11:23am 15 September 2026
NEWS
അയ്യപ്പവിശ്വാസികൾ ക്ഷമിക്കുമോ സ്വർണ്ണക്കൊള്ള?
19/10/2025  01:24 PM IST
രാഷ്ട്രീയ ലേഖകൻ
അയ്യപ്പവിശ്വാസികൾ ക്ഷമിക്കുമോ സ്വർണ്ണക്കൊള്ള?
HIGHLIGHTS


മുഖം രക്ഷിക്കാനാണ് ദേവസ്വംബോർഡും  സർക്കാരും ശ്രമിച്ചതും ശ്രമിക്കുന്നതും

ശബരിമല അയ്യപ്പസ്വാമിയുടെ 1998 ൽ സ്വർണ്ണം പൊതിഞ്ഞ് വിജയമല്ല്യ സമർപ്പിച്ച ദ്വാരപാലകശിൽപ്പത്തിന്റെ പാളികൾ ചെമ്പായി. അപ്പോൾ സ്വർണ്ണത്തിൽ പൊതിഞ്ഞ പാളികൾ എവിടെ? ഈ ചോദ്യം പ്രതിപക്ഷത്തുള്ളവർ ചോദിക്കുന്നതുപോലെയല്ല മുഖ്യമന്ത്രിയുടെയും ദേവസ്വം മന്ത്രിയുടെയും ആരാധ്യപുരുഷൻ, കേരളത്തിന്റെ നവോത്ഥാനം സംരക്ഷിക്കുന്ന സമിതിയുടെ പരമാധ്യക്ഷൻ സാക്ഷാൽ വെള്ളാപ്പള്ളി നടേശൻ ചോദിക്കുന്നത്. അൽപ്പം വൈകിയാണെങ്കിലും വിശ്വാസസമൂഹത്തിന്റെ സമ്മർദ്ദത്താൽ മൗനം ഭഞ്ജിച്ച് വെള്ളാപ്പള്ളിക്ക് അങ്ങനെ ചോദിക്കേണ്ടി വന്നു എന്നതാണ് വാസ്തവം.

അപ്പോഴും അദ്ദേഹം ഈ കൊള്ള പുറത്തുവന്നതിന്റെ ക്രെഡിറ്റ് കൊടുത്തത് ആഗോള അയ്യപ്പസംഗമത്തിനാണ്. സത്യങ്ങളെല്ലാം വെളിയിൽ വരാൻ സംഗമം ഒരു നിമിത്തമായത്രേ. കൊല്ലങ്ങളായി മറഞ്ഞിരുന്ന, സ്വർണ്ണം ചെമ്പായി മാറിയ അത്ഭുതം ഇപ്പഴല്ലേ നാടറിഞ്ഞത്. വെള്ളാപ്പള്ളി കാണുന്നത് അങ്ങനെയാണ്. 

അതേസമയം ശബരിമലയിലെ സ്വർണ്ണം കട്ടവരാണ് അയ്യപ്പസംഗമം നടത്തി വിശ്വാസികളെ കബളിപ്പിച്ചതെന്ന ആക്ഷേപം ശക്തമായ വരുന്നതോടെ, പി.ആർ ഏജൻസികൾ ഹിന്ദുവിശ്വാസികളുടെ വോട്ട് മുഴുവൻ കിട്ടാനുള്ള കുറുക്കുവഴിയെന്നുപദേശിച്ചത് കേട്ട് അയ്യപ്പസംഗമം നടത്താൻ എടുത്ത ചടങ്ങായിരുന്നു എന്ന  അഭിപ്രായത്തിന് എൽ.ഡി.എഫിൽ മുൻതൂക്കം വർദ്ധിച്ചുവരികയാണ്.
എന്നാൽ സ്വർണ്ണക്കൊള്ള വെളിയിൽ വരാൻ നിമത്തമായത് ശബരിമല സ്‌പെഷ്യൽ കമ്മീഷണർ ആർ. ജയകൃഷ്ണനാണ്. കോട്ടയത്തും പത്തനംതിട്ടയിലും ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ടായും തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ടായും സേവനം അനുഷ്ഠിച്ചിട്ടുള്ള ഇദ്ദേഹം 2024 ജൂൺ അവസാനമാണ് രണ്ടുവർഷത്തേക്കുള്ള ശബരിമലയിലെ നിയോഗം ഏറ്റെടുക്കുന്നത്. പന്തളം തട്ടയിൽ സ്വദേശിയാണ്.
സ്‌പെഷ്യൽ കമ്മീഷണറുടെ മേൽ സർക്കാരിനധികാരം ഉണ്ടായിരുന്നെങ്കിൽ ഇദ്ദേഹത്തെ എന്നേ സർക്കാർ നാടുകടത്തിയേനെ. കേരള ഹൈക്കോടതി ദേവസ്വം ബോർഡിന്റെയും അവർ നിയോഗിച്ച ശബരിമല സ്‌പെഷ്യൽ കമ്മീഷണറുടെയും കാലാകാലങ്ങളിലുള്ള സസൂക്ഷ്മ നിരീക്ഷണവും ജാഗ്രതയും കൊണ്ടുമാത്രമാണ് വലിയ ഒരു കൊള്ള സംഘത്തിന്റെ പിടിയിൽ നിന്ന് ശബരിമല ക്ഷേത്ര സ്വത്തുക്കളെ ഒരു പരിധിവരെ സംരക്ഷിച്ചുനിർത്തുന്നത്. ദേവസ്വം ബോർഡ് അധികാരികളിലും ഉദ്യോഗസ്ഥരിലും ഒരു വിഭാഗം എങ്ങനെയും ക്ഷേത്രസ്വത്തുക്കൾ അടിച്ചുമാറ്റുവാൻ തക്കം പാർക്കുന്നവരാണ്. ഇവരുടെ ആസൂത്രിത നീക്കങ്ങൾക്ക് പലപ്പോഴും തടസ്സം സൃഷ്ടിക്കുന്നത് ശബരിമല ദേവസ്വം സ്‌പെഷ്യൽ കമ്മീഷണറും ദേവസ്വം ബെഞ്ചുമാണ്.

