
ദോഹ: രാജ്യത്തെ സ്വകാര്യ മേഖലയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും സാമ്പത്തിക വളർച്ചയ്ക്ക് ആക്കം കൂട്ടുന്നതിനുമായി പ്രമുഖ ബിസിനസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി ഖത്തർ വാണിജ്യ-വ്യവസായ മന്ത്രി ശൈഖ് ഫൈസൽ ബിൻ താനി ബിൻ ഫൈസൽ അൽ താനി. ഖത്തർ ചേംബർ, ഖത്തറി ബിസിനസ്മെൻ അസോസിയേഷൻ എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥർ വ്യാഴാഴ്ച ദോഹയിൽ നടന്ന ചർച്ചയിൽ പങ്കെടുത്തു.
നിലവിൽ സ്വകാര്യ കമ്പനികൾ നേരിടുന്ന പ്രധാന തടസ്സങ്ങളും അവ മറികടക്കാനുള്ള നിർദ്ദേശങ്ങളും ഗൗരവമായി ചർച്ച ചെയ്തു.നിക്ഷേപകർക്കും കമ്പനികൾക്കും ഖത്തറിൽ ബിസിനസ്സ് ചെയ്യുന്നത് കൂടുതൽ എളുപ്പമാക്കുന്നതിനുള്ള നടപടികൾ അവലോകനം ചെയ്തു.
ഭാവിയിലെ നിയമനിർമ്മാണങ്ങളിലും നയങ്ങളിലും സ്വകാര്യ മേഖലയുടെ അഭിപ്രായങ്ങൾ കൂടി ഉൾപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു.
സാമ്പത്തിക വളർച്ചയിൽ സ്വകാര്യ മേഖലയ്ക്ക് നിർണ്ണായക പങ്ക് വഹിക്കാനുണ്ടെന്ന് മന്ത്രി ശൈഖ് ഫൈസൽ ബിൻ താനി ബിൻ ഫൈസൽ അൽ താനി പറഞ്ഞു. ബിസിനസ് നേതാക്കളുമായി നേരിട്ടുള്ള ആശയവിനിമയ ചാനലുകൾ സൃഷ്ടിക്കുന്നത് വഴി കമ്പനികളുടെ പ്രശ്നങ്ങൾ വേഗത്തിൽ മനസ്സിലാക്കാനും പരിഹരിക്കാനും സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.രാജ്യത്തെ വാണിജ്യ നിയമങ്ങളും ചട്ടങ്ങളും ആധുനികവൽക്കരിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. നടപടിക്രമങ്ങൾ ലളിതമാക്കുന്നതിലൂടെ കൂടുതൽ സംരംഭകരെ ആകർഷിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഹൈഡ്രോകാർബൺ ഇതര വരുമാന മാർഗ്ഗങ്ങൾ കണ്ടെത്തി ഖത്തറിന്റെ സമ്പദ്വ്യവസ്ഥയെ വൈവിധ്യവൽക്കരിക്കാനുള്ള ദേശീയ വികസന തന്ത്രത്തിന്റെ ഭാഗമായാണ് ഈ നീക്കങ്ങൾ.










