09:25pm 05 November 2026
NEWS
അഗ്നിവീറുകൾക്ക് വിവാഹം കഴിക്കാൻ ഇളവുണ്ടാകുമോ? പുതിയ നിർദേശം പരിഗണനയിൽ
05/11/2026  08:25 PM IST
nila
അഗ്നിവീറുകൾക്ക് വിവാഹം കഴിക്കാൻ ഇളവുണ്ടാകുമോ? പുതിയ നിർദേശം പരിഗണനയിൽ

 

ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിയിൽ നിയമിതരാകുന്ന അഗ്നിവീറുകൾക്ക് വിവാഹ കാര്യത്തിൽ കൂടുതൽ ഇളവുകൾ അനുവദിക്കുന്നതിനെക്കുറിച്ച് ആലോചനയുമായി സായുധ സേന. ആദ്യ നാല് വർഷത്തെ സേവനത്തിനു ശേഷം അധികമായി അനുവദിക്കുന്ന രണ്ട് വർഷത്തെ കാലയളവിൽ വിവാഹ വിലക്കിൽ ഇളവ് നൽകാനാകുമോയെന്നാണ് പ്രതിരോധ വൃത്തങ്ങൾ പരിശോധിക്കുന്നത്.

നിലവിലെ ചട്ടപ്രകാരം അഗ്നിവീറുകൾക്ക് ആദ്യ നാല് വർഷത്തെ സേവന കാലയളവിൽ വിവാഹം കഴിക്കാൻ അനുവാദമില്ല. സൈനിക പരിശീലനത്തിലും പ്രവർത്തന ചുമതലകളിലും അച്ചടക്കത്തിലും പൂർണ ശ്രദ്ധ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

എന്നാൽ, 17.5 മുതൽ 21 വയസ്സ് വരെ പ്രായമുള്ളവരാണ് അഗ്നിവീർ പദ്ധതിയിലൂടെ സേനയിൽ പ്രവേശിക്കുന്നത്. നാല് വർഷത്തെ പ്രാഥമിക സേവനവും തുടർന്ന് ലഭിക്കുന്ന രണ്ട് വർഷത്തെ അധിക സേവനവും പൂർത്തിയാകുമ്പോഴേക്കും ഇവരിൽ പലരും ഇരുപതുകളുടെ അവസാനത്തിലേക്ക് കടക്കും. ഈ പ്രായത്തിൽ വിവാഹവും കുടുംബജീവിതവും സംബന്ധിച്ച തീരുമാനങ്ങൾ പ്രധാനമാകുന്നത് കണക്കിലെടുത്താണ് നിയന്ത്രണങ്ങളിൽ ഇളവ് നൽകുന്നതിനെക്കുറിച്ച് ആലോചന നടക്കുന്നത്.

ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ എൻ.എസ്. രാജ സുബ്രഹ്മണി പ്രഖ്യാപിച്ച പരിഷ്കരിച്ച ചട്ടക്കൂട് പ്രകാരം, അഗ്നിവീറുകളിൽ 25 ശതമാനം പേരെ സ്ഥിരം സൈനിക സേവനത്തിലേക്ക് നിലനിർത്തും. ശേഷിക്കുന്ന 75 ശതമാനം പേർക്ക് രണ്ട് വർഷം കൂടി സേവനത്തിന് അവസരം ലഭിക്കും. ഈ കാലയളവ് പൂർത്തിയാക്കുന്നവരെ അവരുടെ താൽപ്പര്യവും സായുധ സേനയുടെ വിലയിരുത്തലും അടിസ്ഥാനമാക്കി സ്ഥിരം കേഡറിലേക്ക് വീണ്ടും പരിഗണിക്കാനും വ്യവസ്ഥയുണ്ട്.

അതേസമയം, വിവാഹ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതുൾപ്പെടെയുള്ള കുടുംബപരമായ ആനുകൂല്യങ്ങൾ സംബന്ധിച്ച് ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും നിലവിലെ വിലക്ക് പിൻവലിച്ചിട്ടില്ല. പുതിയ നയവും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ആദ്യ നാല് വർഷത്തെ സേവനത്തിനിടയിലെ വിവാഹ വിലക്ക് തുടരും. അധിക രണ്ട് വർഷത്തെ സേവന കാലയളവിൽ വിവാഹത്തിന് അനുമതി നൽകണമോയെന്ന കാര്യത്തിൽ സായുധ സേനയുടെ അന്തിമ തീരുമാനത്തിനായി കാത്തിരിക്കണം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img