ഇക്കഴിഞ്ഞ ജൂലൈ 12 ന് എ.ഡി.ജി.പി എം.ആർ. അജിത്കുമാർ ശബരിമല പാതയിൽ സാധനങ്ങൾ കൊണ്ടുപോകുവാൻ മാത്രം ഉപയോഗിക്കുന്ന ടാങ്കറിൽ യാത്ര ചെയ്തതിനെ 'വളരെ ദൗർഭാഗ്യകരം' എന്ന് ഹൈക്കോടതി വിശേഷിപ്പിക്കുകയും, നടപടിയുണ്ടാകണം എന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ സംഭവത്തിൽ ശബരിമല പ്രത്യേക കമ്മീഷറുടെ റിപ്പോർട്ട് പരിഗണിച്ചാണ് ഹൈക്കോടതി സ്വമേധയാ ഇടപെട്ടത്. ഏറ്റവും ഒടുവിൽ നവംബർ 11 മുതൽ ഒരു വർഷത്തേക്ക് ശബരിമലയിലും പമ്പയിലും ഭക്തർ സമർപ്പിക്കുന്ന തേങ്ങ ശേഖരിക്കുന്നതിനും, പുഷ്പങ്ങൾ എത്തിക്കുന്നതിനുമുള്ള കരാറുകൾ ഒക്‌ടോബർ 5 ന് ഹൈക്കോടതി റദ്ദാക്കിയിരിക്കുകയാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡ് ടെണ്ടർ നടത്തിപ്പിൽ കാട്ടിയ വീഴ്ച ബോധ്യപ്പെട്ടായിരുന്നു ഹൈക്കോടതിയുടെ നടപടി. വീണ്ടും ടെണ്ടർ വിളിക്കാനും ഹൈക്കോടതി നിർദ്ദേശം നൽകി.

അതിനിടെ 2024 സെപ്റ്റംബറിൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് എന്ന ശല്യം ഒഴിവാക്കാനാവുമോ എന്ന ഒരു അസാധാരണശ്രമവും തിരുവിതാംകൂർ ദേവസ്വം ബോർഡ് നടത്തിയിരുന്നു. ഹൈക്കോടതി ദേവസ്വം ബെഞ്ച് തങ്ങളുടെ അധികാരം കവർന്നെടുക്കുന്നുവെന്നാരോപിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് സുപ്രീംകോടതിയെ സമീപിച്ചു. ദേവസ്വം ബെഞ്ച് ജുഡീഷ്യൽ അച്ചടക്കം ലംഘിക്കുന്നുവെന്നും, സുപ്രീംകോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ആരോപിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മിഷണറായി ആഭ്യന്തരവകുപ്പ് അഡീഷണൽ സെക്രട്ടറി സി.വി. പ്രകാശിനെ നിയമിച്ച ഹൈക്കോടതി ദേവസ്വം ബഞ്ച് ഉത്തരവിനെതിരെയാണ് ദേവസ്വം ബോർഡ് സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ അനിൽ നരേന്ദ്രൻ, ഹരിശങ്കർ, വി. മേനോൻ എന്നിവർ അടങ്ങിയ ദേവസ്വം ബെഞ്ചാണ് സ്വമേധയാ എടുത്ത കേസിൽ സി,വി പ്രകാശിനെ ദേവസ്വം കമ്മീഷണറായി നിയമിച്ചത്.

വെള്ളാപ്പള്ളി അവകാശപ്പെട്ടതുപോലെ ശബരിമലയിലെ സ്വർണ്ണകൊള്ള പുറത്തുവന്നത് ആഗോള അയ്യപ്പസംഗമം നടന്നതുകൊണ്ടല്ല; അയ്യപ്പകോപം കൊണ്ടാണെന്നു മറുവാദം ഉന്നയിക്കുന്നവരുണ്ട്. എന്നാൽ 2025 സെപ്റ്റംബർ ആദ്യം ശബരിമല ദ്വാരപാലക ശിൽപത്തിലെ സ്വർണ്ണപ്പാളി അനുമതിയില്ലാതെ ഇളക്കിമാറ്റിയതായി സ്‌പെഷ്യൽ കമ്മീഷണർ ഹൈക്കോടതി ദേവസ്വം ബെഞ്ചിന് 2025 സെപ്തംബർ 7ന് റിപ്പോർട്ട് നൽകിയതോടെയാണ് നിലവിലെ സ്വർണ്ണക്കൊള്ള വിവാദങ്ങൾക്ക് തുടക്കമാകുന്നത്. സന്നിധാനത്ത് ശ്രീകോവിലിന് മുന്നിൽ ഇടത്തും വലത്തുമായി സംരക്ഷകരായി നിൽക്കുന്ന രണ്ട് ദ്വാരപാലകരുടെ ശിൽപ്പങ്ങൾ ഉണ്ട്. ഇത് കരിങ്കല്ലിൽ നിർമ്മിച്ചതാണ്. 1998 ലാണ് വ്യവസായി വിജയ്മല്യ വഴിപാടായി സ്വർണ്ണം പൊതിഞ്ഞത്. ശബരിമല ശ്രീകോവിൽ പൂർണ്ണമായി സ്വർണ്ണം പൂശിയ കൂട്ടത്തിലാണ് ശിൽപ്പങ്ങളിൽ സ്വർണ്ണപ്ലെയിറ്റുകൾ കൊണ്ടുപൊതിഞ്ഞത്. ഇത് അനുമതിയില്ലാതെ ഇളക്കിമാറ്റി അറ്റകുറ്റപ്പണിക്കായി ചെന്നൈക്ക് കൊണ്ടുപോയെന്നാണ് സ്‌പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിൽ പറയുകയുണ്ടായത്.

ശ്രീകോവിലിന് സമീപത്തെ അറ്റുകുറ്റപ്പണികൾ ഹൈക്കോടതി ദേവസ്വം ബഞ്ചിന്റെ അനുമതിയോടുകൂടി മാത്രമേ നടത്താൻ പാടുള്ളൂ. സ്വർണ്ണവുമായി ബന്ധപ്പെട്ട പണികൾ സന്നിധാനത്ത് തന്നെ നടത്തണം. അത്തരത്തിൽ സ്വർണ്ണവുമായി ബന്ധപ്പെട്ട പണികൾ നടക്കുമ്പോൾ ഹൈക്കോടതിയുടെ മുൻകൂർ അനുമതി വാങ്ങണമെന്നും പ്രത്യേക നിരീക്ഷണ സമിതിയെ നിയോഗിക്കണമെന്നും തുടങ്ങിയ ഹൈക്കോടതി നിർദ്ദേശങ്ങൾ എല്ലാം ലംഘിച്ചാണ് ഉണ്ണികൃഷ്ണൻ പോറ്റി എന്ന സ്‌പോൺസർ സന്നിധാനത്തുനിന്നും ദ്വാരപാലകശിൽപ്പങ്ങൾ പൊതിഞ്ഞിരുന്ന സ്വർണ്ണ പ്ലെയിറ്റുകൾ, ചെന്നൈയ്ക്ക് കൊണ്ടുപോയതെന്ന ഗുരുതര റിപ്പോർട്ട് ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് അർഹിക്കുന്ന ഗൗരവത്തിൽ തന്നെയെടുത്തത്.

