
കേരളത്തിൽ അഞ്ചു വർഷത്തിനിടെ ആനകൾ കൊലപ്പെടുത്തിയത് 131 പേരെ. ഇവരിൽ 111 പേരെ കാട്ടാനകളാണ് കൊലപ്പെടുത്തിയത്. 20 പേരുടെ ജീവൻ നഷ്ടപ്പെട്ടതാകട്ടെ നാട്ടാനകളുടെ ആക്രമണത്തിലും. 2020 ജനുവരിമുതൽ 2025 ജനുവരിവരെ ആനകൾ കൊലപ്പെടുത്തിയ മനുഷ്യരുടെ കണക്കാണിത്.
പാലക്കാട് ജില്ലയിലാണ് കാട്ടാനകളുടെ ആക്രമണത്തിൽ ഏറ്റവുംകൂടുതൽ പേർ മരിച്ചത്. അഞ്ചു വർഷത്തിനിടെ പാലക്കാട് ജില്ലയിൽ മാത്രം കാട്ടാനകളുടെ ആക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടു. ഇടുക്കിയിൽ 23-ഉം വയനാട്ടിൽ 20-ഉം പേർ മരിച്ചു. പത്തു ജില്ലകളിലാണ് ദുരന്തങ്ങളുണ്ടായത്. നാട്ടാനകളുടെ ആക്രമണത്തിലും ഏറ്റവും കൂടുതൽ ആളുകൾ കൊല്ലപ്പെട്ടതും പാലക്കാട്ടാണ്. അഞ്ചുപേരാണ് നാട്ടാനകളുടെ ആക്രമണത്തിൽ ഇവിടെ കൊല്ലപ്പെട്ടത്.
കാട്ടാന ആക്രമണത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് ഈ കാലയളവിൽ വനംവകുപ്പ് 9.53 കോടി രൂപ നഷ്ടപരിഹാരം നൽകി. എന്നാൽ നാട്ടാനകളുടെ ആക്രമണംമൂലം ജീവഹാനി സംഭവിക്കുന്നവർക്ക് സർക്കാർ സാമ്പത്തികസഹായം ഒന്നും നൽകുന്നില്ല. നഷ്ടപരിഹാരം നൽകേണ്ട ബാധ്യത ആന ഉടമകൾക്കാണെന്നാണ് വ്യവസ്ഥ. നാട്ടാനകളുടെ ഇൻഷുറൻസിൽനിന്നാണ് നഷ്ടപരിഹാരം നൽകേണ്ടത്.
പത്തുലക്ഷം രൂപവരെ ധനസഹായം ലഭിക്കുമെന്ന് ആനയുടമകൾ പറയുന്നു. എന്നാൽ ഈ തുക കൃത്യമായി ലഭിക്കാറില്ലെന്ന് ആനപ്രേമികൾ ചൂണ്ടിക്കാട്ടുന്നു. പലപ്പോഴും ദുരന്തത്തിനിരയാകുന്നവരുടെ കുടുംബാംഗങ്ങൾ സിവിൽ കേസിന് പോകേണ്ടിവരുന്നു. ഇത്തരം കേസുകളിൽ ധനസഹായം ലഭിച്ചോയെന്ന് പരിശോധിക്കാനും സർക്കാരിന് സംവിധാനമൊന്നുമില്ല.