് കോടതിയുടെ വിമർശനം. അറസ്റ്റ് സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്നാണ് രാഹുലിന്റെ വാദം. അറസ്റ്റ് നിയമപരമായി നടത്തിയിട്ടില്ലെന്നും നോട്ടീസ് നൽകിയത് പോലും പിടികൂടി കൊണ്ട് വന്നശേഷമാണെന്നും രാഹുൽ ഈശ്വർ കോടതിയിൽ പറഞ്ഞു. എന്നാൽ നോട്ടീസ് നൽകിയിരുന്നുവെന്നും എന്നാൽ അത് കൈപ്പറ്റിയില്ലെന്നുമാണ് പ്രോസിക്യൂഷൻ വാദം.
ഇന്നലെ വൈകിട്ടാണ് കേസിൽ രാഹുലിനെ അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ എന്നി വകുപ്പുകൾ ചേർത്താണ് കേസ്. ഇലക്ട്രോണിക് സംവിധാനങ്ങളുടെ ദുരുപയോഗവും ചുമത്തിയിട്ടുണ്ട്. രണ്ട് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. വ്യക്തിവിവരങ്ങൾ വെളിപ്പെടുത്തിയെന്നതടക്കം ചൂണ്ടിക്കാട്ടി യുവതി നൽകിയ പരാതിയിലാണ് സൈബർ പൊലീസിന്റെ നടപടി.










