
സ്വർണവിലയിലുണ്ടായ വൻ ഇടിവിന് പിന്നാലെ ബാങ്കുകളുടെയും ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെയും (എൻബിഎഫ്സി) ഗോൾഡ് ലോണുകളിൽ നിരീക്ഷണം ശക്തമാക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). സ്വർണത്തിന്റെ വിലയിടിവ് വായ്പകളുടെ മൂല്യവും പണയസ്വർണത്തിന്റെ നിലവിലെ വിപണിമൂല്യവും തമ്മിലുള്ള അനുപാതമായ ലോൺ ടു വാല്യൂ (എൽടിവി) ഗണ്യമായി ഉയരാൻ ഇടയാക്കിയതാണ് കേന്ദ്ര ബാങ്കിന്റെ ആശങ്കയ്ക്ക് കാരണം.
ഏകദേശം 18 മാസം മുമ്പ് സ്വർണവില റെക്കോർഡ് ഉയരത്തിലെത്തിയ സമയത്ത് ഗോൾഡ് ലോൺ വായ്പകളിലെ എൽടിവി അനുപാതം 70 മുതൽ 80 ശതമാനം വരെയായിരുന്നു. എന്നാൽ സമീപകാലത്തെ കനത്ത വിലയിടിവോടെ ചില വായ്പകളിൽ ഈ അനുപാതം 100 ശതമാനം വരെ കടന്നതായി ഗോൾഡ് ലോൺ മേഖലയിലെ മുതിർന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
വായ്പയെടുത്തയാൾ തിരിച്ചടവ് മുടക്കുകയും പണയസ്വർണം ലേലം ചെയ്യേണ്ടിവരികയും ചെയ്താൽ വായ്പാത്തുക പൂർണമായി തിരിച്ചുപിടിക്കാൻ കഴിയാത്ത സാഹചര്യം ഇതിലൂടെ ഉണ്ടാകാം. എൽടിവി 100 ശതമാനത്തിന് മുകളിലുള്ള വായ്പകളിൽ സ്വർണം ലേലം ചെയ്താലും വായ്പാത്തുക പൂർണമായി ലഭിക്കണമെന്നില്ല. നിലവിൽ ഇത് ധനകാര്യ സ്ഥാപനങ്ങളുടെ ആസ്തി ഗുണനിലവാരത്തെ നേരിട്ട് ബാധിച്ചിട്ടില്ലെങ്കിലും വരുമാനത്തെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. സ്വർണവില വേഗത്തിൽ തിരിച്ചുകയറിയില്ലെങ്കിൽ ഭാവിയിൽ കിട്ടാക്കടം സംബന്ധിച്ച ആശങ്കകളും ഉയർന്നേക്കാം.
ഗോൾഡ് ലോൺ വളർച്ചയിൽ പ്രതിപക്ഷം ആശങ്ക നേരത്തേ ഉയർത്തി
2024നെ അപേക്ഷിച്ച് 2025ൽ ഗോൾഡ് ലോൺ വളർച്ച 126 ശതമാനമാണ്. ഇത് ചൂണ്ടിക്കാട്ടി ഇന്ത്യൻ പാർലമെന്റിൽ വലിയ വിമർശനം ഉയർത്തിയിരുന്നു. ഇത് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയല്ല എന്നായിരുന്നു പ്രതിപക്ഷം ചൂണ്ടിക്കാട്ടിയത്. ഗോൾഡ് ലോൺ എടുത്തിട്ടുള്ളവരിൽ 23 ശതമാനം ആളുകൾക്കും ഭവന വായ്പ ഉൾപ്പെടെ മറ്റ് ലോണുകൾ ഉണ്ടെന്നും അവയുടെ തിരിച്ചടവുകൾ മുടങ്ങിയിരിക്കുകയാണ് എന്നുമാണ് റിപ്പോർട്ട്. പലരും ഗോൾഡ് ലോൺ എടുക്കുന്നത് തന്നെ ഇത്തരം മുടങ്ങിയ തിരിച്ചടവുകളിൽ കുറച്ചെങ്കിലും അടയ്ക്കാനായാണ്. എന്നാൽ, സ്വർണത്തിന് വില കുത്തനെ ഇടിഞ്ഞതോടെ പലരുടെയും സ്വർണ വായ്പയേക്കാൾ കുറഞ്ഞ തുകയാണ് സ്വർണത്തിന് എന്ന സ്ഥിതിയിലെത്തി. ഇതോടെ കൂടുതൽ പണം നൽകി സ്വർണ പണയം തിരിച്ചെടുക്കാൻ ആളുകൾ തയ്യാറാകില്ലെന്നും ഇത് ഗോൾഡ് ലോൺ സ്ഥാപനങ്ങളുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുമെന്നും ധനകാര്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
45 ദിവസമായി നിരീക്ഷണം ശക്തം
കഴിഞ്ഞ ഏതാനും മാസങ്ങളായി സ്വർണവിലയിൽ വലിയ തിരുത്തലാണ് ഉണ്ടായത്. മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിന്റെ കണക്കുകൾ പ്രകാരം നവംബർ 20ന് പത്ത് ഗ്രാം സ്വർണത്തിന്റെ വില ഏകദേശം 1.2 ലക്ഷം രൂപയിലേക്ക് താഴ്ന്നു. ജനുവരിയിൽ രേഖപ്പെടുത്തിയ 1.8 ലക്ഷം രൂപയ്ക്ക് മുകളിലുള്ള റെക്കോർഡ് നിരക്കിൽനിന്ന് 32 ശതമാനത്തിലേറെ ഇടിവാണിത്. 14 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്കാണ് വില എത്തിയത്.
