02:48am 17 July 2026
NEWS
'ലാസ് മാൽവിനാസ് അർജന്റീനക്കാരുടേതാണ്'; അർജന്റീനയെ ലോകകപ്പിൽ നിന്നും വിലക്കുമോ?
16/07/2026  11:26 AM IST
nila
ലാസ് മാൽവിനാസ് അർജന്റീനക്കാരുടേതാണ്; അർജന്റീനയെ ലോകകപ്പിൽ നിന്നും വിലക്കുമോ? ലാസ് മാൽവിനാസ് അർജന്റീനക്കാരുടേതാണ്; അർജന്റീനയെ ലോകകപ്പിൽ നിന്നും വിലക്കുമോ?

 

അറ്റ്‌ലാന്റ: ഇംഗ്ലണ്ടിനെ കീഴടക്കി ഫിഫ ലോകകപ്പ് ഫൈനലിലേക്ക് മുന്നേറിയ അർജന്റീനയുടെ വിജയാഘോഷം രാഷ്ട്രീയ വിവാദമാകുന്നു. ഫോക്‌ലാൻഡ് ദ്വീപുകളെ (ലാസ് മാൽവിനാസ്) കുറിച്ചുള്ള സന്ദേശം ഉൾപ്പെട്ട ബാനർ ഗ്രൗണ്ടിൽ ഉയർത്തിയതിനെ തുടർന്ന് അർജന്റീന താരങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് വിമർശനം ശക്തമായി.

മിഡ്ഫീൽഡർ ജിയോവാനി ലോ സെൽസോയാണ് 'ലാസ് മാൽവിനാസ് അർജന്റീനക്കാരുടേതാണ്' എന്നെഴുതിയ ബാനർ വിജയാഘോഷത്തിനിടെ ഉയർത്തിയത്. മുൻ ടോട്ടനം താരം ലോ സെൽസോയും മുൻ മാഞ്ചസ്റ്റർ സിറ്റി താരം നിക്കോളാസ് ഒട്ടമെൻഡിയും സ്റ്റാൻഡിലുണ്ടായിരുന്ന ആരാധകരിൽ നിന്ന് ബാനർ സ്വീകരിച്ചാണ് ഗ്രൗണ്ടിലേക്ക് എത്തിച്ചതെന്നാണ് റിപ്പോർട്ടുകൾ.

മത്സരവേദികളിൽ രാഷ്ട്രീയ, മതപരമോ വ്യക്തിപരമോ ആയ സന്ദേശങ്ങളോ ചിഹ്നങ്ങളോ പ്രദർശിപ്പിക്കുന്നത് ഫിഫയും രാജ്യാന്തര ഫുട്ബോൾ അസോസിയേഷൻ ബോർഡും (ഐഎഫ്എബി) വിലക്കിയിട്ടുള്ളതാണ്. ഇതോടെ അർജന്റീന താരങ്ങൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി നിരവധി പേർ രംഗത്തെത്തി. ടീമിനെതിരെയും നടപടി വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

ഐഎഫ്എബി ചട്ടപ്രകാരം കളിക്കാരുടെ വസ്ത്രങ്ങളിലോ ഉപകരണങ്ങളിലോ രാഷ്ട്രീയ, മതപരമോ വ്യക്തിപരമോ ആയ മുദ്രാവാക്യങ്ങളോ ചിത്രങ്ങളോ പ്രദർശിപ്പിക്കാൻ പാടില്ല. ഇത്തരം ചട്ടലംഘനങ്ങൾ നടന്നാൽ കളിക്കാരനെയോ ടീമിനെയോ ഫിഫയ്ക്കോ ബന്ധപ്പെട്ട ദേശീയ ഫുട്ബോൾ അസോസിയേഷനോ ശിക്ഷിക്കാമെന്നും നിയമത്തിൽ വ്യക്തമാക്കുന്നു.

അതേസമയം, അർജന്റീന വൈസ് പ്രസിഡന്റ് വിക്ടോറിയ വില്ലാറുവലും വിഷയത്തിൽ പ്രതികരിച്ചു. "ഫോക്‌ലാൻഡ്‌സ് അർജന്റീനയുടേതാണ്. ഈ സന്ദേശം സ്റ്റേഡിയത്തിൽ വിലക്കിയാലും അത് ഞങ്ങളുടെ ഹൃദയത്തിലും രക്തത്തിലുമുണ്ട്," എന്നായിരുന്നു എക്സിൽ പങ്കുവെച്ച കുറിപ്പ്.

'ലാസ് മാൽവിനാസ്' എന്തുകൊണ്ട് വിവാദം?

അർജന്റീനയുടെ തീരത്തുനിന്ന് ഏകദേശം 480 കിലോമീറ്റർ അകലെയുള്ള ബ്രിട്ടിഷ് നിയന്ത്രണത്തിലുള്ള ഫോക്‌ലാൻഡ് ദ്വീപുകളെ അർജന്റീന 'ലാസ് മാൽവിനാസ്' എന്നാണ് വിശേഷിപ്പിക്കുന്നത്. ദ്വീപുകളുടെ ഉടമസ്ഥാവകാശത്തെ ചൊല്ലിയുള്ള തർക്കം നൂറ്റാണ്ടുകളായി തുടരുകയാണ്.

1982-ൽ അർജന്റീന ദ്വീപുകൾ പിടിച്ചെടുക്കാൻ നടത്തിയ സൈനിക നീക്കമാണ് ഫോക്‌ലാൻഡ് യുദ്ധത്തിലേക്ക് നയിച്ചത്. രണ്ടുമാസത്തിലേറെ നീണ്ട യുദ്ധം ബ്രിട്ടന്റെ വിജയത്തോടെ അവസാനിച്ചു. യുദ്ധത്തിൽ 649 അർജന്റീനിയൻ സൈനികരും 255 ബ്രിട്ടിഷ് സൈനികരും മൂന്ന് സാധാരണക്കാരും കൊല്ലപ്പെട്ടു.

യുദ്ധത്തിന്റെ ഓർമ്മകളും അതുമായി ബന്ധപ്പെട്ട രാഷ്ട്രീയ വികാരങ്ങളും ഇന്നും ഇരുരാജ്യങ്ങളിലും ശക്തമായതിനാൽ, അർജന്റീന–ഇംഗ്ലണ്ട് ഫുട്ബോൾ മത്സരങ്ങൾ പലപ്പോഴും ഫോക്‌ലാൻഡ് തർക്കത്തിന്റെ പശ്ചാത്തലത്തിൽ ചർച്ചയാകാറുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS
img