04:09am 10 November 2026
NEWS
ജൂതരാഷ്ട്രത്തിന്റെ സിംഹാസനത്തിനടുത്തെത്തിയ ഇസ്ലാം; ചുണ്ടിനും കപ്പിനുമിടയിൽ ഇസ്രയേലിന്റെ ഭരണ പങ്കാളിത്തം അറബ് പാർട്ടികൾക്ക് നഷ്ടമാകുമോ?
09/11/2026  10:42 AM IST
nila
ജൂതരാഷ്ട്രത്തിന്റെ സിംഹാസനത്തിനടുത്തെത്തിയ ഇസ്ലാം; ചുണ്ടിനും കപ്പിനുമിടയിൽ ഇസ്രയേലിന്റെ ഭരണ പങ്കാളിത്തം അറബ് പാർട്ടികൾക്ക് നഷ്ടമാകുമോ?

ലോകത്തെ ഏക ജൂത രാഷ്ട്രത്തിന്റെ അധികാരത്തിൽ അറബ് - ഇസ്ലാമിക പാർട്ടികൾ പങ്കാളികളാകുമോ എന്നതായിരുന്നു ലോകം കഴിഞ്ഞ ദിവസങ്ങളിൽ ഉറ്റുനോക്കിയിരുന്നത്. അറബ് പാർട്ടികളുടെ പങ്കാളിത്തമില്ലാതെ പ്രതിപക്ഷ നേതാവ് ഗാദി ഐസൻകോട്ടിന് നിലവിലെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അധികാരത്തിൽ നിന്നും താഴെയിറക്കാൻ കഴിയില്ല എന്നതായിരുന്നു തെരഞ്ഞെടുപ്പ് ഫലം. അറബ് പാർട്ടികളുടെ പിന്തുണയോടെ ഐസൻകോട്ട് ഇസ്രയേലിന്റെ പ്രധാനമന്ത്രിയാകും എന്നായിരുന്നു ഏവരും കരുതിയിരുന്നതും. എന്നാൽ, എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് സർക്കാർ രൂപീകരിക്കുവാൻ നെതന്യാഹുവിന്റെ സഹായം തന്നെ തേടിയിരിക്കുകയാണ് ഗാദി ഐസൻകോട്ട്. ഇതോടെ അറബ് പാർട്ടികൾക്ക് ഇസ്രയേലിന്റെ ഭരണ പങ്കാളിത്തം ലഭിക്കില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു.  

ഇസ്രയേലിലെ ജനസംഖ്യയുടെ ഏകദേശം 20 ശതമാനം വരുന്ന അറബ് വിഭാഗത്തെ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പാർട്ടികൾക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ചരിത്രനേട്ടനാണുണ്ടായത്. നാല് അറബ് പാർട്ടികൾക്കായി ആകെ 19 സീറ്റുകളാണ് ലഭിച്ചത്. 

ഹദാഷ്, തഅൽ, ബലാദ്, റഅം എന്നിവയാണ് ഇസ്രയേലിലെ പ്രധാന അറബ് രാഷ്ട്രീയ പാർട്ടികൾ. അറബ് പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുക, വെസ്റ്റ് ബാങ്കിലെയും ഗാസയിലെയും ഇസ്രയേൽ അധിനിവേശം അവസാനിപ്പിക്കുക തുടങ്ങിയ വിഷയങ്ങളിൽ ഇവയ്ക്ക് പൊതുവായ നിലപാടുകളുണ്ടെങ്കിലും ആശയപരമായും രാഷ്ട്രീയമായും വ്യത്യസ്ത കാഴ്ചപ്പാടുകളാണ് ഓരോ പാർട്ടിക്കുമുള്ളത്. ജൂത പ്രതിപക്ഷ പാർട്ടികളുമായുള്ള സഹകരണസാധ്യത വിലയിരുത്തുമ്പോൾ ഈ വ്യത്യാസങ്ങൾ നിർണായകമാണ്.