കഴിഞ്ഞ 30–45 ദിവസമായി ഗോൾഡ് ലോൺ വായ്പകളുടെ നിരീക്ഷണം ആർബിഐ കൂടുതൽ ശക്തമാക്കിയെന്നാണ് റിപ്പോർട്ട്. പ്രതിമാസ കണക്കെടുപ്പിന് പകരം കൂടുതൽ ഇടവേളകളിൽ വായ്പാ പോർട്ട്ഫോളിയോയുടെ വിവരങ്ങൾ സമർപ്പിക്കാൻ പ്രമുഖ എൻബിഎഫ്സികളോട് കേന്ദ്ര ബാങ്ക് ആവശ്യപ്പെട്ടതായാണ് സൂചന. ഗോൾഡ് ലോൺ മേഖലയ്ക്ക് അടുത്ത രണ്ട് മൂന്ന് പാദങ്ങൾ വെല്ലുവിളി നിറഞ്ഞതാകാമെന്നാണ് വ്യവസായ രംഗത്തുള്ളവരുടെ വിലയിരുത്തൽ.
ചില സ്ഥാപനങ്ങളിൽ വായ്പാ സമ്മർദം
നിലവിൽ ഗോൾഡ് ലോൺ സ്ഥാപനങ്ങളുടെ ആസ്തി ഗുണനിലവാരവും സാമ്പത്തിക നിലയും പൊതുവേ സ്ഥിരമാണെങ്കിലും സെപ്റ്റംബർ പാദത്തിലെ കണക്കുകളിൽ ചില സ്ഥാപനങ്ങളിൽ സമ്മർദത്തിന്റെ സൂചനകൾ പ്രകടമായിട്ടുണ്ട്. സ്വർണവിലയിലുണ്ടായ ഇടിവിനൊപ്പം ഉപഭോക്താക്കളുടെ തിരിച്ചടവ് രീതിയിലുണ്ടായ മാറ്റവും ഇതിന് കാരണമായി.
ദീർഘകാലാവധിയിൽ ഒറ്റത്തവണയായി തിരിച്ചടയ്ക്കാവുന്ന ബുള്ളറ്റ് റീപേയ്മെന്റ് രീതിയിൽനിന്ന് പ്രതിമാസ തവണകളായി തിരിച്ചടയ്ക്കുന്ന ഇഎംഐ സംവിധാനത്തിലേക്ക് ചില വായ്പാദാതാക്കൾ മാറിയതും ഇതിന്റെ ഭാഗമാണ്.
ബജാജ് ഫിനാൻസാണ് ഗോൾഡ് ലോൺ വായ്പകളിലെ ഈ പ്രവണത ആദ്യം ചൂണ്ടിക്കാട്ടിയ എൻബിഎഫ്സികളിലൊന്ന്. സ്ഥാപനത്തിന്റെ സ്റ്റേജ് 2 ഗോൾഡ് ലോൺ വായ്പകൾ ഒരു വർഷത്തിനിടെ 0.65 ശതമാനത്തിൽനിന്ന് 4.51 ശതമാനമായി ഉയർന്നു. രാജ്യത്തെ ഏറ്റവും വലിയ ഗോൾഡ് ലോൺ സ്ഥാപനമായ മുത്തൂറ്റ് ഫിനാൻസിന്റെ സ്റ്റേജ് 2 വായ്പാ ആസ്തി 2026 സെപ്റ്റംബർ അവസാനത്തോടെ 23,466 കോടി രൂപയായി. 2025 സെപ്റ്റംബറിൽ ഇത് 534 കോടി രൂപയായിരുന്നു.
