10:57am 31 August 2026
NEWS
ഭർത്താവിന്റെ കടത്തിന് ഭാര്യയുടെ സ്വത്ത് ജപ്തി ചെയ്യാനാവില്ല: നിയമപോരാട്ടത്തിൽ നിർണ്ണായക വിധിയുമായി കേരള ഹൈക്കോടതി
31/08/2026  08:17 AM IST
സുരേഷ് വണ്ടന്നൂർ
ഭർത്താവിന്റെ കടത്തിന് ഭാര്യയുടെ സ്വത്ത് ജപ്തി ചെയ്യാനാവില്ല: നിയമപോരാട്ടത്തിൽ നിർണ്ണായക വിധിയുമായി കേരള ഹൈക്കോടതി

കൊച്ചി:​കടക്കെണിയിൽ പെട്ട ഭർത്താവിന്റെ ബാധ്യതകൾ തീർക്കാൻ ഭാര്യയുടെ സ്വന്തം പേരിലുള്ള സ്വത്തുക്കൾ കണ്ടുകെട്ടാനാകില്ലെന്ന് കേരള ഹൈക്കോടതിയുടെ സുപ്രധാന വിധി. കടക്കാരിൽ നിന്ന് രക്ഷപ്പെടാനാണ് ഭർത്താവ് സ്വത്ത് തനിക്ക് കൈമാറിയതെന്ന് ഭാര്യക്ക് അറിയാമായിരുന്നെങ്കിൽ പോലും, ഡിക്രിയിൽ ഉൾപ്പെടാത്ത ഭാര്യയുടെ സ്വത്തുക്കൾ നേരിട്ട് ജപ്തി ചെയ്യാൻ നിയമമില്ലെന്ന് ജസ്റ്റിസ് ഈശ്വർ എസ്. വ്യക്തമാക്കി.
​യു.എ.ഇ കോടതിയുടെ വിധി ഇന്ത്യയിൽ നടപ്പിലാക്കാൻ ശ്രമിക്കുന്നതിനിടയിലാണ് കേസിനാസ്പദമായ സംഭവങ്ങൾ ഉണ്ടാകുന്നത്. വിധി വരും മുൻപ് ഭർത്താവ് തന്റെ പേരിലുണ്ടായിരുന്ന സ്വത്ത് ഭാര്യയ്ക്ക് സമ്മാനമായി (ഗിഫ്റ്റ് ഡീഡ് വഴി) നൽകിയിരുന്നു. ഈ സ്വത്ത് പിന്നീട് ഭാര്യ ബാങ്ക് ബാധ്യതകൾ തീർത്ത ശേഷം മറ്റൊരാൾക്ക് വിൽക്കുകയും ചെയ്തു.
​ഇതോടെ ഭർത്താവിന്റെ കൈവശം സ്വത്തൊന്നുമില്ലെന്ന് മനസ്സിലാക്കിയ ഡിക്രി-ഹോൾഡർ, ഭാര്യയുടെ മറ്റ് വ്യക്തിഗത സ്വത്തുക്കൾ ജപ്തി ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു. കീഴ്ക്കോടതി ഈ ആവശ്യം തള്ളിയതിനെത്തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
​ ഭാര്യ ഈ കേസിലെ ഒരു ഡിക്രി-ഡെബ്റ്റർ അല്ലാത്തതിനാൽ, അവരുടെ പേരിലുള്ള സ്വത്തുക്കൾ ജപ്തി ചെയ്യാൻ നിയമം അനുവദിക്കുന്നില്ല. നിലവിലുള്ള കോഡ് ഓഫ് സിവിൽ പ്രൊസീജ്യർ  ട്രാൻസ്ഫർ ഓഫ് പ്രോപ്പർട്ടി ആക്ട്, വ്യക്തിനിയമങ്ങൾ എന്നിവയൊന്നും ഇതിനെ പിന്തുണയ്ക്കുന്നില്ല. ഡിക്രി-ഹോൾഡർക്ക് മറ്റ് മാർഗ്ഗങ്ങളില്ലെന്നർത്ഥമില്ല. ട്രാൻസ്ഫർ ഓഫ് പ്രോപ്പർട്ടി ആക്ട് സെക്ഷൻ 53 പ്രകാരം, കടക്കാരിൽ നിന്ന് സ്വത്ത് ഒളിപ്പിക്കാൻ നടത്തിയ വ്യാജ കൈമാറ്റമാണിതെന്ന് കാണിച്ച് എക്സിക്യൂട്ടിങ് കോടതിയെ സമീപിക്കാൻ ഹർജിക്കാരന് ഹൈക്കോടതി അനുമതി നൽകി. ഇത് തെളിഞ്ഞാൽ ഗിഫ്റ്റ് ഡീഡും തുടർന്നുള്ള വിൽപനയും അസാധുവാക്കാം.
​ഭർത്താവിന്റെ കടബാധ്യതകളിൽ ഭാര്യയുടെ സ്വത്തുക്കൾ നിയമപരമായി സുരക്ഷിതമാണെന്ന് ഉറപ്പുനൽകുന്നതാണ് ഹൈക്കോടതിയുടെ വിധി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img