
ബംഗളുരു: മുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ അഭിമാന പദ്ധതികളിൽ മറ്റൊന്നാണ് മേക്കെദാട്ട് ഡാം പ്രോജക്റ്റ്. ഡി കെയുടെ മണ്ഡലമായ കനകപുരയുടെ പരിധിയിലാണ് മേക്കെദാട്ട്. കാവേരിനദി ഇടുങ്ങിയ പാറക്കെട്ടുകളിലൂടെ തമിഴ്നാട്ടിലേക്ക് ഒഴുകുന്ന മലമ്പ്രദേശം. തമിഴ്നാട് അതിർത്തിയിലേക്ക് മേക്കെദാട്ടിൽ നിന്ന് കഷ്ടിച്ച് അഞ്ചു കിലോമീറ്റർ ദൂരമേയുള്ളൂ. കാവേരിയിലെ നീരൊഴുക്ക് വര്ഷങ്ങളോളം കർണാടകവും തമിഴ്നാടും തമ്മിലുള്ള തർക്കത്തിനും ശക്തമായ പ്രതിഷേധത്തിനും കാരണമായിട്ടുള്ള വിഷയമാണ്. സെൻട്രൽ വാട്ടർ കമ്മീഷനും കാവേരി വാട്ടർ മാനേജ്മെന്റ് അതോറിറ്റിയ്ക്കും അന്തിമ തീരുമാനം എടുക്കാനുള്ള അധികാരം നൽകുന്ന 2018 ലെ സുപ്രീംകോടതിവിധി വന്നതോടെയാണ് ഈ മേഖലയെ പ്രശ്ന സങ്കീർണ്ണമാക്കിയിരുന്ന തർക്കങ്ങൾക്ക് ഒരു പരിധിവരെ പരിഹാരമുണ്ടായത്. മേൽത്തട്ട് പ്രദേശമായ കർണാടകത്തിന് കുടിവെള്ളത്തിന്റെ ആവശ്യത്തിന് ചെറിയ അണ കെട്ടാമെന്ന് വിധിയിൽ പരാമർശമുണ്ട്. അതുപ്രകാരമാണ് ബംഗളുരുവിലേക്ക് 4.75 ടി എം സി കുടിവെള്ളം കൊണ്ടുപോകാൻ കഴിയുന്ന വിധം മേക്കെദാട്ടിൽ 67.16 ടി എം സി ജലസംഭരണ ശേഷിയുള്ള അണകെട്ടാനുള്ള പദ്ധതിയുമായി കർണാടകം മുന്നോട്ട് പോകുന്നത്. ഈ സംരംഭത്തിന്റെ ഭാഗമായി 400 മെഗാവാട്ട് വൈദ്യുതി ഉൾപ്പാദിപ്പിക്കാനും കഴിയും. 2018 ൽ സെൻട്രൽ വാട്ടർ കമ്മീഷന് സമർപ്പിച്ച ഈ പ്രൊജക്ടിന്റെ ഡി പി ആറിന് 2021 ൽ അനുമതി ലഭിച്ചിരുന്നു. മറ്റു ചില അനുമതികളും വേണ്ടിയിരുന്നു. 2023 ൽ ഉപമുഖ്യമന്ത്രിയായ ഡി കെ ജലവിഭവ വകുപ്പ് ചോദിച്ചു വാങ്ങിയത് മേക്കെദാട്ട് പദ്ധതി മുന്നിൽ കണ്ടാണ്. അദ്ദേഹം അതിനായുള്ള നീക്കം ശക്തമാക്കി. എന്നാൽ തമിഴ്നാട് ഭരിച്ച ഡിഎംകെ ഗവണ്മെന്റ് എന്നപോലെ തുടർന്ന് അധികാരത്തിൽ വന്ന വിജയ് ഗവണ്മെന്റും മേക്കെദാട്ട് പദ്ധതിയ്‌ക്ക് എതിരാണ്. മേക്കെദാട്ടിൽ കർണാടകം അണ കെട്ടിയാൽ കാവേരിയിലെ നീരൊഴുക്ക് തടസ്സപ്പെട്ട് തമിഴ്നാട്ടിൽ ജലക്ഷാമവും കൃഷിനാശവും ഉണ്ടാകുമെന്നാണ് തമിഴ്നാടിന്റെ വാദം. എന്നാൽ സുപ്രീംകോടതി ഉത്തരവ് പ്രകാരം കർണാടകയ്ക്ക് അണക്കെട്ട് നിർമ്മാണവുമായി മുന്നോട്ടുപോകാൻ സാധിക്കും. നിയമാനുസൃതമായ അനുമതികൾ വാങ്ങണമെന്നുമാത്രം. പക്ഷെ തമിഴ്നാട് എതിർപ്പ് രൂക്ഷമാക്കുന്നു. സംസ്ഥാന നിയമസഭ ഈയ്യിടെ മേക്കെദാട്ട് പദ്ധതിയ്ക്കെതിരെ പ്രമേയം പാസ്സാക്കിയിരുന്നു. എന്നാൽ കർണാടക മുഖ്യമന്ത്രി ഡി കെയും ജലവിഭവശേഷി മന്ത്രി രാമലിംഗറെഡ്ഢിയും പദ്ധതിയുമായി മുന്നോട്ട് പോവുകയാണ്. തമിഴ്നാട്ടിലെ കർഷക കൂട്ടായ്മയുടെ പ്രതിനിധികൾ ഇക്കഴിഞ്ഞ ദിവസം മേക്കെദാട്ട് സന്ദർശിച്ച് കർണാടകം അടിസ്ഥാന നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചതിന്റെ തെളിവുകൾ പുറത്തുവിട്ടിരുന്നു. അണക്കെട്ട് പണിയാൻ കർണാടകത്തിന് അന്തിമാനുമതി ലഭിച്ചിട്ടില്ലെന്നാണ് തമിഴ്നാടിന്റെ നിലപാട്. കർണാടകവും തമിഴ്നാടും തമ്മിലുള്ള പുതിയ ഉരസലിന് മേക്കെദാട്ട് കാരണമായേക്കും.
Photo Courtesy - Google