ജോയിന്റ് ലിസ്റ്റ്: മൂന്ന് പാർട്ടികളുടെ സഖ്യം

ഹദാഷ്, തഅൽ, ബലാദ് എന്നീ മൂന്ന് പാർട്ടികൾ ചേർന്നുള്ള സഖ്യമാണ് ജോയിന്റ് ലിസ്റ്റ്. 2015 മുതൽ ഹദാഷും തഅലും ഒരുമിച്ചാണ് തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നത്. ബലാദുമായുള്ള സഖ്യത്തിൽ പലപ്പോഴും അനിശ്ചിതത്വങ്ങളുണ്ടായിട്ടുണ്ട്. തിരഞ്ഞെടുപ്പിലെ നിശ്ചിത വോട്ടിങ് പരിധി മറികടന്ന് മൂന്ന് പാർട്ടികൾക്കും പ്രതിനിധികളെ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് 2026ൽ ഇവർ ഒരുമിച്ച് മത്സരിച്ചത്.

ഇസ്രയേലിലെ അറബ് പൗരന്മാർക്ക് തുല്യാവകാശം ഉറപ്പാക്കണമെന്നും അധിനിവേശം അവസാനിപ്പിക്കണമെന്നും മൂന്ന് പാർട്ടികളും ആവശ്യപ്പെടുന്നു. എന്നാൽ ആശയപരമായ നിലപാടുകളിൽ വ്യത്യാസമുണ്ട്. അറബ്-ജൂത സോഷ്യലിസ്റ്റ് പാർട്ടിയാണ് ഹദാഷ്. മതനിരപേക്ഷ അറബ് രാഷ്ട്രീയ പാർട്ടിയാണ് തഅൽ. പലസ്തീൻ ദേശീയതയ്ക്ക് പ്രാധാന്യം നൽകുന്ന പാർട്ടിയാണ് ബലാദ്. ഇസ്രയേലിന്റെ ജൂത രാഷ്ട്രം എന്ന സ്വത്വത്തിൽ അടിസ്ഥാനപരമായ മാറ്റം വേണമെന്ന നിലപാടിൽ ചരിത്രപരമായി മറ്റ് രണ്ട് പാർട്ടികളേക്കാൾ ശക്തമായ നിലപാടാണ് ബലാദ് സ്വീകരിച്ചിട്ടുള്ളത്. എന്നാൽ ഈ ആവശ്യം ജോയിന്റ് ലിസ്റ്റിന്റെ ഔദ്യോഗിക തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിട്ടില്ല.

നേതാക്കൾ 

ഹദാഷ്: ജോയിന്റ് ലിസ്റ്റിന്റെ അധ്യക്ഷനും ഹദാഷ് നേതാവും ഡോ. യൂസഫ് ജബാരീനാണ്. ജോർജ്ടൗൺ സർവകലാശാലയിൽനിന്ന് നിയമത്തിൽ പിഎച്ച്ഡി നേടിയ അദ്ദേഹം 2026 മേയിലാണ് അയ്മാൻ ഔദെയ്ക്ക് പകരം പാർട്ടിയുടെ നേതൃത്വം ഏറ്റെടുത്തത്.

തഅൽ: ഡോ. അഹമ്മദ് തിബിയാണ് പാർട്ടി നേതാവ്. ഡോക്ടറായ അദ്ദേഹം മുൻ പിഎൽഒ നേതാവ് യാസർ അറഫാത്തിന്റെ ഉപദേശകനായും പ്രവർത്തിച്ചിട്ടുണ്ട്. 1999 മുതൽ ഇസ്രയേൽ പാർലമെന്റായ നെസറ്റിൽ അംഗമാണ്. ഡെപ്യൂട്ടി സ്പീക്കർ പദവിയും പലതവണ വഹിച്ചിട്ടുണ്ട്.

