
ഭർത്താവിന്റെ മൃതദേഹത്തിനൊപ്പം യുവതി കഴിഞ്ഞത് ആറുദിവസം . തമിഴ്നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം. ഉക്കടം കോട്ടൈപുതൂർ ഗാന്ധിനഗർ സ്വദേശി അബ്ദുൽ ജബ്ബാർ (48) ആണു മരിച്ചത്. സ്ഥിരം മദ്യപാനിയായ ഇയാൾ സ്ഥിരമായി ജോലിക്ക് പോയിരുന്നില്ല. മനോദൗർബല്യമുള്ള ഭാര്യ മാത്രമാണ് ഇയാൾക്കൊപ്പം വീട്ടിലുണ്ടായിരുന്നത്. അബ്ദുൽ ജബ്ബാർ കട്ടിലിൽ മരിച്ചുകിടക്കുകയാണ് എന്ന് മനസ്സിലാക്കാതെ ആറു ദിവസമാണ് യുവതി മൃതദേഹത്തിനൊപ്പം ഒരേവീട്ടിൽ കഴിഞ്ഞത്.
ചെറിയ വീടായിരുന്നതിനാൽ സമീപത്തെ മുത്തശ്ശിയുടെ വീട്ടിലാണ് ഇവരുടെ മകനും മകളും താമസിച്ചിരുന്നത്. വീട്ടിൽനിന്നു ദുർഗന്ധമുയർന്നതിനെത്തുടർന്ന് അയൽവാസികൾ പരാതി പറഞ്ഞപ്പോൾ മകനെത്തി പരിശോധിച്ചപ്പോഴാണു മരണവിവരം അറിഞ്ഞത്. ഉടൻതന്നെ ബിഗ് ബസാർ പൊലീസിനെ വിവരമറിയിച്ചു.
മൃതദേഹം കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റി. അമിത മദ്യപാനം മൂലം മരിച്ചതാണെന്നാണു പ്രാഥമിക നിഗമനം.