അനുമതിയില്ലാതെ ചെന്നൈയിലേക്ക് കൊണ്ടുപോയ ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണ്ണപ്പാളികൾ തിരികെയെത്തിക്കാൻ സെപ്റ്റംബർ 10 ന് ഹൈക്കോടതി ഇടക്കാല ഉത്തരവ് ഇട്ടു. ദേവസ്വം ബോർഡിനോടായിരുന്നു ഹൈക്കോടതിയുടെ നിർദ്ദേശം. സ്വർണ്ണപ്പാളികൾ കൊണ്ടുപോയത് സുരക്ഷാമാനദണ്ഡപ്രകാരമാണെന്ന ദേവസ്വം ബോർഡിന്റെ വിശദീകരണം കോടതി തള്ളി. സ്‌പെഷ്യൽ കമ്മീഷണറുടെയും ദേവസ്വം ബഞ്ചിന്റെയും മുൻകൂർ അനുമതി നേടണമെന്ന മുൻ ഉത്തരവുകൾ ലംഘിച്ച ദേവസ്വം ബോർഡ് നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട രേഖകൾ മുഴുവൻ ഹാജരാക്കാനും കോടതി ദേവസ്വം ബോർഡിനോട് ആവശ്യപ്പെട്ടു.

എന്നാൽ തുടക്കത്തിൽ ഹൈക്കോടതി ഇടപെടലിനെ ഗൗരവത്തിൽ കാണാതിരുന്ന ദേവസ്വം ബോർഡ് പ്രസിഡന്റ് തങ്ങളുടെ ചെയ്തിയെ ന്യായീകരിച്ചത് തന്ത്രിയുടെ അനുമതിയോടുകൂടി തിരുവാഭരണ കമ്മീഷണറുടെ സാന്നിദ്ധ്യത്തിലാണ് സ്വർണ്ണപ്പാളികൾ ഇളക്കിമാറ്റിയത് എന്നാണ്. സ്വർണ്ണപ്പാളികളിൽ കുത്തും വീണിട്ടുണ്ട്. മണ്ഡലകാലത്തിന് മുൻപ് ഇതിന് പരിഹാരം കാണുന്നതിനുവേണ്ടിയാണ് ചെന്നൈയിലെ കമ്പനിയിലേക്ക് കൊണ്ടുപോയത്. നിരീക്ഷണ സമിതിയും ഒപ്പം പോയിട്ടുണ്ടെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രശാന്ത് സെപ്റ്റംബർ 9 ന് ന്യായീകരിച്ചു.

എന്നും രഹസ്യമായിരിക്കും എന്നുകരുതിയ വലിയ ഗൂഢാലോചനയുടെയും കൊള്ളയുടെയും ചുരുൾ നിവരുകയാണെന്നു മനസ്സിലായതോടെ പ്രധാന കഥാപാത്രമായ ഉണ്ണികൃഷ്ണൻ പോറ്റി ഇതേ ദ്വാരപാലക ശിൽപ്പങ്ങൾ 2019 ൽ സ്വർണ്ണം പൂശിയതാണെന്നും അന്ന് രണ്ട് താങ്ങുപീഠം അധികമായി ദേവസ്വത്തിന് നൽകിയെന്നും, അത് ദേവസ്വത്തിന്റെ പക്കലുണ്ടെന്നും  ഗൂഢലക്ഷ്യത്തോടെ ആരോപണം ഉന്നയിക്കുന്നു. എന്നാൽ അങ്ങനെ താങ്ങുപീഠം ദേവസ്വത്തിന്റെ പക്കലില്ലെന്നു ദേവസ്വം അധികൃതർ വെളിപ്പെടുത്തിയതോടെ മാധ്യമങ്ങളുടെ ഫോക്കസ് അതിലേക്ക് തിരിയുന്നു. എന്നാൽ ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിൽ സമർപ്പിച്ചെന്നു പറയുന്ന പീഠങ്ങൾ സെപ്റ്റംബർ 28 ന് അയാളുടെതന്നെ വെഞ്ഞാറുംമൂട്ടിലെ വീട്ടിൽ നിന്ന് ദേവസ്വം വിജിലൻസ് കണ്ടെടുത്തതോടെ ഉണ്ണികൃഷ്ണൻ പോറ്റി കെട്ടിച്ചമച്ച വ്യാജ കഥയുടെ ആയുസ്സുതീരുന്നു.

ദ്വാരപാലകശില്പങ്ങൾ സ്വർണ്ണം പൊതിഞ്ഞതുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും രേഖകളും ഹാജരാക്കാൻ സെപ്റ്റംബർ 10 ലെ ദേവസ്വം ബഞ്ചിന്റെ ഇടക്കാല ഉത്തരവിൽ നിർദ്ദേശിക്കുമ്പോൾ കടന്നൽ കൂടാണ് ഇളക്കിവിടുന്നതെന്ന് ഒട്ടും പ്രതീക്ഷിച്ചില്ലെന്നാണ് പിന്നീട് ബഞ്ച് പറഞ്ഞത്. 2019 ജൂലൈയിൽ ദ്വാരപാലകശില്പങ്ങളിൽ സ്വർണ്ണം പൂശാൻ അനുമതി തേടി ഉണ്ണികൃഷ്ണൻ പോറ്റി കത്തുനൽകിയത് സന്നിധാനത്ത് വച്ചാണ്. ഇത്തരത്തിലുള്ള അറ്റകുറ്റപ്പണികൾ നടത്തരുതെന്ന ബോർഡിന്റെ മാനുവൽ വ്യവസ്ഥ പാലിക്കാതെ സ്വർണ്ണപ്പാളികൾ അഴിച്ചെടുത്ത് ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിലേക്ക് കൊടുത്തുവിടുമ്പോൾ തയ്യാറാക്കിയ മഹസറിൽ സ്വർണ്ണം എന്ന സൂചന പോലും ഇല്ലാതിരുന്നതും കോടിക്കണക്കിന് ഭക്തർ ഏറ്റവും പരിപാവനമായി കാണുന്ന സന്നിധാനത്തെ അമൂല്യമായ കൊള്ള നടത്തിയതിന്റെ സ്വയം വെളിപ്പെടുത്തുന്ന തെളിവുകളായി മാറി.