ബലാദ്: ജാഫ സ്വദേശിയും ചരിത്രകാരനുമായ സാമി അബു ഷെഹാദെയാണ് പാർട്ടി അധ്യക്ഷൻ. ഒക്ടോബർ ഏഴിന് പിന്നാലെ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തെച്ചൊല്ലിയ വിവാദത്തെ തുടർന്ന് കഴിഞ്ഞ മാസം തിരഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വം അദ്ദേഹം പിൻവലിച്ചിരുന്നു. ഹമാസ് നടത്തിയ ആക്രമണത്തെ ചരിത്രത്തിലെ പ്രധാന സംഭവമായി വിശേഷിപ്പിക്കുകയും ഇസ്രയേലിനെ അപ്രതീക്ഷിതമായി നേരിട്ട ഹമാസിന്റെ നീക്കത്തിൽനിന്ന് മറ്റുള്ളവർക്ക് പാഠങ്ങൾ ഉൾക്കൊള്ളാമെന്ന് സൂചിപ്പിക്കുകയും ചെയ്തതായിരുന്നു ലേഖനം. സ്ഥാനാർഥിത്വം റദ്ദാക്കാൻ സുപ്രീം കോടതി അനുമതി നൽകുമെന്ന സൂചനയെ തുടർന്നായിരുന്നു പിന്മാറ്റം. പിന്നീട് ലേഖനത്തിൽ ഖേദം പ്രകടിപ്പിച്ചെങ്കിലും പാർട്ടി അധ്യക്ഷനായി തുടരുകയാണ് അദ്ദേഹം. ജോയിന്റ് ലിസ്റ്റിൽ അദ്ദേഹത്തിന് പകരം ബലാദിന്റെ മറ്റൊരു സ്ഥാനാർഥിയായ ബഖർ അവാവ്ദെയെ ഉൾപ്പെടുത്തി.

ജോയിന്റ് ലിസ്റ്റിന്റെ പ്രധാന നിലപാടുകൾ

ഇസ്രയേൽ ഒരു ജൂത രാഷ്ട്രമായിരിക്കണമോ?

ഇസ്രയേലിലെ എല്ലാ പൗരന്മാർക്കും പൗര, ദേശീയ, രാഷ്ട്രീയ മേഖലകളിൽ പൂർണ തുല്യത ഉറപ്പാക്കണമെന്നാണ് ജോയിന്റ് ലിസ്റ്റിന്റെ നിലപാട്.

വെസ്റ്റ് ബാങ്ക്

വെസ്റ്റ് ബാങ്കിലെ അധിനിവേശവും ഇസ്രയേൽ കുടിയേറ്റ കേന്ദ്രങ്ങളുടെ നിർമാണവും അവസാനിപ്പിക്കണം. 1967ലെ അതിർത്തികൾ അടിസ്ഥാനമാക്കി കിഴക്കൻ ജറുസലേം തലസ്ഥാനമായി സ്വതന്ത്ര പലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമെന്നാണ് പാർട്ടിയുടെ ആവശ്യം. പലസ്തീൻ വിമോചന സംഘടനയായ പിഎൽഒയുടെ നിലപാടിനോട് ഇത് ഏറെക്കുറെ യോജിക്കുന്നു.

ഗാസ

ഗാസയിൽ ഇസ്രയേൽ നടത്തുന്ന യുദ്ധത്തെ വംശഹത്യയായാണ് ജോയിന്റ് ലിസ്റ്റ് വിശേഷിപ്പിക്കുന്നത്. സൈനിക നീക്കങ്ങൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെടുന്നു.

ഒക്ടോബർ ഏഴ് ആക്രമണം

ഹമാസ് നടത്തിയ ഒക്ടോബർ ഏഴിലെ കൂട്ടക്കൊലയെ ജോയിന്റ് ലിസ്റ്റ് ശക്തമായി അപലപിക്കുന്നു. ആക്രമണത്തെ അപലപിക്കാത്ത രീതിയിൽ ലേഖനം പ്രസിദ്ധീകരിച്ചതിൽ ബലാദ് നേതാവ് അബു ഷെഹാദെ പിന്നീട് ഖേദം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഹമാസ് ഭീകരസംഘടനയാണോ?

ഹമാസിനെ ഭീകരസംഘടനയായി ഔദ്യോഗികമായി അംഗീകരിക്കാൻ ജോയിന്റ് ലിസ്റ്റ് തയ്യാറായിട്ടില്ല. എന്നാൽ സാധാരണക്കാരെ കൊലപ്പെടുത്തിയ നടപടിയെ അപലപിക്കുന്നുണ്ട്.