പുതിയ വായ്പാ ചട്ടങ്ങളും തിരിച്ചടിയാകുന്നു
2026 ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ വന്ന പുതിയ ഗോൾഡ് ലോൺ വായ്പാ ചട്ടങ്ങളും മേഖലയിലെ സമ്മർദം വർധിപ്പിക്കുന്ന ഘടകമായി വിലയിരുത്തപ്പെടുന്നു. പഴയ ചട്ടപ്രകാരം നിലവിലുള്ള വായ്പ പൂർണമായി തിരിച്ചടയ്ക്കാത്ത സാഹചര്യത്തിലും അതേ പണയസ്വർണത്തിന്റെ അടിസ്ഥാനത്തിൽ ടോപ്-അപ്പ് വായ്പകൾ അനുവദിക്കാൻ ധനകാര്യ സ്ഥാപനങ്ങൾക്ക് സാധിച്ചിരുന്നു.
എന്നാൽ പുതിയ ചട്ടങ്ങൾ പ്രകാരം നിലവിലുള്ള വായ്പയുടെ ഇഎംഐ ബാധ്യതകൾ പൂർത്തിയാക്കാതെ അതേ സ്വർണം ഈടായി നൽകി പുതിയ വായ്പ അനുവദിക്കാൻ കഴിയില്ല. ഇതോടെ നിലവിലെ വായ്പ നിലനിൽക്കെ അധിക തുക അനുവദിക്കുന്നതിനും വായ്പ പുതുക്കി നൽകുന്നതിനുമുള്ള സാധ്യതകൾ പരിമിതമായി.
പരമ്പരാഗതമായി ഇഎംഐ അടിസ്ഥാനത്തിലുള്ള വായ്പാ രീതിക്ക് പകരം ഒറ്റത്തവണ തിരിച്ചടവ് സംവിധാനത്തെ ആശ്രയിച്ചിരുന്ന ഗോൾഡ് ലോൺ മേഖലയ്ക്ക് പുതിയ മാറ്റം വെല്ലുവിളിയാണ്. സ്വർണവിലയിലുണ്ടായ ഇടിവിനൊപ്പം വായ്പാ തിരിച്ചടവ് രീതിയിലുണ്ടായ മാറ്റവും നിലവിലെ പ്രതിസന്ധി രൂക്ഷമാക്കാമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
ഗോൾഡ് ലോൺ വിപണി അതിവേഗ വളർച്ചയിൽ
അതേസമയം, ഗോൾഡ് ലോൺ വിപണി രാജ്യത്ത് അതിവേഗം വളരുന്ന സാഹചര്യത്തിലാണ് ആർബിഐയുടെ കൂടുതൽ നിരീക്ഷണം. കേന്ദ്ര ബാങ്കിന്റെ കണക്കുകൾ പ്രകാരം സെപ്റ്റംബറിൽ സ്വർണം പണയപ്പെടുത്തിയുള്ള വായ്പകൾ 3.74 ലക്ഷം കോടി രൂപയിലെത്തി. മുൻവർഷത്തെ അപേക്ഷിച്ച് 66.1 ശതമാനമാണ് വർധന.
എൻബിഎഫ്സികളുടെ വായ്പാ വളർച്ചയിൽ ഗോൾഡ് ലോണുകൾക്ക് നിർണായക സ്ഥാനമാണുള്ളത്. സ്വർണം ഈടായി ലഭിക്കുന്നതിനാൽ താരതമ്യേന സുരക്ഷിതമായ വായ്പാ മേഖലയെന്ന നിലയിൽ പിരാമൽ ഫിനാൻസ്, ടാറ്റ ക്യാപിറ്റൽ, ഗോദ്റെജ് ക്യാപിറ്റൽ തുടങ്ങിയ പുതിയ സ്ഥാപനങ്ങളും ഈ രംഗത്തേക്ക് കടന്നുവന്നിട്ടുണ്ട്.
ഇതിനിടെ മുത്തൂറ്റ് ഫിനാൻസ്, മണപ്പുറം ഫിനാൻസ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങൾ ഉൾപ്പെടുന്ന ഫെഡറേഷൻ ഓഫ് ഗോൾഡ് ലോൺ കമ്പനീസ് (FGLOC) ചില ആവശ്യങ്ങൾ മുന്നോട്ടുവച്ചിട്ടുണ്ട്. മറ്റ് എൻബിഎഫ്സികൾക്ക് സമാനമായി ടയർ-1 മൂലധന ആവശ്യകതകൾ കുറയ്ക്കുക, മുൻഗണനാ മേഖലാ വായ്പാ (PSL) വിഭാഗത്തിൽ ഗോൾഡ് ലോണുകളെ വീണ്ടും ഉൾപ്പെടുത്തുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങൾ.
സ്വർണവിലയിലെ ചാഞ്ചാട്ടം, പുതിയ വായ്പാ ചട്ടങ്ങൾ, തിരിച്ചടവ് രീതിയിലെ മാറ്റം എന്നിവ ഒരേസമയം ഗോൾഡ് ലോൺ മേഖലയെ സ്വാധീനിക്കുന്ന സാഹചര്യത്തിൽ വരും മാസങ്ങളിലെ സാമ്പത്തിക ഫലങ്ങൾ നിർണായകമാകും.