2019 ൽ ദ്വാരപാലക ശിൽപ്പങ്ങളിൽ സ്വർണ്ണം പൂശാൻ അനുമതി തേടാൻ ദേവസ്വം ബോർഡിന് കത്തുനൽകിയ ഉണ്ണികൃഷ്ണൻ പോറ്റി ആരാണ്? ഇയാൾ ശബരിമലയിൽ എത്തിയത് 2008 ലാണ്. കീഴ്ശാന്തിയുടെ സഹായി ആയിട്ട് തുടക്കം. ദർശനത്തിന് വന്ന പ്രമുഖരുടെ ഫോൺ നമ്പരുകൾ ശേഖരിച്ച് അവരുമായി ബന്ധം സ്ഥാപിച്ചു. ഇതറിഞ്ഞതോടെ പോറ്റിയെ ശബരിമലയിലെ ചുമതലകളിൽ നിന്ന് ഒഴിവാക്കി. തുടർന്ന് കുറച്ചുകാലം കിളിമാനൂരിൽ ഹോട്ടൽ നടത്തി. അത് നിർത്തിയശേഷം പ്രവർത്തനമേഖല ബാംഗ്ലൂരിലേക്ക് മാറ്റി. പല ഭാഷകൾ അറിയാവുന്ന ഉണ്ണികൃഷ്ണൻ പോറ്റിയുടെ ആത്യന്തികമായ ഉന്നം ശബരിമലയിലെ അനന്തസാധ്യതകളിലായിരുന്നു എന്നു വ്യക്തമാകുന്നതാണ് പിന്നീടുള്ള ഇയാളുടെ ഇടപാടുകൾ. അതിവേഗം സാമ്പത്തികമായി വളർന്നതിനൊപ്പം ഉന്നത ബന്ധങ്ങളും സ്ഥാപിച്ചു. തന്നെ ഒരിക്കൽ പറഞ്ഞയച്ച ശബരിമലയിൽ സന്നിധാനത്ത് സദ്യനടത്തുന്ന, മട്ടന്നൂരിന്റെ തായമ്പകയടക്കം കലാപരിപാടികൾ സ്‌പോൺസർ ചെയ്യുന്ന ബഹുമാന്യ വ്യക്തിയായി ദേവസ്വം വകുപ്പിന്റെയും ബോർഡിന്റെയും പ്രധാനപ്പെട്ടവരുടെ അടുപ്പക്കാരനായി ഉണ്ണികൃഷ്ണൻ പോറ്റി മാറി.

മുഖ്യമന്ത്രിയുമായും ദേവസ്വം മന്ത്രിയുമായും ഡി.ജിപിയും എഡിജിപിയുമായും ഒക്കെ ചിരകാല സുഹൃത്തുക്കളെപ്പോലെ കാതിൽ രഹസ്യങ്ങൾ പറയാനും ചിരിച്ച് ആർത്തുല്ലസിക്കാനും ഒക്കെ സ്വാതന്ത്ര്യം ഉള്ള വ്യക്തിയെ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ ബഹുമാനിച്ചെങ്കിലേ അത്ഭുതമുണ്ടായിരുന്നുള്ളൂ. ഉന്നതരോടുള്ള പോറ്റിയുടെ സ്വാതന്ത്ര്യവും അടുപ്പവും വ്യക്തമാക്കുന്ന നിരവധി ചിത്രങ്ങളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. അത് ഒന്നും എ.ഐ അല്ലെന്നും തെളിഞ്ഞിട്ടുണ്ട്. ശബരിമലയിൽ പോലീസ് വാഹനത്തിനായി ഇടനില നിന്നതും ഉണ്ണികൃഷ്ണൻ പോറ്റിയാണ്. 'ഗുർഖ' ജീപ്പ് വാങ്ങാൻ പ്രമുഖ ജുവലറി ഗ്രൂപ്പിനെ ക്കൊണ്ട് പണം മുടക്കിയത് ഇയാളാണ്. വാഹനത്തിന്റെ താക്കോൽ ഇയാൾ മുഖ്യമന്ത്രിക്കാണ് കൈമാറിയത്. ഇയാൾ പോലീസ് ആസ്ഥാനത്ത് എത്തി എഡിജിപി എസ്. ശ്രീജിത്തിനെ പൊന്നാട അണിയിക്കുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്.

2019 ൽ ശബരിമല ക്ഷേത്രത്തിന്റെ ശ്രികോവിൽ വാതിൽ അടയുന്നില്ലെന്ന് തന്ത്രിമാർ അറിയിച്ചതോടെ പുതിയത് നിർമ്മിക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചു. തേക്കു തടിയിൽ തീർത്ത ഇവയിൽ സ്വർണ്ണം പൊതിയാൻ തയ്യാറാണെന്ന് ഉണ്ണികൃഷ്ണൻ പോറ്റി ബോർഡിനെ അറിയിച്ചു. തുടർന്ന് നടവാതിൽ സ്വർണ്ണം പൊതിയാനായി ചെന്നൈയിൽ കൊണ്ടുപോകുകയായിരുന്നു. ഉണ്ണികൃഷ്ണനടക്കം അഞ്ചുപേർ ചേർന്നായിരുന്നു വാതിലിൽ സ്വർണ്ണം പൂശുന്നതിനുള്ള സ്‌പോൺസർഷിപ്പ് ഏറ്റെടുത്തത്. ഈ ജോലി പൂർത്തിയാക്കിയശേഷമാണ് പ്രമുഖരെ പങ്കെടുപ്പിച്ചു പൂജ നടത്തിയത്.

ചെന്നൈയിൽ നിന്ന് കോട്ടയം പള്ളിക്കത്തോട് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ 2019 മാർച്ച് 10 ന് ഈ വാതിൽ എത്തിച്ചു. അവിടെ പൂജകളും പൊതുസമ്മേളനവും നടന്നു. അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.പത്മകുമാറും അതിൽ പങ്കെടുത്തിരുന്നു. തുടർന്ന് രഥഘോഷയാത്രയായി. എരുമേലി വഴി പമ്പയിലേക്ക് എത്തിച്ചു. വിവിധ ക്ഷേത്രങ്ങളിൽ സ്വീകരണം നൽകപ്പെട്ടു.