2026ലെ തിരഞ്ഞെടുപ്പിൽ ജോയിന്റ് ലിസ്റ്റിന്റെ ലക്ഷ്യം

നെതന്യാഹു സർക്കാരിനെ അധികാരത്തിൽനിന്ന് പുറത്താക്കുക എന്നതായിരുന്നു 2026ലെ തിരഞ്ഞെടുപ്പിൽ ജോയിന്റ് ലിസ്റ്റിന്റെ പ്രധാന ലക്ഷ്യം. തീവ്രവലതുപക്ഷ നിലപാടുള്ള ദേശീയ സുരക്ഷാ മന്ത്രി ഇതാമർ ബെൻ ഗ്വിറിനെ അധികാരത്തിൽനിന്ന് നീക്കുന്നതിനും പാർട്ടി പ്രത്യേക പ്രാധാന്യം നൽകി.

അറബ് സമൂഹത്തിൽ വർധിച്ചുവരുന്ന അക്രമസംഭവങ്ങൾക്കും കുറ്റകൃത്യങ്ങൾക്കും ബെൻ ഗ്വിറിന്റെ നയങ്ങളാണ് കാരണമെന്ന് ജോയിന്റ് ലിസ്റ്റ് നേതാക്കൾ ആരോപിക്കുന്നു. ഗാസയിലും വെസ്റ്റ് ബാങ്കിലും നെതന്യാഹു സർക്കാർ സ്വീകരിക്കുന്ന നിലപാടുകളും ചേർന്നതോടെ സർക്കാരിനെ പുറത്താക്കാൻ ലഭ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിക്കുമെന്ന് ജബാരീൻ വ്യക്തമാക്കിയിരുന്നു.

ഐസൻകോട്ട് നേതൃത്വം നൽകുന്ന ന്യൂനപക്ഷ സർക്കാരിന് പാർലമെന്റിൽ പുറത്തുനിന്നുള്ള പിന്തുണ നൽകാമെന്നും ജോയിന്റ് ലിസ്റ്റ് അറിയിച്ചിട്ടുണ്ട്. സർക്കാരിൽ ഔദ്യോഗികമായി ചേരാതെ തന്നെ അതിന്റെ രൂപീകരണത്തിനും നിലനിൽപ്പിനും പിന്തുണ നൽകുന്ന രീതിയാണിത്. എന്നാൽ അറബ് സമൂഹത്തിലെ കുറ്റകൃത്യങ്ങൾ തടയുന്നതിനും പലസ്തീൻ വിഷയത്തിലും അനുകൂലമായ ഉറപ്പുകൾ ലഭിക്കണമെന്ന നിബന്ധനയും പാർട്ടി മുന്നോട്ടുവച്ചിട്ടുണ്ട്.

ഐസൻകോട്ട് പക്ഷവുമായി യോജിക്കുന്ന വിഷയങ്ങൾ

നെതന്യാഹുവിന്റെ തീവ്രവലതുപക്ഷ സർക്കാരിനെ അധികാരത്തിൽനിന്ന് മാറ്റണമെന്ന കാര്യത്തിൽ ജോയിന്റ് ലിസ്റ്റിനും ഐസൻകോട്ട് പക്ഷത്തിനും ഒരേ നിലപാടാണ്.

ഇസ്രയേലിലെ ജനാധിപത്യ സ്ഥാപനങ്ങളെ സംരക്ഷിക്കുക, നെതന്യാഹു സർക്കാർ നടപ്പാക്കിയ നീതിന്യായ വ്യവസ്ഥയിലെ മാറ്റങ്ങളിൽ ചിലത് തിരുത്തുക, ഒക്ടോബർ ഏഴ് ആക്രമണവുമായി ബന്ധപ്പെട്ട് കക്ഷിരാഷ്ട്രീയ സ്വാധീനമില്ലാത്ത ഔദ്യോഗിക അന്വേഷണ കമ്മിഷൻ രൂപീകരിക്കുക തുടങ്ങിയ വിഷയങ്ങളിലും ഇരുവിഭാഗങ്ങൾക്കും പൊതുവായ താൽപര്യമുണ്ട്.

