02:46am 27 August 2026
NEWS
ഭാര്യയുടെ കാമുകനും കൂട്ടാളികളും ചേർന്ന് യുവാവിനെ കൊലപ്പെടുത്തി; എല്ലാ ഒത്താശയും ചെയ്തത് ഭാര്യ
17/07/2026  12:12 PM IST
nila
ഭാര്യയുടെ കാമുകനും കൂട്ടാളികളും ചേർന്ന് യുവാവിനെ കൊലപ്പെടുത്തി; എല്ലാ ഒത്താശയും ചെയ്തത് ഭാര്യ

ചിറ്റൂർ: ക്ഷേത്രദർശനത്തിനായി ഭാര്യയ്ക്കും മകൾക്കുമൊപ്പം പോയ 23കാരനായ യുവാവിനെ മലമ്പാതയിൽ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭാര്യയും കാമുകനും ഉൾപ്പെടെ നാല് പേരെ ആന്ധ്രാപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ കൃഷ്ണഗിരി സ്വദേശിയായ രമേശാണ് കൊല്ലപ്പെട്ടത്. ഭാര്യ ഹസിനി (19), കാമുകൻ യുഗന്ധർ (20), മറ്റ് രണ്ട് പേർ എന്നിവരാണ് പിടിയിലായത്.

ഡിജിറ്റൽ തെളിവുകൾ, മൊബൈൽ ഫോൺ ലൊക്കേഷൻ, സിസിടിവി ദൃശ്യങ്ങൾ എന്നിവയുടെ സഹായത്തോടെയാണ് മണിക്കൂറുകൾക്കകം കേസ് തെളിയിച്ചതെന്ന് പൊലീസ് അറിയിച്ചു.

രണ്ട് വർഷം മുൻപാണ് രമേശും ഹസിനിയും വിവാഹിതരായത്. ഇവർക്ക് ഒരു പെൺകുഞ്ഞുണ്ട്. വിവാഹശേഷവും ഹസിനി ബാല്യകാല സുഹൃത്തായ യുഗന്ധറുമായി ബന്ധം തുടർന്നിരുന്നെന്നും രമേശിനെ ഒഴിവാക്കാൻ ഇരുവരും ചേർന്ന് ഗൂഢാലോചന നടത്തിയെന്നുമാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

അമാവാസി ദിനത്തിൽ ഗുടുപള്ളി മണ്ഡലത്തിലെ മല്ലപ്പകൊണ്ട കുന്നിലുള്ള ശ്രീ മല്ലേശ്വരസ്വാമി ക്ഷേത്രത്തിൽ പോകാൻ ഹസിനിയാണ് ഭർത്താവിനെ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. യാത്രയ്ക്കിടെ ഹസിനി ലൈവ് ലൊക്കേഷൻ യുഗന്ധറിന് കൈമാറിയിരുന്നു.

മലമ്പാതയിലെ മൂന്നാമത്തെ ഹെയർപിൻ വളവിന് സമീപം എത്തിയപ്പോൾ ഹസിനി മനഃപൂർവം ഹാൻഡ്ബാഗ് താഴെ വീഴ്ത്തിയെന്നാണ് പൊലീസ് പറയുന്നത്. ബാഗ് എടുക്കാൻ രമേശ് ബൈക്ക് നിർത്തിയതോടെ ഒളിച്ചിരുന്ന യുഗന്ധറും സംഘവും ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ വനത്തിലേക്ക് ഓടിയെങ്കിലും പ്രതികൾ പിന്തുടർന്ന് വെട്ടിക്കൊലപ്പെടുത്തി. മകളുടെ കൺമുന്നിലായിരുന്നു ആക്രമണമെന്നാണ് അന്വേഷണ വിവരം.

ഹസിനിയെയും കുഞ്ഞിനെയും കാണാതായതിനെ തുടർന്ന് യുവതിയുടെ അമ്മ നൽകിയ പരാതിയോടെയാണ് അന്വേഷണം ആരംഭിച്ചത്. ക്ഷേത്രത്തിലേക്കുള്ള വഴിയിലെ സിസിടിവി ദൃശ്യങ്ങളിൽ രമേശ് കുടുംബത്തോടൊപ്പം പോകുന്നതും പിന്നീട് ഹസിനിയും കുഞ്ഞും മറ്റ് രണ്ട് യുവാക്കൾക്കൊപ്പം മടങ്ങുന്നതും കണ്ടെത്തി. തുടർന്ന് നടത്തിയ തെരച്ചിലിലാണ് വനമേഖലയിൽ നിന്ന് രമേശിന്റെ മൃതദേഹം കണ്ടെത്തിയത്.

വിവാഹസമയത്ത് ഹസിനിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്നും അന്ന് ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായിരുന്നെന്നുമുള്ള നാട്ടുകാരുടെ ആരോപണവും പൊലീസ് പരിശോധിച്ചുവരികയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img