പമ്പയിലെ സ്‌ട്രോംഗ് റൂമിൽ വെച്ചശേഷം പിറ്റേന്നാണ് വാതിൽ സ്ഥാപിച്ചത്. വാതിൽ സ്വർണ്ണം പൂശിയതോടെ ദ്വാരപാലക ശിൽപ്പങ്ങളുടെ തിളക്കം കുറഞ്ഞെന്ന് പറഞ്ഞ് അവയും സ്വർണ്ണം പൂശി നൽകാമെന്ന നിർദ്ദേശം ഉണ്ണികൃഷ്ണൻ പോറ്റി മുന്നോട്ടുവയ്ക്കുകയായിരുന്നു. പിന്നീട് ഉണ്ണികൃഷ്ണൻ പോറ്റി തന്നെ ഡ്രാഫ്റ്റ് ചെയ്ത മാതൃകയിലുള്ള കത്ത് ദേവസ്വം ബോർഡ് തീരുമാനത്തിന്റെ ഭാഗമായി 2019 ഓഗസ്റ്റ് 23 ന് തിരുവാഭരണം കമ്മീഷണർ പോറ്റിയുടെ ബാംഗ്ലൂരിലെ മേൽവിലാസത്തിലേക്ക് ദ്വാരപാലകശിൽപ്പങ്ങളിലെ സ്വർണ്ണപാളികളുടെ അറ്റകുറ്റപ്പണി നടത്താൻ സഹായം തേടി അയച്ചു. എല്ലാത്തിന്റെയും ചെലവു താൻ ഏറ്റെടുത്തോളാം എന്ന മറുപടി പോറ്റി ആഗസ്റ്റ് 25 ന് നൽകുകയും ചെയ്തു.
മൂന്നുവർഷത്തിനുള്ളിൽ 30 കോടി രൂപയുടെ ഭൂമിക്കച്ചവടം നടത്തിയ ഒരാൾ, വാടകക്കാർ ഇറങ്ങാത്തതിനെ തുടർന്ന് വീട്ടിൽ കയറി കാർ കത്തിച്ച ഒരാൾ, കൊള്ളപ്പലിശയ്ക്ക് പണം നൽകി തിരിച്ചടവ് മുടക്കിയപ്പോൾ അവരുടെ സ്വത്തുക്കൾ ബലം പ്രയോഗിച്ച് പിരിച്ചെടുക്കുന്ന ഒരാൾ, ശബരിമല ഭഗവാനോടുള്ള ഭക്തികൊണ്ട് മാത്രം കോടിക്കണക്കിന് രൂപാ ചെലവ് വരുന്ന ചുമതലകൾ നിഷ്‌കാമിയായി ഏറ്റെടുത്ത് നിർവഹിക്കും എന്നു ദേവസ്വം മന്ത്രിയോ ബോർഡ് ചെയർമാനോ ഒന്നും കരുതാനുള്ള ഇടയില്ല. ശബരിമല അയ്യപ്പന്റെ പേരുപറഞ്ഞ് ഉണ്ണികൃഷ്ണൻ പോറ്റി ദക്ഷിണേന്ത്യയിലെ കോടീശ്വരന്മാരിൽ നിന്ന് എത്രകോടി അടിച്ചുമാറ്റി എന്ന് വിശദമായ അന്വേഷണത്തിലേ തെളിയൂ.

തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിൽ 1256 ക്ഷേത്രങ്ങളുണ്ടെങ്കിലും സ്വന്തം നടവരവുകൊണ്ട് നിലനിൽക്കുന്നത് ഏഴെട്ടു ക്ഷേത്രങ്ങൾ മാത്രമാണ്. ബാക്കിയുള്ള ക്ഷേത്രങ്ങളെ നിലനിർത്തുന്നത് ശബരിമലയിലെ വരുമാനം കൊണ്ടാണ്. ശബരിമലയിലെ ശരാശരിവരുമാനം 400 കോടി രൂപയാണ്. ഓരോ സീസണിലും ഭക്തർ വഴിപാടായി ഇഷ്ടംപോലെ സ്വർണ്ണവും വെള്ളിയും പണവും ഒക്കെ അയ്യന് സമർപ്പിക്കാറുണ്ട്. എന്നാൽ ഈ സ്വത്തുക്കളൊന്നും എന്തിന് അയ്യപ്പന്റെ വിഗ്രഹം പോലും സുരക്ഷിതമല്ലെന്ന് വിവാദങ്ങൾ വ്യക്തമാക്കുന്നു.
2018 മുതൽ നാളിതുവരെ ശബരിമലയിലെ പല ദുരൂഹ ഇടപാടുകളിലും കേന്ദ്ര കഥാപാത്രമായ ഉണ്ണികൃഷ്ണൻ പോറ്റി രണ്ട് ഇടതുസർക്കാരുകൾക്ക് കീഴിൽ ദേവസ്വം മന്ത്രിമാർക്കും ദേവസ്വം ബോർഡു പ്രസിഡന്റുമാർക്കും ഏറ്റവും അടുപ്പമുള്ള അധികാര ദല്ലാൾ ആയിരുന്നു. അതുകൊണ്ട് നടന്ന കൊള്ളയുടെ ഉത്തരവാദിത്തം ഒരു ഉണ്ണികൃഷ്ണൻ പോറ്റിയിലൂടെയോ ഒരു മുരാരി ബാബുവിന്റെയോ മാത്രം ചുമലിൽ വെച്ച് ഒഴിയാനാവില്ല.

2019 ലാണ് ഉണ്ണികൃഷ്ണൻ പോറ്റി സ്‌പോൺസർ ആയി രംഗത്ത് വരുന്നത്. അതിനും മുമ്പും ഈ ഇടനിലക്കാരുടെയും ഇടപെടൽ ഇല്ലാതെ സന്നിധാനത്ത് കോടികൾ മുടക്കാൻ നിരവധി ധനികർ തയ്യാറായിട്ടുണ്ട്. യുബി ഗ്രൂപ്പ് ചെയർമാൻ വിജയമല്യയാണ് 1998 ൽ ശബരിമല ക്ഷേത്ര ശ്രീകോവിലിന്റെ മേൽക്കൂര, പ്രധാനവാതിൽ, ഇരുവശത്തുമുള്ള ചിത്രത്തകിടുകൾ, ചുറ്റുമുള്ള തൂണുകൾ, 3 കലശങ്ങൾ, 4 വശങ്ങളിലുമുള്ള ആനയുടെ രൂപം കൊത്തിയ തകിടുകൾ, ദ്വാരപാലകശിൽപ്പങ്ങൾ, 3 കർണ്ണകുടം, ഭണ്ഡാരം എന്നിവ സ്വർണ്ണം പൊതിയുന്നതിനുള്ള മുഴുവൻ ചെലവും വഹിച്ചത്. സ്വിറ്റ്‌സർലണ്ടിൽ നിന്ന് ഇറക്കുമതി ചെയ്ത 24 കാരറ്റിന്റെ 30.3 കിലോഗ്രാം സ്വർണ്ണവും 1900 കിലോ ചെമ്പും ഇതിനാവശ്യമായി വന്നു. ചെന്നൈയിലെ ജെ.എൻ.ആർ ജൂവലറിയിലെ നാഗരാജൻ എന്ന പണിക്കാരന്റെ നേതൃത്വത്തിൽ മൂന്നരമാസം കൊണ്ടാണ് പണിപൂർത്തിയാക്കിയത്. സ്വർണ്ണത്തിന്റെ വർക്ക് ചെയ്തത് സന്നിധാനത്ത് വച്ചുതന്നെയായിരുന്നു.