അറബ് സമൂഹത്തിലെ വർധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ തടയുക, അറബ് മുനിസിപ്പാലിറ്റികളിൽ സർക്കാർ സേവനങ്ങളും വികസന സൗകര്യങ്ങളും മെച്ചപ്പെടുത്തുക എന്നിവയും ഇരുപക്ഷവും പ്രാധാന്യത്തോടെ കാണുന്ന വിഷയങ്ങളാണ്.

ഐസൻകോട്ട് പക്ഷവുമായി അഭിപ്രായവ്യത്യാസങ്ങൾ

നിർബന്ധിത സൈനിക സേവനം

അറബ് പൗരന്മാർക്ക് നിർബന്ധിത സൈനിക സേവനമോ നിർബന്ധിത സിവിൽ സർവീസോ ഏർപ്പെടുത്തുന്നതിനെ ജോയിന്റ് ലിസ്റ്റ് എതിർക്കുന്നു. പൗരന്മാരുടെ അവകാശങ്ങൾ സൈനിക സേവനവുമായി ബന്ധിപ്പിക്കരുതെന്നാണ് പാർട്ടിയുടെ വാദം. എന്നാൽ എല്ലാവർക്കും ബാധകമായ നിർബന്ധിത സേവന നിയമം കൊണ്ടുവരണമെന്നാണ് ഐസൻകോട്ട് പക്ഷത്തിന്റെ നിലപാട്.

വെസ്റ്റ് ബാങ്കും പലസ്തീൻ രാഷ്ട്രവും

വെസ്റ്റ് ബാങ്കിലെ അധിനിവേശവും കുടിയേറ്റ കേന്ദ്രങ്ങളുടെ നിർമാണവും അവസാനിപ്പിച്ച് സ്വതന്ത്ര പലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമെന്നാണ് ജോയിന്റ് ലിസ്റ്റിന്റെ ആവശ്യം. എന്നാൽ ബെന്നറ്റിന്റെ ബിയാചാദ് പാർട്ടിയും ലിബർമാന്റെ യിസ്രയേൽ ബെയ്റ്റെയ്നുവും പലസ്തീൻ രാഷ്ട്ര രൂപീകരണത്തെ ശക്തമായി എതിർക്കുന്നു. വെസ്റ്റ് ബാങ്കിന്റെ ഏകദേശം 60 ശതമാനം വരുന്ന ഏരിയ സി ഇസ്രയേലിനോട് കൂട്ടിച്ചേർക്കണമെന്ന നിലപാടാണ് ഇവർക്കുള്ളത്. സർക്കാർ അംഗീകരിച്ച കുടിയേറ്റ കേന്ദ്രങ്ങളിൽ നിർമാണം തുടരുന്നതിനെ പിന്തുണയ്ക്കുന്ന ഐസൻകോട്ടിന്റെ നിലപാടുമായും ജോയിന്റ് ലിസ്റ്റിന് അഭിപ്രായവ്യത്യാസമുണ്ട്.

ഗാസയിലെ യുദ്ധം

ഗാസയിലെ ഇസ്രയേൽ സൈനിക നീക്കങ്ങളെ വംശഹത്യയായി വിശേഷിപ്പിക്കുന്ന ജോയിന്റ് ലിസ്റ്റ്, മേഖലയിൽനിന്ന് ഇസ്രയേൽ സൈന്യം പൂർണമായി പിന്മാറണമെന്നും ആവശ്യപ്പെടുന്നു. എന്നാൽ ജൂത നേതൃത്വത്തിലുള്ള പ്രതിപക്ഷ പാർട്ടികൾ പൊതുവെ ഗാസയിൽ ഇസ്രയേൽ സൈന്യം സ്വീകരിക്കുന്ന നടപടികളെ പിന്തുണയ്ക്കുന്നവരാണ്.

അധികാരത്തിലെത്തിയാൽ 18 മാസത്തിനുള്ളിൽ ഹമാസിനെ രാഷ്ട്രീയ ധാരണയിലൂടെ ആയുധം താഴെയിടാൻ പ്രേരിപ്പിക്കുമെന്നും അതിന് തയ്യാറായില്ലെങ്കിൽ സൈനികമായി നിരായുധീകരിക്കുമെന്നും ഐസൻകോട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബെന്നറ്റും ലിബർമാനും ഹമാസിനെ നിർണായകമായി പരാജയപ്പെടുത്തുന്നതിനായി വീണ്ടും സൈനിക നടപടി ആരംഭിക്കണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.

