തിരുവിതാംകൂർ ദേവസ്വം ബോർഡിൽ എ സമ്പത്തും വിളപ്പിൽ രാധാകൃഷ്ണനും വരുമോ? വൻ അഴിച്ചുപണിക്ക് ഇടതു മുന്നണി

തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും സംസ്ഥാന സർക്കാരിന്റെയും പ്രതിച്ഛായ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ ഇടതു മുന്നണിയിൽ തിരക്കിട്ട കൂടിയാലോചനകൾ. നിലവിലെ ദേവസ്വം ഭരണസമിതിയെ മാറ്റി പുതിയ ഭരണസമിതിയെ അധികാരം ഏൽപ്പിക്കുന്നത് സംബന്ധിച്ചാണ് സിപിഎം - സിപിഐ പാർട്ടികൾ കൂടിയാലോചന നടത്തുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ ദേവസ്വം ബോർഡുമായി ബന്ധപ്പെട്ട വിഷയത്തിൽ പാർട്ടി ഇടപെടൽ വേണമെന്ന ആവശ്യം ശക്തമാണ്. ഇതോടെയാണ് പുതിയ ഭരണസമിതിയെ നിയമിക്കാൻ സിപിഎം ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായി നിലവിലെ ഭരണസമിതി രാജിവെച്ചൊഴിയാൻ ഉടൻ ആവശ്യപ്പെടുമെന്നും സൂചനയുണ്ട്.
2023 നവംബറിലാണ് പി എസ് പ്രശാന്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി അധികാരമേറ്റത്. നിയമം അനുസരിച്ച് ഇനി ഒരുവർഷം കൂടി കാലാവധിയുണ്ട്. അതിനു മുമ്പുതന്നെ രാജിവെക്കാനാകും സിപിഎം നിർദ്ദേശിക്കുക. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് സിപിഎം പ്രതിനിധിയാണ്. രണ്ട് ബോർഡ് മെമ്പർമാരിൽ അഡ്വ. എ. അജികുമാർ സി.പി.ഐ പ്രതിനിധിയും. മറ്റൊരു അംഗമായ സിപിഎം പ്രതിനിധി പി ഡി സന്തോഷ് കുമാർ ഈ വർഷം ജൂലൈയിലാണ് അധികാരമേറ്റത്. സന്തോഷ് കുമാറിനെ നിലനിർത്തി മറ്റു രണ്ടുപേരോടും രാജി ആവശ്യപ്പെടുന്നത് സംബന്ധിച്ചും ആലോചനയുണ്ട്.
ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് മുൻ എംപി അഡ്വ. എ സമ്പത്തിന്റെ പേരാണ് സിപിഎം നേതൃത്വത്തിന്റെ സജീവ പരിഗണനയിലുള്ളത്. മൂന്നു തവണ ആറ്റിങ്ങൽ എംപിയായിരുന്ന സമ്പത്ത് 2019 ലെ തിരഞ്ഞെടുപ്പിൽ അടൂർ പ്രകാശിനോട് പരാജയപ്പെട്ട ശേഷം ഡൽഹിയിൽ സർക്കാരിന്റെ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടിയായി കാബിനറ്റ് റാങ്കോടെ നിയമിതനായിരുന്നു. അതിനുശേഷം കെ രാധാകൃഷ്ണൻ മന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായെങ്കിലും പിന്നീട് ആ സ്ഥാനത്ത് നിന്നും നീക്കിയിരുന്നു. മന്ത്രിയുമായുള്ള അഭിപ്രായഭിന്നതയെ തുടർന്നാണ് അന്ന് മാറ്റിയതെന്നായിരുന്നു റിപ്പോർട്ടുകൾ. പ്രൈവറ്റ് സെക്രട്ടറിയായുള്ള സമ്പത്തിന്റെ നിയമനം പാർട്ടിയിൽ വലിയ ചർച്ചയായിരുന്നു. സമ്പത്തിന്റെ ആഗ്രഹപ്രകാരമാണ് നിയമനമെന്നു വിശദീകരിക്കപ്പെട്ടു.
സിപിഐ പ്രതിനിധിയായി വിളപ്പിൽ രാധാകൃഷ്ണന്റെ പേരും ഉയർന്നു കേൾക്കുന്നുണ്ട്. സിപിഐ സംസ്ഥാന കൗൺസിൽ അംഗമായ വിളപ്പിൽ രാധാകൃഷ്ണൻ നിലവിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗമാണ്.