2009 ൽ കന്നിമൂല ഗണപതി, മാളികപ്പുറം ക്ഷേത്രം, നാഗരാജാവ് എന്നീ ഉപദേവതാക്ഷേത്രങ്ങൾ സ്വർണ്ണം പൊതിയാൻ പണം മുടക്കിയത് ചെന്നൈയിലെ കുമാരൻ സിൽക്ക് ഉടമ കുമാർ ആയിരുന്നു. 2015 ൽ പതിനെട്ടാംപടി പഞ്ചലോഹം പൊതിയാൻ പണം മുടക്കിയത് ബാംഗ്ലൂരിലെ എസ്.എം. എന്റർപ്രൈസസ് ഉടമ വിനയകുമാർ ആയിരുന്നു. 2017 ൽ സ്വർണം പൊതിയുന്നതിന്റെ ചെലവ് വഹിച്ചത് ഹൈദ്രാബാദ് ഫീനിക്‌സ് ഇൻഫ്രാ സ്ട്രക്ചർ ഇന്ത്യപ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനവും.

2019 ൽ ആണ് സ്‌പോൺസറായി ഉണ്ണികൃഷ്ണൻ പോറ്റിയുടെ രംഗപ്രവേശം. 2019 മാർച്ച് 11 നാണ് ശ്രീകോവിലിൽ സ്വർണ്ണം പൂശിയ പുതിയ വാതിൽ സ്ഥാപിക്കുന്നത്. വിജയമല്യ 1998 ൽ സ്വർണ്ണം പൊതിഞ്ഞ പഴയ വാതിൽ മാറ്റിയിട്ടായിരുന്നു ഇത്. പള്ളിക്കത്തോട് സി.കെ. കൺസ്ട്രക്ഷൻ ഉടമ സി.കെ. വാസുദേവൻ, ബാംഗ്ലൂർ സ്വദേശികളായ പി.ആർ. അജികുമാർ, രമേശ് ബാബു, ബെല്ലാരി സ്വദേശി ഗോവർദ്ധനൻ എന്നിവർക്ക് ഒപ്പമാണ് ഉണ്ണികൃഷ്ണൻ പോറ്റി അന്ന് സ്‌പോൺസർ ആയത്. പുതിയ വാതിൽ സ്ഥാപിച്ച് വെറും 3 മാസത്തിനുള്ളിലാണ് ദ്വാരപാലകശിൽപ്പത്തിന് തകരാർ ഉണ്ടെന്ന് ചിലർക്ക് തോന്നിയതിന്റെയടിസ്ഥാനത്തിൽ 1999 ൽ ഒന്നരക്കിലോഗ്രാം സ്വർണ്ണം പൊതിഞ്ഞ് ദ്വാരപാലകശിൽപ്പത്തിന്റെ പാളികൾ 2019 ൽ ചെമ്പ് പാളിയെന്നു മഹസറിൽ രേഖപ്പെടുത്തി തട്ടിപ്പിന് കളം ഒരുക്കിയത്. ശബരിമല എക്‌സിക്യുട്ടീവ് ഓഫീസറായിരുന്ന മുരാരിബാബു നടത്തിയ കത്തിടപാടിലും ഫയലിലും അത് ചെമ്പ് പാളികളായിരുന്നു എന്നാണ് ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ.

1998 ൽ ശബരിമലയിലെ സ്വർണ്ണം പൊതിയൽ പൂർത്തിയായപ്പോൾ വിജയമല്യയുടെ നിർദ്ദേശപ്രകാരം നിലവാര പരിശോധന നടത്തിയ ചിറ്റൂർ സ്വദേശി സെന്തിൽനാഥൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. സ്വർണ്ണം പൊതിയലിൽ വിദഗ്ദ്ധനായ ഇദ്ദേഹം സ്വർണ്ണപ്പാളികൾ കാലപ്പഴക്കത്തിൽ നഷ്ടമാകില്ലെന്ന് ഉറപ്പിച്ചുപറയുന്നു. പൊതിഞ്ഞ സ്വർണ്ണത്തിന് മങ്ങൽ സംഭവിച്ചാൽ അറ്റകുറ്റപ്പണിക്ക് പുറത്തുകൊണ്ടുപോകേണ്ടതില്ല. സന്നിധാനത്ത് വെച്ചുതന്നെ ചെയ്യാനുള്ള സാങ്കേതികവിദ്യ 2019 ന് മുമ്പുതന്നെയുണ്ടെന്നും സെന്തിൽനാഥൻ പറയുകയുണ്ടായി.
വിവാദങ്ങളെപ്പറ്റി ഉണ്ണികൃഷ്ണൻ പോറ്റി 2025 ഒക്‌ടോബർ 4 ന് പ്രതികരിച്ചത് വിചിത്രമായ രീതിയിലാണ്. 2019 ൽ തനിക്ക് ദേവസ്വം ബോർഡ് കൈമാറിയ പാളികളിൽ ചെമ്പ് എന്നാണ് രേഖപ്പെടുത്തിയിരുന്നതെങ്കിലും ലഭിച്ചത് സ്വർണ്ണം പെയിന്റ് ചെയ്ത പാളികളാണ് പോലും. ശിൽപ്പങ്ങളുടെ നിറം മങ്ങിയതുകൊണ്ടാണ് സ്വർണ്ണം പൂശാൻ ഏൽപ്പിച്ചത്. പെയിന്റടിച്ച പാളികൾ ക്ലീൻ ചെയ്താണ് സ്വർണ്ണം പൂശിയത്. താനും രണ്ട് സുഹൃത്തുക്കളും ചേർന്നാണ് ഇതിനുള്ള സ്വർണ്ണം സമാഹരിച്ചത്. അതേസമയം അന്ന് പാളികളിൽ സ്വർണ്ണം പൂശാൻ ഉപയോഗിച്ചത് 394 ഗ്രാം സ്വർണ്ണമാണ്. ദേവസ്വംരേഖകൾ പ്രകാരം ഇതിനായി പണം മുടക്കിയത് ബാംഗ്ലൂർ വ്യവസായിയായ വിനീത് ജയിനാണ്. 2019 ന് സെപ്റ്റംബർ 11 തിരുവോണ ദിനത്തിലാണ് പുതിയ പാളികൾ ദ്വാരപാലകരെ അണിയിച്ചത്.