റഅം: ഭരണത്തിൽ പങ്കാളിയാകാൻ ലക്ഷ്യമിടുന്ന പാർട്ടി

നേതൃത്വം

മുൻ ദന്തഡോക്ടറും ഇമാമുമായ മൻസൂർ അബ്ബാസാണ് റഅം പാർട്ടിയുടെ നേതാവ്. 2021ൽ ഇസ്രയേലിലെ ഭരണസഖ്യത്തിൽ അംഗമായ ആദ്യ അറബ് പാർട്ടി നേതാവെന്ന ചരിത്രനേട്ടം അദ്ദേഹം സ്വന്തമാക്കിയിരുന്നു. ബെന്നറ്റ്-ലാപിഡ് സർക്കാരിന്റെ കാലത്ത് അറബ് സമൂഹത്തിന്റെ വികസനത്തിനായി അഭൂതപൂർവമായ ബഹുകോടി ഡോളറിന്റെ സാമ്പത്തിക സഹായം ഉറപ്പാക്കാനും അബ്ബാസിന് കഴിഞ്ഞിരുന്നു.

റഅമിന്റെ പ്രധാന നിലപാടുകൾ

ആശയപരമായ നിലപാട്

സാമൂഹികമായി യാഥാസ്ഥിതിക നിലപാടുകൾ പിന്തുടരുന്ന പാർട്ടിയാണ് റഅം. ഇസ്രയേലിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ തെക്കൻ വിഭാഗത്തിന്റെ രാഷ്ട്രീയ വിഭാഗമായാണ് മുമ്പ് പാർട്ടി പ്രവർത്തിച്ചിരുന്നത്.

എന്നാൽ ജൂലൈയിൽ ഇസ്‌ലാമിക് മൂവ്‌മെന്റിൽനിന്നും അതിന്റെ മാർഗനിർദേശക സമിതിയായ ശൂറ കൗൺസിലിൽനിന്നും റഅം വേർപെട്ടു. ഇതോടെ മുസ്‌ലിം ഇതര വിഭാഗങ്ങൾക്കും പാർട്ടിയിൽ പ്രവേശിക്കാനുള്ള സാധ്യത തുറന്നു.

കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയുടെ ചരിത്രത്തിലെ ആദ്യ ജൂത സ്ഥാനാർഥിയായ യോവ് സെഗലോവിറ്റ്‌സിനെയും അബ്ബാസ് ഉൾപ്പെടുത്തി. യെഷ് അതീദ് പാർട്ടി വിട്ടെത്തിയ അദ്ദേഹത്തിന് റഅം സ്ഥാനാർഥിപ്പട്ടികയിൽ രണ്ടാം സ്ഥാനമാണ് ലഭിച്ചത്. ഇസ്രയേൽ നിയമപാലന സംവിധാനത്തിലെ സേവനകാലത്തും പിന്നീട് ബെന്നറ്റ്-ലാപിഡ് സർക്കാരിൽ ഡെപ്യൂട്ടി പൊതുസുരക്ഷാ മന്ത്രിയായിരിക്കെയും അറബ് സമൂഹവുമായി അടുത്ത ബന്ധം സ്ഥാപിച്ച വ്യക്തിയാണ് സെഗലോവിറ്റ്‌സ്.

ഇസ്രയേൽ ജൂത രാഷ്ട്രമാണോ?

മറ്റ് അറബ് പാർട്ടികളിൽനിന്ന് വ്യത്യസ്തമായി ഇസ്രയേലിന്റെ ജൂത സ്വഭാവത്തെ റഅം പരസ്യമായി അംഗീകരിച്ചിട്ടുണ്ട്. അതേസമയം പലസ്തീൻ ദേശീയ സ്വത്വത്തെയും പാർട്ടി അംഗീകരിക്കുന്നു.

വെസ്റ്റ് ബാങ്ക്

1967ലെ അതിർത്തികൾ അടിസ്ഥാനമാക്കി കിഴക്കൻ ജറുസലേം തലസ്ഥാനമായി പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്ന ദ്വിരാഷ്ട്ര പരിഹാരത്തെയാണ് റഅം പിന്തുണയ്ക്കുന്നത്.