വിജയമല്യ ശ്രീകോവിലും ദ്വാരപാലകരിലും 1998 ൽ സ്വർണ്ണംപൊതിഞ്ഞതിനെപ്പറ്റി അറിയില്ലെന്നും ഈ വിവരം ഇപ്പോഴാണ് കേൾക്കുന്നതെന്നും 2025 ഒക്‌ടോബർ 4 ന് മാധ്യമങ്ങളോട് പറഞ്ഞതിൽ നിന്നുതന്നെ ഇയാളുടെ സ്വഭാവം എന്തെന്ന് വ്യക്തമാണ്.
2019 ൽ നടന്ന കൊള്ളയുടെ ഉത്തരവാദിത്തത്തിൽനിന്ന് അന്നത്തെ ദേവസ്വം ബോർഡിനോ വകുപ്പിനോ ഒഴിഞ്ഞുമാറാനാവില്ല. 2019 ൽ സ്‌പോൺസറുടെ കയ്യിൽ ചെമ്പ് എന്ന് രേഖപ്പെടുത്തി കൊടുത്തുവിടാനും ഇഷ്ടം പോലെ കൊണ്ടുനടക്കാനും അന്നത്തെ ബോർഡ് തന്നെയാണ് വഴിയൊരുക്കിയത്. വെറും ചെമ്പ് പാളികളാണ് പോറ്റി എത്തിച്ചതെന്ന് ചെന്നൈയിൽ സ്വർണ്ണം പൂശിയ ഏജൻസികളും വ്യക്തമാക്കിയിട്ടുണ്ട്. ബോർഡിൽ നിന്ന് സ്വർണ്ണം പൂശാൻ മുൻകൂർ സ്വർണ്ണം കൈപ്പറ്റാതിരിക്കെ കുറച്ചു സ്വർണ്ണം ബാക്കിയുണ്ടെന്നും അതുപയോഗിച്ച് നിർദ്ധന പെൺകുട്ടിയുടെ വിവാഹം നടത്തിക്കോട്ടെയെന്നു ചോദിച്ചു ഉണ്ണികൃഷ്ണൻ പോറ്റി ദേവസ്വം ബോർഡ് പ്രസിഡന്റിന് ഇ-മെയിൽ അയച്ചിട്ട് പ്രസിഡന്റ് എൻ. വാസുവിന് ഒരു സംശയവുമുണ്ടായില്ലെന്നതും അവിശ്വസനീയമാണ്.

2019 ൽ സ്വർണ്ണം പൂശിയ പാളികൾ നാലുവർഷം തികയും മുമ്പ് (2023 ൽ) വീണ്ടും ചെന്നൈയിൽ കൊണ്ടുപോകുന്നവാൻ 2019 ലെ ഗൂഢസംഘം തന്നെ ശ്രമം തുടങ്ങുകയും 2025 ഓഗസ്റ്റിൽ ശബരിമല സ്‌പെഷ്യൽ കമ്മീഷണറെപ്പോലും അറിയിക്കാതെ പാളികൾ ചെന്നൈയ്ക്ക് കൊണ്ടുപോകുകയും ചെയ്തത് ദേവസ്വം ബോർഡിലെയും വകുപ്പിലെയും ഉന്നതരുടെ അറിവില്ലാതെ നടന്ന കാര്യമായിരുന്നില്ല. 1998 ൽ വിജയമല്യ സ്വർണ്ണം പൊതിഞ്ഞ ദ്വാരപാലക ശിൽപ്പത്തിന്റെ ചിത്രം 2014 ൽ പുറത്തുവന്നത് കണ്ടാലും 2018 ൽ പുറത്തുവന്നതുകണ്ടാലും അതിന്റെ സ്വർണ്ണത്തിളക്കവും 2019 ൽ പൂശിയ പുതിയശിൽപ്പത്തിന്റെ നാലുവർഷത്തിനുശേഷമുള്ള മങ്ങിയ നിറവും ആർക്കുകണ്ടാലും പ്രഥമദൃഷ്ട്യാതന്നെ വ്യക്തമാകുന്നതാണ്.

ദേവസ്വം ചീഫ് വിജിലൻസ് ആന്റ് സെക്യൂരിറ്റി ഓഫീസർ ഹാജരാക്കിയ രേഖകളും കത്തുകളും പരിശോധിച്ചതിൽ നിന്നും തന്നെ ജസ്റ്റിസ് വി. രാജവിജയരാഘവൻ ജസ്റ്റിസ് കെ.വി. വിജയകുമാർ എന്നിവരടങ്ങിയ ദേവസ്വം ബഞ്ചിന് സ്വർണ്ണം കൊള്ള ചെയ്യപ്പെട്ടെന്നും ഇത് മോഷണവും ക്രിമിനൽ ക്രമക്കേടും വിശ്വാസവഞ്ചനയുമാണെന്നും സംശയലേശെമന്യേ വ്യക്തമായി. ദേവസ്വം ഉദ്യോഗസ്ഥർ ഉണ്ണികൃഷ്ണൻ പോറ്റിയുമായി ചേർന്ന് ക്ഷേത്രത്തിന്റെ പരിശുദ്ധിയും വിശ്വാസികൾ അർപ്പിച്ച വിശ്വാസവും ഇല്ലാതാക്കിയെന്നു പറഞ്ഞതും സർക്കാരിനും കനത്ത പ്രഹരമായിരുന്നു.

ദ്വാരപാലക ശിൽപ്പങ്ങളിലെ ഒറിജനൽ സ്വർണ്ണപാളികൾ ഏതോ കോടീശ്വരന് വിറ്റ് തിരികെ ശബരിമലയിലേക്ക് കൊണ്ടുപോയത് ഡ്യൂപ്ലിക്കേറ്റ് ചെമ്പ് പാളികളിൽ സ്വർണ്ണം പൂശിയാണെന്ന് ഹൈക്കോടതി ബെഞ്ചും നിരീക്ഷിച്ചതോടെ വിവാദ സ്‌പോൺസറേയും ഏതാനും ദേവസ്വം ഉദ്യോഗസ്ഥരേയും പ്രതികളാക്കി വിജിലൻസ് കണ്ടെത്തൽ നടത്തിയും ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്കനടപടിയെടുത്തും മുഖം രക്ഷിക്കാനാണ് ദേവസ്വം ബോർഡും സർക്കാരും ശ്രമിച്ചതും ശ്രമിക്കുന്നതും.