ഗാസ

ഗാസയിലെ ഇസ്രയേൽ സൈനിക നീക്കങ്ങൾ അവസാനിപ്പിക്കണമെന്ന് റഅം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ അവയെ വംശഹത്യയായി പാർട്ടി ഔദ്യോഗികമായി വിശേഷിപ്പിച്ചിട്ടില്ല.

ഒക്ടോബർ ഏഴ് ആക്രമണം

ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ കൂട്ടക്കൊലയെ ഇസ്‌ലാമിന്റെ മൂല്യങ്ങൾക്ക് വിരുദ്ധമായ നടപടിയെന്ന് വിശേഷിപ്പിച്ച് റഅം ശക്തമായി അപലപിച്ചിട്ടുണ്ട്.

ഹമാസ് ഭീകരസംഘടനയാണോ?

ഹമാസിനെ നിരായുധീകരിക്കണമെന്നും അവർ നടത്തിയ കുറ്റകൃത്യങ്ങൾക്ക് ഉത്തരവാദികളാക്കണമെന്നും റഅം ആവശ്യപ്പെടുന്നു. എന്നാൽ ഹമാസിനെ ഭീകരസംഘടനയായി അംഗീകരിക്കാൻ പാർട്ടി തയ്യാറായിട്ടില്ല.

2026ലെ തിരഞ്ഞെടുപ്പിൽ റഅമിന്റെ ലക്ഷ്യം

സർക്കാരിൽ വീണ്ടും പങ്കാളിയാകുക, അറബ് സമൂഹത്തിനായി കൂടുതൽ വികസന നിക്ഷേപം ഉറപ്പാക്കുക എന്നിവയായിരുന്നു തിരഞ്ഞെടുപ്പിൽ റഅമിന്റെ പ്രധാന ലക്ഷ്യങ്ങൾ. സംഘടിത കുറ്റകൃത്യങ്ങൾ തടയുക, ഭവനസൗകര്യങ്ങൾ, അടിസ്ഥാനസൗകര്യങ്ങൾ, സാമ്പത്തിക അവസരങ്ങൾ എന്നിവ മെച്ചപ്പെടുത്തുക തുടങ്ങിയ വിഷയങ്ങൾക്കും പാർട്ടി പ്രാധാന്യം നൽകി.

ഹദാഷ്, തഅൽ, ബലാദ് എന്നിവ ചേർന്ന് പുനഃസംഘടിപ്പിച്ച ജോയിന്റ് ലിസ്റ്റിൽ ചേരാൻ റഅം തയ്യാറായിരുന്നില്ല. പകരം സ്വതന്ത്രമായി മത്സരിക്കുകയും ജൂത നേതൃത്വത്തിലുള്ള പ്രതിപക്ഷ പാർട്ടികളുമായി സഹകരിക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കുകയും ചെയ്തു.

2021-22ലെ ബെന്നറ്റ്-ലാപിഡ് സർക്കാരിൽ പങ്കാളിയായ അനുഭവം ചൂണ്ടിക്കാട്ടിയ മൻസൂർ അബ്ബാസ്, പ്രതിപക്ഷത്ത് തുടരുന്നതിനേക്കാൾ ഭരണത്തിന്റെ ഭാഗമാകുമ്പോഴാണ് അറബ് പൗരന്മാർക്ക് കൂടുതൽ നേട്ടങ്ങൾ കൈവരിക്കാനാകുകയെന്ന് വാദിച്ചു.

ഐസൻകോട്ട് പക്ഷവുമായി റഅമിനുള്ള യോജിപ്പുകൾ

നെതന്യാഹു സർക്കാരിനെ മാറ്റുക, പൊതുസുരക്ഷ മെച്ചപ്പെടുത്തുക, അറബ് സമൂഹത്തിലെ വർധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ തടയാൻ നിയമപാലന സംവിധാനങ്ങൾ ശക്തിപ്പെടുത്തുക തുടങ്ങിയ വിഷയങ്ങളിൽ റഅമിനും ഐസൻകോട്ട് പക്ഷത്തിനും പൊതുവായ താൽപര്യമുണ്ട്.