എന്നാൽ ഹൈക്കോടതി ദേവസ്വം ബെഞ്ച് നേരിട്ട് എഡിജിപി എച്ച്. വെങ്കിടേഷിന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത് സർക്കാരിന് മറ്റൊരു പ്രഹരമായി. പാളിച്ച സംഭവിച്ചത് 2019 ലാണെന്നും 2025 ൽ പാളികൾ കൊണ്ടുപോയതിൽ ഒരു പാകപ്പിഴയും സംഭവിച്ചിട്ടില്ലെന്നും സ്ഥാപിക്കാനാണ് നിലവിലുള്ള ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്തും ദേവസ്വം മന്ത്രി വി.എൻ. വാസവനും ശ്രമിക്കുന്നത്. എന്നാൽ ദേവസ്വം സ്‌പെഷ്യൽ കമ്മീഷണറും ദേവസ്വം ബഞ്ചും അറിയാതെ പാളികൾ ചെന്നൈയ്ക്ക് കൊണ്ടുപോയത് നിയമലംഘനമല്ലേ എന്ന ചോദ്യത്തിനിവർക്ക് ഉത്തരമില്ല. 2019 ൽ നടത്തിയ ക്രമക്കേടിന്റെ തനിയാവർത്തനമാണ് 2025 ൽ നടത്താൻ ശ്രമിച്ചത് എന്ന് വളരെ വ്യക്തമാണ്.

തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വോട്ടർമാരെ ആകർഷിക്കാനുള്ള ഒട്ടേറെ പ്രൊഫഷണൽ തന്ത്രങ്ങൾ സർക്കാർ രൂപപ്പെടുത്തിക്കൊണ്ടിരിക്കെ ഈശ്വരവിശ്വാസികളെ മുറിവേൽപ്പിക്കുന്ന ഒന്നായി സന്നിധാനത്തെ സ്വർണ്ണമോഷണ സംഭവം മാറി. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നെടുമങ്ങാട്ട് മണ്ഡലത്തിൽ സി.പി.ഐലെ ജി.ആർ. അനിലിനോട് 23309 വോട്ടുകൾക്ക് പരാജയപ്പെട്ട കെ.പി.സി.സി ഭാരവാഹി പി.എസ്. പ്രശാന്ത് തന്നെ പരാജയപ്പെടുത്തിയത് പാലോട് രവിയാണെന്ന് ആരോപിച്ച് കോൺഗ്രസ് പാർട്ടി വിടുന്നതായി പ്രഖ്യാപിക്കുകയായിരുന്നു. 2021 സെപ്തംബറിൽ സി.പി.എം ആക്ടിംഗ് സെക്രട്ടറി എം.വി. വിജയരാഘവൻ, സി.പി.എംൽ അംഗത്വം നൽകി. 2023 നവംബറിൽ കെ. അനന്തഗോപനു പിന്നാലെ പി.എസ്. പ്രശാന്തിനെ ദേവസ്വം ബോർഡ് പ്രസിഡന്റ് ആകുകയും ചെയ്തു. ആഗോള അയ്യപ്പസംഗമത്തിൽ മുഷ്ടിചുരുട്ടി ശരണം വിളിച്ചാണ് പ്രശാന്ത് തന്റെ പാർട്ടി കൂറ് വ്യക്തമാക്കിയത്. ഹിന്ദു ഭൂരിപക്ഷ വിശ്വാസികളുടെ വോട്ടുനേടാൻ പാർട്ടി പ്രത്യയശാസ്ത്രം പരണത്ത് വെച്ച് അയ്യപ്പസംഗമം നടത്തി വിശ്വാസകൂറ് പ്രഖ്യാപിച്ച സി.പി.എം വിശ്വാസികളുടെ വിശ്വാസം നേടാൻ ഇനി ഒരുപാട് വിയർക്കേണ്ടിവരും.

ദേവസ്വം വിജിലൻസിന്റെ അന്തിമ റിപ്പോർട്ട് ചീഫ് വിജിലൻസ് ഓഫീസർ വി. സുനിൽകുമാർ ഐ.പി.എസ് ഒക്‌ടോബർ 10 നാണ് ഹൈക്കോടതിക്ക് നൽകിയത്. വിജിലൻസ് ഓഫീസർ സ്വർണ്ണം കൊള്ള ചെയ്ത മാഫിയായ്ക്ക് സ്വാധീനിക്കാൻ കഴിയുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനായിരുന്നെങ്കിൽ ഈ കൊള്ള വെളിച്ചം കാണുമായിരുന്നില്ല. ദ്വാരപാലകശിൽപ്പങ്ങളിലെ സ്വർണ്ണം പൊതിഞ്ഞ ചെമ്പുപാളികൾ 2019 ൽ ചെന്നൈയിലെത്തിച്ച സമയത്ത് ഇതിലെ സ്വർണ്ണം വേർതിരിച്ച് കൊടുക്കാനും, ചെമ്പുപാളികളിൽ സ്വർണ്ണം പൂശാനും സ്മാർട്ട് ക്രിയേഷൻസിനോട് ആവശ്യപ്പെട്ടു. പുറത്തുനിന്ന് വിദഗ്ദ്ധനെ കൊണ്ടുവന്ന് സ്വർണ്ണം വേർതിരിച്ചെടുത്തു. അതിൽനിന്നു ചെമ്പുപാളികളിൽ പൂശിയ ശേഷമുള്ള 474.9 ഗ്രാം സ്വർണ്ണം ഉണ്ണികൃഷ്ണൻ പോറ്റി വാങ്ങിക്കൊണ്ടുപോയി. ആ കൊള്ള മുതൽ ആരൊക്കെ പങ്കുവെച്ചുവെന്നറിയാൻ കൂടുതൽ അന്വേഷണം വേണ്ടിവരും.
ശ്രീകോവിലിൽ കട്ടിളയിൽ പൊതിഞ്ഞിരുന്ന സ്വർണ്ണവും മോഷ്ടിക്കപ്പെട്ടിട്ടുള്ളതു സംബന്ധിച്ചും നിർണ്ണായകവിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് ചീഫ് വിജിലൻസ് ഓഫീസർ ഹൈക്കോടതിയെ അറിയിക്കുകയുണ്ടായി. ആറാഴ്ചകളിൽ ഇതെല്ലാം സംബന്ധിച്ച് കൃത്യമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി ദേവസ്വം ബഞ്ച് നിർദ്ദേശം നൽകിയിരിക്കുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img