ജനാധിപത്യ സ്ഥാപനങ്ങളുടെ സംരക്ഷണം, അറബ്-ജൂത ബന്ധങ്ങൾ മെച്ചപ്പെടുത്തൽ, വികസനത്തിൽ പിന്നാക്കം നിൽക്കുന്ന അറബ് മുനിസിപ്പാലിറ്റികളിൽ കൂടുതൽ നിക്ഷേപം നടത്തൽ തുടങ്ങിയ കാര്യങ്ങളിലും ഇരുപക്ഷവും പൊതുവെ യോജിക്കുന്നു.

അഭിപ്രായവ്യത്യാസങ്ങൾ എവിടെയെല്ലാം?

നിർബന്ധിത സേവനം

അറബ് പൗരന്മാർക്ക് നിർബന്ധിത സൈനിക സേവനം ഏർപ്പെടുത്തുന്നതിനെ ജോയിന്റ് ലിസ്റ്റിനെപ്പോലെ റഅമും എതിർക്കുന്നു. എന്നാൽ അറബ് യുവാക്കളുടെ ആവശ്യങ്ങളും ഇസ്രയേലിലെ പൊതുസമൂഹത്തിന്റെ പ്രതീക്ഷകളും ഒരുപോലെ പരിഗണിക്കുന്ന സിവിൽ സർവീസ് പദ്ധതി രൂപീകരിക്കാൻ തയ്യാറാണെന്ന് മൻസൂർ അബ്ബാസ് വ്യക്തമാക്കിയിട്ടുണ്ട്.

ഇത് നിർബന്ധിതമാകണമോ സ്വമേധയാ സ്വീകരിക്കാവുന്നതാകണമോ എന്ന കാര്യത്തിൽ മുമ്പ് അദ്ദേഹം വ്യക്തത വരുത്തിയിരുന്നില്ല. പിന്നീട് സ്വമേധയാ സേവനം തിരഞ്ഞെടുക്കുന്ന രീതിയെയാണ് പിന്തുണയ്ക്കുന്നതെന്ന് വ്യക്തമാക്കുകയും ചെയ്തു.

വെസ്റ്റ് ബാങ്ക്

വെസ്റ്റ് ബാങ്ക് നയത്തിൽ ഐസൻകോട്ട്, ബെന്നറ്റ്, ലിബർമാൻ എന്നിവരുടെ നിലപാടുകളോട് റഅമിന് വിയോജിപ്പുണ്ട്. എന്നാൽ പലസ്തീൻ വിഷയത്തിലെ അഭിപ്രായവ്യത്യാസങ്ങൾ അറബ് പൗരന്മാരെ ബാധിക്കുന്ന മറ്റ് വിഷയങ്ങളിലെ സഹകരണത്തിന് തടസ്സമാകരുതെന്നാണ് അബ്ബാസിന്റെ നിലപാട്.

ഗാസ

ഗാസയിലെ ഇസ്രയേൽ സൈനിക നീക്കങ്ങളെ റഅം തുടർച്ചയായി എതിർത്തിട്ടുണ്ട്. പലസ്തീൻ രാഷ്ട്ര രൂപീകരണത്തെ അടിസ്ഥാനമാക്കിയുള്ള നയതന്ത്ര പരിഹാരമാണ് പാർട്ടി ആവശ്യപ്പെടുന്നത്.

എന്നാൽ മറ്റ് അറബ് പാർട്ടി നേതാക്കളിൽനിന്ന് വ്യത്യസ്തമായി ഗാസ യുദ്ധത്തെ രാഷ്ട്രീയ തന്ത്രത്തിന്റെ പ്രധാന വിഷയമാക്കാൻ അബ്ബാസ് പൊതുവെ തയ്യാറായിട്ടില്ല. പകരം ജൂത സഖ്യകക്ഷികളുമായി പൊതുവായ താൽപര്യങ്ങളിൽ പ്രായോഗിക സഹകരണം ഉറപ്പാക്കുന്നതിനാണ് അദ്ദേഹം കൂടുതൽ പ്രാധാന്യം നൽകുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img